ചാന്ദ്രയാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രയാന്‍ I - ചാന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആര്‍.ഓ) 2007 - 2008 കാലയളവില്‍ ചന്ദ്രനിലേയ്ക്ക് അയയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന യാത്രികരില്ലാത്ത യാന്ത്രികപേടകം. ഇതേ പേരിലുള്ള പദ്ധതിയുടെ കീഴിലാണീ ദൌത്യം പൂര്‍ത്തീകരിക്കുക. "ചാന്ദ്രയാന്‍" എന്ന സംസ്കൃത പദത്തിന്‍റെ അര്‍ഥം ചന്ദ്രവാഹനം എന്നാണ്. ധ്രുവ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്‍റെ ( Polar Satellite Launch Vehicle - PSLV) നവീകരിച്ച രൂപം ഉപയോഗിച്ചായിരിക്കും ഈ വാഹനം വിക്ഷേപിക്കുക. ചാന്ദ്രയാന്‍-1 ന്റെ പ്രഥമ ലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമുക്ക് വിവരങ്ങള്‍ തരും എന്നു പ്രതീക്ഷിക്കുന്നു.
[തിരുത്തുക] ആമുഖം
ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്ര പരമായ അറിവുകള്‍ നമുക്കിന്ന് ലഭിച്ചിരിക്കുന്നത് അപ്പോളോ, ലൂണ, ക്ലെമന്റൈന്‍, ലുണാര്‍ പ്രോസ്പെക്റ്റര്‍ തുടങ്ങിയ വമ്പിച്ച ദൗത്യത്തില്‍ നിന്നും അതിന്റെ പരീക്ഷണശാലാ നിഗമനങ്ങളില്‍ നിന്നുമാണ്. ഇത്തരം അറിവുകള്‍ ചന്ദ്രന്റെ ഉല്‍പത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും. പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശധമായ പഠനത്തിനും അതിന്റെ ഉല്‍പത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ISRO ചാന്ദ്രയാന്‍- 1 ദൗത്യം വികസിപ്പിച്ചുവരുന്നത്.
[തിരുത്തുക] ഇതിവൃത്തം
ചാന്ദ്രയാന്‍ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ശ്രിഹരിക്കോട്ടയിലെ സതിഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ നിന്നും 2007 ഓടുകൂടി വിക്ഷേപിക്കപ്പെടവുന്ന തരത്തിലാണ് ഇതു പൂര്‍ത്തിയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിക്കു 240 കി.മി. പുറത്ത് 3600 കി മി വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക് ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ് ഈ ഉപഗ്രഹത്തെ റോക്കറ്റുകള്‍ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം 100 കി മി. ധ്രുവ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട് ചാന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും.
ഈ വിദൂരസംവേദന ഉപഗ്രഹം ഏകദേശം 1304 കിഗ്രാം ഭാരം ഉണ്‍ടാകുമെന്നാണ്‍് കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണ പ്രകാശത്തിലും, ഇന്‍ഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തില്‍ വഹിക്കപ്പെടുക. ഏകദേശം രണ്ടുവര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത് വിദൂരസംവേദനത്തിലൂടെ (Remote Sensing) ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂര്‍ണ ചിത്രീകരണവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങള്‍. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നല്‍കിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്നും, പിന്നീടു 100 x 100 കിലോമീറ്റര്‍ ചന്ദ്രധ്രുവഭ്രമണപഥത്തില്‍നിന്നും ആയിരിക്കും ചന്ദ്രയാന്‍ I ഈ ദൌത്യം പൂര്‍ത്തീകരിക്കുക.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയില്‍ അണ്ണാദുരൈ യെ ഈ ദൌത്യത്തിന്‍റെ തലവനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. 2004 സെപ്റ്റെംബര്‍ മാസത്തിലെ ഒരു പത്രക്കുറിപ്പു പ്രകാരം, 2007ലോ 2008ലോ വിക്ഷേപണം നടത്താവുന്ന വിധത്തില്‍ പദ്ധതി പുരോഗമിച്ചു കഴിഞ്ഞു.
പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 380 കോടി രൂപ ആയിരിക്കും എന്നു കണക്കാക്കപ്പെടുന്നു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍ വകയായി ആറും, ബള്‍ഗേറിയ, നാസ, ഏസ ഇന്നിവിടങ്ങളില്‍ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.