ഇന്ത്യന്‍ ക്രിക്കറ്റ് ടീം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ | |
ടെസ്റ്റ് പദവി ലഭിച്ചത് | 1932 |
ആദ്യ ടെസ്റ്റ് മത്സരം | 1932 ജൂണില്‍ ലോര്‍ഡ്സില്‍ വച്ച് ഇംഗ്ലണ്ടിനെതിരെ |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 4(ടെസ്റ്റ്), 5(ഏകദിനം) [1],[2] |
ടെസ്റ്റ് മത്സരങ്ങള്‍ - ഈ വര്‍ഷം |
399 1 |
അവസാന ടെസ്റ്റ് മത്സരം | 2007 ജനുവരി 6-ന് ദക്ഷിണാഫ്രിക്കക്കെതിരെ കേപ്പ് ടൌണില്‍ വച്ച് |
നായകന്‍ | രാഹുല്‍ ദ്രാവിഡ് |
പരിശീലകന്‍ | ഗ്രെഗ് ചാപ്പല്‍ |
വിജയങ്ങള്‍/തോല്‍വികള്‍ - ഈ വര്‍ഷം |
88/129 0/1 |
2007 ഫെബ്രുവരി 27-ലെ കണക്കുകള്‍ പ്രകാരം |
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.) എന്ന കായിക സംഘടനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം പരസ്യവരുമാനമുള്ള കായിക ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം[1].
1932 ജൂണ്‍ 25നു ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ട് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ സംഘത്തില്‍ ആറാമത്തെ അംഗമായി. ആദ്യത്തെ അന്‍പതു വര്‍ഷങ്ങളോളം ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളെ അപേക്ഷിച്ച് ഏറ്റവും ദുര്‍ബലരായ ടെസ്റ്റ് ടീമായിരുന്നു ഇന്ത്യയുടേത്. ഇക്കാലയളവില്‍ 196 ടെസ്റ്റ് മത്സരങ്ങളില്‍ 35 എണ്ണത്തില്‍ മാത്രമേ ഇന്ത്യ വിജയിച്ചിരുന്നുള്ളൂ[2]. ടെസ്റ്റ് പദവി ലഭിച്ച് അരനൂറ്റാണ്ടടുക്കുമ്പോഴാണ് ഇന്ത്യന്‍ ടീം ശക്തിപ്രാപിച്ചു തുടങ്ങിയത്. കപില്‍ ദേവ്, സുനില്‍ ഗാവസ്കര്‍ തുടങ്ങിയ പ്രതിഭകളുടെ താരോദയവും ഇക്കാലയളവിലെ വിശ്വോത്തര സ്പിന്‍ ബോളിംഗ് നിരയുമാണ് ഇന്ത്യന്‍ ടീമിന്റെ ഉയര്‍ത്തെഴുന്നേല്പിനു കാരണമായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ടെസ്റ്റിലും ഏകദിനത്തിലും ലോകത്തിലെ മുന്‍നിര ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം 2003-ല്‍ രണ്ടാം സ്ഥാനത്തെത്തി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൌരവ് ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ വിശ്വോത്തര കളിക്കാര്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളാണ്. 2006 ഡിസംബറില്‍ ഇന്ത്യന്‍ ടീം ആദ്യമായി ട്വന്റി 20 ക്രിക്കറ്റില്‍ പങ്കെടുക്കുകയുണ്ടായി.
[തിരുത്തുക] ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് മത്സരം 1721-ല്‍ നടന്നുവെന്നാണു ചരിത്രകാരനായ വില്യം ഫോസ്റ്റര്‍ രേഖപ്പെടുത്തുന്നത്. മുംബൈയിലെ പാഴ്സി സമൂഹം 1848-ല്‍ രൂപീകരിച്ച ഓറിയന്റല്‍ ക്രിക്കറ്റ് ക്ലബാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്. 1877-ല്‍ യൂറോപ്യന്മാര്‍ പാഴ്സികളെ തങ്ങളുമായി മത്സരിക്കാന്‍ ക്ഷണിച്ചു[3]. 1912 മുതല്‍ പാഴ്സികള്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്നിവരുടെ ടീമുകളും യൂറോപ്യന്മാര്‍ ഉള്‍പ്പെടുന്ന ടീമും പങ്കെടുക്കുന്ന വിധത്തില്‍ എല്ലാവര്‍ഷവും ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഏതാനും ഇന്ത്യാക്കാര്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമുകളില്‍ കളിച്ചു തുടങ്ങി. ഇവരില്‍ രഞ്ജിത് സിങ്ജിയെയും ദുലീപ് സിങ്ജിയെയും പോലുള്ളവര്‍ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1911-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെട്ടു. എന്നാല്‍ അത്തവണ കൌണ്ടി ടീമുകളുമായി കളിക്കാനേ അവസരം ലഭിച്ചിരുന്നുള്ളൂ[4]. 1926-ല്‍ ഇമ്പീരിയല്‍ ക്രിക്കറ്റ് കൌണ്‍സിലിലേക്കു ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ ടീം, 1932-ല്‍ ടെസ്റ്റ് പദവിയുള്ള ടീമായി അംഗീകരിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സി.കെ. നായിഡുവാണ് ടീമിനെ നയിച്ചത്(ത്രിദിന മത്സരമായിരുന്നെങ്കിലും ഇതിനെ ടെസ്റ്റ് മത്സരമായി അംഗീകരിച്ചിട്ടുണ്ട്). ആദ്യ മത്സരത്തില്‍ ഇന്ത്യ 158 റണ്‍സിനു പരാജയപ്പെട്ടു[5]. 1930കളിലും നാല്പതുകളിലും ഇന്ത്യന്‍ ടീം പുരോഗതി കാട്ടിയെങ്കിലും ഇക്കാലയളവിലൊന്നും രാജ്യാന്തര മത്സരങ്ങള്‍ ജയിച്ചിരുന്നില്ല. ഇന്ത്യ സ്വതന്ത്രമായ ശേഷം ആദ്യമായി കളിച്ചത് 1948-ല്‍ ഓസ്ട്രേലിയക്കെതിരെയാണ്. ഡൊണാള്‍ഡ് ബ്രാഡ്മാന്റെ വിഖ്യാത ഓസ്ട്രേലിയന്‍ ടീം അഞ്ചുമത്സരങ്ങളുടെ പരമ്പര 4-0നു ജയിച്ചു[6].
1952-ല്‍ ഇംഗ്ലണ്ടിനെതിരെ മദ്രാസില്‍ ഇന്ത്യന്‍ ടീം ആദ്യത്തെ ടെസ്റ്റ് വിജയം കൈവരിച്ചു[7]. അതേ വര്‍ഷം പാക്കിസ്ഥാനെതിരെ തങ്ങളുടെ ആദ്യ പരമ്പര വിജയവും സ്വന്തമാക്കി. 1960കളില്‍ സ്വന്തം രാജ്യത്തെ മത്സരങ്ങളില്‍ കരുത്തുതെളിയിക്കുന്ന ടീമെന്ന വിശേഷണം ഇന്ത്യ നേടി. ഇക്കാലയളവില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ടു പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള പരമ്പര സമനിലയിലാക്കി.
ഇ. പ്രസന്ന, എസ്. വെങ്കട്ടരാഘവന്‍, ബി.എസ്. ചന്ദ്രശേഖര്‍, ബിഷന്‍ സിംഗ് ബേദി എന്നിവരടങ്ങിയ സ്പിന്‍ നാല്‍വര്‍ സംഘമായിരുന്നു 1970കളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രത്യേകത. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരായ സുനില്‍ ഗാവസ്കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ താരോദയത്തിനും ഇക്കാലയളവ് സാക്ഷിയായി. സ്പിന്‍ ബോളിങ്ങിനെ തുണച്ചിരുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഇക്കാലയളവില്‍ ഇന്ത്യ കരുത്തുകാട്ടി. 1971-ല്‍ വെസ്റ്റിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും അവരുടെ നാട്ടില്‍ തോല്പിക്കാന്‍ സഹായിച്ചത് ഈ കളിക്കാരുടെ സാന്നിധ്യമായിരുന്നു.
1971-ല്‍ ഏകദിന ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റിന്റെ മുഖഛായ മാറിയെങ്കിലും കളിയുടെ പുതുരൂപത്തോടെ ഇന്ത്യ സമരസപ്പെടുവാന്‍ നാളുകളെടുത്തു. സുനില്‍ ഗാവസ്കറെപ്പോലെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാരിലധികവും ടെസ്റ്റ് ക്രിക്കറ്റിനു യോജിച്ച പ്രതിരോധാത്മക ബാറ്റിങ് ശൈലിക്കുടമകളായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ദുര്‍ബലരായി തുടക്കം കുറിച്ച ഇന്ത്യ ആദ്യ രണ്ടു ലോകകപ്പുകളിലും ആദ്യ ഘട്ടത്തിലേ പുറത്തായി.
1980കള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്നു പറയാം. ഗാവസ്കര്‍ തന്റെ നിലവാരത്തിന്റെ പാരമ്യത്തിലെത്തിയദും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൌണ്ടറായ കപില്‍ ദേവിന്റെ താരോദയവും ഇക്കാലയളവിലായിരുന്നു. മുഹമ്മദ് അസറുദ്ദീന്‍, ദിലീപ് വെങ്സാര്‍ക്കര്‍, രവി ശാസ്ത്രി എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയായിരുന്നു ഇക്കാലയളവില്‍. 1983-ല്‍ കളിവിദഗ്ദ്ധരുടെ പ്രവചനങ്ങള്‍ തകിടം മറിച്ചുകൊണ്ട് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ നടാടെ ലോകകപ്പ് കിരീടം ചൂടി. കപില്‍ ദേവിന്റെ നായകത്വത്തില്‍ കളിച്ച ഇന്ത്യ ബോളിങ് നിരയുടെ മികവുകൊണ്ടാണ് കപ്പ് കരസ്ഥമാക്കിയത്. 1984-ല്‍ ഏഷ്യാ കപ്പും 1985-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോക സീരീസ് കപ്പും കരസ്ഥമാക്കി ഇന്ത്യ അജയ്യത തെളിയിച്ചു. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിലാണ് അരങ്ങേറിയത്. ആതിഥേയരെന്ന അനുകൂല ഘടകമുണ്ടായിട്ടും സെമി ഫൈനല്‍ വരെയെത്താനേ ഇന്ത്യക്കായുള്ളൂ.
ഏകദിന ക്രിക്കറ്റില്‍ കരുത്തുകാട്ടിയെങ്കിലും ഇക്കാലയളവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് ടീമിന്റെ പ്രകടനങ്ങള്‍ നിരാശാജനകമായിരുന്നു. 1986-ല്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയതാണ് ഇക്കാലയളവിലെ ഏകനേട്ടം. പിന്നീടുള്ള പത്തൊന്‍പതു വര്‍ഷത്തേക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് ഒരു ടെസ്റ്റ് പരമ്പര പോലും നേടിയിരുന്നില്ല.
1989 മുതല്‍ ഇന്ത്യന്‍ ടീമിലേക്ക് വിശ്വോത്തര താരങ്ങള്‍ അനവധി കടന്നുവന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ് എന്നിവരുടെ കടന്നു വരവ് ഇന്ത്യയെ ശക്തമാക്കി. എങ്കിലും വിദേശ മണ്ണിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിനു കഴിഞ്ഞില്ല. 1990കളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തു നടന്ന 33 ടെസ്റ്റുകളില്‍ ഒരെണ്ണം പോലും ഇന്ത്യ ജയിച്ചില്ല. അതേസമയം നാട്ടില്‍ നടന്ന മുപ്പതു ടെസ്റ്റുകളില്‍ പതിനേഴെണ്ണത്തിലും ജയിക്കുകയും ചെയ്തു. 1996ലെ ലോകകപ്പില്‍ അയല്‍ക്കാരായ ശ്രീലങ്കയോടു ദയനീയമായി തോറ്റു പുറത്തായതിനുശേഷം ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണികള്‍ നടന്നു. സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ടീമിലെത്തുന്നത് ഈ ഘട്ടത്തിലാണ്. മുഹമ്മദ് അസറുദ്ദീനില്‍ നിന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നായകസ്ഥാനം ഏറ്റെടുത്തെങ്കിലും പ്രകടനം ദയനീയമായതിനെത്തുടര്‍ന്ന് വീണ്ടും അസര്‍ തന്നെ നായകനായി. 1999ലെ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായതിനെത്തുടര്‍ന്ന് വീണ്ടും നായക സ്ഥാനം സച്ചിനിലെത്തി. പക്ഷേ കളിയിലെ മികവ് നായകത്വത്തില്‍ പ്രകടിപ്പിക്കാന്‍ സച്ചിനു രണ്ടാം തവണയും കഴിഞ്ഞില്ല. അദ്ദേഹം നായകസ്ഥാനം രാജിവച്ചു. 2000ല്‍ സൌരവ് ഗാംഗുലി നായക സ്ഥാനത്തെത്തി.
രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ കത്തിനിന്ന ഒത്തുകളി വിവാദം ഇന്ത്യന്‍ ടീമിനെ പ്രതിസന്ധിയിലാക്കി. മുന്‍നായകന്‍ അസറുദ്ദീനും ഉപനായകന്‍ അജയ് ജഡേജയും ഒത്തുകളിയില്‍ പങ്കാളികളായെന്ന കാരണത്താല്‍ വിലക്ക് നേരിട്ടു. ഈ കാലയളവിലാണ് ഇന്ത്യന്‍ ടീമിന് ആദ്യമായി വിദേശ പരിശീലകനെ ലഭിക്കുന്നത്. ന്യൂസിലന്‍ഡുകാരനായ ജോണ്‍ റൈറ്റ് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ പുരോഗതി വരുത്തി. 2001-ല്‍ ശക്തരായ ഓസ്ട്രേലിയയെ ടെസ്റ്റ് പരമ്പരയില്‍ തോല്പിച്ച് നാട്ടില്‍ തങ്ങളുടെ അജയ്യതെ തെളിയിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി ഇതു വിലയിരുത്തപ്പെടുന്നു. ഈ പരമ്പരയ്ക്കു ശേഷം സൌരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ വിദേശ മണ്ണിലും വന്‍ കുതിപ്പു നടത്തി. സിംബാബ്‌വേ, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ടെസ്റ്റ് വിജയം നേടി. 2001-ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി വിജയവും ശ്രദ്ധേയമായിരുന്നു. അതേ വര്‍ഷം ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ജേതാക്കളായി. 2003ലെ ലോകകപ്പില്‍ ഫൈനലിലെത്തിയ ഇന്ത്യ ഓസ്ട്രേലിയക്കു മുന്നില്‍ കീഴടങ്ങി.
[തിരുത്തുക] പ്രധാന ടൂര്‍ണമെന്റുകളിലെ പ്രകടനം
ലോകകപ്പ് | ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി | കോമണ്‍വെല്‍ത്ത് ഗെയിംസ് | ഏഷ്യാ കപ്പ് |
---|---|---|---|
|
|
|
|
[തിരുത്തുക] ടീമംഗങ്ങള്‍
പേര്‍ | ബാറ്റിങ് ശൈലി | ബോളിങ് ശൈലി | ആഭ്യന്തര ടീം | മേഖല | കരാര്‍ ഗ്രേഡ് |
---|---|---|---|---|---|
നായകന്‍ | |||||
രാഹുല്‍ ദ്രാവിഡ് | വലംകൈ | ഓഫ്സ്പിന്‍ | കര്‍ണ്ണാടക | ദക്ഷിണമേഖല | A |
വിക്കറ്റ് കീപ്പര്‍മാര്‍ | |||||
മഹേന്ദ്ര സിംഗ് ധോണി | വലംകൈ | - | ഝാര്‍ഖണ്ഡ് | കിഴക്ക് | B |
ദിനേശ് കാര്‍ത്തിക് | വലംകൈ | - | തമിഴ്നാട് | തെക്ക് | - |
മുന്‍നിര ബാറ്റ്സ്മാന്മാര്‍ | |||||
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ | വലംകൈ | ലെഗ്സ്പിന്‍, ഓഫ്സ്പിന്‍ | മുംബൈ | പടിഞ്ഞാറ് | A |
സൌരവ് ഗാംഗുലി | ഇടംകൈ | വലംകൈ മീഡിയം പേസ് | ബംഗാള്‍ | കിഴക്ക് | A |
വീരേന്ദര്‍ സെവാഗ് | വലംകൈ | ഓഫ്സ്പിന്‍ | ഡല്‍ഹി | വടക്ക് | A |
വസീം ജാഫര്‍ | വലംകൈ | ഓഫ്സ്പിന്‍ | മുംബൈ | പടിഞ്ഞാറ് | - |
ഗൌതം ഗാംഭീര്‍ | വലംകൈ | ലെഗ്സ്പിന്‍ | ഡല്‍ഹി | വടക്ക് | - |
റോബിന്‍ ഉത്തപ്പ | വലംകൈ | വലംകൈ മീഡിയം പേസ് | കര്‍ണ്ണാടക് | തെക്ക് | - |
മധ്യനിര ബാറ്റ്സ്മാന്മാര്‍ | |||||
വി.വി.എസ്. ലക്ഷ്മണ്‍ | വലംകൈ] | ഓഫ്സ്പിന്‍ | ഹൈദരാബാദ് | തെക്ക് | A |
യുവരാജ് സിംഗ് | ഇടംകൈ | ഇടംകൈ സ്പിന്‍ | പഞ്ചാബ് | വടക്ക് | B |
മുഹമ്മദ് കൈഫ് | വലംകൈ | ഓഫ്സ്പിന്‍ | ഉത്തര്‍പ്രദേശ് | മധ്യമേഖല | B |
സുരേഷ് റെയ്ന | ഇടംകൈ | ഓഫ്സ്പിന്‍ | ഉത്തര്‍പ്രദേശ് | മധ്യമേഖല | C |
ഓള്‌റൌണ്ടര്‍മാര്‍ | |||||
ഇര്‍ഫാന്‍ പഠാന്‍ | ഇടംകൈ | ഇടംകൈ മീഡിയം പേസ് | ബറോഡ | പടിഞ്ഞാറ് | A |
പേസ് ബോളര്‍മാര്‍ | |||||
വി.ആര്‍.വി. സിംഗ് | വലംകൈ | വലംകൈ മീഡിയം പേസ് | പഞ്ചാബ് | തെക്ക് | - |
അജിത് അഗാര്‍ക്കര്‍ | വലംകൈ | വലംകൈ മീഡിയം പേസ് | മുംബൈ | പടിഞ്ഞാറ് | B |
രുദ്ര പ്രതാപ് സിംഗ് | വലംകൈ | ഇടംകൈ മീഡിയം പേസ് | ഉത്തര്‍പ്രദേശ് | മധ്യമേഖല | - |
എസ്. ശ്രീശാന്ത് | വലംകൈ | വലംകൈ മീഡിയം പേസ് | കേരളം | തെക്ക് | C |
മുനാഫ് പട്ടേല്‍ | വലംകൈ | വലംകൈ ഫാസ്റ്റ് | മഹാരാഷ്ട്ര | പടിഞ്ഞാറ് | - |
സഹീര്‍ ഖാന്‍ | വലംകൈ | ഇടംകൈ ഫാസ്റ്റ് | മുംബൈ | പടിഞ്ഞാറ് | C |
സ്പിന്‍ ബോളര്‍മാര്‍ | |||||
അനില്‍ കുംബ്ലെ | വലംകൈ | ലെഗ്സ്പിന്‍ | കര്‍ണ്ണാടക | തെക്ക് | A |
ഹര്‍ഭജന്‍ സിംഗ് | വലംകൈ | ഓഫ്സ്പിന്‍ | പഞ്ചാബ് | വടക്ക് | A |
രമേഷ് പവാര്‍ | വലംകൈ | ഓഫ്സ്പിന്‍ | മുംബൈ | പടിഞ്ഞാറ് | - |
- അവലംബം
- ↑ http://www.travour.com/icc-cricket-world-cup-2007-west-indies/cricket-world-cup-teams/india-cricket-team-profile.html
- ↑ http://stats.cricinfo.com/guru?sdb=team;team=IND;class=testteam;filter=advanced;opposition=0;notopposition=0;homeaway=0;continent=0;country=0;notcountry=0;groundid=0;season=0;startdefault=1932-06-25;start=1932-06-25;decade=0;enddefault=2006-07-02;end=1982-06-25;tourneyid=0;finals=0;daynight=0;toss=0;scheduleddays=0;scheduledovers=0;innings=0;followon=0;result=0;seriesresult=0;captainid=0;recent=;viewtype=resultsummary;runslow=;runshigh=;wicketslow=;wicketshigh=;ballslow=;ballshigh=;overslow=;overslow=;overshigh=;overshigh=;bpo=0;batevent=0;conclow=;conchigh=;takenlow=;takenhigh=;ballsbowledlow=;ballsbowledhigh=;oversbowledlow=;oversbowledlow=;oversbowledhigh=;oversbowledhigh=;bpobowled=0;bowlevent=0;submit=1;.cgifields=viewtype|title = India - Results Summary from 1932 - 1982|work = Cricinfo - Stats Guru|accessdate = October
- ↑ http://findarticles.com/p/articles/mi_m2279/is_1998_Nov/ai_53542832/pg_3 "Cricket and Politics in Colonial India"
- ↑ http://cricketarchive.co.uk/Archive/Seasons/ENG/1911_ENG_India_in_England_1911.html India in England, 1911
- ↑ http://www.icc-cricket.com/about/1909-1963.html History of the Imperial Cricket Conference
- ↑ http://www1.cricinfo.com/link_to_database/ARCHIVE/1940S/1947-48/IND_IN_AUS/
- ↑ http://www1.cricinfo.com/link_to_database/ARCHIVE/1950S/1951-52/ENG_IN_IND/