ജെറാള്‍ഡ് ഡ്യൂറല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെറാള്‍ഡ് മാല്‍ക്കം ഡ്യൂറല്‍ (ജെറി;1925 ജനുവരി 7- 1995 ജനുവരി 30)ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരില്‍ ഒരാളാണ് ജെറാള്‍ഡ് ഡ്യൂറല്‍. തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയില്‍ എഴുതിവച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ സാഹിത്യകാരന്‍ ലോറന്‍സ് ഡ്യൂറല്‍ ജ്യേഷ്ഠസഹോദരനാണ്. ഡ്യൂറല്‍ വൈല്‍ഡ്‌ലൈഫ് കോണ്‍സര്‍വേഷന്‍ ട്രസ്റ്റ്, ജേഴ്സി മൃഗശാല എന്നിവയുടെ ഉപജ്ഞാതാവുമാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] കുടുംബവും പശ്ചാത്തലവും
ഇന്ത്യയില്‍ ജാംഷഡ്‌പൂരിലാണ് ബ്രിട്ടീഷുകാരനായ ഡ്യൂറല്‍ 1925-ല്‍ ജനിച്ചത്. എഞ്ചിനീയറായ പിതാവ് 1928-ല്‍ മരിച്ചതോടെ കുടുംബം ഇന്ത്യവിട്ടു. പിന്നീട് ആ കുടുംബം ഗ്രീസിലെ കോര്‍ഫ്യൂ ദ്വീപിലായിരുന്നു താമസിച്ചത്. ഈജിയന്‍ കടലടുത്തുള്ള ജൈവവൈവിധ്യം ആവശ്യത്തിനുള്ള ആ പ്രദേശത്ത് വസിക്കുവാനാരംഭിച്ചതോടെയാണ് ജറാള്‍ഡ് ജീവികളില്‍ താത്പര്യമുള്ളവനാകുന്നത്. ജ്യേഷ്ഠന്‍ എഴുത്തും വായനയുമായി ഉള്‍വലിഞ്ഞപ്പോള്‍ ജറാള്‍ഡ് എല്ലാ ജീവികളിലും ആനന്ദം കണ്ടെത്തി. കടല്‍ജീവികളേയും ജറാള്‍ഡ് അക്കാലത്ത് ശ്രദ്ധിച്ചിരുന്നു. വീടിനുള്ളിലും ജീവികള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ ജറാള്‍ഡിന്റെ ബന്ധുക്കള്‍ ജറാള്‍ഡിനെ അലഞ്ഞു തിരിയാനാനുവദിക്കാതെ വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചു. ഏതു വിഷയം പഠിപ്പിക്കണമെങ്കിലും ജീവികളുമായി ബന്ധപ്പെടുത്തി പഠിപ്പിച്ചാല്‍ കുട്ടി നന്നായി പഠിക്കുന്നതായി അധ്യാപകര്‍ നന്നായി മനസ്സിലാക്കി. ജന്തുകഥകളിലൂടെയാണ് തനിക്ക് വിദ്യാഭ്യാസം ലഭിച്ചതെന്ന് ജറാള്‍ഡ് തന്നെ പറഞ്ഞിട്ടുണ്ട്. ജറാള്‍ഡിന്റെ ജീവിതത്തിനു ദിശാബോധം നല്‍കിയത് തിയഡോര്‍ സ്റ്റെഫാനീഡസ് എന്ന് അധ്യാപകനായിരുന്നു. ശാസ്ത്ര്രീയമായ പ്രകൃതിശാസ്ത്രപഠനരീതി കുട്ടിയെ പഠിപ്പിച്ചത് തിയഡോറാണ്. ശേഖരിക്കുന്ന ജീവികള്‍ തമ്മിലുള്ള വ്യത്യാസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതും തിയോഡോറാണ്.
[തിരുത്തുക] പ്രകൃതിയിലേക്ക്
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടുകൂടി ഡ്യൂറല്‍ കുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി. ജറാള്‍ഡ് സ്കൂളില്‍ ചേര്‍ന്ന് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും ബിരുദം നേടാനും മറ്റും ശ്രമിച്ചില്ല. ആദ്യം ഒരു കടയിലും പിന്നീട് അടുത്തുള്ള മൃഗശാലയായ വൈപ്സ്നേട് മൃഗശാലയിലും ജോലിനേടി. മൃഗങ്ങളുമായുള്ള സഹവാസം ജെറാള്‍ഡില്‍ അവയെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി, എന്നാലതിനുള്ള പണം കൈയിലില്ലായിരുന്നു. ആ സമയത്ത് മരിച്ച ഒരു അമ്മായിയുടെ ഭാഗമായി ലഭിച്ച മൂവായിരം പവനുപയോഗിച്ച് അയാള്‍ കാമറൂണിലേക്കും പിന്നീട് ബ്രിട്ടീഷ് ഗയാനയിലേക്കും ജന്തുശേഖരണ പര്യടനങ്ങള്‍ നടത്തി. നിരവധി ജന്തുക്കളെ കഷ്ടപ്പെട്ടു ശേഖരിക്കുകയും ഇംഗ്ലണ്ടിലെ വിവിധ മൃഗശാലകളിലേക്ക് വില്‍ക്കുകയും ചെയ്തു. എന്നാല്‍ പലമൃഗങ്ങളും രോഗം വന്നും മറ്റും ചത്തുപോവുകയാണുണ്ടായത്. ജെറാള്‍ഡിനാകട്ടെ ജന്തുക്കളോടുള്ള താത്പര്യം വര്‍ദ്ധിക്കാനും തുടങ്ങി.
[തിരുത്തുക] ജേഴ്സി മൃഗശാല
സ്വന്തം താത്പര്യമനുസരിച്ച് മൃഗങ്ങളെ പരിപാലിക്കാനുള്ള മാര്‍ഗ്ഗം സ്വന്തം മൃഗശാല ആരംഭിക്കുന്നതാണ് എന്നു മനസ്സിലായ ജറാള്‍ഡിന് അതിനുള്ള പണം കൈയിലില്ലായിരുന്നു. ജ്യേഷ്ഠനും എഴുത്തുകാരനുമായ ലോറന്‍സിന്റെ ഉപദേശമനുസരിച്ച് ജെറാള്‍ഡ് തന്റെ യാത്രകള്‍ എഴുതി പുറത്തിറക്കി. ജന്തുപ്രേമികള്‍ക്കിടയില്‍ മാത്രമല്ല, സാമാന്യജനങ്ങള്‍ക്കും പ്രിയങ്കരങ്ങളായിത്തീര്‍ന്ന പുസ്തകങ്ങള്‍ ജെറാള്‍ഡിനു നല്ല സമ്പാദ്യമുണ്ടാക്കി കൊടുത്തു. അതുപയോഗിച്ച് ജെറാള്‍ഡ് കൂടുതല്‍ സാഹസിക പര്യവേക്ഷണങ്ങള്‍ ആരംഭിച്ചു. തെക്കെ അമേരിക്കന്‍ വനാന്തരങ്ങളും, സാവന്നകളും, പ്രെയറി പ്രദേശങ്ങളും കൂലങ്കഷമായി ജറാള്‍ഡ് നിരീക്ഷിച്ചു.
1958-ല്‍ ജെറാള്‍ഡിന്റെ സ്വപ്നമായ മൃഗശാല സാക്ഷാത്കാരപ്പെട്ടു. ഇംഗ്ലീഷ് ചാനല്‍ ദ്വീപായ ആഗ്രെസ് മാനറിലാണ് മൃഗശാല സ്ഥാപിതമായത്. ലോകത്തെങ്ങുനിന്നുമുള്ള മൃഗങ്ങള്‍ അവിടുണ്ടായിരുന്നുവെങ്കിലും ദക്ഷിണാമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുമുള്ള ജീവികളെയായിരുന്നു ജറാള്‍ഡ് കൂടുതലായി പരിപാലിച്ചു വന്നത്. സാമ്പ്രദായിക മൃഗശാലകളില്‍ നിന്നും വ്യത്യസ്തമായ ജേഴ്സി മൃഗശാലയില്‍ അപൂര്‍വ്വ ജീവികളെ ശേഖരിച്ച് പ്രജനനം ചെയ്യുകയും അവയെ തനത് ആവാസവ്യവസ്ഥകളിലേക്ക് തിരിച്ചുവിടുകയും ചെയ്തുവരുന്നു. 1963- മുതല്‍ ജേഴ്സി വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ കീഴിലാണ് മൃഗശാല. സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനവും, ജെറാള്‍ഡിന്റെ പുസ്തകങ്ങളില്‍ നിന്നുമുള്ള വരുമാനങ്ങളും, സംഭാവനകളുമാണ് മൃഗശാലയുടെ വരുമാനം.വൈല്‍ഡ്‌ലൈഫ് കോണ്‍സര്‍വേഷന്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയും ജെറാള്‍ഡ് തുടങ്ങിയിട്ടുണ്ട്.
[തിരുത്തുക] വൈവാഹിക ജീവിതം
1953-ല്‍ ജാക്വിലിന്‍ റസന്‍ എന്ന ഗായികയെ വിവാഹം ചെയ്തെങ്കിലും കാട്ടിലുള്ള ജീവിതം മടുത്ത ജാക്വിലിന്‍ വിവാഹമോചനം നേടി. 1979-ല്‍ ലീ എന്ന അമേരിക്കന്‍ ജന്തുശാസ്ത്രജ്ഞയെ വിവാഹം ചെയ്തു. അപൂര്‍വ്വ ജന്തുക്കളുടെ സംരക്ഷണത്തിനാണ് ജെറാള്‍ഡ് ദമ്പതിമാര്‍(ജെറാള്‍ഡ്-ലീ) പ്രധാന്യം കൊടുത്തു വന്നത്.
[തിരുത്തുക] അവസാന കാലം
വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും കടുത്ത മദ്യപാനവും ജെറാള്‍ഡിന്റെ ആരോഗ്യം താറുമാറാക്കി. 1980 മുതല്‍ക്കെ ജറാള്‍ഡ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടു വന്നു. 1990-ല്‍ നടത്തിയ മഡഗാസ്കര്‍ യാത്രയോടുകൂടി ജറാള്‍ഡ് കൂടുതല്‍ അവശനായി. 1994-ല്‍ നടത്തിയ കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ 1995 ജനുവരി മുപ്പതിന് ജറാള്‍ഡിന്റെ ജീവനെടുത്തു.
[തിരുത്തുക] പ്രധാന കൃതികള്‍
- My Family and Other Animals
- Birds, Beasts and Relatives
- The Garden of the Gods.