സൈലന്റ്‌വാലി ദേശീയോദ്യാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തില്‍ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഇന്തോ-ആസ്ത്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം.
പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങള്‍ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേരുതന്നെ പാഞ്ചാലിയുടെ പേരാണല്ലോ.
1914-ല്‍ മദ്രാസ് സര്‍ക്കാര്‍ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്. 1975 കാലഘട്ടത്തില്‍ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയില്‍ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോള്‍, ഹെക്ടര്‍ കണക്കിനു മഴക്കാടുകള്‍ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താല്‍ പ്രകൃതിസ്നേഹികളുടെ നേതൃത്തത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുത പദ്ധതി നിര്‍ത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. സുഗതകുമാരി, എന്‍. വി. കൃഷ്ണവാര്യര്‍, വി. ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു മുന്‍കൈയെടുത്തവരില്‍ ചിലര്‍. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരേ രംഗത്തു വന്ന സംഘടനകളില്‍ പ്രമുഖമാണ്. സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു എന്നത് എടുത്തു പറയണ്ട കാര്യമാണ്. 1979-ല്‍ അന്നത്തെ കാര്‍ഷിക വകുപ്പ് സെക്രട്ടറി ആയിരുന്ന ഡോ. എം. എസ്. സ്വാമിനാഥന്‍ നടത്തിയ സര്‍വ്വേ പ്രകാരം 1980-ല്‍ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രക്ഷോഭ ശേഷം 1984-ല്‍ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. 1985 സെപ്റ്റംബര്‍ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
[തിരുത്തുക] പ്രത്യേകതകള്‍
89 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളില്‍ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കു ഭാഗം പാലക്കാടന്‍ സമതലങ്ങളുമായി ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 658 മീറ്റര്‍ മുതല്‍ 2384 മീറ്റര്‍ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതല്‍ 3400 മി.മീ വരെയാണ് വാര്‍ഷിക വര്‍ഷപാതം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ പശ്ചിമഘട്ടത്തിന്റെ മഴനിഴല്‍ പ്രദേശങ്ങളായതുകൊണ്ട് അവിടെ മഴ കുറവാണ്. 39° സെല്‍ഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെല്‍ഷ്യസ് ആണ് ആപേക്ഷിക ശരാശരി. നീലഗിരി ജൈവമേഖലയുടെ കാതല്‍ പ്രദേശമാണത്രെ സൈരന്ധ്രി വനം.
[തിരുത്തുക] പേര്
സാധാരണ വനങ്ങളില്‍ ചീവീടുകള്‍ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ് ഇവിടം സൈലന്റ്‌വാലി(നിശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത് എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സൈലന്റ്‌വാലി വനപ്രദേശത്തു കാണുന്ന സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തില്‍ നിന്നും -Macaca silenus; ഉത്ഭവിച്ചതാണ് സൈലന്റ് വാലി എന്ന പേര് എന്ന വാദവും ദുര്‍ബലമല്ല. നിശബ്ദതാഴ്‌വരയെന്നാണ് പേരെങ്കിലും നാനാജാതി പക്ഷികളും, പ്രാണികളും, മൃഗങ്ങളും വനം ശബ്ദമുഖരിതമായി തന്നെ നിലനിര്‍ത്തുന്നു.
[തിരുത്തുക] ജൈവജാലങ്ങള്‍
വളരെ പഴക്കമുള്ള വനങ്ങളായതിനാല്‍ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങള്‍ക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
1000 സസ്യവംശങ്ങളെ ഇവിടുത്തെ മലബാര്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓര്‍ക്കിഡുകളും അവയില്‍ പെടുന്നു. 170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയില്‍ 31 ഇനം ദേശാടകര്‍ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
സിംഹവാലന്‍ കുരങ്ങ്, നീലഗിരി തേവാങ്ക്, കുരങ്ങുകള്‍, കടുവ, പുള്ളിപ്പുലി, അരയന്‍ പൂച്ച, ചെറു വെരുക്, തവിടന്‍ വെരുക്, കാട്ടു പട്ടി, പാറാന്‍, കരടി, മ്ലാവ്, കേഴ, പുള്ളിമാന്‍, കൂരമാന്‍, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങള്‍.
കുറുച്ചെവിയന്‍ മൂങ്ങ, തവളവായന്‍ കിളി, ഷഹീന്‍ പ്രാപ്പിടിയന്‍, മലമുഴക്കി വേഴാമ്പല്‍ തുടങ്ങി ഒട്ടനവധി പക്ഷികളേയും ഇവിടെ കാണാം.
[തിരുത്തുക] പ്രാധാന്യം
[തിരുത്തുക] പാരിസ്ഥിതിക പ്രാധാന്യം
ദേശീയോദ്യാനമായുള്ള പ്രഖ്യാപനത്തിനുശേഷമുള്ള ഓരോ വര്‍ഷം സൈലന്റ്‌വാലിയില്‍ നിന്നും ഓരോ വര്‍ഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട് എന്നത്, പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയില്‍ മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവളവായന്‍ കിളി(Ceylon Frogmouth) എന്ന അത്യപൂര്‍വ്വ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടുവരുന്നത്. ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകളിലേക്ക് ഇവ നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സൈലന്റ്‌വാലിയില്‍ കണ്ടുവരുന്ന സിംഹവാലന്‍ കുരങ്ങ്(Lion-tailed macaque)[1], നീലഗിരി തേവാങ്ക്(Nilgiri langur)[2] എന്നിവയാകട്ടെ ഐ.യു.സി.എന്‍ ചുവന്ന പട്ടികയില്‍ വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്.
[തിരുത്തുക] സാംസ്കാരിക പ്രാധാന്യം
ഇരുളര്‍, മുകുടര്‍ മുതലായവരാണ് ദേശീയോദ്യാന പ്രദേശത്ത് വസിക്കുന്ന പ്രധാന ആദിവാസികള്‍, ദേശീയോദ്യാനത്തിനു സമീപമുള്ള അട്ടപ്പാടിയാകട്ടെ വിവിധ ആദിവാസി വംശങ്ങള്‍ ഒരുമിച്ചു പാര്‍ക്കുന്നിടവുമാണ്.
[തിരുത്തുക] സൈലന്റ്‌വാലി നേരിടുന്ന വെല്ലുവിളികള്‍
കേന്ദ്രസര്‍ക്കാര്‍ 1984-ല്‍ അനുമതി നിഷേധിച്ചെങ്കിലും കേരള വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂര്‍ണ്ണമായുപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ടുണ്ടായാല്‍ അത് ദേശീയോദ്യാനത്തിനു ഭീഷണിയാകുമെന്നതില്‍ സംശയമില്ല. സൈലന്റ്‌വാലിക്കു സമീപമുള്ള ഉള്‍ക്കാടുകളിലെ കന്യാവനങ്ങള്‍ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നതും ദേശീയോദ്യാനത്തിനു ഭീഷണിയാകുന്നുണ്ട്. കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒരേപോലെ പ്രവേശിക്കാവുന്നതിനാല്‍ ഇരുഭാഗത്തുനിന്നുമുള്ള വേട്ടക്കാരും ജൈവജാലങ്ങള്‍ക്ക് അന്തകരാകാറുണ്ട്.
[തിരുത്തുക] അനുബന്ധം
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |