തിരുനെല്ലി ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലാണ് പ്രശസ്തമായ തിരുനെല്ലി ക്ഷേത്രം. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ഉള്ള വടക്കന്‍ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് തിരുനെല്ലി ക്ഷേത്രം. മലയാള മാസങ്ങള്‍ ആയ കര്‍ക്കിടകം (ജൂലൈ-ആഗസ്റ്റ്), തുലാം (ഒക്ടോബര്‍-നവംബര്‍), കുംഭം (ഫെബ്രുവരി-മാര്‍ച്ച്) എന്നീ മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളില്‍ ആണ് ബലി ഇടുക. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ്. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. ക്ഷേത്രത്തിലെ വാര്‍ഷികോത്സവം ഏപ്രില്‍ മാസത്തില്‍ 2 ദിവസങ്ങളിലായി നടക്കുന്നു.
ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയില്‍ വലിയ കരിങ്കല്‍ പാളികള്‍ പാകിയിരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരായ ഭാസ്കര രവിവര്‍മ്മന്‍ I, II എന്നിവരുടെ ചെമ്പ് ആലേഘനങ്ങളില്‍ കാണാം. തിരുനെല്ലി ഗ്രാമത്തില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ ഈ ചെമ്പുതകിടുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. 9-ആം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകള്‍ക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകള്‍ അനുസരിച്ച് തിരുനെല്ലി 16-ആം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളില്‍ ഒന്നായിരുന്നു.
ഭാസ്കര രവിവര്‍മ്മന്റെ കാലത്ത് ഈ ക്ഷേത്രം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. അന്നത്തെ നാണയം ആയ 12 ‘രാശി‘കള്‍ ഉപയോഗിച്ച് കൊത്തുപണിചെയ്ത കല്ലുകള്‍ ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്.
ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസര്‍ഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നു. കൂര്‍ഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കല്‍പ്രതിമകളുടെ അവശിഷ്ടങ്ങള്‍ കൂര്‍ഗ്ഗ് രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീര്‍ത്ഥ ഗ്രാമം എന്നീ രണ്ടു ഗ്രാമങ്ങള്‍ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാല്‍ (മിക്കവാറും ഒരു പകര്‍ച്ചവ്യാധിയാല്‍) ഈ ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. ജനങ്ങള്‍ മാനന്തവാടിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങള്‍ തങ്ങളുടെ തായ്‌വഴികള്‍ ഈ ഗ്രാമങ്ങളില്‍ നിന്ന് ആണെന്നു പറയുന്നു.
[തിരുത്തുക] ഐതീഹ്യം
ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെ പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിര്‍മ്മിച്ച് വിഷ്ണുവിനു സമര്‍പ്പിച്ചു എന്നും ചതുര്‍ഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതീഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകള്‍ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക് തീര്‍ത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാര്‍ക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോള്‍ ഇവര്‍ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നില്‍ക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവര്‍ തങ്ങളുടെ പൈദാഹങ്ങള്‍ അകറ്റി. ഇതിനാല്‍ ഇവര്‍ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതീഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളില്‍ നെല്ലിമരങ്ങള്‍ ധാരാളമായി കാണാം.
[തിരുത്തുക] ഭൂപ്രകൃതി
ഈ ക്ഷേത്രത്തില്‍ നിന്ന് അല്‍പം അകലെയാണ് പാപനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തില്‍ ഒന്നു മുങ്ങിയാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.
ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കര്‍ണാടകത്തിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസര്‍വിന്റെ ഒരു പ്രധാന ഭാഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം.
സാഹസിക മലകയറ്റക്കാര്‍ക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റര്‍ അകലെയാണ്. കടല്‍നിരപ്പില്‍ നിന്നും 1740 മീറ്റര്‍ ഉയരമുള്ള ഇവിടെ എത്തുവാന്‍ കേരള വനം വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
മാനന്തവാടിക്ക് 30 കിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: കോഴിക്കോട്, 90 കിലോമീറ്റര്‍ അകലെ.
- ബാംഗ്ലൂര്‍ നിന്നും ബാംഗ്ലൂര്‍-ഹുന്സുര്-നാഗര്‍ഹോളെ-കൂട്ട-തിരുനെല്ലി റോഡ് വഴി 270 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്ക് ഉള്ള ദൂരം.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, 80 കിലോമീറ്റര്‍ അകലെ.
[തിരുത്തുക] അവലംബം
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|