നാട്ടുവേലിതത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണാവുന്ന പക്ഷിയാണ് നാട്ടുവേലിത്തത്ത(Small Green Bee Eater - Merops Orientalis). വയലേലകള്‍, വാഴത്തോപ്പുകള്‍, തുറസായ സ്ഥലങ്ങള്‍, അധികം പൊക്കമില്ലാത്ത ചെടികളുള്ളിടം എന്നിവിടങ്ങളോട് കൂടുതല്‍ പ്രതിപത്തിയുള്ളതായി തോന്നാം. ചിലയിടങ്ങളില്‍ വാഴത്തത്തയെന്നും, വാഴക്കിളിയെന്നും വിളിച്ചുകേള്‍ക്കാം. ഇവിടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികള്‍, വേലികള്‍, വൈദ്യുതിക്കമ്പികള്‍ എന്നിവയില്‍ തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
കാഴ്ചക്ക് സുന്ദരമായൊരു പക്ഷിയാണ് നാട്ടുവേലിത്തത്ത. ശബ്ദവും അതിമനോഹരമാണ്. മണിനാദം പോലെ ഈ ശബ്ദം അനുഭവപ്പെടുന്നു. റ്റ്‌രീ റ്റ്‌രീ റ്റ്‌രീ.......റ്റ്‌രീ റ്റ്‌രീ റ്റ്‌രീ എന്നിങ്ങനെയോ വ്യത്യസ്ഥമായതോ ആയ താളത്തില്‍ തുടര്‍ച്ചയായാവും അവയുണ്ടാവുക. നാട്ടുവേലിത്തത്തകള്‍ ഇരിക്കുമ്പോഴും പറക്കുമ്പോഴുമെല്ലാം ഈ ശബ്ദം പ്രവഹിക്കുന്നു. ചെമ്മണ്‍ പ്രദേശങ്ങള്‍ കാണുമ്പോള്‍ ഇവ പൊടിമണ്ണില്‍ കുളിക്കുന്നതു കാണാം. ചിലപ്പോള്‍ മണിക്കൂറുകളോളം ഇവ ഇത്തരത്തില്‍ മണ്‍കുളി നടത്തിക്കൊണ്ടിരിക്കും.
[തിരുത്തുക] ശരീരപ്രകൃതി
തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പ്രകാശം പതിക്കുമ്പോള്‍ തൂവലുകള്‍ തിളങ്ങുന്നതായി തോന്നും. ചുണ്ടുമുതല്‍ കഴുത്തുവരെ തലയുടെ മുകളില്‍ ചെങ്കല്ലിന്റെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെക്കൂടി കണ്ണെഴുതിയതുപോലെ കറുത്ത പാടുണ്ടാവും. മുഖത്തിന്റെ വശത്തുകൂടി മിന്നുന്ന നീലനിറമാവുമുണ്ടാവുക. നീണ്ടുകൂര്‍ത്ത കൊക്ക് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കൊത്തിയെടുക്കാന്‍ പര്യാപ്തമാണ്. വാലിലെ തൂവലുകളില്‍ ഏറ്റവും മധ്യത്തില്‍ രണ്ട് തൂവലുകള്‍ കമ്പി പോലെ നീണ്ടിരിക്കും. വിടര്‍ത്തിയ ചിറകിനടിയില്‍ തവിട്ടുനിറം കാണാം. വയറുഭാഗത്ത് കഴുത്തിനടിയില്‍ ശരീരവും തലയും തമ്മില്‍ കറുത്തവരകൊണ്ട് വേര്‍തിരിച്ചിരിക്കും. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്.
[തിരുത്തുക] ആഹാരരീതി
ഈച്ചപിടിയന്‍ വിഭാഗത്തില്‍ പെടുന്ന ഈ കിളികളുടെ ഭക്ഷണം വിവിധ പ്രാണികളാണ്. ഈച്ചകള്‍, പച്ചക്കുതിരകള്‍, പാറ്റകള്‍, എന്നിവയെ സാധാരണ ഭക്ഷണമാക്കുന്നതുകാണാം. വായുവില്‍ അതിവേഗം പറക്കാനുള്ളകഴിവും ദിശമാറ്റാനുള്ള കഴിവും ഭക്ഷണം സമ്പാദിക്കുന്നതിന് ഇവക്ക് സഹായകരമാകുന്നു. വ്യോമാഭ്യാസപ്രകടനങ്ങള്‍ മെയ്‌വഴക്കത്തോടുകൂടി ചെയ്ത് ഇരപിടിക്കുവാന്‍ ഇവക്കുള്ള കഴിവ് അസാധാരണമാണ്. ഇരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും പറന്നു പൊങ്ങി ഇരയേയും കൊണ്ട് അതിവേഗം തിരിച്ചുവന്നിരിക്കുന്ന സ്വഭാവം കാണാം. കൊക്കിലാക്കുന്ന ഇര വലുതെങ്കില്‍ അവയെ ഏതെങ്കിലും വസ്തുക്കളില്‍ അടിച്ചുകൊന്നാണ് ഭക്ഷിക്കുക.
[തിരുത്തുക] പ്രത്യുത്പാദനം
ജനുവരി മുതല്‍ മെയ് വരെയാണ് പൊതുവേ പ്രത്യുത്പാദന കാലം. ഇണയെ തിരഞ്ഞെടുക്കാന്‍ ശൃംഗാരചേഷ്ടകളൊക്കെ കാട്ടാറുണ്ട്. പെണ്‍പക്ഷി ചിറകു തുരുതുരെ വിറപ്പിച്ച് ചെറുശബ്ദങ്ങള്‍ ഉണ്ടാക്കി പറക്കുമ്പോള്‍ ആണ്‍പക്ഷി കുതിച്ചു നീങ്ങി വായുവില്‍ അഭ്യാസപ്രകടനങ്ങള്‍ കാട്ടുന്നു. വരമ്പുകളിലും തിട്ടകളിലും മണ്‍ഭിത്തികളും തുരക്കുന്ന നീണ്ട മാളങ്ങളിലാണിവ മുട്ടയിടുന്നത്. ആണ്‍പക്ഷിയും പെണ്‍പക്ഷിയും ഒന്നിച്ചാണ് കൂടുണ്ടാക്കുന്നത്. വെളുത്ത മൂന്നു മുതല്‍ അഞ്ചുവരെ ഗോളാകൃതിയുള്ള മുട്ടകളാണുണ്ടാവുക. ഇക്കാലങ്ങളില്‍ പാമ്പും അതുപോലുള്ള മറ്റുജീവികളും ഇവയെ ആക്രമിക്കാറുണ്ട്.
അല്പം മുതിര്‍ന്ന കുഞ്ഞുങ്ങള്‍ പറക്കാനുള്ള പഠനം തുടങ്ങുന്നു. കുഞ്ഞുങ്ങള്‍ക്ക് വാലുകളില്‍ നീണ്ട തൂവല്‍നാരുകള്‍ ഉണ്ടാകാറില്ല. അടയിരിക്കുന്ന പക്ഷികള്‍ക്കും ഈ നാരുകള്‍ ഉണ്ടാകില്ലെന്നു പറയപ്പെടുന്നു. പറക്കാന്‍ പ്രാപ്തരാകുന്ന കുഞ്ഞുങ്ങള്‍ സ്വയം പിരിഞ്ഞുപോകുന്നു.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
ഇന്ത്യയിലെമ്പാടും നാട്ടുവേലിത്തത്തകളെ കാണാം അല്പം പച്ചപ്പും പ്രകാശവുമുള്ള പ്രദേശമാണെങ്കില്‍ പ്രത്യേകിച്ചും. അടുത്ത ബന്ധുക്കള്‍ ലോകമെങ്ങുമുണ്ട്. വെളിമ്പ്രദേശങ്ങള്‍ മനുഷ്യര്‍ കൈയ്യേറി കെട്ടിടങ്ങള്‍ വെയ്ക്കുന്നതോടെ ഇവയ്ക്ക് സ്ഥാനം നഷ്ടപ്പെടുന്നു. മുട്ടയായിരിക്കുമ്പോള്‍ തൊട്ട് പറക്കമുറ്റുന്നതുവരെയുള്ള സമയവും ഇവയില്‍ ഭൂരിഭാഗവും അതിജീവിക്കാറില്ല. പറക്കമുറ്റിയാല്‍ പിന്നെ അത്ര ഭീഷണിയില്ലെന്നു പറയാം.