ബെയറുടെ നാമകരണ സമ്പ്രദായം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നക്ഷത്രങ്ങള്‍ പേരിടുന്നതിനു പലതരത്തിലുള്ള സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബെയറുടെ നാമകരണ സമ്പ്രദായം (The Bayer Naming System).
ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാന്‍ ബെയറാണ് 1603-ല്‍ ഈ നാമകരണ സമ്പ്രദായം കണ്ടെത്തിയത്. ഈ സമ്പ്രദായത്തില്‍ ഓരോ നക്ഷത്രരാശിയിലേയും നക്ഷത്രങ്ങളെ അതിന്റെ പ്രഭ അനുസരിച്ച് ഗ്രീക്ക് ചെറിയ അക്ഷരങ്ങള്‍ ഇട്ട് വിളിക്കുന്നു. അതായത് നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ α, അതിനേക്കാള്‍ കുറഞ്ഞ പ്രകാശം ഉള്ളതിനെ β എന്നിങ്ങനെ. എന്നിട്ട് ഈ ഗ്രീക്ക് അക്ഷരത്തോടൊപ്പം ആ നക്ഷത്രരാശിയുടെ Latin genetive നാമം ചേര്‍ത്ത് ആ നക്ഷത്രരാശിയെ വിളിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ക്ക് ഓറിയോണ്‍ രാശിയുടെ കാര്യം എടുക്കാം. ഓറിയോണിന്റെ genetive നാമം ഓറിയോണിസ് എന്നാണ്. അപ്പോള്‍ ആ നക്ഷത്ര രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തെ α-orionis എന്നു വിളിക്കുന്നു. α-orionis നമ്മുടെ തിരുവാതിര (Betelgeuse) നക്ഷത്രമാണ്. അതേപോലെ രണ്ടാമത്തെ പ്രഭയേറിയ നക്ഷത്രത്തെ β-orionis എന്ന് വിളിക്കുന്നു. ഈ രീതിയില്‍ നാമകരണം ചെയ്ത ഓറിയോണ്‍ (ശബരന്‍) നക്ഷത്രരാശിലെ നക്ഷത്രങ്ങളെ കാണാന്‍ ഇതോടൊപ്പമുള്ള ചിത്രം നോക്കൂ.
ഇതേപോലെ ഏറ്റവും പ്രഭയുള്ള നക്ഷത്രമായ സിറിയസിന്റെ ബെയറുടെ സമ്പ്രദായത്തിലുള്ള നാമം α-Canis Majoris എന്നാണ്. അത് Canis Majoris രാശിയിലെ ഏറ്റവും പ്രഭ ഉള്ള നക്ഷത്രം ആണെന്ന് അതിന്റെ പേരില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്.
ഈ രീതിയുടെ മെച്ചം നക്ഷത്രത്തിന്റെ പേരില്‍ നിന്ന് തന്നെ അതിന്റെ രാശി തിരിച്ചറിയുവാന്‍ കഴിയുന്നു എന്നതാണ്. പേര് കിട്ടി കഴിഞ്ഞാല്‍ ആദ്യം രാശിയും പിന്നെ ഗ്രീക്ക് അക്ഷരത്തിന്റെ ക്രമം അനുസരിച്ച് പ്രഭയും മനസ്സിലാക്കിയാല്‍ നക്ഷത്രത്തെ എളുപ്പം മനസ്സിലാക്കാം. ഉദാഹരണത്തിന് സൂര്യന്‍ കഴിഞ്ഞാല്‍ നമ്മളോട് ഏറ്റവും അടുത്ത നക്ഷത്രം α-Centauri യുടെ അടുത്തുള്ള പ്രോക്സിമ (സമീപം) സെന്റോറി എന്ന നക്ഷത്രം ആണെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അപ്പോള്‍ ഈ നക്ഷത്രത്തെ കാണണെമെങ്കില്‍ Centaurus നക്ഷത്രരാശിയിലെ α നക്ഷത്രത്തിന്റെ അടുത്തു നോക്കണം എന്നു എളുപ്പം മനസ്സിലാക്കാമല്ലോ.
[തിരുത്തുക] ബെയര്‍നാമകരണ സമ്പ്രദായത്തിന്റെ പരിമിതികള്‍
ഇപ്പോഴും ഉപയോഗത്തിലുണ്ടെങ്കിലും ബെയര്‍നാമകരണ സമ്പ്രദായത്തിന് ചില പരിമിതികള്‍ ഉണ്ട്.
ഒന്നാമതായി, ഗ്രീക്ക് അക്ഷരമാലയില്‍ 24 അക്ഷരങ്ങളേ ഉള്ളൂ. അതിനാല്‍ ഒരു നക്ഷത്രരാശിയിലെ പരമാവധി 24 നക്ഷത്രങ്ങളേ ഇത്തരത്തില്‍ നാമകരണം ചെയ്യാന്‍ പറ്റൂ. ഈ പരിമിതി മറികടക്കാന്‍ ബെയര്‍ ഗ്രീക്ക് അക്ഷരം തീര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ചെറിയ അക്ഷരം ഉപയോഗിച്ചു (ഉദാ: m-Canis Majoris, h-Persei എന്നിങ്ങനെ). അതും തിര്‍ന്നപ്പോള്‍ ഇംഗ്ലീഷ് വലിയ അക്ഷരം ഉപയോഗിച്ചു (ഉദാ: G-Scorpii). എന്നാലും ഏറ്റവും കൂടിയാല്‍ 24+26+26=76 നക്ഷത്രങ്ങളെ മാത്രമേ ഇങ്ങനെ നാമകരണം ചെയ്യാന്‍ പറ്റൂ. ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ ചൂണ്ടികാണിക്കാന്‍ ഉപയോഗിക്കുന്ന ഗ്രീക്ക് അക്ഷരങ്ങള്‍ മാത്രമേ ഇപ്പോള്‍ ഉപയോഗിക്കാറുള്ളൂ.
രണ്ടാമതായി, ജൊഹാന്‍ ബെയറുടെ കാലത്ത് നക്ഷത്രങ്ങളെ പ്രഭ അനുസരിച്ച് വര്‍ഗ്ഗീകരിച്ചത് കൃത്യമായിരുന്നില്ല. ഓറിയോണ്‍ നക്ഷത്രരാശിയില്‍ ഉള്ള റീഗല്‍ നക്ഷത്രത്തിന് ജൊഹാന്‍ ബെയര്‍ β-orionis എന്ന നാമം ആണ് കൊടുത്തത്. സത്യത്തില്‍ റീഗല്‍ നക്ഷത്രം ബെയര്‍ α-orionis എന്നു പേരിട്ട തിരുവാതിര (Betelgeuse) നക്ഷത്രത്തേക്കാള്‍ അല്പം പ്രഭ കൂടിയതാണ്. ശരിക്കും റീഗല്‍ ആയിരുന്നു α-orionis ആകേണ്ടിയിരുന്നത്. ഇത് തന്നെ ആയിരുന്നു മറ്റ് പല നക്ഷത്രങ്ങളുടേയും സ്ഥിതി. ചുരുക്കത്തില്‍ ബെയര്‍ ഒരു നക്ഷത്രത്തിന് കൊടുത്ത പ്രഭ ആയിരുന്നില്ല പിന്നീട് ഉപകരണങ്ങള്‍ ഉപയോഗിച്ച് കൃത്യമായി അളന്നപ്പോള്‍ കിട്ടിയത്. അതിനാല്‍ ഈ രീതിക്ക് ശാസ്ത്രീയത കുറവാണ്.
മൂന്നാമതായി, ഒറ്റ നക്ഷത്രമായി കരുതിയ പല നക്ഷത്രങ്ങളും പിന്നീട് ദൂരദര്‍ശിനിയുടെ വരവോടെ മൂന്നും നാലും നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്ന് കണ്ടെത്തി. അതോടെ ഈ പുതിയ നക്ഷത്രങ്ങളെ നാമകരണം ഒരു പ്രശ്നം ആയി. അതിന് ഗ്രീക്ക് അക്ഷരത്തോടൊപ്പം 1,2,3... എന്നിങ്ങനെ സംഖ്യകള്‍ superscript ആയി ഉപയോഗിച്ച് തല്‍ക്കാലം പ്രശ്നപരിഹാരം കണ്ടു.(ചിത്രത്തില്‍ π2,π3,π4,π5 എന്നൊക്കെയുള്ള നക്ഷത്രനാമം ശ്രദ്ധിക്കുക). പക്ഷെ പുതിയ പുതിയ നക്ഷത്രങ്ങള്‍ കണ്ടെത്തിയതോടെ ഈ രീതിയുടെ ശാസ്ത്രീയത കുറഞ്ഞു വന്നു. അതിനാല്‍ ശാസ്തജ്ഞര്‍ക്ക് പുതിയ നാമകരണ സമ്പ്രദായങ്ങള്‍ കണ്ടുപിടിക്കേണ്ടി വന്നു.