ഖസാക്കിന്റെ ഇതിഹാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളനോവല്‍ സാഹിത്യത്തെ നെടുകേ പകുത്ത കൃതി എന്നാണ് ഖസാക്കിന്റെ ഇതിഹാസത്തെ പലരും വിശേഷിപ്പിക്കുന്നത്. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഇതിനെ മലയാളത്തിലെ ഏറ്റവും നല്ല നോവലുകളിലൊന്നായി പരിഗണിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] കഥ എഴുതിയ പശ്ചാത്തലം
ഒ.വി. വിജയന്‍, സക്കറിയ, കാക്കനാടന്‍, എം. മുകുന്ദന്‍, വി.കെ.എന്‍, തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാര്‍ ദില്ലിയില്‍ താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവര്‍ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടാറും സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ചചെയ്യാറുമുണ്ടായിരുന്നു. പാരീസില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്ക് ഇടക്കുള്ള ഇടവേളയില്‍ ഒട്ടനവധി അമേരിക്കന്‍ എഴുത്തുകാര്‍ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏര്‍പ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. (എസ്രാ പൌണ്ട്, ഏണസ്റ്റ് ഹെമ്മിംഗ്‌വേ തുടങ്ങിയ ഇവര്‍ നഷ്ടപ്പെട്ട തലമുറ അഥവാ ലോസ്റ്റ് ജെനെറേഷന്‍ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു വിജയന്‍. വിജയന്റെ സഹോദരിയായ ഒ.വി. ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടില്‍ വിജയന്‍ അവധിക്കാലത്ത് താമസിച്ചിട്ടുണ്ടായിരുന്നു. ഇവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങള്‍ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകള്‍ തീര്‍ത്തത്, എങ്കിലും കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല.
പുസ്തകം എഴുതി പന്ത്രണ്ടുവര്‍ഷത്തോളം വിജയന്‍ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളില്‍ വിജയന്‍ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു. കഥാന്ത്യത്തില്‍ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ നടക്കാന്‍ ആയിരുന്നു വിജയന്‍ ഉദ്ദ്യേശിച്ചിരുന്നതെങ്കിലും കാക്കനാടന്‍ ആണ്, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് എന്ന് കാക്കനാടന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
[തിരുത്തുക] കഥാസംഗ്രഹം
രവി എന്ന യുവാവ് ഖസാക്ക് എന്ന ഗ്രാമത്തിലെത്തി ഏകാധ്യാപക വിദ്യാലയം ആരംഭിക്കുന്നതും രവിയുടെ ഖസാക്കിലെ അനുഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. രവിയുടെ വയസ്സനായ അച്ഛന്‍ ഒരു യുവതിയെ പുനര്‍വിവാഹം ചെയ്തു. ആദ്യ വിവാഹത്തിലുണ്ടായ മകനായ രവിയും രണ്ടാനമ്മയുമായി അഗമ്യഗമനം നടക്കുന്നു. കുറ്റബോധത്താല്‍ അച്ഛനില്‍നിന്നും അകന്ന് രവി താംബരത്തെ ബിരുദ പഠനവും ജീവിതവും ഉപേക്ഷിച്ച് പല സ്ഥലങ്ങളിലും അലഞ്ഞുനടന്ന് ഒടുവില്‍ ഖസാക്കില്‍ എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ഖസാക്കിലേക്ക് വണ്ടികയറുന്നതിനു മുന്‍പ് ഒരു ആശ്രമത്തിലെ അന്തേവാസിനിയുടെ ഉടുമുണ്ട് മാറിയുടുത്താണ് രവി യാത്രതിരിക്കുന്നത്.
ഖസാക്കില്‍ രവിയിലൂടെ ആഴമേറിയ ജീവിതമുള്ള പല കഥാപാത്രങ്ങളെയും വിജയന്‍ അവതരിപ്പിക്കുന്നു. സുന്ദരനായ നൈജാമലി, നൈജാമലിയുമായി സ്വവര്‍ഗ്ഗരതി നടത്തുന്ന ഖസാക്കിലെ മൊല്ലാക്കയായ അള്ളാപ്പിച്ച മൊല്ലാക്ക, മൊല്ലാക്കയുടെ സുന്ദരിയും അഹന്തക്കാരിയുമായ മകള്‍ മൈമുന, മൈമുനയെ വിവാഹം കഴിക്കുന്ന വൃദ്ധനായ മുങ്ങാംകോഴി, വസൂരി വന്ന് കണ്ണുകാണാത്തവനായ കുപ്പുവച്ചന്‍, അഞ്ചുസഹോദരിമാരില്‍ ഇളയവളായ നീലിയുടെ മകനായ പൊട്ടനായ അപ്പുക്കിളി, മൊല്ലാക്കയ്ക്ക് കൊടുക്കാനുള്ള ആഹാരം മയിലുകള്‍ക്ക് എറിഞ്ഞുകൊടുത്ത് മയിലിന്‍റെ കൊത്തുവാങ്ങുന്ന കുഞ്ഞാമിന, “നിനക്ക് അച്ഛന്റെ തനിഛ്ഹായ ആണ്“ എന്ന് എപ്പോഴും പറയുന്ന യുവതിയായ അമ്മയില്‍ നിന്ന് ഈഡിപ്പസ് കോമ്പ്ലക്സ് കാരണം ഒളിച്ചോടുന്ന കുട്ടപ്പനാശാരി, തുടങ്ങി പല കഥാപാത്രങ്ങളിലൂടെയും രവിയെ കേന്ദ്രകഥാപാത്രമാക്കി കഥ പുരോഗമിക്കുന്നു.
വളരെച്ചുരുങ്ങിയ വാക്കുകളിലൂടെ വലിയ അര്‍ത്ഥങ്ങളും കഥകകളും പറയാനുള്ള വിജയന്‍റെ കഴിവ് ഈ നോവലില്‍ പ്രതിഫലിക്കുന്നു. ധാരാളം ഉപകഥകളുടെ കഥനം നോവലിലുടനീളം കാണാം. രവി ഒന്നിനും നിയന്ത്രണമില്ലാതെ അനേകം ലൈംഗീകാനുഭവങ്ങളിലൂടെയും ഗ്രാമത്തിന്റെ നന്മയിലൂടെയും മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും അനുഭവങ്ങളിലൂടെയും കടന്നുപോവുന്നു. ഒരു പുരുഷനെപ്പോലും സ്പര്‍ശിക്കാതെ രവിയെ സ്നേഹിച്ച് തേടിവന്ന രമ എന്ന പഴയ കാമുകിയുടെ അടുത്തേക്കും രവിക്ക് മടങ്ങിപ്പോവാന്‍ ആകുന്നില്ല. ഒടുവില്‍ സ്കൂള്‍ പൂട്ടാനും പൂട്ടാതിരിക്കുവാനുമുള്ള നീക്കങ്ങള്‍ക്കിടയില്‍ രവി ഖസാക്ക് ഉപേക്ഷിച്ച് നടക്കുന്നു. “കാലവര്‍ഷത്തിന്റെ വെളുത്ത മഴ”യ്ക്ക് ഇടയ്ക്ക് രവി ബസ്സു കാത്തുനില്‍ക്കവേ ഫണം നീട്ടിയ ഉണ്ണിക്കുട്ടന്‍റെ വികൃതിയില്‍ രവി പാമ്പുകടിച്ച് മരിക്കുന്നു. “ബസ്സുവരാനായി രവി കാത്തുകിടന്നു” എന്ന് വിജയന്‍ പറയുന്നു.
ഓരോ കഥാപാത്രങ്ങളുടെയും സ്വത്വം വിജയന്‍ നോവലില്‍ പ്രതിഫലിപ്പിക്കുന്നു. ഒടുവില്‍ കഥയില്‍ ഒരു കഥാപാത്രത്തിനെയും നല്ലതോ ചീത്തയോ എന്ന് വായനക്കാരന് വേര്‍തിരിക്കാനാവുന്നില്ല. ജീവിതത്തിന്റെ നിരര്‍ത്ഥകതയിലൂടെ വിജയന്‍ ചവിട്ടി നടക്കുന്നു എന്നു തോന്നിക്കുമ്പോഴും ഒടുവില്‍ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും കണങ്ങള്‍ വായനക്കാരനില്‍ തങ്ങിനില്‍ക്കുന്നു.