ഡിയേഗോ മറഡോണ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
||
വ്യക്തിപരിചയം | ||
---|---|---|
പൂര്‍ണ്ണനാമം | ഡിയേഗോ അര്‍മാന്‍ഡോ മറഡോണ | |
ജനനം | ഒക്‌ടോബര്‍ 30, 1960 | |
ജന്മദേശം | ബ്യൂണസ് അയേഴ്‌സ്, അര്‍ജന്റീന | |
ഉയരം | 166 സെ.മീ (5 5 in) | |
ചെല്ലപ്പേര് | "ദി കിംഗ്" | |
ക്ലബ് ഫുട്ബോള്‍ | ||
ഇപ്പോഴത്തെ ക്ലബ് | വിരമിച്ചു | |
സ്ഥാനം | മിഡ് ഫീല്‍ഡര്‍ | |
പ്രഫഷണല്‍ ക്ലബുകള്‍ | ||
വര്‍ഷം | ക്ലബ് | കളികള്‍ (ഗോള്‍) |
1976-1981 1981-1982 1982-1984 1984-1991 1992-1993 1993 1992-1993 |
അര്‍ജെന്റീനോസ് ജൂനിയേഴ്‌സ് ബോകാ ജൂനിയേഴ്‌സ് എഫ് സി ബാര്‍സിലോന എസ് എസ് സി നാപോളി സെവില്ല എഫ് സി ന്യൂവെത്സ് ഓള്‍ഡ് ബോയ്‌സ് ബോകാ ജൂനിയേഴ്‌സ് |
166 (116) 42 (28) 58 (38) 259 (115) 29 (7) 5 (0) 29 (7) |
ദേശീയ ടീം | ||
1977-1994 | അര്‍ജന്റീന - ഫുട്ബോള്‍ ടീം | 91 (34) |
ഡിയഗോ അര്‍മാന്‍ഡോ മറഡോണ (ജ. ഒക്‌ടോബര്‍ 30, ബ്യൂണസ് അയേഴ്‌സ്, അര്‍ജന്റീന) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ്. അര്‍ജന്റീനയെ 1986ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച അദ്ദേഹം സ്വന്തം രാജ്യത്തും ലാറ്റിനമേരിക്ക ഒട്ടാകെയും രണ്ടു പതിറ്റാണ്ടോളം ഫുട്ബോളിന്റെ ആവേശം വിതറി. ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങള്‍ക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാല്‍പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളില്‍ ഈ ഇതിഹാസ താരം വിശേഷിപ്പിക്കപ്പെട്ടു.
ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാര്‍ന്ന പ്രകടനങ്ങളെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതര ബന്ധങ്ങള്‍ എന്നിങ്ങനെ കുപ്രസിദ്ധി നേടിയ ഒട്ടേറെ കേസുകളില്‍ അദ്ദേഹം കുടുങ്ങിയിട്ടുണ്ട്. ഇവയൊക്കെ ആവശ്യത്തിലധികം വിമര്‍ശകരെയും നേടിക്കൊടുത്തു. പക്ഷെ ഫുട്‌ബോള്‍ മനസില്‍ കൊണ്ടുനടക്കുന്ന അനേകര്‍ക്ക് ‘ദി കിംഗ്‘ എന്നറിയപ്പെടുന്ന അദ്ദേഹം ഇന്നും ദൈവതുല്യനാണെന്നു പറയാം.
ബ്യൂണസ് അയേഴ്സിനടുത്തുള്ള ഒരു ചേരിയിലായിരുന്നു രാജകുമാരന്റെ ജനനം. പത്താം വയസില്‍ അര്‍ജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയര്‍ ടീം ആയ Los Cebollitas-ലാണ് അഭ്യാസങ്ങള്‍ തുടങ്ങിയത്. പരിശീലകന്‍ കുട്ടി-മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ ഗ്രൂപ്പില്‍ തുരുപ്പു ചീട്ടായി ഇറക്കാറുണ്ടായിരുന്നത്രെ. 16 വയസാവുന്നതിനു മുമ്പെ (കുറച്ചു കൂടി ക്രിത്യമായി പറഞ്ഞാല്‍,10 ദിവസം മുമ്പെ) അര്‍ജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഫസ്റ്റ് ഡിവിഷണില്‍ അങ്കം കുറിച്ചു. പരിശീലകന്‍ മറഡോണയെ കളത്തിലിറക്കിയപ്പോള്‍ ആര്‍പ്പു വിളിച്ചത് ഫുട്‌ബോള്‍ ലോകം ഇന്നും ഓര്‍മ്മിയ്ക്കുന്നു. “Go, Diego, play like you know“. 76 മുതല്‍ 80 വരെയുള്ള ആ കാലയളവിനുള്ളില്‍ 166 മത്സരങ്ങളും 111 ഗോളുകളും. ജൂനിയേഴ്സിനെ വിജയങ്ങളിലേക്കു നയിച്ച വീരനായകന്‍ - പള്ളിയില്‍ കുറ്ബാനക്കു പോകുന്നതു പോലെ ഒരു മത്സരം പോലും വിടാതെ കാണാനെത്തിക്കൊണ്ടിരുന്ന ജൂനിയേഴ്സ് ആരാധകര്‍ - ഫുട്‌ബോള്‍ എന്ന ഭ്രാന്തിന്റെ പരസ്പര പൂരകങ്ങളായ രണ്ടു പകുതികള്‍.
1981-ല്‍ ബൊകാ ജൂനിയേഴ്സിലേക്കൊരു മാറ്റം. ഫുട്‌ബോളിലെ വളരെ പ്രശസ്തമായ ഒരു സമവാക്യമാണ് ഉരുത്തിരിഞ്ഞത്. ബൊക എന്നാല്‍ മറഡോണ, മറഡോണ എന്നാല്‍ ബൊക. അവസാനം പല ക്ലബുകള്‍ കറങ്ങി മറഡോണ 1995-ല്‍ ബൊക-യില്‍ തിരിച്ചെത്തി. തന്റെ ഏറ്റവും പ്രിയപ്പെട്ടെ ഫീല്‍ഡായ ല-ബൊമൊനര-യില്‍ ബൊക-യെ വീണ്ടും ഒരു 1-0 വിജയത്തിലേക്കു നയിക്കാന്‍.
82-ല്‍ ബൊകയില്‍ നിന്ന് ലോകത്തിന്റെ ഒത്ത നടുവിലേക്ക് - ബാഴ്സിലോണ ഫുട്‌ബോള്‍ ക്ലബ്-ലെക്ക്. റിയലിനെതിരെ മൈതാനം മുഴുവന്‍ ഓടി നടന്നു നേടിയ ആ ഗോള്‍ (അവസാന നിമിഷം ഓടിയടുത്ത ഡിഫന്‍ഡറെ സ്പെയിനിലെ പോരുകാളയെ ഒഴിവാക്കുന്ന മറ്റഡോറിനെ പോലെ ഒഴിവാക്കി നേടിയ അതേ ഗോള്‍) വരാനിരുന്ന മറ്റൊരു ഗോളിനായുള്ള പരിശീലനമായിരുന്നോ? അടുത്ത ക്ലബ് നാപോളി ആയിരുന്നു. 84 മുതല്‍ 91 വരെ അസംഖ്യം ട്രോഫികള്, UEFA കപ്പടക്കം. നാപോളിയിലെ മറഡോണയുടെ തുടക്കവും അവസാനവും തോല്‌വിയോടെയായിരുന്നു, ബാക്കിയെല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതും. അവസാനം ഒരു ലഹരി മരുന്നു പരിശോധന, 15 മാസത്തേയ്ക്ക് ലോകത്തിനു മറഡോണയുടെ കളി ആസ്വദിക്കുന്നതില്‍ നിന്നും വിലക്ക്. സടകള്‍ കൊഴിഞ്ഞു തുടങ്ങിയിരുന്ന സിംഹം പിന്നീടു പോയതു സെവില്ല-ക്ലബിലെക്കായിരുന്നു, 1992-ല്‍. സ്പെയിനിലെ പഴയ എതിരാളികളുടെ ഇടയിലേക്കൊരു മടക്കയാത്ര. ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന മധുവിധു. 1993-ല്‍ ജന്മനാട്ടിലേക്കു മടക്കം- നെവെത്സ്- ക്ലബിലേക്ക്. അവസാന കാലത്തു ‘സ്വന്തം’ ബൊകയിലെയ്ക്കും.
ഇതൊക്കെ ക്ലബുകളുടെ മാത്രം ചരിത്രം. ലോകം മറഡോണയെ മാറോടടക്കിയത് വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല. പന്തു കാലില്‍ കിട്ടിക്കഴിഞ്ഞാല്‍ ആ മാന്ത്രികന്‍ കാണിച്ചിരുന്ന ഭ്രാന്ത് കണ്ടിട്ടായിരുന്നു. പന്തടക്കത്തില്‍ മറഡോണയെ വെല്ലാന്‍ ആളുകള്‍ കുറവാണ്. എതിരാളികള്‍ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാര്‍ക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും ക്രിത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഈ തടയാനാവാത്തെ പ്രതിഭാസത്തെ നേരിടാന്‍ പലപ്പോഴും എതിരാളികള്‍ക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളു - പന്തുമായി വരുന്ന മറഡോണയെ വെട്ടി വീഴ്ത്തുക, ഫൌള്‍ ചെയ്യുക. ഒരു പക്ഷെ ലോകത്ത് ഏറ്റവും അധികം തവണ ‘ടാക്കിള്‍’ ചെയ്യപ്പെട്ടിട്ടുള്ള ഫുട്‌ബോള്‍ താരം മറഡോണ തന്നെയായിരിയ്ക്കും.
ഇളം നീലയും വെള്ളയും വരകളുള്ള അര്‍ജന്റീനിയന്‍ കുപ്പായമണിഞ്ഞ് 91 മത്സരങ്ങളിലായി 34 ഗോളുകള്‍. ദേശീയ ടീമിന്റെ അമരക്കാരനായിരിന്നിട്ടും പരിചയക്കുറവെന്ന കാരണത്താല്‍ മറഡോണയ്ക്ക് 78 ലോകകപ്പ് കളിക്കാനായില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വീണുകിടന്നു കരയുന്ന മറഡോണയെയാണു ലോകം കണ്ടത്.
82-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ ബെല്‍ജിയത്തിനോടും പിന്നെ ഇറ്റലിയോടും ബ്രസീലിനോടും തോല്‌വികള്‍. തോല്‌വി എന്ന പരിചയമില്ലാത്ത അവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ എതിര്‍ കളിക്കാരനെ ചവിട്ടിയതിനു ചുവപ്പു കാര്‍ഡും വാങ്ങി മറഡോണ പുറത്താക്കപ്പെടുകയും ചെയ്തു. അര്‍ജന്റീനയ്ക്ക് തൊട്ടതെല്ലാം പിഴച്ച ഒരു ലോകകപ്പ്.
എല്ലാ കണക്കുകളും തീര്‍ക്കാന്‍, എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കാത്തിരിയ്ക്കേണ്ടി വന്നത് നാലു വര്‍ഷങ്ങള്‍. ക്യാപറ്റനായി മറഡോണ 86 മെക്സിക്കോ ലോകകപ്പിന് ഇറങ്ങിയത് തീര്‍ച്ചയായും ജയിക്കാനായിത്തന്നെയായിരുന്നു. തിരിച്ചു പോയത് ഇടം കൈയിലൊരു ട്രോഫിയും പിന്നെ ലോകത്തിന്റെ മുഴുവന്‍ വാത്സല്യവുമായായിരുന്നു. ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ഗോള്‍ എന്ന് അന്ന് വിശേഷിക്കപ്പെട്ട ഗോള്‍ പിറന്നത് ആ ലോകകപ്പിലായിരുന്നു. ഇന്ഗ്ലണ്ടിനെതിറ്റെയുള്ള മത്സരത്തില്‍, ആറ് എതിരാളികളെ കബളിപ്പിച്ചു കൊണ്ട് 60 മീറ്റര്‍ ഓടി മറഡോണ നേടിയ ഗോള്‍. പിന്നെ ഒരു കുസൃതിത്തരമെന്നപോലെ ‘ദൈവത്തിന്റെ കൈ’ കൊണ്ടു നേടിയ ഗോളും പിറന്നത് അതേ മത്സരത്തില്‍ തന്നെയായിരുന്നു എന്നതൊരു ആകസ്മികത. ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍, ബെല്‍ജിയത്തെ സെമിയില്‍, പിന്നെ ജര്‍മ്മനിയെ ഫൈനലില്‍. മാന്ത്രികന്‍ താന്‍ വന്ന കാര്യം സാധിച്ച് മടങ്ങി.
കാലത്തിന്റെ സീ-സോ കളി അവസാനിച്ചിരുന്നില്ല. 90 ഇറ്റലി ലോകകപ്പില്‍ വീണ്ടും. ആദ്യ മത്സരത്തില്‍ കാമറൂണിനോടു പരാജയം. അടി പതറാതെ പൊരുതിയ അര്‍ജന്റീന്‍ ഫൈനല്‍ വരെയെത്തിയതു പലര്‍ക്കും അത്ഭുതമായിരുന്നു. ജര്‍മ്മനിയും അര്‍ജന്റീനയും തമ്മില്‍ വീണ്ടും ഒരു സ്വപ്ന ഫൈനല്‍. എന്നാല്‍ ഇത്തവണ ഭാഗ്യം അര്‍ജന്റീനയെ തുണച്ചില്ല. ഒരു പെനാല്‍റ്റിയില്‍ എല്ലാം അവസാനിച്ചു. മറഡോണയ്ക്ക് ആവശ്യമില്ലാത്ത ഒന്നാണ് ആ ലോകകപ്പ് സമ്മാനിച്ചത് - രണ്ടാം സ്താനം. ഫീല്‍ഡില്‍ വീണു കിടന്നു കരയുന്ന മറഡോണയെ ലോകം ഒരിക്കല്‍ കൂടി കണ്ടു.
94 അമേരിക്ക ലോകകപ്പിനിടയ്ക്ക് പരാജയപ്പെട്ട ഒരു ലഹരി മരുന്നു പരീക്ഷ. തലകുനിച്ച് ഇറങ്ങിപ്പോയ മറഡോണ പിന്നെ ലോകവേദികളിലധികം പ്രത്യക്ഷപ്പെട്ടിട്ടില്ല.
മറഡോണ വ്യക്തിഗത മികവിനൊപ്പം പ്ലേമേക്കര്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു. അര്‍ജന്റീനയില്‍ ദ്ദിയേഗോയ്ക്കു ശേഷവും ഒട്ടേറെ പ്രതിഭാധനന്മാര്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. എന്നാല്‍ ബാക്കി പത്തു പേരിലേക്കും പരന്നൊഴുകുന്ന ഒരു പ്രഭാവലയം പോലെ ഗ്രൌണ്ടില്‍ ഓടി നടന്നു കളിക്കാനും കളിപ്പിക്കാനുമുള്ള കഴിവ്, മറഡോണയ്ക്കുശേഷം അര്‍ജന്റീന കണ്ടിട്ടില്ല. ഒരുവന്‍ ഉണ്ടായിരുന്നു. ഏരിയല്‍ ഒര്‍ട്ടേഗ. ഇരുവരുടെയും ജീവിതം ഒട്ടേറെ തലങ്ങളില്‍ സദൃശവുമായിരുന്നു. 82-ല്‍ എതിരാളികള്‍ പരുക്കനടവുകളിലൂടെ പൂട്ടിയിട്ടപ്പോള്‍ ആഞ്ഞൊരു തൊഴിയും തൊഴിച്ച് കളത്തിനു പുറത്തേക്കു പോയ മറഡോണയാണു 86-ല്‍ കപ്പില്‍ മുത്തമിട്ടത്. അതുപോലെ തന്നെ 98-ല്‍ അര്‍ജന്റീനയുടെ കളിമുഴുവന്‍ നിയന്ത്രിച്ചു തിളങ്ങി നിന്ന ഒര്‍ട്ടേഗ സെമിഫൈനലില്‍ ഹോളണ്ടിന്റെ പരുക്കനടവുകളില്‍ തളര്‍ന്നു. മുഖത്തിനൊരെണ്ണം കൊടുത്തിട്ട് അവനും ഇറങ്ങി നടന്നു. പൊക്കത്തിലും കേളീശൈലിയിലും ഒക്കെ ദീഗോയുമായിക്കണ്ട സാദൃശ്യം ചരിത്രത്തിലും ആവര്‍ത്തിക്കുമെന്നു വെറുതേ അര്‍ജന്റീനിയന്‍ ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷേ വിട്ടുമാറാത്ത പരുക്ക് ഒര്‍ട്ടേഗയെ അപ്രത്യക്ഷനാക്കി. 2002-ല്‍ ടീമില്പോലും അദ്ദേഹമില്ലായിരുന്നു.
എത്ര തന്നെ അപവാദങ്ങളില്‍ പെട്ടാലും കാല്‍പ്പന്തുകളിയുടെ ആ രാജകുമാരന്‍ ഇന്നും അനേകായിരങ്ങളുടെ മനസില്‍ ജീവിക്കുന്നു. ഒരു ഇതിഹാസമായി, ഒരു സ്വപ്നമായി.