മുത്തപ്പന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ വളരെ ജനപ്രിയനായ ഒരു ദൈവമാണ് മുത്തപ്പന്‍. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ മുത്തപ്പന്‍ തെയ്യം തുള്ളുന്നു.
ഉള്ളടക്കം |
[തിരുത്തുക] മുത്തപ്പനെ കുറിച്ചുള്ള ഐതീഹ്യങ്ങളും കേട്ടുകേള്‍വികളും
തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവീക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പന്‍ എന്നാണ് വിശ്വാസം. തിരുവപ്പന, വെള്ളാട്ടം എന്നീ ദ്വന്ദ ദൈവീക രൂപങ്ങള്‍ക്ക് മലബാറിലെ തെയ്യംകാളിയാട്ടവുമായി സാമ്യമുണ്ട്. ശ്രീ മുത്തപ്പന്‍ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവീക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക - മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും.
മുത്തപ്പന്‍ തെയ്യം വര്‍ഷം മുഴുവനും കൊണ്ടാടുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മറ്റ് തെയ്യങ്ങള്‍ കാലികമാണ് (സാധാരണയായി ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍).
[തിരുത്തുക] പറശ്ശിനിക്കടവ് മുത്തപ്പന്റെ കഥ
അയ്യങ്കര ഇല്ലത്ത് വാഴുന്നവര്‍ എന്ന നാടുവാഴിക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പടിക്കുട്ടി അന്തര്‍ജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവര്‍ പലതും അര്‍പ്പിച്ചു. ഒരുദിവസം സ്വപ്നത്തില്‍ അന്തര്‍ജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയില്‍ കുളിച്ച് കയറി വരവേ അവര്‍ ഒരു കുഞ്ഞ് പൂമെത്തയില്‍ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവര്‍ സ്വന്തം മകനെപ്പോലെ വളര്‍ത്തിത്തുടങ്ങി.
ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടില്‍ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂതിരി ആചാരങ്ങള്‍ക്ക് എതിരായതിനാല്‍ മാതാപിതാക്കള്‍ കുട്ടിയോട് ഇവ നിറുത്തുവാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ ഈ അഭ്യര്‍ത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവര്‍ ഇതില്‍ വളരെ നിരാശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കള്‍ക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവര്‍ അവന്റെ മുന്‍പില്‍ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൌന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാന്‍ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി. നിരക്ഷരനായ ചന്ദന്‍ എന്ന കള്ള് ചെത്തുകാരന്‍ തന്റെ പനമരങ്ങളില്‍ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകള്‍ക്ക് കാവല്‍ കിടക്കുവാന്‍ ചന്ദന്‍ തീരുമാനിച്ചു. അങ്ങനെ കാവല്‍ കിടക്കവേ ഒരു വൃദ്ധന്‍ പനയില്‍ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദന്‍ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തില്‍ നിന്ന് എയ്തിടാന്‍ ചന്ദന്‍ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദന്‍ ബോധരഹിതനായി നിലത്തുവീണു. ഭര്‍ത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവര്‍ മരത്തിനു മുകളില്‍ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ അവര്‍ പ്രാര്‍ത്ഥിച്ചു. പിന്നാലെ അവരുടെ ഭര്‍ത്താവിന് ബോധം തിരിച്ചുവന്നു. അവര്‍ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അര്‍പ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവര്‍ അഭ്യര്‍ത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പന്‍ കുന്നത്തൂര്‍ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂര്‍ പടി. ഇന്നും മുത്തപ്പന്‍ ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അര്‍പ്പിക്കുന്നു. കുന്നത്തൂരില്‍ ഏതാനും വര്‍ഷങ്ങള്‍ താമസിച്ചതിനു ശേഷം മുത്തപ്പന്‍ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ അനുയോജ്യമായ ഒരിടത്തേക്കു മാറുവാന്‍ തീരുമാനിച്ചു. കുന്നത്തൂരില്‍ നിന്ന് ആകാശത്തേക്ക് മുത്തപ്പന്‍ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവില്‍ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീര്‍ത്ഥത്തില്‍ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പന്‍ പറശ്ശിനിക്കടവില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. |
[തിരുത്തുക] മറ്റൊരു കഥ
ഒരു കുട്ടിയായിരിക്കേ മുത്തപ്പന്‍ മുതിര്‍ന്നവരുടെ വരുതിക്കു നില്‍ക്കാത്തവന്‍ ആയിരുന്നു. ഒരു വലിയ വേട്ടക്കാരനായിരുന്ന മുത്തപ്പന്‍ താന്‍ കൊന്ന കാട്ടുമൃഗങ്ങളുടെ തോലുരിഞ്ഞ് വസ്ത്രമായി ഉടുക്കുമായിരുന്നു. ഒരു ദിവസം ഒരു മുത്തപ്പന്‍ കള്ള് കുടം കമഴ്ത്തിവെച്ച ഒരു തെങ്ങ് കണ്ടു. മുത്തപ്പന്‍ തെങ്ങില്‍ കയറി കള്ളെടുത്ത് കുടിച്ചുകൊണ്ടിരിക്കവേ ചെത്തുകാരന്‍ തിരിച്ചുവരികയും മുത്തപ്പനെ കാണുകയും ചെയ്തു. മുത്തപ്പനെ വഴക്കുപറഞ്ഞ ചെത്തുകാരനെ മുത്തപ്പന്‍ ഒരു കല്‍ പ്രതിമയാക്കി മാറ്റി. മുത്തപ്പന്‍ തെയ്യം ആടുമ്പോള്‍ തെയ്യം ആടുന്നയാള്‍ കള്ളുകുടിക്കുകയും കാണികള്‍ക്ക് കള്ള് കൈമാറുകയും ചെയ്യുന്നു. അങ്ങനെ ക്ഷേത്ര വളപ്പില്‍ മദ്യം കൊണ്ടുവന്ന് മുത്തപ്പന്‍ ക്ഷേത്ര നിയമങ്ങള്‍ തെറ്റിക്കുന്നു. |
[തിരുത്തുക] മുത്തപ്പനും നായകളും
മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തില്‍ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം.
ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകള്‍ കാണിക്കുന്നു. ക്ഷേത്രത്തില്‍ പ്രസാദം തയ്യാറാകുമ്പോള്‍ ആദ്യം എപ്പോഴും നല്‍കുക ക്ഷേത്രത്തിനുള്ളില്‍ ഉള്ള ഒരു പട്ടിക്കാണ്.
മുത്തപ്പനു മുന്‍പില്‍ നായ്ക്കളുടെ പ്രാധാന്യത്തെ കുറിച്ച്‍ പല കഥകളും പ്രചാരത്തിലുണ്ട്. ഇതില്‍ ഒരു കഥ ഇങ്ങനെയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്ര അധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ തീരുമാനിച്ചു. അവര്‍ കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം അവതരിപ്പിക്കുന്ന ആള്‍ക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി തെയ്യം ആടുന്ന ആളുടെ ശരീരത്തില്‍ പ്രവേശിച്ചാണ് തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നതു വരെ തെയ്യം തുള്ളുന്ന ആള്‍ മുത്തപ്പന്‍ ആയി മാറുന്നു എന്നാണ് വിശ്വാസം).
നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം തുള്ളുന്ന ആളുടെ ശരീരത്തില്‍ പ്രവേശിക്കാത്തത് എന്ന് മനസിലാക്കിയ ക്ഷേത്രാധികാരികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം വീണ്ടും സാധാരണ ഗതിയിലായി.
[തിരുത്തുക] ക്ഷേത്രോത്സവ ഘോഷയാത്ര
പറശ്ശിനിക്കടവ് മുത്തപ്പന്റെ എല്ലാ വര്‍ഷവും നടക്കുന്ന ഉത്സവം തുടങ്ങുന്നത് തയ്യില്‍ കുടുംബത്തില്‍ നിന്നുള്ള ഒരു അംഗം കണ്ണൂരിലെ തങ്ങളുടെ കുടുംബ വീട്ടില്‍ നിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ദൈവങ്ങള്‍ക്ക് പൂജ നടത്തുന്ന ചടങ്ങോടെ ആണ്.
[തിരുത്തുക] ഇതും കാണുക
- പറശ്ശിനിക്കടവ്
- പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം
- കുന്നത്തൂര്‍ പടി
- രാജരാജേശ്വര ക്ഷേത്രം
- കള്ള് ചെത്തുകാരന്‍
[തിരുത്തുക] കുറിപ്പുകള്‍
Template:Citations missing