അജിത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളില്‍ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവര്‍ത്തകയുമാണ്. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്.
ഉള്ളടക്കം |
[തിരുത്തുക] ബാല്യം
1950 ഏപ്രിലില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവര്‍ത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ടീയത്തില്‍ ആകൃഷ്ട ആയിരുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണനായിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയും. കുന്നിക്കല്‍ നാരായണന്‍ 1979 ഇല്‍ മരിച്ചു. അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. മന്ദാകിനി ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ആകൃഷ്ട ആവുകയും നിരീശ്വരവാദം മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കല്‍ നാരായണനെ വിവാഹം കഴിക്കുകയും ചെയ്തു. കോഴിക്കോട് അച്യുതന്‍ ഗേള്‍സ് ഹൈ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1964 -ല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെത്തന്നെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ ജാഥ നടത്തുകയും ചെയ്തു.
[തിരുത്തുക] നക്സല്‍ പ്രസ്ഥാനവും അജിതയും
1960 കളുടെ അവസാനത്തില്‍ അജിത നക്സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായി. തലശ്ശേരി-പുല്‍പ്പള്ളി ‘ആക്ഷനുകള്‍’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. പുല്‍പ്പള്ളി നക്സല്‍ ആക്ഷനില്‍ അജിത പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് ഇന്‍സ്പെക്ടറുടെ കൈ വെട്ടിയ കേസില്‍ പ്രതിയാണ്. അന്നു 19 വയസ്സു മാത്രമുള്ള അജിത രക്തം പുരണ്ട തന്റെ കൈപ്പടകള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ മതിലില്‍ പതിച്ചു എന്നു ചരിത്രം. ഈ ആക്ഷനുകളുടെ തിരിച്ചടിയായി 1968 ഇല്‍ അറസ്റ്റുചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ വെച്ച് കൊടിയ ക്രൂരതകള്‍ക്ക് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു. ഒരു മനോരമ പത്ര ഫോട്ടോഗ്രാഫര്‍ പോലീസുകാരെ പറ്റിച്ച് അജിതയുടെ ലോക്കപ്പിലെ ചിത്രം എടുത്ത് പത്രത്തില്‍ കൊടുത്തതുകൊണ്ടാണ് അജിതയെ അറസ്റ്റ് ചെയ്ത വിവരം പോലീസിന് സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കില്‍ അജിത ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നു എന്നും ആ മനോരമ ഫോട്ടോഗ്രാഫര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളില്‍ പിടിച്ചുനില്‍ക്കുന്ന അര്‍ധവസ്ത്രധാരിയായ അജിതയുടെ ചിത്രം കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പോസ്റ്റര്‍ ചിത്രമാണ്. അജിത വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.
[തിരുത്തുക] സാമൂഹ്യ പ്രവര്‍ത്തനം
കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും, അവരുടെ ബോധവല്‍ക്കരണത്തിനു വേണ്ടിയും ശബ്ദമുയര്‍ത്തിയ അജിത, കുപ്രസിദ്ധിയാര്‍ജ്ജിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനെ കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരാൻ നിസ്തുലമായ പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ (2004) സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡോ. പി.ജെ.കുര്യനെതിരെ പ്രചരണം നടത്തി. ഡോ. പി.ജെ.കുര്യന്‍ 10,000-ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. ഇന്ന് അജിത കോഴിക്കോട് താമസിക്കുന്നു.