മലയാള നാടകരംഗം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
മലയാള നാടകരചനകള്‍ക്കു തുടക്കം കുറിച്ചത് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ‘അഭിജ്ഞാന ശാകുന്തളം’ ആയിരുന്നു. 1882ല്‍ പ്രകാശിതമായ ശാകുന്തള വിവര്‍ത്തനത്തിനു മുമ്പ് കേരളത്തില്‍ നാടകം എന്നപേരില്‍ അറിയപ്പെട്ടിരുന്നത് തമിഴ് നാട്ടില്‍ നിന്നും കേരളത്തില്‍ വന്ന് അവതരിപ്പിച്ചിരുന്ന സംഗീത നാടകങ്ങളായിരുന്നു.സാഹിത്യലോകത്ത് ചക്രവര്‍ത്തിപദം അലങ്കരിച്ചിരുന്ന കേരളവര്‍മ്മയുടെ വിവര്‍ത്തനപരിശ്രമം ഈ ദിശയില്‍ പ്രവര്‍ത്തിക്കുവാന്‍ മലയാളികളായ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചു.സംസ്കൃതത്തില്‍നിന്നു വിവര്‍ത്തനം ചെയ്ത ഈ കൃതി വളരെയധികം ആസ്വാദകരെ സമ്പാദിച്ചു.ഇതിനുപിന്നാലെ മറ്റുപല നാടകവിവര്‍ത്തനങ്ങളും പുറത്തുവരികയും അവയില്‍ ചിലത് രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു. ആദ്യകാലത്തെ പ്രധാന നാടകങ്ങളില്‍ ചിലവ സി.വി.രാമന്‍പിള്ളയുടെ ‘ചന്ദ്രമുഖീവിലാസം’ (1885), കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണീകല്യാണം (1888), കെ.സി.കേശവപിള്ളയുടെ ലക്ഷ്മീകല്യാണം (1893), കണ്ടത്തില്‍ വറുഗ്ഗീസ് മാപ്പിളയുടെ ‘എബ്രായക്കുട്ടി’(1894), കലഹിനീദമനകം (വില്യം ഷേക്സ്പിയറിന്റെ ‘റ്റേമിങ് ഓഫ് ദ് ഷ്ര്യൂ’ എന്ന കൃതിയുടെ വിവര്‍ത്തനം), കൊച്ചീപ്പന്‍ തരകന്റെ ‘മറിയാമ്മ’ (1903) തുടങ്ങിയവയായിരുന്നു. ചെറിയ ഒരിടവേളക്കുശേഷം സി.വി.രാമന്‍പിള്ള 1909ല്‍ ‘കുറുപ്പില്ലാക്കളരി’ എന്ന ആക്ഷേപഹാസ്യ നാടകവുമായി രംഗത്തുവന്നു. സി.വി.യുടെ പില്‍ക്കാല നാടകങ്ങള്‍ ‘തെണ്ടനാംകോട്ടു ഹരിശ്ചന്ദ്രന്‍’ (1918), ‘ബട്‍ലര്‍ പപ്പന്‍’ (1921) എന്നിവയായിരുന്നു.സിവിയുടെ പ്രധാന നാടകകൃതികള്‍ പ്രഹസനം എന്ന വിഭാഗത്തില്‍ പെടുന്നവയായിരുന്നു.
[തിരുത്തുക] വളരുന്ന കലാരംഗം
1930 കളില്‍ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. പ്രശസ്തനിരൂപകനായ എ.ബാലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങള്‍’ 1936ഇല്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് മലയാളത്തില്‍ അനേകം ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. 1940-ല്‍ സി.നാരായണപിള്ള ‘റോസ്മെര്‍ഹോം’ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്’ (1930) എന്ന നമ്പൂതിരിസ്ത്രീകളുടെ പുരോഗമനത്തിന്റെ കഥപറയുന്ന നാടകം നാടൊട്ടൊക്കും പ്രചുരപ്രചാരം നേടി. വി.ടി.യുടെ മറ്റൊരു പ്രധാന നാടകമായ ‘ഋതുമതി’ (1939) അതിന്റെ ആശയസമ്പൂര്‍ണതയ്ക്കു പേരുകേട്ടതാണ്.
ഇ.വി.കൃഷ്ണപിള്ള സി.വി.രാമന്‍പിള്ളയുടെ ചരിത്ര ദുരന്തങ്ങളുടെയും ആക്ഷേപഹാസ്യത്തിന്റെയും പാത പിന്തുടര്‍ന്ന് പല നാടകങ്ങളും രചിച്ചു. ഇ.വി.യുടെ ഹാസ്യരസ പ്രധാനമായ നാടകങ്ങളുടെ ശൈലി പിന്തുടര്‍ന്ന് നാടകമെഴുതിയവരില്‍ പ്രധാനികളായിരുന്നു ടി.എന്‍.ഗോപിനാഥന്‍നായരും എന്‍.പി.ചെല്ലപ്പന്‍നായരും. അദ്ദേഹത്തിന്റെ ചരിത്രദുരന്ത നാടകങ്ങളുടെ പാത പിന്തുടര്‍ന്നവരായിരുന്നു കൈനിക്കര പദ്മനാഭപിള്ള (‘വേലുത്തമ്പി ദളവാ’, ‘കാല്‍വരിയിലെ കല്പപാദപം’ (1934)), കാപ്പന കൃഷ്ണമേനോന്‍ (‘ചേരമാന്‍ പെരുമാള്‍’, ‘പഴശ്ശിരാജാ’), കൈനിക്കര കൃഷ്ണപിള്ള (‘ഹരിശ്ചന്ദ്രന്‍’ (1938)), കുട്ടനാട്ട് രാമകൃഷ്ണപിള്ള (‘തപ്തബാഷ്പം’ (1934)) തുടങ്ങിയവര്‍.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ-സാമൂഹിക നാടകം ഒരുപക്ഷേ കെ.ദാമോദരന്റെ ‘പാട്ടബാക്കി’ (1938) ആയിരിക്കും. 1940 കളില്‍ എന്‍.ബാലകൃഷ്ണപിള്ള, പുളിമന പരമേശ്വരന്‍പിള്ള, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, സി.ജെ.തോമസ് തുടങ്ങിയവര്‍ മലയാള നാടകരംഗത്തേക്ക് ദുരന്തനാടകങ്ങളെ അവതരിപ്പിച്ചു. കൃഷ്ണപിള്ളയുടെ പ്രധാന നാടകങ്ങളില്‍ ‘ഭഗ്നഭവനം‘ (1942), ‘കന്യക’ (1944), ബലാബലം (1946), തുടങ്ങിയവ ഉള്‍പ്പെടും. പുളിമന പരമേശ്വരന്‍പിള്ളയുടെ ‘സമത്വവാദി’ (1944) ‘എക്സ്പ്രഷനിസ്റ്റ്’ സമ്പ്രദായത്തിലെഴുതിയ ഒരു അമൂല്യ കൃതിയാണ്. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി‘(1950) ഗ്രാമീണയാഥാര്‍ത്ഥ്യങ്ങളുടെ കഥപറഞ്ഞു. സി.ജെ.തോമസിന്റെ പ്രധാന നാടകമായ ‘അവന്‍ വീണ്ടും വരുന്നു’ മലയാള നാടകങ്ങള്‍ക്കു ഒരു പുതിയ മാനം നല്‍കി. അദ്ദേഹത്തിന്റെ നാടകങ്ങള്‍ പുരോഗമന സ്വഭാവമുള്ളവയും ഭാവിയിലെ മലയാള നാടകവേദിയെ മുന്‍കൂട്ടിക്കണ്ടവയുമായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണത്വര അതിന്റെ പാരമ്യത്തിലെത്തുന്നത് ‘1128 ഇലെ ക്രൈം 27‘ (1954) എന്ന നാടകത്തിലൂടെയാണ്. അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും വെല്ലുവിളിയുയര്‍ത്തിയ ഈ നാടകം ഇന്നും മലയാള നാടകരംഗത്ത് വേറിട്ടുനില്‍ക്കുന്നു.
[തിരുത്തുക] സ്വാതന്ത്ര്യത്തിനു ശേഷം
1950-60കളിലെ നാടകങ്ങള്‍ നാടക ഗാനങ്ങള്‍ക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ-സാമൂഹിക ചായ്‌വുകള്‍ ഉള്ളവയുമായിരുന്നു. തോപ്പില്‍ ഭാസി, എന്‍.എന്‍.പിള്ള, കെ.ടി.മുഹമ്മദ്, ജി.ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ ചലച്ചിത്രങ്ങളുടെ കുത്തൊഴുക്കിലും നാടകരംഗത്തെ ചലനാത്മകവും ആസ്വാദകവുമാക്കി നിലനിര്‍ത്തി.
[തിരുത്തുക] പ്രധാന നാടക സംഘങ്ങള്‍
കെ.പി.എ.സി. കേരള കലാനിലയം
[തിരുത്തുക] പ്രധാന നാടക സംവിധായകര്‍
Categories: അപൂര്‍ണ്ണ ലേഖനങ്ങള്‍ | ഉള്ളടക്കം | നാടകം | കല | കേരളം