ടോംസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ പ്രിയങ്കരനായ കാര്‍ടൂണിസ്റ്റ് ആണ് ടോംസ് എന്നു പരക്കെ അറിയപ്പെടുന്ന വി.റ്റി.തോമസ്. ബോബനെയും മോളിയെയും ഒരു പുഞ്ചിരിയോടെ ഓര്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.
1929 ഇല്‍ കുട്ടനാട്ടില്‍ വി.ടി.കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ടോംസ് ജനിച്ചു. തെരീസാക്കുട്ടി ആണു സഹധര്‍മ്മിണി. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയില്‍ 1961ഇല്‍ കാര്‍ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ഇല്‍ വിരമിക്കുന്നതുവരെ മനോരമയില്‍ തുടര്‍ന്നു.
ടോംസ് മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം ബോബനും മോളിയും വരച്ചു. ടോംസിന്റെ പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയും, കേസില്ലാ വക്കീലായ അച്‌ഛന്‍ പോത്തന്‍, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേടത്തി (പഞ്ചായത്തു പ്രസിഡന്റ് ചേട്ടന്റെ ഭാര്യ), നേതാവ്, തുടങ്ങിയവര്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തില്‍ വിഹരിക്കുന്നു.
തന്റെ അയല്‍പക്കതെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് ഇവര്‍ക്കു നല്‍കിയതു[1]. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികള്‍ക്കും അദേഹം ഇതേ പേരിട്ടു. അയല്‌വക്കത്തെ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു.
ടോംസിന്റെ മകന്‍ ബോബന്‍ ഇന്നു ഗള്‍ഫിലും മോളി ഇന്നു ആലപ്പുഴയിലുമാണ്. മോളിക്കു മക്കളുടെ മക്കള്‍ ആയിക്കഴിഞ്ഞെങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. ടോംസിന്റെ തന്നെ അഭിപ്രായത്തില്‍ പ്രായം ചെന്ന രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വികൃതികള്‍ ആരും ആസ്വദിക്കയില്ല, അതുകൊണ്ട് ബോബനും മോളിക്കും പ്രായം കൂടുകയുമില്ല.
മലയാളികളുടെ അവസാന പേജില്‍തുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.
മനോരമയില്‍ നിന്നു വിരമിച്ച ശേഷം കേരള കൌമുദിയില്‍ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ഇലെ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരം മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാര്‍ട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇന്നും ടോംസ് കോമിക്സ് ടോംസിന്റെ ഉടമസ്ഥതയില്‍ ബോബനും മോളിയും മറ്റുകാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു.