സാരംഗി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് സാരംഗി. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് സാരംഗി പ്രചാരത്തിലാവാന്‍ തുടങ്ങിയത്. വായ്പാട്ടിനു അകമ്പടിയായി സാരംഗി ഉപയോഗിച്ചിരുന്നു. എങ്കിലും ഇന്ന് ഹാര്‍മോണിയം സാരംഗിക്കു പകരമായി പലയിടങ്ങളിലും ഉപയോഗിക്കുന്നു.
സരോദിനെ പോലെ ആട്ടിന്‍തോല് കൊണ്ടുള്ള വായ് വട്ടവും ഏകദേശം പരന്നു നീണ്ട രൂപവുമാണ് സാരംഗിക്കുള്ളത്. പ്രധാനപ്പെട്ട മൂന്നു കമ്പികളാണ് സാരംഗിയില്‍ ഉള്ളത്. വയലിനിലെപ്പോലെ കമ്പികള്‍ വലിച്ചു കെട്ടിയിരിക്കുന്നു. ഇവയിലാണ് “ബോ” കൊണ്ട് വായിക്കുക. ഇതിനുപുറമേ 30 മുതല്‍ 40 വരെ സഹായക കമ്പികളും സാരംഗിയില്‍ ഉണ്ട്. ഇവയാണ് സാരംഗിക്ക് തനതായ ശബ്ദം നല്‍കുക.
ഇടതു കൈ നഖങ്ങള്‍ കൊണ്ട് കമ്പികളില്‍ പിടിച്ചാണ് സാരംഗിയില്‍ ശബ്ദ വ്യതിയാനങ്ങള്‍ ഉണ്ടാക്കുക.