ഇന്ത്യന്‍ കോഫീ ഹൌസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യന്‍ കോഫീ ഹൌസ് ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ പ്രശസ്തമായ കോഫീ ഹൌസ് ശൃംഖലയാണ്. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്.
കേരളത്തിലെ ഐതിഹാസിക കമ്മ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ്ഗ നേതാവായിരുന്ന എ കെ ഗോപാലന്‍ 1958-ല്‍ തൃശൂരില്‍ രൂപം നല്‍കിയ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന്‍ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യന്‍ കോഫീ ഹൌസ് ശൃംഖല നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെ ഇന്ത്യന്‍ കോഫീ ഹൌസുകളുണ്ട്. കൂടാതെ കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യയിലെ വന്‍നഗരങ്ങളിലും ഇവര്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
മധ്യവര്‍ഗ്ഗ മലയാളിയുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ് ഈ കാപ്പിക്കട എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ജീവിത വ്യാപാരങ്ങളുടെ ഇടവേളകളില്‍ ഇന്ത്യന്‍ കോഫീ ഹൌസിലെ പ്രശസ്തമായ കാപ്പിയും കുടിച്ച് അല്‍പനേരം സല്ലപിക്കുന്നത് മലയാളിയുടെ ശീലമാണ്. അന്‍പതിലേറെ വര്‍ഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍ ജനപ്രിയ ബ്രാന്‍ഡായി നിലനില്‍ക്കുന്നു.
തൊഴിലാളി സമരങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പേരുകേട്ട കേരളത്തില്‍ തൊഴിലാളികള്‍ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യന്‍ കോഫീ ഹൌസിനുണ്ട്.