ഗുരു കുഞ്ചു കുറുപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരു കുഞ്ചു കുറുപ്പ് (ജനനം - 1880, മരണം - 1972) കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി ഗ്രാമത്തിലെ പൊയ്പ്പളിക്കുളം കുടുംബത്തിലാണ് ജനിച്ചത്. കഥകളിക്ക് ദേശീയതലത്തില്‍ പുരസ്കാരങ്ങള്‍ ലഭിച്ച ആദ്യത്തെ കലാകാരനായിരുന്നു ഗുരു കുഞ്ചുക്കുറുപ്പ്. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൌന്ദര്യ മാനങ്ങള്‍ നല്‍കിയ കലാകാരനായിരുന്നു ഗുരു കുഞ്ചുക്കുറുപ്പ്. അദ്ദേഹത്തിന്റെ പച്ച, കത്തി വേഷങ്ങള്‍ പ്രശസ്തമാണ്. കേരളത്തിലെ കഥകളി കലാകാരന്മാരില്‍ ഏറ്റവും പ്രഗല്‍ഭരുടെ ഗണത്തിലാണ് ഗുരു കുഞ്ചുക്കുറുപ്പ് കരുതപ്പെടുന്നത്.
വള്ളത്തോള്‍ നാരായണ മേനോന്‍ കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ഗുരു കുഞ്ചു കുറുപ്പിനെ കഥകളിയുടെ പ്രധാന അദ്ധ്യാപകനാകുവാനായി ക്ഷണിച്ചു.
അദ്ദേഹത്തിന്റെ പ്രധാന കഥകളി കഥാപാത്രങ്ങളില്‍ ഹംസം, കാട്ടാളന്‍, കുചേലന്‍, ബ്രാഹ്മണന്‍ എന്നിവ ഉള്‍പ്പെടും.
പ്രശസ്ത മലയാള നോവലിസ്റ്റും ജ്ഞാനപീഠം ജേതാവുമായ തകഴി ശിവശങ്കര പിള്ളയുടെ അമ്മാവനാണ് ഗുരു കുഞ്ചുക്കുറുപ്പ്. അദ്ദേഹം കോട്ടയം ജില്ലയിലെ കുറിച്ചിയിലെ കൊച്ചാപ്പിരാമന്‍മാരുടെ പക്കല്‍ നിന്നാണ് കഥകളി അഭ്യസിച്ചത്. ഇതിനുശേഷം ചമ്പക്കുളം ശങ്കു പിള്ളയുടെ കീഴില്‍ അദ്ദേഹം കഥകളിയില്‍ ഉപരിപഠനം നടത്തി.