വള്ളുവനാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃതനാമമുണ്ട്. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്‍റെ സ്ഥാപകന്‍. ഈ രാജവംശത്തെ അറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളട്ടിരി, അറങ്ങോട്ട് ഉടയവര്‍, വല്ലഭന്‍ എന്നീപേരുകള്‍ ഉണ്ട്. ഈ രാജ്യത്തിന്‍റെ ആദ്യ തലസ്ഥാനം വള്ളുവനഗരം( ഇന്നതെ അങ്ങാടിപ്പുറം) ആയിരുന്നു. ഇന്നത്തെ പെരിന്തല്‍മണ്ണ, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാനി, തിരൂര്‍, ഏറനാട് താലൂക്കിന്റെ ചില ഭാഗങ്ങള്‍ എന്നിവയും ചേര്‍ന്നവയാണ് വള്ളുവനാട് രാജ്യം. തിരുനാവായയില്‍ നടത്തിവന്ന മാമാങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈകലാക്കി. മൈസൂറിന്‍റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്വാരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്‍റെ അധീനതിയില്‍ ഉണ്ടായിരുന്നുള്ളൂ, ടിപ്പുവിന്‍റെ ആക്രമണത്തെ തുടര്‍ന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു. മലബാര്‍ ബ്രിട്ടീഷ് അധീനതിയില്‍ ആയപ്പോള്‍ വള്ളുവനാട്ടു രാജാവ് അടിത്തുണ്‍ വാങ്ങി വിരമിച്ചു.