മാര്‍ത്താണ്ഡ വര്‍മ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുതാംകൂര്‍ മഹാരാജാവായിരുന്ന (1729-1758) മാര്‍ത്താണ്ഡ വര്‍മ്മ (ആംഗലേയത്തില്‍ Marthanda Varma) കേരളത്തിലെ രാജാക്കന്മാരില്‍ വളരെ ശ്രദ്ധേയനായിരുന്ന ഒരു വ്യക്തിത്വമാണ്. കേരള ചരിത്രത്തില്‍ അത് ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും ആധുനിക യുഗത്തിന്റെ പിറവിയേയുമാണ് അദ്ദേഹത്തിന്റെ ഭരണകാലം എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും നടുക്കും ഉള്ള ഭാഗങ്ങളെ ചേര്‍ത്ത് ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയില്‍ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും അദ്ദേഹമാണ്. അങ്ങനെ പലതായി ചിതറിക്കിടന്നിരുന്ന രാജ്യങ്ങളെ ഒന്നാക്കി തിരുവിതാംകൂര്‍ മഹാരാജ്യം പടുത്ത അദ്ദേഹം യുദ്ധ തന്ത്രജ്ഞത കൊണ്ടും, ജന്മിത്വം അവസാനിപ്പിച്ച രാജാവ് എന്ന നിലയിലും പ്രസിദ്ധനാണ്. കുളച്ചല്‍ യുദ്ധം മാര്‍ത്തണ്ഡ വര്‍മ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. പത്മനാഭ സ്വാമിയുടെ ഭക്തനായ അദ്ദേഹം അവസാനം രാജ്യം ഭഗവാന് സമര്‍പ്പിച്ച രേഖകള്‍ ആണ് തൃപ്പടിത്താനം (തൃപ്പടി ദാനം) എന്നറിയപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ബാല്യം
ആറ്റിങ്ങലിലെ ഇളയതമ്പുരാട്ടിയുടെ മകനായി 1705-ലാണ് മാര്‍ത്താണ്ഡ വര്‍മ്മ ജനിച്ചത്. [1] അമ്മാവനായ രാമ വര്‍മ്മ (1721-1729) അദ്ദേഹത്തിനു മുന്‍പ് രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തെ രാജ്യകാര്യങ്ങളില്‍ യുവാവായ മാര്‍ത്താണ്ഡന്‍ സഹായിച്ചിരുന്നു. അങ്ങനെ ചെറുപ്പകാലത്തിലേ രാഷ്ട്ര തന്ത്രത്തിലും യുദ്ധകാര്യങ്ങളിലും അദ്ദേഹത്തിന് പരിശീലനം സിദ്ധിച്ചിരുന്നു. അദ്ദേഹം ഒരു വളര്‍ത്തുപുത്രനായിരുന്നതിനാലും അദ്ദേഹത്തിന് അന്നത്തെ സമ്പ്രദായമായ മരുമക്കത്തായം വഴി അടുത്ത രാജാവായി വാഴാനുള്ള അവകാശം ലഭിക്കുമെന്നതിനാലും രാമ വര്‍മ്മയുടെ മക്കളും ഉപജാപക വൃന്ദവും മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവന്‍ അപഹരിക്കാന്‍ ചെറുപ്പം മുതലേ ശ്രമിച്ചിരുന്നു. നിരവധി വധശ്രമങ്ങളെ അതിജീവിച്ചാണ് അദ്ദേഹം 1729-ല്‍ രാജഭരണം കൈയാളിയത്. അതിനു മുന്‍പ് നെയ്യാറ്റിങ്കരയില്‍ ഇളംകൂര്‍ തമ്പുരാനായിരിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടിയില്‍ (1723) ഏര്‍പ്പെടുക വഴി അദ്ദേഹം തന്റെ രാജ്യ തന്ത്രജ്ഞത വെളിപ്പെടുത്തിയിരുന്നു. യുദ്ധ രംഗത്ത് മറവപ്പടയെ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി മഹാരജാവിനെ ഉപദേശിച്ചതും അദ്ദേഹമായിരുന്നു.
[തിരുത്തുക] രാജപദവിയില്‍
കേരളത്തിന്‍റെ ചരിത്രം ഇന്ത്യയുടെ ചരിത്രം |
|||||
---|---|---|---|---|---|
. പ്രാചീന ശിലായുഗം | 70,000–3300 BC | ||||
· മധ്യ ശിലായുഗം | · 7000–3300 BC | ||||
. നവീന ശിലായുഗം | 3300–1700 BC | ||||
. മഹാശില സംസ്കാരം | 1700–300 BC | ||||
.ലോഹ യുഗം | 300–ക്രി.വ. | ||||
· ഗോത്ര സംസ്കാരം | |||||
.സംഘകാലം | |||||
· രാജ വാഴ്ചക്കാലം | · 321–184 BC | ||||
· ചേരസാമ്രാജ്യം | · 230 –ക്രി.വ. 300 | ||||
· നാട്ടുരാജ്യങ്ങള്‍ | · ക്രി.വ.300–1800 | ||||
· പോര്‍ളാതിരി | · 240–550 | ||||
· നാട്ടുരാജ്യങ്ങള്‍ | · 750–1174 | ||||
· സാമൂതിരി | · 848–1279 | ||||
.ഹൈദരാലി | 1700–1770 | ||||
· വാസ്കോ ഡ ഗാമ | · 1490–1596 | ||||
. പോര്‍ട്ടുഗീസുകാര്‍ | 1498–1788 | ||||
· മാര്‍ത്താണ്ഡവര്‍മ്മ | · 1729–1758 | ||||
. ടിപ്പു സുല്‍ത്താന്‍ | 1788–1790 | ||||
. ഡച്ചുകാര്‍ | 1787–1800 | ||||
. ഈസ്റ്റ് ഇന്ത്യാ കമ്പനി | 1790–1947 | ||||
. സ്വാതന്ത്ര്യ സമരം | 1800–1947 | ||||
മാപ്പിള ലഹള | 1921 | ||||
. ക്ഷേത്രപ്രവേശന വിളംബരം | 1936 | ||||
. കേരളപ്പിറവി | 1950 | ||||
നാട്ടു രാജ്യങ്ങളുടെ ചരിത്രം കൊടുങ്ങല്ലൂര്‍ · കോഴിക്കോട് · കൊച്ചി വേണാട് · കൊല്ലം · മലബാര്‍ · തിരുവിതാംകൂര്‍ |
|||||
മറ്റു ചരിത്രങ്ങള്‍ സാംസ്കാരികം · നാവികം · ഗതാഗതം മതങ്ങള്‍ . ആരോഗ്യം രാഷ്ട്രീയം · തിരഞ്ഞെടുപ്പ് . ശാസ്ത്ര- സാങ്കേതികം · |
|||||
സാംസ്കാരിക ചരിത്രം ഹിന്ദുമതം · ക്രിസ്തീയ മതം · ക്രൈസ്തവ ചരിത്രം ഇസ്ലാം മതം . ജൈന മതം ബുദ്ധമതം സിഖു മതം · നാഴികക്കല്ലുകള്‍ |
|||||
തിരുത്തുക |
1729-ല് രാമ വര്‍മ്മ മഹാരാജാവ് നാടുനീങ്ങിയപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ രാജ്യഭാരം ഏറ്റെടുത്തു.
[തിരുത്തുക] തമ്പി സഹോദരന്മാരുടെ കലാപം
രാമ വര്‍മ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജന്‍ രാമന്‍തമ്പിയും (കുഞ്ഞു തമ്പിയും) മാര്‍ത്താണ്ഡ വര്‍മ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. അവര്‍ക്ക് മാര്‍ത്താണ്ഡ വര്‍മ്മ രാജാവാകുന്നതിലായിരുന്നു എതിര്‍പ്പ്. എന്നാല്‍ 1341 മുതല്‍ക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ തമ്പിമാര്‍ ഈ ഏര്‍പ്പാട് പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മര്‍ത്താണ്ഡവര്‍മ്മയുടെ അവകാശത്തെ ചോദ്യത്തെ ചോദ്യം ചെയ്തു. നാഗര്‍ക്കോവില്‍ തങ്ങളുടെ ആസ്ഥാനമാക്കി അവര്‍ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാര്‍) അവരെ അകമഴിഞ്ഞു സഹായിച് മാര്‍ത്താണ്ഡ വര്‍മ്മ വിദഗ്ദരായ ചാരന്മരുടെ സഹായത്തോടെ ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞ് ആ സംരംഭങ്ങള്‍ അടിച്ചമര്‍ത്തി. മറവപ്പടയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. മധുരയിലെ നായിക്കന്മാരുടെ സഹായവും ഇംഗ്ലീഷുകാരുടെ ആയുധങ്ങളും അദ്ദേഹത്തിനു തുണയായി. അദ്ദേഹം അതിനു ശേഷം ഇത്തരം വൈദേശിക ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു തുടങ്ങി. തമ്പിമാര്‍ അവര്‍ക്ക് രാജ്യത്തിന് വെളിയില്‍ നിന്ന് ലഭിച്ചിരുന്ന സഹായം അവസാനിപ്പിച്ചതായി മനസ്സിലാക്കിയ തമ്പുരാന്‍ അവര്‍ക്ക് പ്രധാന ആശ്രമായ തിരുനെല്‍വേലിയിലെ അളഗപ്പ മുതലിയാര്‍ പോലുള്ളവരുടെ സഹായം സമ്മര്‍ദ്ദം മൂലം അവസാനിപ്പിച്ചു. അവസാനം അവര്‍ കൊല്ലപ്പെടുകയാണുണ്ടായത്. എന്നാല്‍ തമ്പിമാരുടെ ജീവിതം രാജഭരണത്തിനെതിരായ ജനങ്ങളുടെ ചെറുത്തു നില്‍പായി കരുതി പ്രകീര്‍ത്തിക്കുന്ന കഥകളും ഉണ്ട്.
[തിരുത്തുക] എട്ടു വീട്ടില്‍ പിള്ളമാരും പോറ്റിമാരും
വേണാട്ടിലെ പ്രമുഖമായ എട്ടു നായര്‍ തറവാടുകളിലെ കാരണവര്‍മാരാണ് എട്ടുവീട്ടില്‍ പിള്ളമാര്‍. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവര്‍. അതിനാല്‍ രാജഭരണത്തില്‍ അവര്‍ കൈകടത്തല്‍ പതിവായിരുന്നു. രാമവര്‍മ്മ മഹാരാജാവ് ഇതിന് എതിരായിരുന്നതും അവരുടെ എതിര്‍പ്പ് വകവയ്ക്കാതെ മാര്‍ത്താണ്ഡ വര്‍മ്മയെ ദത്തെടുത്തതും അവര്‍ക്ക് ഇഷ്ടപെട്ടില്ല. അതുകൊണ്ട് തമ്പിമാരെ സിംഹാസനത്തിനെതിരായ കലാപത്തില്‍ ഇവര്‍ സഹായിച്ചു. കൂടാതെ യോഗക്കാരായ പോറ്റിമാരും നല്ല സഹായം ചെയ്തുവന്നു. തമ്പിമാരുടെ ഭീഷണി അവസാനിപ്പിച്ച തമ്പുരാന്‍ പിന്നീട് ഇവരുടെ നേര്‍ക്ക് തിരിഞ്ഞു. കാലങ്ങളായി രാജശക്തി ആദരിച്ചിരുന്ന അവര്‍ സമാന്തരമായ ഒരു അധികാര കേന്ദ്രം പടുത്തുയര്‍ത്തുകയായിരുന്നു. ഏതിടത്തും രാജാക്കന്മാരെ സൃഷ്ടിക്കുന്ന ബ്രാഹ്മണ മേധാവിത്വം രാജാവിനെതിരെ പുകയുകയായിരുന്നു. അവര്‍ രാജാവിനെ വധിക്കുവാന്‍ ഗൂഢമായി പദ്ധതികളിട്ടുവന്നു. അദ്ദേഹം ഇത്തരം വധശ്രമങ്ങളില്‍ നിന്നു മുടിനാരിഴയില്‍ രക്ഷപ്പെടുന്നതുമെല്ലം മാര്‍ത്താണ്ഡമഹാത്മ്യം എന്ന കൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം ഇവരുടെ ഗൂഢാലോചനകള്‍ നേരിട്ട് മനസ്സിലാക്കുകയും പിള്ളമാരേയും പോറ്റിമാരേയും ബന്ധനസ്ഥരാക്കുവാന്‍ ആജ്ഞാപിക്കുകയും ചെയ്തു. കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞെങ്കിലും അവസാനം അവരെല്ലാം പിടിക്കപ്പെട്ടു. അവരെയെല്ലം രാജദ്രോഹത്തിന് വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. ശിക്ഷ വളരെ കഠിനമായിരുന്നു. നാലു പോറ്റിമാരെ നാടു കടത്തുകയും പിള്ളമാരെയെല്ലാം വധിക്കുകയും ചെയ്തു. അവരുടെ വസ്തുവകകള്‍ രാജ്യസ്വത്തിലേയ്ക്ക് ചേര്‍ക്കപ്പെടുകയും വീടുകളും മറ്റും ഇടിച്ചു നിരത്തുകയും ചെയ്തു. പെണ്ണുങ്ങളേയും കുട്ടികളേയും അടിമകളെന്ന നിലയില്‍ വിറ്റു. കര്‍ക്കശമായ ഇത്തരം നടപടികളിലൂടെ രാജ വിരോധികളായ ജന്മി ഘടകങ്ങളേയും അധികാര മോഹികളേയും അടിച്ചമര്‍ത്തുകയും അഭേദ്യമെന്നു തോന്നാവുന്ന ഒരു രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു.
[തിരുത്തുക] ജന്മിത്വത്തിന്‍റെയും പ്രഭുത്വത്തിന്‍റെയും അവസാനം
[തിരുത്തുക] രാമയ്യന്‍ ദളവയുടെ പങ്ക്
ദീര്‍ഘ വീക്ഷണമുള്ള ഒരു ഭരണാധിപന്‍ എന്ന് നിലയിലാണ് അദ്ദേഹം പിന്നീട് പ്രവര്‍ത്തിച്ചത്. അഭ്യന്തര ഭീഷണി ഒഴിവായത് അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ശ്രദ്ധ മേന്ദ്രീകരിക്കാന്‍ സഹായിച്ചു. അദ്ദേഹത്തെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ മുഖ്യമന്ത്രിയായ രാമയ്യന്‍ ദളവ എന്ന ധിഷണാശാലിയുണ്ടായിരുന്നു. ചന്ദ്രഗുപതമൌര്യന് ചാണക്യന്‍ എന്ന പോലെയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ദളവ. നിശിതമായ രാഷ്ട്രതന്ത്രജ്ഞതയ്ക്കും നിര്‍ദ്ദാക്ഷിണ്യമായ കാര്യശേഷിക്കും പേരു കേട്ടയാളായിരുന്നു രാമയ്യന്‍ ദളവ. പതിനെട്ടുവര്‍ഷം മര്‍ത്താണ്ഡ വര്‍മ്മയെ സേവിച്ച അദ്ദേഹം സത്യ സന്ധതയിലും നിസ്വാര്‍ത്ഥതയിലും തമ്പുരാന്റെ ആദരവിന് പാത്രമായിത്തീര്‍ന്നു. സൈനികതന്ത്രത്തില്‍ നിപുണനായ അദ്ദേഹമാണ് ചാരശൃംഘലയ്ക്ക് രൂപം നല്‍കിയത്
[തിരുത്തുക] ആറ്റിങ്ങലിന്റെ ലയനം
ആറ്റിങ്ങല്‍ റാണിമാര്‍ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിര്‍ന്ന വനിതാംഗങ്ങള്‍ ആയിരുന്നു. ഇവര്‍ മുന്‍പുള്ള രാജാക്കന്മാരോട് ആലോചിക്കാതെയും അറിയാതെയും വിദേശീയരുമായി അനധികൃത വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏര്‍പ്പെടുകയും ചെയ്തു. ഇത്തരം രഹസ്യക്കരാറുകള്‍ രാജ്യത്തിന്റെ നിലനില്‍പിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാര്‍ത്താണ്ഡവര്‍മ്മ തന്നില്‍ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച് ആറ്റിങ്ങലിന്റെ ഭരണ സ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂര്‍ണ്ണ അധീനത്തില്‍ കൊണ്ടു വരികയും ചെയ്തു.
[തിരുത്തുക] യുദ്ധങ്ങള്‍
അയല്‍ രാജ്യങ്ങളെ വേണാടിനോട് കൂട്ടിച്ചേര്‍ത്ത് രാജ്യ വിസ്ത്രതി വര്‍ദ്ധിപ്പിക്കാനായി നിരവധി യുദ്ധങ്ങള്‍ അദ്ദേഹം നടത്തി. അതിനായി ആദ്യം മധുരയിലെ നായിക്കന്മാരുടേയും പിന്നീട് ഇംഗ്ലീഷുകാരുടേയും സഹായം അദ്ദേഹം കരസ്ഥമാക്കി. സ്വന്തമായി മറവപ്പടയെയും അദ്ദേഹം പരിപോഷിപ്പിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ രഹസ്യപ്പട്ടാളവും വിശ്വസ്തമായി കരുക്കള്‍ നീക്കി.
[തിരുത്തുക] ദേശിങ്ങനാടുമായുള്ള യുദ്ധം
ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു അദ്ദേഹത്തിന്റ ആദ്യത്തെ ഇര. മാര്‍ത്താണ്ഡ വര്‍മ്മയുടെ അമ്മാവനായ ഉണ്ണിക്കേരള വര്‍മ്മയായിരുന്നു കൊല്ലം ഭരിച്ചിരുന്നത്. അദ്ദേഹം കായംകുളത്തെ രാജകുമാരിയെ ദത്തെടുക്കുകയും അതു വഴി സഖ്യശക്തി വര്‍ദ്ധിപ്പിച്ച് വേണാടിനെതിരായി തിരിഞ്ഞു. കൊല്ലം മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് അവകാശപ്പെട്ട തൃപ്പാപ്പൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകോട് സ്വരൂപം പ്രതിനിധാനം ചെയ്തിരുന്ന കല്ലട ആക്രമിച്ച് കീഴ്‌പ്പേടുത്തി മാര്‍ത്താണ്ഡ വര്‍മ്മയുടെ ജന്മാവകശം തട്ടിയെടുത്തു. ഇതിനാല്‍ അദ്ദേഹത്തിന്റെ ദത്തവകാശം അസ്ഥിരപ്പെട്ടു. ആറുമുഖന്‍ ദളവയുടെ നേതൃത്വത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ സൈന്യം യുദ്ധത്തില്‍ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി. കൊല്ലം രാജാവ് മാര്‍ത്താണ്ഡ വര്‍മ്മയുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. കൊല്ലത്ത് കെട്ടിപ്പൊക്കിയ കോട്ടകള്‍ പൊളിച്ചു കളയാമെന്നും രാജകുമാരിയുടെ ദത്ത് അസ്ഥിരപ്പെടുത്താമെന്നും അദ്ദേഹം ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. രാജകീയ തടവുകാരനെന്ന നിലയില്‍ അദ്ദേഹത്തെ തിരുവനന്തപുരം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ കൊണ്ടുവന്ന് വീട്ടു തടങ്കലിലാക്കി.
ഈ സംഭവ വികാസത്തില്‍ പരിഭ്രാന്തനായ കായംകുളം രാജാവ് കൊച്ചി, പുറക്കാട് വടക്കുംകൂര്‍ എന്നീ രാജ്യങ്ങളുമായി സഖ്യത്തില്‍ ചേര്‍ന്നു. കൊല്ലം രാജവിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. രഹസ്യമായി അവരുടെ പിന്തുണ അറിയിച്ചപ്പോള്‍ കൊല്ലം രാജാവ് തടവ് ചാടി അവര്‍ക്കൊപ്പം ചേര്‍ന്നു. കൊല്ലത്തെ കോട്ടകള്‍ ശക്തിപ്പെടുത്തി. ഡച്ചുകാരുടേ സേവനവും അവര്‍ക്ക് ലഭിച്ചു. മാര്‍ത്താണ്ഡ വര്‍മ്മയുടെ സൈന്യം രാമയ്യന്‍ ദളവയുടേ നേതൃത്വത്തില്‍ കൊല്ലം രാജാവുമായി ഏറ്റു മുട്ടിയെങ്കിലും അവര്‍ക്ക് പരാജയം സമ്മതിച്ച് പിന്‍വാങ്ങേണ്ടി വന്നു. അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം. മാര്‍ത്താണ്ഡ വര്‍മ്മ അന്ന് അഞ്ചുതെങ്ങില്‍ തമ്പടിച്ചിരുന്ന ഇംഗ്ലിഷുകാരോടും മാഹിയിലേ ഡച്ചുകാരോടും സഹായം തേടി സൈന്യത്തിനെ പുഷ്ടിപ്പെടുത്തി വിണ്ടും യുദ്ധത്തിനെത്തി. നിരവധി കാലം യുദ്ധങ്ങള്‍ നിര്‍ണ്ണയം ഇല്ലാതെ നടന്നു. കൊല്ലം രാജാവ് യുദ്ധക്കളത്തില്‍ മരിക്കുകയും (1734) അദ്ദേഹത്തിന്റെ സഹോദരന്‍ കൂടുതല്‍ വാശിയോടേ യുദ്ധം ചെയ്ത് മാര്‍ത്താണ്ഡ വര്‍മ്മയുടെ സൈന്യത്തെ തോല്‍പിക്കുകയും ചെയ്തു.
[തിരുത്തുക] ഇളയടത്തു സ്വരൂപത്തിനു നേരെയുള്ള ആക്രമണം
1736 -ല്‍ ഇളയടത്തു സ്വരൂപത്തിലെ (കൊട്ടാരക്കര) തമ്പുരാന്‍ നാടുനീങ്ങി. മാര്‍ത്താണ്ഡ വര്‍മ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തര്‍ക്കങ്ങള്‍ അറിയിച്ചു. മര്‍ത്താണ്ഡ വര്‍മ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാര്‍ മാര്‍ത്താണ്ഡ വര്‍മ്മക്കെതിരായി പ്രവര്‍ത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാന്‍ ഇംഹോഫ് റാണിക്കുവേണ്ടി മാര്‍ത്താണ്ഡ വര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി അയല്‍ രാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളില്‍ മാര്‍ത്താണ്ഡ വര്‍മ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിര്‍പ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള ബന്ധം കൂടുതല്‍ വഷളായി. 1741-ല്‍ വാന്‍ ഇംഹോഫ് റാണിയെ ഇളയടത്തു സ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാര്‍ത്താണ്ഡവര്‍മ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സയുക്ത സേനയെ ആക്രമിച്ചു. ആ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയം സമ്മതിച്ചു. ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. സഖ്യ കക്ഷികള്‍ക്ക് വമ്പിച്ച നാശ നഷ്ടങ്ങള്‍ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പാലായനം ചെയ്ത് ഡച്ചുകാരുടെ സംരക്ഷണത്തിന്‍ കീഴിലായി. ഡച്ചുകാര്‍ക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. അവരുടെ വ്യാപാര ശൃംഘലയ്ക്ക് ഇത് ഒരു കനത്ത തിരിച്ചടിയായി.
[തിരുത്തുക] കുളച്ചല്‍ യുദ്ധം
ഒരുപക്ഷേ ഇന്ത്യയില്‍ വിദേശ നാവിക സേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം അതായിരുന്നു എന്നത് അതിന്‍റെ പ്രാധാന്യം വിളിച്ചു പറയുന്നു. [2]ഡച്ചുകാര്‍ എങ്ങനെയും തങ്ങള്‍ക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളില്‍ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയെ തെക്കു നിന്ന് ആക്രമിക്കാന്‍ അവര്‍ തീരുമാനിച്ച്, കുളച്ചല്‍ എന്ന സ്ഥലത്തിനു തെക്കക്കായി ശ്രീലങ്കയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവന്‍ ഡച്ചു നിയന്ത്രണത്തിലായി. അവര്‍ വ്യാപരങ്ങളും തുടങ്ങി. അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാര്‍ത്താണ്ട വര്‍മ്മ യുദ്ധത്തിനെത്തി. കുളച്ചലില്‍ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം വിരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേര്‍ മരിച്ചു വീണു. ബാക്കിയുള്ളവര്‍ കോട്ടയിലേയ്ക്ക് പിന്‍വാങ്ങി. എന്നാല്‍ തിരുവിതാംകൂര്‍ സൈന്യം കോട്ടയും തകര്‍ക്കന്‍ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച് ഡച്ചുകാര്‍ക്ക് കപ്പലുകള്‍ ആശ്രയിക്കേണ്ടതതയി വന്നു. ഡച്ചു സൈന്യത്തിന്‍റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂര്‍ സൈന്യം കൈക്കലാക്കി. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉള്‍പ്പടെ ഇരുപത്തിനാലു ഡച്ചുകാര്‍ പിടിയിലായി(1741 ആഗസ്ത് 10). [3]ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങള്‍ക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു. കേരളത്തെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദര്‍ഭത്തിനു ശേഷം അവര്‍ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തി കേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവര്‍ മടങ്ങി. മാര്‍ത്താണ്ഡ വര്‍മ്മയെ സംബന്ധിച്ചിടത്തോളം കുളച്ചല്‍ യുദ്ധം ഒരു നിര്‍ണ്ണായക സംഭവമായിരുന്നു. കായംകുളം പോലുള്ള ചെറു രാജ്യങ്ങള്‍ കീഴടക്കുന്നതിലും എതിര്‍ത്ത് ഒരു അച്ചു തണ്ട് രൂപപ്പെടുമായിരുന്നെങ്കില്‍ സഹായം കൊടുക്കുമായിരുന്ന ഏക വൈദേശിക സഹായമാണ് അവസാനിപ്പിച്ചത്. അത് പിന്നീട് തിരുവിതാംകൂര്‍ നടത്തിയ ജൈത്രയാത്രകളില്‍ വളരെ സഹായിച്ചു. വടക്കോട്ടുള്ള രാജക്കന്മാരില്‍ മാര്‍ത്താണ്ഡ വര്‍മ്മ എന്ന പേര് ഒരു ഞെട്ടല്‍ നല്‍കാന്‍ പര്യാപ്തമായിത്തീര്‍ന്നു.
[തിരുത്തുക] ഡി ലനോയുടെ പങ്ക്
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവിക സൈന്യാധിപനായിരുന്ന കാപ്ടന്‍ഡെ ലനോയിക്കായിരുന്നു (ഡി ലനോയ് എന്നും പറയും) കുളച്ചലിലെ വ്യാപാര കേന്ദ്രത്തിന്‍റെ ഉത്തരവാധിത്വം. യുദ്ധത്തടവുകാരനായെങ്കിലും പിന്നീട് തിരുവിതാംകൂര്‍ സൈന്യത്തിന്‍റെ ആണിക്കല്ലായി അദ്ദേഹം മാറി. മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തെ വളരെ ബഹുമാന പുരസരമാണ് കണ്ടിരുന്നത്. അദ്ദേഹം തിരിച്ചും മാര്‍ത്താണ്ഡ വര്‍മ്മയോട് വിധേയത്വം പുലര്‍ത്തി. വൈകതെ അദ്ദേഹത്തെ ഒരു സൈന്യാധിപന്‍ എന്ന നിലയിലേയ്ക്ക്(വലിയ കപ്പിത്താന്‍) ഉയര്‍ത്തുകയും ജന്മി സ്ഥാനം കല്പിച്ച് നല്‍കുകയും ചെയ്തു.[4] ഒരു ചെറിയ പ്രദേശം ഡെ ലനോയ്ക്ക് അവകാശപ്പെട്ടതായി. അദ്ദേഹത്തിന്‍റെ കീഴില്‍ തിരുവിതാം കൂര്‍ സൈന്യം കൂടുതല്‍ കെട്ടുറപ്പുള്ളതായിത്തീര്‍ന്നു. വൈദേശിക യുദ്ധോപകരണങ്ങള്‍, തോക്കുകള്‍ തുടങ്ങിയവയില്‍ പ്രാഗത്ഭ്യം നേടാന്‍ അദ്ദേഹം സൈന്യത്തെ പ്രാപ്തമാക്കി. കൂടാതെ യുറോപ്യന്‍ യുദ്ധ തന്ത്രങ്ങളും മുറകളും അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ തിരുവിതാംകൂര്‍ സൈന്യം ഡ ലനോയുടെ കീഴില്‍ അജയ്യമായിത്തീര്‍ന്നു. നെടുങ്കോട്ട പണിയാനും മറ്റുമുള്ള സാങ്കേതിക സഹായവും അദ്ദേഹമാണ് ചെയ്തത്.
[തിരുത്തുക] കായംകുളമായുള്ള യുദ്ധം
കുളച്ചല്‍ യുദ്ധ വിജയം മര്‍ത്താണ്ഡ വര്‍മ്മയെ മറ്റു രാജ്യങ്ങളെ കിഴടക്കുന്നതിന് വലിയ പരിധിവരെ സഹായിച്ചു. പട്ടാളക്കാര്‍ ഡെ ലനോയുടെ കീഴില്‍ കൂടുതല്‍ അച്ചടക്കമുള്ളവരും യുദ്ധ തന്ത്രങ്ങള്‍ പഠിച്ചവരുമായി. രാമയ്യന്‍ ദളവയുടെ കീഴില്‍ ആറായിരം തിരുവിതാംകൂര്‍ സൈന്യം കായംകുളം രാജാവിന്‍റെ കൊല്ലം കോട്ട ആക്രമിച്ചു(1742). എന്നാല്‍ അച്യുത വാര്യര്‍ എന്ന മന്ത്രിയുടെ കീഴില്‍ കായംകുളം സൈന്യം എതിര്‍ത്തു നിന്നു. കോട്ട കീഴടക്കാനാവാതെ തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങി. ഇത് കണ്ട കായംകുളം രാജാവും സഖ്യകക്ഷികളായ ഡച്ചുകാരും തെക്കോട്ട് കിളിമാനൂര്‍ വരെ പിടിച്ചടക്കി. എന്നാല്‍ ആപത്ത് മനസ്സിലാക്കിയ മാര്‍ത്താണ്ഡ വര്‍മ്മ തിരുനെല്‍വേലിയില്‍ നിന്ന് ഒരു കുപ്പിണി കുതിരപട്ടാളത്തെ സമ്പാദിച്ച് ശക്തമായ ഒരു സൈന്യവുമായി കിളിമാനൂരിലേയ്ക്ക് പുറപ്പെട്ടു. സൈന്യത്തെ മൂന്നായി തിരിച്ച് മകനായ രാമവര്‍മ്മ ( പിന്നീട് ധര്‍മ്മ രാജ) രാമയ്യന്‍ ദളവ, ഡെ ലനോയ് എന്നിവരെ ഓരോന്നിന്‍റേയും സൈന്യാധിപന്മാരായി നിയോഗിച്ചു. അകെയുള്ള നേതൃത്വം മാര്‍ത്താണ്ഡ വര്‍മ്മ തന്നെയായിരുന്നു. 68 ദിവസം നീണ്ടു നിന്ന യുദ്ധ ശേഷം കിളിമാനൂര്‍ ഭേദിച്ച അവര്‍ അവസാനം കായംകുളം രാജ്യവും കീഴടക്കി. പിന്നീട് മാനനറില്‍ വച്ചുണ്ടായ സന്ധി സംഭാഷണത്തിനു ശേഷം കായംകുളം തിരുവിതാംകൂറിന്‍റെ സാമന്ത രാജ്യമായിത്തീര്‍ന്നു. പകുതിയോളം രാജ്യാഭാഗങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചു.
[തിരുത്തുക] വടക്കോട്ടുള്ള യുദ്ധങ്ങള്‍
1746-ല് കായകുളം തിരുവിതാംകൂറിന്റെ ഭാഗമായി മാറ്റിയ ശേഷം മറ്റു ചില ചെറിയ നാട്ടു രാജ്യങ്ങളോടായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മയുടെ അടുത്ത നടപടികള്‍. തിരുവിതാംകൂറിനെതിരായ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശ്ശേരി എന്നിവയുടെ നേര്‍ക്ക് യുദ്ധം ആരംഭിക്കാന്‍ അധികം നാള്‍ വേണ്ടി വന്നില്ല. ഡെ ലെനോയിയുടെ നേതൃത്വത്തില്‍ ഒരു ശക്തമായ സൈന്യം ചെമ്പകശ്ശേരിയുടെ നേര്‍ക്കയച്ച മാര്‍ത്താണ്ഡ വര്‍മ്മ വളരെ ബുദ്ധിയോടെ തന്റെ ചാര സേനയേയും വിന്യസിപ്പിച്ചിരുന്നു. ചെമ്പശ്ശേരിയിലെ സേനാ നായകന്മാരായ മാത്തുപ്പണിക്കരും തെക്കേടത്തു ഭട്ടതിരിയും ഒറ്റിക്കൊടുത്തതിനാള്‍ ഡെ ലനോയിയുടെ ജോലി എളുപ്പമായി. ചെമ്പകശ്ശേരി രാജാവ് ഡെ ലെനോയിയുടെ തടവുകാരനായി. തെക്കും കൂറും വടക്കും കുറും വളരെ ദുര്‍ബലമായിരുന്നതിനാല്‍ പ്രതിരോധം കാര്യമായിട്ടില്ലായിരുന്നു. 1749 നും 1750 നും ഇടയ്ക്കായി രണ്ടു രാജ്യങ്ങളും തിരുവിതാംകൂറിന്റെ ഭാഗമായി. അവിടെ നിന്ന് തിരുവിതാംകൂര്‍ സേന വടക്കോട്ട് ലക്ഷ്യമിട്ടു. കൊച്ചി രാജ്യത്തിന്റെ സഖ്യ ശക്തികളായ ചില രാജ്യങ്ങളിലായിരുന്നു അടുത്ത യുദ്ധം. പുറക്കാട് എന്ന സ്ഥലത്തു വച്ച് നടന്ന ശക്തമായ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സേന നിര്‍ണ്ണായക വിജയം നേടി. ചേര്‍ത്തല അതോടേ തിരുവിതാംകൂറിന്റെ ഭാഗമായി.
ഡച്ചുകാര്‍ക്ക് വീണ്ടും ക്ഷീണമായിരുന്നു ഫലം. 1753-ല്‍ ഡച്ചുകാര്‍ മാവേലിക്കരയില്‍ വച്ച് രാമയ്യന്‍ ദലവയുമായി സന്ധിയിലേര്‍പ്പെടേണ്ടതായി വന്നു. ഇതിന്‍ പ്രകാരം ഭാവിയില്‍ നാടിന്റെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നു വ്യാപാരം മാത്രമായി ഒതുങ്ങിക്കൂടാമെന്നും അവര്‍ സമ്മതിച്ചു.
എന്നാല്‍ തെക്കുംകൂര്‍, വടക്കുംകൂര്‍ ചെമ്പകശ്ശേരി എന്നിവിടങ്ങളിലെ രാജാക്കന്മര്‍ കൊച്ചി രാജാവിന്റെ സഹായത്തോടെ അഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഡച്ചുകാരും അവരുടെ സഹായം നല്‍കി. കൊച്ചിരാജാവിന്റെ സേനാ നായകനായ ഇടിക്കേള മേനോന്റെ കീഴില്‍ ഒരു സഖ്യശക്തിയേയും മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് നേരിടേണ്ടതായി വന്നു, അമ്പലപ്പുഴ വച്ചുള്ള യുദ്ധത്തില്‍ 1754 ല്‍ രാമയ്യന്‍ ദളവയ്കായിരുന്നു അവരെ തോല്‍പിക്കാനുള്ള അവസരം ലഭിച്ചത്. രാമയ്യന്‍ കരപ്പുഴം മുഴുവനും പിടിച്ചടക്കി. ഇതേ സമയം രാമ വര്‍മ്മ ഇളയ തമ്പുരാന്റെ നേതൃത്വത്തില്‍ വടക്ക് ഉദയമ്പേരൂര്‍ വരെയും തെക്ക് മാമല വരേയും ഉള്ള പ്രദേശങ്ങള്‍ കയ്യടക്കിയിരുന്നു. കൊച്ചിയുടെ പരാജയം ആസന്നമായിരുന്നു. എന്നാല്‍ കൊച്ചി രാജാവ് സന്ധിക്കപേക്ഷിച്ച് ആപത്ത് അവസാനിപ്പിച്ചു.
[തിരുത്തുക] തിരുവിതാംകൂര്‍ കൊച്ചി ഉടമ്പടി
ഏതാണ്ട് ഇതേ സമയത്ത് സാമൂതിരി കൊച്ചിയും തിരുവിതാംകൂറും ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന വിവരം ഇരു കൂട്ടര്‍ക്കും ലഭിച്ചു. ഒരു പൊതു ശത്രുവിനെതിരായി അങ്ങനെ കൊച്ചിയും തിരുവിതാംകൂറും ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. 1757-ലാണ് ഈ ഉടമ്പടി ഒപ്പു വയ്ക്കപ്പെട്ടത്. ഈ ഉടമ്പടിപ്രകാരം അങ്കമാലി യിലേ ആലങ്ങാട്, പറവൂര്‍ എന്നിവ തിരുവിതാംകൂറിന് കൈമാറണമെന്നും ഇതിനു മുന്നായി നടന്ന യുദ്ധങ്ങളില്‍ കൊച്ചിക്ക് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ തിരുവിതാംകൂര്‍ കൊച്ചിയെ സഹായിക്കുമെന്നും ഇനി യുദ്ധങ്ങള്‍ ഉണ്ടായാല്‍ സമൂതിരിക്കെതിരായി സൈന്യത്തെ അണിനിരത്താന്‍ തിരുവിതാംകൂര്‍ സഹായിക്കാമെന്നുമെല്ലാമായിരുന്നു ഉടമ്പടി. എന്നാല്‍ സമൂതിരിയില്‍ നിന്ന് ഏതെങ്കിലും പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയാണേങ്കില്‍ അവയിലുള്ള അവകാശം തിരുവിതാംകൂറിനായിരിക്കും. ഈ ഉടമ്പടിയില്‍ നിന്ന് കൊച്ചിയ്കാണ് പ്രധാനാമായും ഉടനെ ഫലം ഉണ്ടായത്. തിരുവിതാംകൂറിന് വീണ്ടും അടുത്ത തലമുറവരെ കാത്തിരിക്കേണ്ടതായി വന്നു.
[തിരുത്തുക] കിഴക്കിലെ പ്രീണന നയം
തെക്കും വടക്കും പടിഞ്ഞാറും സ്വായത്തമാക്കിയ തിരുവിതാംകൂറിന് എന്നാല കിഴക്കു നിന്ന് ആക്രമങ്ങളെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ല. 1740 നടുത്ത് ചന്ദാ സാഹിബും ബന്ദാ സാഹിബും കോട്ടാര്‍, നാഗര്‍കോവില്‍, ശുചീന്ദ്രം എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു. എന്നാല്‍ ആദ്യം സൈന്യത്തെ നിരത്തിയെങ്കില്‍ം അതേ സമയം കായംകുളത്തു സൈന്യത്തെ വിന്യസിപ്പിക്കേണ്ടി വന്നതിനാല്‍ അവര്‍ക്ക് യുദ്ധം നടത്താന്‍ പറ്റാതായി. ഇതിനായ്യി എതിര്‍ഭാഗത്തിന് വന്‍ തുക നല്‍കി പ്രീണന നയം സ്വീകരിക്കുകയയിരുന്നു തമ്പുരാന്‍. ഇതിനുശേഷം ആരുവാമൊഴിയിലെ സൈന്യത്തെ ശക്തിപ്പെടുത്തുകയും കോട്ടകള്‍ ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് കഴിഞ്ഞില്ല. കലാപങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശ്രദ്ധ തിരിച്ച സമയത്ത് വീണ്ടും കിഴക്കു നിന്ന് ആക്രമണമുണ്ടായി. തിരുച്ചിറപ്പള്ളി ഗവര്‍ണ്ണറായ മൂദേമിയാ തിരുനെല്‍വേലിയിലെ വള്ളിയൂര്‍, കളക്കാട് എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. വീണ്ടും ഇതിനായി ഒരു വലിയ സംഖ്യ ചിലവായി. സൈന്യത്തെ അയക്കാനാവുന്ന ഒരു പരിതസ്ഥിതി അന്നുണ്ടായിരുന്നില്ല. മാത്രവുമല്ല ദൂരം വളരെ കൂടുതലുമായിരുന്നു. മൂദേമിയ പണം വാങ്ങി സന്തോഷപൂര്‍വ്വം പിന്‍വാങ്ങിയെങ്കിലും, കര്‍ണ്ണാടക നവാബായ മുഹമ്മദാലി മുദേമിയായെ മാറ്റി സഹോദരനായ മഹ്ഫസ് ഖാനെ അധികരം ഏല്‍പിച്ചു തിരുവിതാംകൂറിലേയ്ക്ക് വീണ്ടു പറഞ്ഞയച്ചു. എന്നാല്‍ മുദേമിയ മാര്‍ത്താണ്ഡ വര്‍മ്മയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും നഷ്ടപെട്ട പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ വര്‍മ്മയെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതേ സമയം കലാപങ്ങള്‍ അടിച്ചമര്‍ത്തി മാര്‍ത്താണ്ഡ വര്‍മ്മ പത്മനാഭപുരത്ത് തിരിച്ചെത്തിയിരുന്നു. ഡെ ലനോയിയുടെ നേതൃത്വത്തില്‍ അദ്ദേഹം മഹ്ഫസ്ഖാനെ തോല്‍പിക്കുകയും കളക്കാടും മറ്റും തിരിച്ചു പിടിക്കുകയും ചെയ്തു.
[തിരുത്തുക] ഇംഗ്ലീഷുകാരുമായുള്ള ബന്ധം
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി രാജാവ് നല്ല സൗഹൃദം നേടിയെടുത്തു. ഇത് അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇംഗ്ലീഷുകാരുടെ സുഹൃത്തായ കര്‍ണ്ണാടക നവാബുമായി പിണങ്ങിയത് ഇംഗ്ലീഷുകാരെ ചൊടിപ്പിച്ചിരുന്നു. മുദേമിയ നവാബ്ബിനെതിരെ കാലാപത്തിന് ഇറങ്ങിയപ്പോള്‍ സഹായത്തിന് തമ്പുരാന്‍ സൈന്യത്തെ അയച്ചു കൊടുത്തത് അവരെ അനിഷ്ടത്തിലാക്കി. ഇതിന് വിശദീകരണം കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവാബുമയും കമ്പനിയുമായും ഒരു ശത്രുതയില്ലെന്നും വേണ്ടി വന്നല്‍ അവരെ സഹായിക്കന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം അവരെ അറിയിച്ചു. എന്നാല്‍ അഞ്ചുതെങ്ങിലെ കമ്പനിയിലെ ഇംഗ്ലീഷുകാര്‍ക്ക് രാജാവ് ഫ്രഞ്ചുകാരുമായി ഇടപെടുന്നത് സംശയത്തോടെയാണ് വീക്ഷിച്ചത്. ഫ്രഞ്ചുകാര്‍ കമ്പനിയെ ആക്രമിക്കുമെന്നവര്‍ പേടിച്ചിരുന്നു. എന്നാല്‍ മാര്‍ത്താണ്ഡ വര്‍മ്മ ഫ്രഞ്ചുകാര്‍ അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് കമ്പനി ആക്രമിച്ചാല്‍ അവര്‍ക്ക് സഹായം ചെയ്യാമെന്നും വനിതകള്‍ക്കും കുട്ടികള്‍ക്കു സുര്‍ക്ഷിതമായ സ്ഥലം പ്രധാനം ചെയ്യാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുക വഴി ഇംഗ്ലീഷുകാര്‍ രാജാവിന്റെ സുഹൃത്തുക്കളായിത്തീര്‍ന്നു. ഇത് യുദ്ധങ്ങള്‍ക്കാവശ്യമായ ഇഭവ സമാഹരണത്തിനും മറ്റും രാജാവിനെ വളരെയധികം സഹായിച്ചു.
[തിരുത്തുക] ഭരണ പരിഷ്കാരങ്ങള്‍
ആധുനിക തിരുവിതാംകൂറിന്റെ രചയിതാവ് എന്നാണ് മാര്‍ത്താണ്ഡ വര്‍മ്മ അറിയപ്പെടുന്നതു തന്നെ. അദ്ദേഹത്തിന്റെ ഭരണം സ്വേഛാധിപത്യപരമായിരുന്നു എങ്കിലും ഭരണ രീതികള്‍ കൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ശക്തമായ നിലയില്‍ എത്തിയതിനാള്‍ ജനങ്ങള്‍ സുരക്ഷിതരായിരുന്നു.
[തിരുത്തുക] ഭരണ സംവിധാനം
ഏറ്റവും ചെറിയ ഘടകം ഗ്രാമമായിരുന്നു. പര്‍വ്വതികാര്‍ ( പ്രവര്‍ത്തികാര്‍) എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു ഗ്രാമങ്ങളിലെ ഭരണം നടന്നിരുന്നത്. ദേവസ്വം ഭരണം ഈ ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് വിചാരണ നടത്തുന്നതും ശിക്ഷിക്കുന്നത് ഇയാള്‍ ആയിരുന്നത്.ഇതു കൂടാതെ കരം പിരിക്കുന്നതും ഭൂമിയുടെ പാട്ടവില നിശചയിക്കുന്നതുമെല്ലാം ഇവരായിരുന്നു. പലഗ്രാമങ്ങള്‍ കൂടിച്ചേരുന്നതായിരുന്നു മണ്ഡപം. ഇന്നത്തെ തഹസില്‍ദാര്‍ക്ക് തുല്യനായി അന്ന് മണ്ഡപത്തു വാതുക്കല്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു.
പതിവു കണക്ക് എന്ന പേരില്‍ വാര്‍ഷിക ബജറ്റ് ഉണ്ടാക്കിയിരുന്നു. ഇതിന്‍ പ്രകാരം ഒരു വര്‍ഷം ഇന്നിന്ന കാര്യങ്ങള്‍ക്കായി നീക്കി വയ്ക്കുന്ന തുകകള്‍ക്ക് കണക്ക് ഉണ്ടായിരുന്നു. പെന്‍ഷന്‍, സേനാ കാര്യങ്ങള്‍ എന്നിവക്കു വരെ പ്രത്യേകം വക വച്ചിരുന്നു.
[തിരുത്തുക] ഭൂനികുതി
1739 മുതലേ ഭൂനികുതി പരിഷ്കരണം നടത്തിയിരുന്നു. ഇതിനായി പള്ളിയാടിയിലെ മല്ലന്‍ ശങ്കരന്‍ എന്ന പ്രസിദ്ധനായ് ഉദ്യോഗസ്ഥനെ അദ്ദേഹം അധികരസ്ഥനാക്കി. അദ്ദേഹം ഭൂമിയെ ബ്രഹ്മസ്വം, ദാനം, ദേവസ്വം, പണ്ടാര വക (ഖജനാവ് വക അല്ലെങ്കില്‍ രാജാവിന്റെ) എന്നിങ്ങനെ നാലായി തിരിച്ചു. ഇരുപ്പൂ നിലങ്ങള്‍ക്ക് ഒരുപ്പൂനിലങ്ങളേക്കാല്‍ പാട്ടം കൂടുതലാക്കി. പിന്നീട് 1951-ല്‍ രാമയ്യന്‍ ദളവ ഈ നികുതികള്‍ പുനര്‍ നിര്‍ണ്ണയം ചെയ്തു. എല്ലാ വര്‍ഷവും നികുതി നിര്‍ണ്ണയം മാറ്റി കുറേ വര്‍ഷങ്ങള്‍ കൂടൂമ്പോള്‍ ഒരിക്കല്‍ എന്നാക്കി. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിങ്ങനെ പ്രകൃതിക്ഷോഭങ്ങള്‍ വരുമ്പോള്‍ പാട്ടത്തില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ചുമത്തപ്പെടുന്ന നികുതിയ്ക്ക് വ്യക്തമായ രേഖകള്‍ നല്‍കിയിരുന്നു.
[തിരുത്തുക] വ്യാപാര മേഖല
മര്‍ത്താണ്ഡ വര്‍മ്മ രാജ്യത്തെ വാണിജ്യ രംഗത്തെ പുന: സംഘടിപ്പിച്ചു. മാവേലിക്കരയായിരുന്നു ആസ്ഥാനം. രാമയ്യന്‍ ദളവയ്ക്കായിരുന്നു ഇതിന്‍റെ മേല്‍ നോട്ടം. രാജ്യം പല സുഗന്ധ ദ്രവ്യങ്ങളുടെ മേലുമുള്ള കുത്തക കൈയടക്കി. കുരുമുളക്, പുകയില, പാക്ക്, ഇഞ്ചി തുടങ്ങിയ ചരക്കുകള്‍ സംസ്ഥാനം നിശ്ചയിക്കുന്ന വിലയിലാണ് ശേഖരിച്ചിരുന്നത്. ഇത് വിദേശികള്‍ക്ക് വില്‍ക്കുന്നതും സര്‍ക്കാര്‍ ആയിരുന്നു. ഇത്തരം വിഭവങ്ങള്‍ സൂക്ഷിക്കാനായി പണ്ടികശാലകള്‍ പണിതു. സാധാരണ ജനങ്ങള്‍ക്കായി വ്യാപാരശാലകള്‍ ഇത്തരം പണ്ടികശാലയോടനുബന്ധിച്ച് പണിതിരുന്നു. അതിര്‍ത്തികളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്താനും അതിന് ചൌക്കികള്‍ എന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉണ്ടാക്കിയിരുന്നു. ജനങ്ങള്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍ നേരിട്ട് വിദേശീയര്‍ക്ക് വില്കാനുള്ള അനുമതിയില്ലായിരുന്നു എങ്കിലും അവര്‍ക്ക് മാന്യമായ വില നല്‍കാന്‍ രാജ്യം തയ്യാറായിരുന്നു.
[തിരുത്തുക] നിര്‍മ്മാണം
പൊതുജനോപകാരമായ രീതിയില്‍ കാര്യങ്ങളുടെ നടത്തിപ്പിന് മാര്‍ത്താണ്ഡ വര്‍മ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരവധി പുതിയ പാതകള്‍ രൂപം കൊടുത്തു. ഇന്നു കാണുന്ന എം.സി. റോഡ് അതിന്‍റെ ആദ്യരൂപത്തില്‍ തയ്യാര്‍ ചെയ്തത് ഇക്കാലത്താണ്. ഇത്തരം വീഥികള്‍ക്കങ്ങിങ്ങായി ഊട്ടുപുരകളും സത്രങ്ങളും തുറന്നു. ദൂരയാത്രക്കാര്‍ക്ക് ഭയലേശമന്യേ സഞ്ചരിക്കാന്‍ പട്ടാളക്കാര്‍ ഇടവിട്ടിടങ്ങളില്‍ താവളം ഉറപ്പിച്ചിരുന്നു. വര്‍ക്കല മുതല്‍ കൊച്സി വരെ ഉള്‍നാടന്‍ ജലഗതാഗതം ഏര്‍പ്പെടുത്തി. ഇതെല്ലാം വ്യാപാര മേഖലയെ ഉണര്‍വുള്ളതാക്കി.
ജലസേചനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. പൊന്‍മന, പുത്തന്‍ അണക്കെട്ട് എന്നിവ പണിതു. തീര ദേശ സമ്രക്ഷണവും വെളിച്ചത്തിനായി നഗരങ്ങളില്‍ വഴി വിളക്കുകളും ഏര്‍പ്പെടുത്തി.
പത്മനാഭപുരം കൊട്ടാരം പരിഷ്കരിച്ചു.പുതിയ കെട്ടിടങ്ങള്‍ പണിതു. ദളവാ കച്ചേരി, കായം കുളത്തെ കൃഷ്ണപുരം കൊട്ടാരം എന്നിവ അങ്ങനെ പണിതവയാണ്. മാവേലിക്കരയിലാണ് പിന്നെ കൂടുതല്‍ കാര്യാലയങ്ങള്‍ വന്നത്. ഇവിടെയായിരുന്നു രാമയ്യന്‍ ദളവായുടെ ആസ്ഥാനം. കച്ചേരി, വാണിജ്യ കാര്യാലയങ്ങള്‍ നികുതി മന്ദിരങ്ങള്‍ സേനാ ആസ്ഥാനം എന്നിവ പണിയപ്പെട്ടു.
[തിരുത്തുക] സൈനികം
ഡെ ലനോയിയുടെ നേതൃത്വത്തില്‍ അദ്ദേഹം സൈന്യത്തെ മൊത്തമായി ഉടച്ചു വാര്‍ത്തു. സൈന്യത്തിലെ പ്രധാന സേനാ നായകന്മാര്‍ക്ക് ഡെ ലനോയ് തന്നെ യുദ്ധ തന്ത്രങ്ങള്‍ പഠിപ്പിച്ചു. അവരുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ആവിഷകരിച്ചു. യൂറോപ്യന്‍ യുദ്ധ തന്ത്രങ്ങളില്‍ അവരെ നിപുണരാക്കി. ആയുധങ്ങള്‍ എല്ലാം തന്നെ നവീകരിക്കുകയും പട്ടാളത്തെ എല്ലാ സമയവും ജാഗരൂകരാക്കി നിര്‍ത്തുവാനായി സേനാ ആസ്ഥാനങ്ങളും ആയുധ പുരകളും പണിതു. പത്മനാഭപുരം കൊട്ടാരത്തിന്‍റെ സംരക്ഷണത്തിനായി അഭേദ്യമെന്നുതോന്നാവുന്ന കോട്ട കെട്ടി. രാജ്യത്തെ മറ്റു കോട്ടകളും ശക്തിപ്പെടുത്തി.
[തിരുത്തുക] സാംസ്കാരിക രംഗം
യുദ്ധങ്ങളും രാജ്യ വിപുലീകരണവും മാത്രമായിരുന്നില്ല മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത് ണ്ടന്നത്. മതം, സാഹിത്യം, കലകള്‍, എന്നീ രംഗങ്ങളിലും അദ്ദേഹം തന്‍റെ കഴിവുകളും നയവും വ്യക്തമാക്കി. ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണകാലമായിരുന്നു. അനന്തപത്മനാഭന്‍റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ആ ക്ഷേത്രം പുനരുദ്ധരീകരിക്കാന്‍ വളരെയധികം സഹായിച്ചു. പുതിയ മണ്ഡപങ്ങളും തറകളും പണിതീര്‍ത്തു. വിഗ്രഹം പുന:പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും മുന്നിലുള്ള ഒറ്റക്കല്‍ മണ്ഡപം തിരുമലയിലെ വലിയ പാറയില്‍ കൊത്തീയുണ്ടാക്കിയതാണ്. കിഴക്കേ ഗോപുരത്റ്റിന്റ്റേയും പണി പുനരാരംഭിച്ചു പൂര്‍ത്തിയാക്കി. സ്വര്‍ണ്ണക്കൊടിമരം സ്ഥാപിഹ്ചു.
വടക്കുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തതു മൂലം അവിടങ്ങളിലെ രാജസദസ്സിലെ പ്രമുഖ കലാ സാഹിത്യകാരന്മാര്‍ തിരുവനന്തപുരത്ത് വന്ന് താമസമാക്കി. അതില്‍ രാമപുരത്തു വര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു. ബൌദ്ധികവും കലാപരവുമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം മാറി. പുരാണകഥകളും മറ്റും ക്ഷേത്രങ്ങളുടെ ചുവരുകളില്‍ ആലേഖനം ചെയ്യപ്പെട്ടു.
കൂത്ത്, കൂടിയാട്ടം, പാഠകം, കഥകളി, തുള്ളല്‍ എന്നീ ക്ഷേത്രകലകള്‍ക്ക് നല്ല ഉണര്‍വ് ലഭിച്ച കാലമായിരുന്നു അത്. നിരവധി കൃതികളും എഴുതപ്പെട്ടു. സേതുരാഘവം, ബാലമാര്‍ത്താണ്ഡ വിജയം എന്നിവ അതില്‍ ചിലതാണ്.
[തിരുത്തുക] തൃപ്പടിത്താനം
1750 ജനുവരി 3 ന് (കൊ.വ. 925 മകരം 5) മാര്‍ത്താണ്ട വര്‍മ്മ, തന്‍റെ വിപുലമായ രാജ്യം ശ്രീ പത്മനാഭന് അടിയറവയ്ച്ചു കൊണ്ട്, പ്രതീകാത്മകമായതും മഹത്തായതുമായ് കാര്യം നിര്‍വ്വഹിച്ചു. ഇത് തൃപ്പടിത്താനം അഥവാ തൃപ്പടി ദാനം എന്നാണ് അറിയപ്പെടുന്നത്. ഇതിലെ രേഖകള്‍ പ്രകാരം രാജാവും തന്‍റെ പിന്‍ഗാമികളും ശ്രീപത്മനാഭന്‍റെ ദാസന്മാരായി, അദ്ദേഹത്തിന്‍റെ അഭാവത്തില്‍ രജ്യം ഭരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇതിനു ശേഷം മാര്‍ത്താണ്ഡ വര്‍മ്മ ശ്രീ പത്മനാഭദാസന്‍ എന്ന ബിരുദം സ്വീകരിച്ചു. അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ വരെയുള്ള രാജാക്കന്മാര്‍ തങ്ങളുടെ പേരിനൊപ്പം ഈ ബിരുദവും കൂടി ചേര്‍ത്തിരുന്നു.
ഇത് മത താല്പര്യത്തിനേക്കാള്‍ രാജ്യത്തിന്‍റെ സുരക്ഷക്കായ ചെയ്തതായാണ് ചരിത്രകാരന്മാര്‍ വീക്ഷിക്കുന്നത്. രാജ്യം ദൈവത്തിന്‍റെ പേരിലായാല്‍ അതിനെതിരെ വരുന്ന് ഏത് ഭീഷണിയും ദൈവത്തിനു നേരേയുള്ളത് എന്ന വിവക്ഷിക്കാമെന്നും ഇത് ജനകീയ കലാപങ്ങളെ ഭാവിയില്‍ അമര്‍ച്ച ചെയ്യാന്‍ സഹായിക്കാം എന്ന് മാര്‍ത്താണ്ഡ വര്‍മ്മ വിശ്വസിച്ചിരിക്കണം. സിംഹാസനവും തന്‍റെ കുടുംബാംഗങ്ങളുടെ സുരക്ഷയും അങ്ങനെ അദ്ദേഹം ഉറപ്പാക്കി.
[തിരുത്തുക] അവലംബം
മാര്‍ത്താണ്ഡ വര്‍മ്മ കേരളചരിത്രശില്പികള്‍ എന്ന ഗ്രന്ഥത്തില്‍ - എ.ശ്രീധരമേനോന് നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 126-127 നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
- ↑ റീഡിഫ് വാര്‍ത്തകള്‍
- ↑ കുളച്ചല്‍ യുദ്ധത്തെപറ്റി കേരളാ.കോമില്‍
- ↑ http://www.answers.com/topic/eustance-de-lennoy