ടി.കെ. മാധവന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. മാധവന്‍ | |
---|---|
1885 സെപ്റ്റംബര്‍ 2 – 1930 ഏപ്രില്‍ 27 | |
![]() അധ്:കൃത നവോത്ഥാന നായകന്‍ – |
|
അപരനാമം: | ടി.കെ. |
ജനനം: | 1885 സെപ്റ്റംബര്‍ 2 |
മരണം: | 1930 ഏപ്രില്‍ 27 |
മരണ സ്ഥലം: | കേരളം |
മുന്നണി: | ഈഴവ നവോത്ഥാനം |
സംഘടന: | എസ്.എന്‍.ഡി.പി |
ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കര്‍ത്താക്കളില്‍ ഏറ്റവും പ്രമുഖനാണ് ടി.കെ. മാധവന്‍. (ജനനം 1885 സെപ്റ്റംബര്‍ 2 - 1930 ഏപ്രില്‍ 27) വൈക്കം സത്യാഗ്രഹത്തിന്‍റെ മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു. പഠനകാലത്തേ തന്നെ അത്ഭുതകരമായ ബുദ്ധിശക്തിയും സംഘടനാസാമര്‍ത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ശ്രമഫലമായി അന്ന് സമൂഹത്തിന്‍റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്‍റെ പാതയിലേക്ക് വന്നു. 1914-ല്‍ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധ:കൃതരുടെ അവകാശങ്ങള്‍ നേടാന്‍ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ദേശാഭിമാനിയിലൂടെ വാദിച്ചു. കുമാരനാശാന്‍ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കില്‍ ക്ഷേത്രത്തില്‍ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്ന് മാധവന്‍റെ പോരാട്ടം. വൈക്കം, തിരുവാര്‍പ്പ്, കണ്ണന്‍കുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭണങ്ങളില്‍ പങ്കെടുത്തു
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
അയിത്തം, തീണ്ടല്‍, എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, നായന്മാരും നസ്രാണികളും, ഈഴവന്മാര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂട്ടയ്മ വച്ചു പുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാല്‍ കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ക്ഷിക്കാനും മേല്‍ജാതിക്കാര്ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവന്മാര്‍ക്ക് പ്രവേശിക്കാമയിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് നിഷിദ്ധമായിരുന്നു. ഇത്തരം വഴികളിലാകട്ടേ സര്‍ണ്ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടതായും വന്നിരുന്നു. സവര്‍ണ്ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയ്ള്ള വീഥികളിലാകട്ടേ ഈഴവരേയും വിലക്കിയിരുന്നു. തീണ്ടിക്കുളി എന്നൊരാചാരവും ഉണ്ടായിരുന്നു. പുറത്തു പോയി തിര്‍കെ വീട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കുളിച്ചിരിക്കണം എന്നും താഴ്ജാതിയില്‍ പെട്ടവരെ നിശ്ശ്ചിത ദൂരത്തിനടുത്തായി കണ്ടാലും കുളിക്കുന്നത് നിര്‍ബന്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും കുളിച്ചിരിക്കണം.
[തിരുത്തുക] ആദ്യകാലം
1885 സെപ്റ്റംബര്‍ 2ന് (കൊല്ലവര്‍ഷം 1061 ചിങ്ങമാസം 19ന്)കേരളത്തില്‍ മാവേലിക്കരയിലെ കണ്ണമംഗലം എന്ന ഗ്രാമത്തില്‍ ജനിച്ചു. താന്നിയേങ്കുന്നേല്‍ എന്ന മാതൃഗൃഹത്തിലായിരുന്നു ജനനം. പിതാവ് ധനസമൃദ്ധിക്ക്ണ്ടും പ്രാബല്യം കൊണ്ടും പ്രസിദ്ധമായ ആലും മൂട്ടില്‍ കൂടുംബാംഗമായ കേശവന്‍ ചാന്ദാര്‍ ആയിരുന്നു. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു. അച്ഛന്‍ വൈദ്യം ജ്യോതിഷം, വ്യവഹാരം എന്നീ മേഖലകളില്‍ പ്രശസ്തനായിരുന്നു. മാധവന്‍ രണ്ടാമത്തെ സന്താനമായിരുന്നു. ഒരു ജ്യേഷ്ഠത്തി (നാരായണി) കൌമാര പ്രായത്തില്‍ തന്നെ അസുഖം മൂലം മരിച്ചുപോയി. അനിയന്‍ ടി.കെ പത്മനാഭന്‍ അദ്ധ്യാപകനായിത്തീര്‍ന്നു.
ബാല്യത്തില്‍ നങ്ങ്യാര്‍കുളങ്ങരയുള്ള പിതൃഗൃഹമായ ചീവച്ചേരിയിലാണ് വളര്‍ന്നത്. അതിനടുത്തുള്ള കുടിപ്പള്ളിക്കൂടത്തിലെ നരിയിഞ്ചില്‍ ആശാനാണ് മാധവനെ നിലത്തെഴുത്ത്, എഞ്ചുവടി തുടങ്ങിയവ പഠിപ്പിച്ചത്. ആറു വയസ്സു വരെ അദ്ദേഹം ഈ ആശാന്‍റെ കീഴില്‍ വിദ്യ അഭ്യസിച്ചു. ഉയര്‍ന്ന ജാതിയില്‍ പെട്ട ആശാന് മാധവന്‍ അന്ന് തൊട്ടുകുടാത്തവന്‍ ആയിരുന്നു. ശിക്ഷിക്കാനായി വടികൊണ്ടടിച്ചാല്‍ തൊടാതെ ഏറിഞ്ഞടിക്കുകയായിരുന്നു പതിവ്.
ഒരിക്കല്‍ ആശാന്‍ തന്നെ ആവശ്യമില്ലാതെ ശിക്ഷിച്ചപ്പോള്‍ ആശാന്റ്റെ ഏഴുത്ത് അങ്ങ് എടുത്തോ എന്‍റെ എഴുത്ത് ഇങ്ങു തന്നേക്കൂ എന്ന് ബാല്യ സഹജമായ വൈരാഗ്യത്തോടു കൂടി അദ്ദേഹം തര്‍ക്കുത്തരം പറഞ്ഞു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹം പിന്നീട് ഒന്നര കിലോമീറ്റര്‍ അകലെയുള്ള നസ്രാണി ആശാനായ കരിപ്പുഴ ആശാന്‍ നടത്തിയിരുന്ന പള്ളിക്കൂടത്തില്‍ ചേര്‍ന്നു. ഈ പള്ളിക്കൂടത്തിലേയ്ക്ക് പോകുന്ന വഴിക്ക് നായര്‍ വിഭാഗത്തില്‍ പെട്ടവരെ കാണാനിടയായാല്‍ വഴിമാറി നടക്കേണ്ടതുണ്ടായിരുന്നു. അറിയാതെ അവരുടെ മുന്നില്‍ പെട്ടാല്‍ അവര്‍ ശിക്ഷിക്കുമായിരുന്നു. എന്നാല്‍ കരിപ്പുഴ ആശാനും അദ്ദേഹത്തെ എറിഞ്ഞടിക്കുന്നത് അദ്ദേഹത്തിന് മനസ്സിന് വിഷമമുണ്ടാക്കിയിരുന്നു. ഏതാണ് ഒരു വര്‍ഷത്തോളം അവിടെ പഠിച്ചശേഷം അദ്ദേഹം മാവേലിക്കര ഈരേഴക്കാരന്‍ കൊച്ചുകുഞ്ഞാശാന്‍ എന്ന കണിയാരുടെ കീഴില്‍ സംസ്കൃതം അഭ്യസിച്ചു. പിന്നീട് പി. സുബ്രമണ്യം പിള്ള എന്ന വക്കീലിന്‍റെ കീഴില്‍ ഇംഗ്ലീഷ് പഠിക്കുകയും ചെയ്തു. അന്ന് ഈഴവര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പല പ്രതിബന്ധങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്‍റെ കീഴില്‍ പഠിക്കുമ്പോഴാണ് ആദ്യമമയി ഈഴവന്‍, നായര്‍, നസ്രാണി എന്നീ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്ന് ആദ്യമായി പഠിക്കുന്നത്. അദ്ധ്യപകര്‍ കുട്ടികളെ തൊട്ടടിക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന് ഒരു പ്രത്യേക അനുഭവമായിരുന്നു. ഈ കാലത്താണ് അദ്ദേഹത്തിന്‍റെ ആലോചനാ ശക്തിക്ക് വികാസം പ്രാപിച്ചത്.
പിന്നീട് അദ്ദേഹം കായംകുളം സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. അക്കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നല്ല രീതിയില്‍ വികസിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പിതാവിന്‍റെ കോടതി വ്യവഹാരങ്ങള്‍ ചിലത് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തു കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഈ വിദ്യാലയങ്ങളിലെ ഉയര്‍ന്ന ജാതിക്കാരായ സഹപാഠികളില്‍ നിന്നും പോകുന്ന വഴിക്കുള്ള നാട്ടുകാരില്‍ നിന്നും ജാതി സംബന്ധമായി താഴ്ത്തിക്കെട്ടുന്ന തരത്തില്‍ ഉള്ള പരിഹാസങ്ങള്‍ക്കും മറ്റും മാധവനും അതേ ജാതിയിലുള്ളവര്‍ക്കും ഏല്‍ക്കേണ്ടിവന്നത് അദ്ദേഹത്തിന്‍റെ മനസ്സിന് മുറിവേല്‍പിച്ചിരുന്നു. കായംകുളത്തുനിന്നും മൂന്നാം ഫാറം ജയിച്ചതുനുശേഷം ഉപരിപഠനത്തിനായി ടി.കെ തിരുവനന്തപുരത്ത് രാജകീയ വിദ്യാലയത്തില്‍ ചേര്‍ന്നു.
പഠനത്തില്‍ താല്പര്യം ഏറെ ഉണ്ടായിരുന്നെങ്കിലും 17 വയസ്സുള്ളപ്പോള്‍ (1902) അച്ഛന്‍ മരിച്ചു പോയതുമൂലവും അദ്ദേഹത്തെ വളരെ നാളായി അലട്ടിയിരുന്ന കാസ രോഗം മൂര്‍ച്ഛിച്ചതിനാലും അദ്ദേഹത്തിന് ഹൈസ്കുള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.1906ല് കാസരോഗശമനത്തിനായി അദ്ദേഹം ഒരു വര്‍ഷം ചിലവഴിച്ചു എങ്കിലും പരിപൂര്‍ണ്ണമായും ഭേധമയില്ല. 1907 ലദ്ദേഹം ദമ്പത്യത്തില്‍ ഏര്‍പ്പെട്ടു.
[തിരുത്തുക] കുടുംബ ജീവിതം
ചേപ്പാട്ട് കോട്ടൂര്‍ കയ്യാലയ്ക്കല്‍ നാരായണി അമ്മയായിരുന്നു ഭാര്യ. ബാല്യകാല സഖിയായിരുന്നെങ്കിലും നാരായണി തന്‍റെ 11-ആം വയസ്സില്‍ വേറൊരു വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം പക്ഷേ സുഖകരമല്ലാത്തതിനാല്‍ അവര്‍ ഉപേക്ഷിക്കുകയും മാധവന്‍ അവരെ സപത്നിയായി സ്വീകരിക്കുകയും ആയിരുന്നു. ആദ്യ ഭര്‍ത്താവില്‍ ശാരദ, ബാലകൃഷ്ണന്‍ എന്നിങ്ങനെ രണ്ട് സന്താനങ്ങള്‍ നാരായണിക്കുണ്ടായിരുന്നു. മാധവന്‍ അവരെ സ്വന്തം മക്കളെപ്പോലെയാണ് വളര്‍ത്തിയത് ബാലകൃഷണന്‍ പക്ഷേ അധികം താമസിയാതെ മരണമടഞ്ഞു.
[തിരുത്തുക] സമൂഹ്യ സേവന രംഗത്ത്
പഠിക്കുന്ന കാലത്തേ മാധവന്‍ മികച്ച പ്രാസംഗികനെന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹം പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനും ഉണ്ടയിരുന്നു. അക്കാലത്ത് ‘ന്യൂ ഇന്‍ഡ്യ’, ‘കേരള കൌമുദി’, ‘മലയാള മനോരമ‘ തുടങ്ങിയ വര്‍ത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി‘, ‘മംഗളോദയം‘ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിരുന്നു. അവയില്‍ ചിലത് പത്രാധിപന്മാരുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1911-ല് ശിവഗിരിയില്ല് വച്ച് നടത്തപ്പെട്ട ശാരാദാ പ്രതിഷ്ഠയില്‍ അദ്ദേഹം പങ്കെടുത്തു. 1913 ല് 11-ആം ശ്രീമൂലം പ്രജാസഭ സമ്മേളിച്ചു. അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന് ആലുമ്മൂട്ടില്‍ ഗോവിന്ദ ദാസിനു വേണ്ടി നിവേധനം തയ്യാറാക്കി നല്‍കിയത് മാധവനായിരുന്നു. അടുത്ത വര്‍ഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരീക്കാന്‍ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രാസംഗികനും മാധവനായിരുന്നു. ഇക്കാലത്താണ് സമുദായത്തിനായി ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്
[തിരുത്തുക] ദേശാഭിമാനി
ദേശാഭിമാനി ആരംഭിച്ചത് മാധവന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. മാധനന്‍റെ 29ആമത്തെ വയസ്സിലാണ അദ്ദേഹം ഈ പത്രം ആരംഭിക്കുന്നത്. അക്കാലത്ത് ഈഴവരുടേതായി പത്രങ്ങള്‍ ഒന്നു നിലവിലില്ലായിരുന്നു. ‘സുജനാനന്ദി’, കേരള സന്ദേശം, കേരള കൌമുദി എന്നീ പേരുകളില്‍ പത്രങ്ങള്‍ മുന്‍പു തന്നെ ആരംഭിച്ചിരുന്നു എങ്കിലും അതെല്ലാം താമസിയാതെ പ്രസിദ്ധീകരണം നിലച്ച് കാല യവനികക്കുള്ളില്‍ മറഞ്ഞിരുന്നു. പൊതുജനസേവനാപരമായ തനെ ആദര്‍ശങ്ങളേയും ഈഴവ സമുദായത്തിന്‍റെ ശക്തിയേയും വിളിച്ചറിയിക്കാനുള്ള ഒരു ഉപാധിയായി മാധവന്‍ പത്രത്തെ കണ്ടിരുന്നു. 1914ലാണ് ദേശാഭിമാനി തുടങ്ങിയത്. പത്രത്തിന്‍റെ മാനേജര്‍ പദവി മുതല്‍ പ്രചാരകന്‍, വിതരണക്കാരന്‍ എന്നിങ്ങനെ മിക്ക മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. താമസിയാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. പത്രങ്ങളിലൂടെ അദ്ദേഹം ലോക വിവരങ്ങള്‍ അപ്പപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ എത്തിച്ചു. സമുദായ സമത്വത്തിന്‍റെ വിത്തുകള്‍ ജനങ്ങളുടെ മനസ്സില്‍ പാകാനും അതിന്‍റെ ആവശ്യകതയും താഴ്ന്ന ജാതികാരുടെ അവകാശങ്ങളെ പറ്റിയും അദ്ദേഹം ലേഖനങ്ങള്‍ വഴി അദ്ദേഹം ശ്രമിച്കുകൊണ്ടിരുന്നു. എന്നാല്‍ ഇടയ്ക്ക് കുറക്കാലം ദേശാഭിമാനി പ്രസിദ്ധീകരണം നിര്‍ത്തിവച്ചെങ്കിലും മാധവന്‍ പത്രാധിപനാകുകയും വീണ്ടും പത്രം ആരംഭിക്കുകയും ചെയ്തു.
[തിരുത്തുക] പൌരസമത്വവാദം
ആരംഭകാലത്തിലെ പൊറ്റു പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഊന്നല്‍ കൊടുത്തത് പൌര സമത്വ വാദത്തിനായിരുന്നു. തിരുവിതാംകൂറിലെ ആകെയുള്ള ജനസംഖ്യയുടെ വലിയ ഭൂരിപക്ഷമായ ഈഴവര്‍ക്ക് (26 ലക്ഷം അന്ന്) പ്രാഥമിക പൌരാവകാശങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായിരുന്നു പൌര സമത്വവാദം ആരംഭിച്ചത്.പൊതു നിരത്തുകള്‍, വിദ്യാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജാതിമതഭേദമന്യേ സകലര്‍ക്കും പ്രവേശനം നല്‍കേണ്ടതാണെന്നുള്ള തത്വം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കിലും ഈഴവര്‍ തുടങ്ങിയവര്‍ക്ക് പലകാരനങ്ങളാല്‍ ഇവിടങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് ക്ഷേത്ര സാമീപ്യം ആണ് ഒരു കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തൃശ്ശൂര്‍ പൂരം സംബന്ധിച്ച് ഈഴവരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു, തൃപ്പൂണിത്തുറ സര്‍ക്കാര്‍ വിദ്യാലയത്തില്‍ തിരുവിതാം കൂര്‍ രാജകുമാരന്‍ ചേര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്ന സകല ഈഴവ വിദ്യാര്‍ത്ഥികളേയും പറഞ്ഞു വിട്ടു. ഈഴവ പ്രമുഖരെ അകാരണമായി പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിക്കുക തുടങ്ങിയ് അനീതികള്‍ക്കെതിരെ മാധവന്‍റെ ദേശാഭിമാനി ശക്തിയുക്തം പ്രതിഷേധിച്ചു.
[തിരുത്തുക] ശ്രീമൂലം പ്രജാ സഭ
അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വലിയ വഴിത്തിരിവായത് ശ്രിമൂലം പ്രജാ സഭയില്‍ അംഗമാകാന്‍ കഴിഞ്ഞതാണ്. 1903-ല് സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാ സഭ തിരുവിതാം കൂര്‍ രാജ്യസഭയായിരുന്നു. ഇതില്‍ ഈഴവര്‍, പറയര്‍, പുലയര്‍ തുടങ്ങി താഴ്ന്ന ജാതിക്കാരില്‍ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ സഭയില്‍ ഈഴവ പ്രതിനിധി അംഗമായി തിര്‍ഞ്ഞെടുക്കപ്പെട്ടു. 1917 18 വര്‍ഷങ്ങളില്‍ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളില്‍ അദ്ദേഹം പൌരസമത്വത്തിനായി ശക്തിയായി സഭയില്‍ വാദിച്ചിരുന്നു.
[തിരുത്തുക] ക്ഷേത്രപ്രവേശനവാദം
ക്ഷേത്ര പ്രവേശന വാദത്തിന്‍റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ, മാധവന് കേരള ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൌര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടല്‍, തൊടീല്‍ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തില്‍ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയര്‍ത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതിസ്ഥിതികള്‍ 1916 ഓടെ കേരളത്തില്‍ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതില്‍ ക്ഷേത്രപ്രവേശന വാദത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.കൊല്‍ക്കത്ത യില്‍ വച്ച് ആനി ബസന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തില്‍ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നില്‍ മാധവന്‍റെ നിരന്തര പരിശ്രമമം ഉണ്ടയിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം മുംബൈ യില്‍ വച്ച് അവിടത്തെ മഹാരാജാവിന്‍റെ സഭയിലും പ്രമേയങ്ങള്‍ പാസാക്കപ്പെട്ടു. എന്നാല്‍ അന്ന് ദിവാനായിരുന്ന ടി. രാഘവയ്യാ ഇതിന് പ്രതികൂലമായ നിലപാടാണ് ഏടുത്തിരുന്നത്. അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലം മാധവന് ശ്രീമുലം പ്രജാ സഭയില്‍ രണ്ടു വര്‍ഷത്തിലധികം തുടരാനായില്ല.
1916ല്[തിരുത്തുക] മഹാത്മജിയുമായി
1921ല് മഹാത്മാ ഗാന്ധി തിരുനെല്‍വേലിയില്‍ എത്തിയപ്പോള്‍ മാധവന്‍ അദ്ദേഹത്തെ കണ്ട് ഈഴവരുടെ അവകാശവാദത്തെക്കുറിച്ച് അറിയിച്ചു. മഹാത്മാഗാന്ധി കേരളം സന്ദര്‍ശിക്കാനും അന്നു മുതല്‍ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ നിലപാട് എടുക്കാനും കാരണം ഒരു പക്ഷേ ഈ കൂടിക്കാഴ്ച ആയിരുന്നിരിക്കണം
പ്രസംഗിക്കുന്നതില്‍ മിടുക്കനായിരുന്ന മാധവന്‍ വൈക്കം സത്യാഗ്രഹത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനിയായിരുന്നു. 1923ല്‍ കാക്കിനാടയില്‍ സമ്മേളിച്ച കോണ്‍ഗ്രസ്സില്‍ സംബന്ധിച്ചു.[1] അദ്ധ്യക്ഷത വഹിച്ച മൌലാനാ മുഹമ്മദ് അലി, സി.ആര്‍. ദാസ് , സി. രാജഗോപാലാചാരി തുടങ്ങിയ പ്രമുഖന്മാരുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു. അതിനു മുന്‍പ് തന്നെ ഗാന്ധിജിയുമായി പരിചയപ്പെട്ടിരുന്നു. 1924ല്‍ കൂടിയ ബല്‍ഗാം കോണ്‍ഗ്രസ്സിലും മാധവന്‍ സംബന്ധിക്കുകയുണ്ടായി. മഹാത്മാഗാന്ധിയായിരുന്നു യോഗാദ്ധ്യക്ഷന്‍. ഈ സമ്മേളനത്തില്‍ വൈക്കം സത്യാഗ്രഹത്തെ പറ്റിയുള്ള പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ച് പാസ്സാക്കിയത്. അദ്ദേഹം മികച്ച സംഘാടകനായിരുന്നു. 1918-20 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ പ്രജാസഭാമെംബറായി പ്രവര്‍ത്തിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് 1924 മാര്‍ച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു അറസ്റ്റ് വരിച്ചു. [2], [3] ലെ കാണ്‍പൂര്‍ കോണ്‍ഗ്രസ്സിലും സംബന്ധിച്ചു. നായരീഴവ രാഷ്ട്രീയ സഖ്യത്തിന്റെ പ്രതീകമായി കരുതപ്പെട്ടു. അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവന്‍ ഉണ്ടായിരുന്നു. [4]
[തിരുത്തുക] അവസാനം
1927ല്‍ എസ്.എന്‍.ഡി.പി യോഗം സെക്രട്ടറിയായി സംഘടന കെട്ടിപ്പടുക്കുന്നതില്‍ മുഴുകി. പുതുതായി ഒരു ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ മാധവന് കഴിഞ്ഞു. 1930 ഏപ്രില്‍ 27 ന് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 44 വയസ്സേ ഉണ്ടായിരുന്നുള്ളു.
[തിരുത്തുക] കൃതികള്‍
- ഡോ. പല്പു
- ഹരിദാസി
- ക്ഷേത്രപ്രവേശനം
[തിരുത്തുക] സ്മാരകങ്ങള്‍
- ടി.കെ.എം കലാലയം കൊല്ലം [5]
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ [ http://www.keralahistory.ac.in/radicalpolitical.htm കേരള ചരിത്രത്തെ പറ്റിയുള്ള സര്‍ക്കാര്‍ വെബ്സൈറ്റ്. കാക്കിനഡ കോണ്‍ഗ്രസ്സിനെ കുറിച്ച് കാണാം.ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 09]
- ↑ ദ ഹിന്ദു ദിനപ്പത്രത്തില്‍ വി. കൃഷ്ണ ആനന്ദ് എഴുതിയ ‘Vaikom revisited‘ എന്ന ലേഖനം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 09
- ↑ 1925 പെരുന്ന കെ.എന്‍. നായര്‍ പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഒഫ് ഇന്ത്യയില്‍ എഴുതിയ ലേഖനം ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 09
- ↑ ആലപ്പുഴയെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 09
- ↑ ടി.കെ.എം കോളേജിന്‍റെ വെബ് സൈറ്റ് ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 09
[തിരുത്തുക] കുറിപ്പുകള്‍
- ↑ തൊട്ടുകൂടാത്തതിനാലാണ് എറിഞ്ഞടിക്കുന്നത്. ഒരിക്കല്‍ മാധവന്‍ ആശാന്‍റെ ആജ്ഞയെ ധിക്കരിച്ചതിന് അദ്ദേഹത്തെ ശിക്ഷിച്ചപ്പോള്‍ വടി എറിഞ്ഞടിക്കുകയായിരുന്നു. എന്നാല്‍ മറ്റൊരു കൂട്ടുകാരനായ ഗോവിന്ദനെ തൊട്ട് കൊണ്ട് അടിക്കുകയും ഉണ്ടായി. ഇത് എന്തുകൊണ്ടാണ് എന്ന ചിന്തക്ക് പക്ഷപാതപരമാണെന്നാണ് അന്ന് മാധവന്‍ വിചാരിച്ചിരുന്നത്. ഇതാണ് ജാതി നിമിത്തമുള്ള അസമത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആദ്യ സമരണ എന്നാണ് അദ്ദേഹം പറയുന്നത്.
- ↑ 'ക്ഷേത്ര പ്രവേശനം’ എന്ന പുസ്തകത്തില്‍ നിന്ന്: ക്ഷേത്ര പ്രവേശന വാദം അവര്‍ണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവര്‍ക്കു പൊതു ക്ഷേത്രങ്ങളില്‍ പ്രവേശിച്ച് ഈശ്വരാരാധന നടത്താനുള്ള അവകാശം സമ്പാദിക്കുവാന്‍ മാത്രമുള്ള ഒരു അവകാശവാദമാണേന്ന് പലരും ധരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. എന്നാല്‍ അതു മാത്രമല്ല അതിന്‍റെ ഉദ്ദേശ്യം. ക്ഷേത്രപ്രവേശനവാദം ധാര്‍മ്മികമായ ഒരു അവകാശവാദമാകുന്നു, അതിനു മതപ്രമായൌം സമുദായപരമായൌം രാഷ്ട്രീയമായും ഒരോ വശങ്ങള്‍ ഉണ്ട്. ഹിന്ദുമത പരിഷ്കരണവുമ്മ് സമുദായ പരിഷ്കരണവും അതിന്‍റെ ഉദ്ദേശ്യങ്ങളില്‍ പെടും...