എം.എഫ്. ഹുസൈന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ (എം.എഫ് ഹുസൈന്‍) ഇന്ത്യയിലെ പ്രശസ്തനായ ആധുനിക ചിത്രകാരനാണ്. അദ്ദേഹം 1915 സെപ്റ്റംബര്‍ 17-നു പാന്തിപ്പൂരില്‍ ജനിച്ചു.
അദ്ദേഹം ഒരു ചിത്രകാരനായി അറിയപ്പെട്ടുതുടങ്ങിയത് 1940-കളിലാണ്. 1952-ല്‍ സൂറിച്ചില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാങ്ക ചിത്രകലാപ്രദര്‍ശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി.
1966-ല്‍ ഇന്ത്യാ സര്‍ക്കാര്‍ അദ്ദേഹത്തെ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. 1967-ല്‍ ‘ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter)' എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിര്‍മ്മിച്ചു. ഈ ചിത്രം ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബേര്‍ (സ്വര്‍ണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.
[തിരുത്തുക] ആദ്യകാലം
ഹുസൈന് ഒന്നര വയസ്സായിരിക്കേ തന്നെ അമ്മ മരിച്ചു. പുനര്‍വിവാഹം ചെയ്ത അദ്ദേഹത്തിന്റെ പിതാവ് ഇന്‍ഡോറിലേക്ക് താമസം മാറി. ഇന്‍ഡോറില്‍ വിദ്യാലയ പഠനം പൂര്‍ത്തിയാക്കിയ ഹുസൈന്‍ 1935-ല്‍ ബോംബെയിലേക്ക് താമസം മാറി. അദ്ദേഹത്തിന് ബോംബെയിലെ സര്‍ ജെ.ജെ. സ്കൂള്‍ ഓഫ് ആര്‍ട്ട്-ഇല്‍ പ്രവേശനം ലഭിച്ചു. അദ്ദേഹം സിനിമാ പരസ്യങ്ങള്‍ വരച്ച് തന്റെ ജീവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ബോംബെയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നതുവരെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു.
[തിരുത്തുക] പില്‍ക്കാലം
ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന ചിത്രകാരനായി ഹുസൈന്‍ മാറി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ക്ക് 20 ലക്ഷം ഡോളര്‍ വരെ ക്രിസ്റ്റീസ് ലേലത്തില്‍ വില ലഭിച്ചിട്ടുണ്ട്.
അദ്ദേഹം കുറച്ച് ചലച്ചിത്രങ്ങളും നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ഗജഗാമിനി (അദ്ദേഹത്തിന്റെ ആരാധനാപാത്രമായിരുന്ന മാധുരി ദീക്ഷിത് പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം - മാധുരിയെക്കുറിച്ച് അദ്ദേഹം ഫിദ എന്ന പേരില്‍ ഒരു ചിത്ര ശൃംഘല തന്നെ രചിച്ചിട്ടുണ്ട്.), മീനാക്ഷി - മൂന്നു നഗരങ്ങളുടെ കഥ (തബു പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രം), ‘ഒരു ചിത്രകാരന്റെ നിര്‍മ്മാണം’ എന്ന ആത്മകഥാസ്പര്‍ശിയായ ചിത്രം തുടങ്ങിയവ ഇതില്‍ പെടുന്നു.
[തിരുത്തുക] വിവാദങ്ങള്‍
ജനങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്തി എന്ന കുറ്റത്തിന് ഹുസൈന്‍ 2006 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദു ദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങള്‍ 1970-ല്‍ വരച്ചതായിരുന്നു എങ്കിലും ഇവ ഒരു ഹിന്ദു മാസികയില്‍ 1996-ല്‍ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുന്‍പ് ഇതിനെതിരായ കുറ്റാരോപണങ്ങള്‍ 2004-ല്‍ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു (ദുര്‍ഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം). ഹുസൈന്റെ ചിത്രങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലും ലണ്ടനില്‍ അദ്ദേഹത്തിന്റെ ഏകാങ്ക ചിത്രപ്രദര്‍ശനം നടത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.