വി.എസ്. അച്യുതാനന്ദന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഇപ്പൊഴത്തെ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ടീയ നേതാവുമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവാ വി.എസ്. അച്ച്യുതാനന്ദന്‍(ജ. ഒക്ടോബര്‍ 23, 1923, പുന്നപ്ര, ആലപ്പുഴ ജില്ല). സിപിഎമ്മിന്റെ കേരള ഘടകത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്ന ഇദ്ദേഹം പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്.
1980-92 കാലഘട്ടത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
കേരളത്തിലെ കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലാണ് അച്യുതാനന്ദന്‍ ജനിച്ചത്. അഞ്ചാം വയസില്‍ മാതാവ് അക്കമ്മയും പന്ത്രണ്ടാം വയസില്‍ അച്ഛന്‍ ശങ്കരനും മരിച്ചു. ഇതേത്തുടര്‍ന്ന് ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ബാല്യകൌമാരങ്ങള്‍. ജ്യേഷ്ഠന്റെ ജൌളിക്കടയില്‍ തുണിമുറിച്ചു കൊടുത്താണ് വി.എസ്. ബാല്യകാലം ജീവിച്ചു തീര്‍ത്തത്. കഷ്ടപ്പാടുകള്‍ മൂലം ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. പതിനേഴാം വയസില്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി.
[തിരുത്തുക] പാര്‍ട്ടി പ്രവര്‍ത്തനം
1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുരംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംത്തു കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങളും ജയില്‍ശിക്ഷയും അനുഭവിച്ചു. അഞ്ചുവര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുന്‍പേ വി.എസ്. പാര്‍ട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ്. ഇവരില്‍ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം.
[തിരുത്തുക] പാര്‍ലമെന്ററി ജീവിതം
സംഘടനാ രംഗത്ത് പടവുകള്‍ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാര്‍ലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികള്‍ നേരിട്ടുണ്ട്. 1965-ല്‍ സ്വന്തം വീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ല്‍ ആര്‍. എസ്. പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോല്‍പ്പിച്ചത്. എന്നാല്‍ 1977-ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഒതുങ്ങിക്കഴിഞ്ഞു.
1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. എന്നാല്‍ 1996-ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാര്‍ട്ടിതല അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാര്‍ട്ടിയില്‍ അച്യുതാനന്ദനെ ശക്തനാക്കി.
2001-ല്‍ ആലപ്പുഴ ജില്ലവിട്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാടു ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് ജനവിധി നേടിയത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു മത്സരിക്കാനെത്തിയ സതീശന്‍ പാചേനി എന്ന ചെറുപ്പക്കാരനുമേല്‍ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ല്‍ ഇതേ മണ്ഡലത്തില്‍ ഇതേ എതിരാളിയെ 20,017 വോട്ടുകള്‍ക്കു തോല്‍പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവുനികത്തി.
പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദന്‍ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. ‘67-ല്‍ കന്നിക്കാരനായിരുന്നതിനാല്‍ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ല്‍ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി വേദികളിലും പൊതുജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.
[തിരുത്തുക] മുഖ്യമന്ത്രി സ്ഥാനത്തേക്ക്
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഉള്‍പ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വന്‍ഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയര്‍ന്നു വന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ ആശങ്കയുയര്‍ത്തിയിരുന്നു. 2006 മേയ് 13-നു ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്വത്തില്‍ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തില്‍ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
മേയ് 15നു ചേര്‍ന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാര്‍ട്ടി നേതൃത്വം പുറത്തിറക്കി.
[തിരുത്തുക] പ്രവര്‍ത്തനശൈലി
പാര്‍ട്ടി വേദികളിലും പാര്‍ലമെന്ററി രംഗത്തും കര്‍ക്കശക്കാരനായ നേതാവായാണ് വി.എസ്. വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയില്‍ വാര്‍ത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. സമൂഹഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാല്‍ ഏറെക്കാലം പാര്‍ട്ടിയില്‍ തന്റെ മേല്‍ക്കോയ്മ നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളായാണ് അച്യുതാനന്ദന്‍ വിലയിരുത്തപ്പെടുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്റെ പ്രവര്‍ത്തനാരംഭം മുതല്‍ തിരുത്തല്‍ ശക്തിയയാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താന്‍ ശ്രമം നടത്തിയപ്പോള്‍ അതിനെ ഉള്‍പ്പാര്‍ട്ടിവേദികളില്‍ അതിനിശിതമായി എതിര്‍ത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദല്‍ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നല്‍കിയവരെ പിന്നീട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. 2006-ല്‍ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദന്‍ ശക്തിയുക്തം എതിര്‍ത്തു. രൂക്ഷമായ എതിര്‍പ്പിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
[തിരുത്തുക] വിമര്‍ശനങ്ങളും അനുകൂലഘടകങ്ങളും
പാര്‍ട്ടിയിലെയും പൊതുരംഗത്തെയും കര്‍ക്കശ നിലപാടുകള്‍ത്തന്നെയാണ് എതിരാളികള്‍ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നുവരെ എതിര്‍ച്ചേരിയിലെ ഏതാനും നേതാക്കള്‍ പറഞ്ഞുവച്ചു.
പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദന്‍ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എതിരാളികള്‍ ആയുധമാക്കുന്നത്. 1990കളില്‍ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കര്‍ഷകത്തൊഴിലാളി സമരമാണ് ഇതില്‍ പ്രധാനം. നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കര്‍ഷകത്തൊഴിലാളികള്‍ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയര്‍ത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. നെല്‍കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികള്‍ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തല്‍ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നല്‍കിയ നേതാവെന്ന നിലയില്‍ അച്യുതാനന്ദന്‍ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിര്‍പ്പു ക്ഷണിച്ചുവരുത്തി.
പാര്‍ട്ടിക്കുള്ളില്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവെന്ന വിമര്‍ശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവന്‍, കെ.ആര്‍. ഗൌരിയമ്മ തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ വി.എസാണ് ചുക്കാന്‍ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു.
1996-ല്‍ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം.
പരുക്കനും കര്‍ക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങള്‍ക്ക് അഭിമതനാകുന്നത് 2001-2006 കേരളാ നിയമസഭയില്‍ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ സാധാരണജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരുന്നു. മതികെട്ടാന്‍ വിവാദം, പ്ലാച്ചിമട വിവാദം,കിളിരൂര്‍ പെണ്‍വാണിഭ കേസ്, മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് മുതലായവയില്‍ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉള്‍പ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു.
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ |
---|
ഇ.എം.എസ്. നമ്പൂതിരിപ്പാട് • പട്ടം താണുപിള്ള • ആര്‍. ശങ്കര്‍ • സി. അച്യുതമേനോന് • കെ. കരുണാകരന്‍ • ഏ.കെ. ആന്റണി • പി.കെ. വാസുദേവന്‍ നായര്‍ • സി.എച്ച്. മുഹമ്മദ്കോയ • ഇ.കെ. നായനാര്‍ • ഉമ്മന്‍ ചാണ്ടി • വി.എസ്. അച്യുതാനന്ദന്‍ |