മാങ്ങോട്ടുകാവ് ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് മങ്ങോട്ടുകാവ് ക്ഷേത്രം. ആലത്തൂരില്‍ നിന്ന് 12കി.മി അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാലക്കാട്ടു ഗ്രാമീണ ജനതയുടെ എല്ലാ നിഷ്കളങ്ക സ്വഭാവങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവിടത്തെ പ്രതിഷ്ഠ മങ്ങോട്ടു ഭഗവതി(ഭദ്രകാളി) ആണ്. ഉപദേവതകളായി ഗണപതിയും ,സുബ്രമണ്യനുമുണ്ട്. ക്ഷേത്രത്തിനു പുറത്തായി ദേവിയുടെ പരിചാരകനായ മൂക്കാന്‍ ചാത്തനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവിടെ ചാത്തന്‍റെ സമീപം സര്‍വ്വകാര്യഫലസിദ്ധിക്കായി(നല്ലതും ചീത്തയും)ഭക്തജനങ്ങള്‍ കോഴി,ആട് തുടങ്ങിയ മൃഗങ്ങളെ ബലിക്കായി കൊടുക്കുന്നത് സര്‍വ്വസാധാരണമായ കാഴ്ചയാണ്.
എല്ലാ വര്‍ഷവും വാര്‍ഷിക ഉത്സവമായ വേല വിഷു കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച (ഏപ്രില്‍ മാസത്തില്‍) ഇവിടെ നടത്തുന്നു. മങ്ങോട്ടുകാവു വേല ഉത്സവം തുടങ്ങുന്നതിനു ഒരാഴ്ച മുന്‍പു തന്നെ ആഘോഷങ്ങള്‍ തുടങ്ങുന്നു. വിഷുകഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തില്‍ കൊടിയേറ്റം നടക്കുന്നു. പിറ്റേന്ന് തിങ്കളാഴ്ച ഇവിടെ കരി-കളി എന്ന നൃത്ത ഉത്സവം നടക്കുന്നു. ഈ നൃത്തോത്സവത്തില്‍ നായര്‍ സമുദായാംഗങ്ങള്‍ പ്രദേശത്തെ എല്ലാ ഹിന്ദു വീടുകളും സന്ദര്‍ശിച്ച് ദേവീസ്തുതികള്‍ പാടുകയും നൃത്തം ചെയ്യുകയും ചെയുന്നു. ചൊവ്വാഴ്ച ചമന്‍സ്-കളി നടക്കുന്നു. ഇതിലും നായര്‍ സമുദായാംഗങ്ങള്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ദേവീസ്തുതികള്‍ പാടുന്നു.
ബുധനാഴ്ച കുമ്മാട്ടി ഉത്സവം നടക്കുന്നു. ചാക്യാര്‍ കൂത്ത്, പാവക്കൂത്ത്, തുടങ്ങിയ കലാപരിപാടികളും ക്ഷേത്രത്തില്‍ ഈ ഉത്സവകാലത്ത് നടക്കുന്നു. പ്രധാന ഉത്സവ ദിവസം ധാരാളം ഭക്തജനങ്ങള്‍ ദേവിയെ ദര്‍ശിക്കാന്‍ എത്തുന്നു.