ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ 1983 ആഗസ്ത് 27-നു നിലവില്‍ വന്ന ഏക പക്ഷിസങ്കേതം ആണ് ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്. 25.16 ച.കി.മി വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള പക്ഷികളുടെ ആവാസവ്യവസ്ഥയാണ്. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളായി ഇവിടെ എത്തുന്നു. ലോകത്തു തന്നെ അപൂര്‍വ്വങ്ങളായ തവളവായന്‍ കിളി(Ceylon Frogmouth) മുതലായ പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പ്രശസ്ത ഇന്ത്യന്‍ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളില്‍ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തിരുന്നു.അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികള്‍ ഉണ്ടെന്നാണ് കരുതുന്നത്.
തട്ടേക്കാട് സങ്കേതത്തില്‍ പ്രധാനമായി മൂന്നിനം വനങ്ങള്‍ ആണുള്ളത്, നിത്യഹരിതവനം, അര്‍ദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങള്‍ക്കു പുറമേ തേക്ക്, മഹാഗണി എന്നിവയുടെ തോട്ടങ്ങളുമുണ്ട്. ഭൂതത്താന്‍ കെട്ട് എന്ന പ്രകൃതി ജന്യ അണക്കെട്ടും ഈ പ്രദേശത്താണ്. വനങ്ങളില്‍ പക്ഷികള്‍ക്കു പുറമേ, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്, നാടന്‍കുരങ്ങ്, മ്ലാവ്, കേഴമാന്‍, കൂരമാന്‍, കീരി, മുള്ളന്‍ പന്നി, മരപ്പട്ടി, ചെറുവെരുക്, മലയണ്ണാന്‍, കരടി മുതലായ മൃഗങ്ങളും, പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളും ഉണ്ട്. നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികള്‍ക്ക്, പ്രത്യേകിച്ച് നീര്‍പക്ഷികള്‍ക്ക് ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു.