കൊല്ലങ്കോട് (കന്യാകുമാരി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറബിക്കടലിന്റെ തീരത്ത് സമുദ്രനിരപ്പില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് കൊല്ലങ്കോട്. ത്രിവേണി സംഗമത്തിന് സാക്ഷ്യം വഹിക്കുന്ന കന്യാകുമാരി ജില്ലയില്‍, കന്യാകുമാരി മുനമ്പില്‍ നിന്നും 70 കിലോമീറ്ററും, ജില്ലാ ആസ്ഥാനമായ നാഗര്‍കോവിലില്‍ നിന്നും 50 കിലോമീറ്ററും വടക്കും, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനു 40 കിലോമീറ്റര്‍ തെക്കും മാറിയാണ് കൊല്ലങ്കോടിന്റെ സ്ഥാനം. ഊരമ്പില്‍ നിന്നും തുടങ്ങി പുന്നമൂട്ടുക്കട, ക്ച്ചേറ്റിനട, സിലുവപുരം, കല്ലുവെട്ടാങ്കുഴി, കണ്ണനാഗം, കാക്കവിള, ഇളം പാലമുക്ക്, മഞ്ഞത്തോപ്പ്, മേടവിളാഗം എന്നീ സ്ഥലങ്ങളും, വള്ളവിള, മാര്‍ത്താണ്ടന്‍തുറ,നീരോടി എന്നീ തീരദേശപ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് കൊല്ലങ്കോട് പട്ടണം.
ഉള്ളടക്കം |
[തിരുത്തുക] കാലാവസ്ഥ
ഉഷ്ണമേഖലയിലുള്ള പ്രദേശമായതിനാല്‍ കാലാവസ്ഥയില്‍ ഋതുഭേതങ്ങള്‍ക്കൊത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. താപനില വര്‍ഷം മുഴുവനും 21 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും. മഴക്കാലത്ത് ആര്‍ദ്രത ഉയര്‍ന്ന് 90 ശതമാനം വരെ എത്താറുണ്ട്.
[തിരുത്തുക] സാമ്പത്തികം
മത്സ്യബന്ധനം, കൃഷി എന്നിവയാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍. പരമ്പാഗത തൊഴിലുകളില്‍ നിന്നുമാറി, സമീപത്തുള്ള തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ടെക്നോപാര്‍ക്ക്, തുമ്പയിലെ വി.എസ്.എസ്.സി, നാഗര്‍കോവില്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയിലും തൊഴില്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്.
[തിരുത്തുക] രാഷ്ട്രീയവും ഭരണ സംവിധാനവും
കൊല്ലങ്കോട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍, വിളവന്‍കോട് താലൂക്കിലെ ഒരു സ്വതന്ത്ര നഗര പഞ്ചായത്താണ്.
[തിരുത്തുക] ഗതാഗതം
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നാഗര്‍കോവില്‍, മാര്‍ത്താന്‍ഡം, കളിയിക്കാവിള, പാറശ്ശാല, തിരുവനന്തപുരം, മധുര എന്നീ സ്ഥലങ്ങളിലേക്കു സര്‍വീസ് നടത്തുന്നു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തിരുവനന്തപുരം, എറണാകുളം, നെയ്യാറ്റിന്‍കര എന്നീ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. 8 കിലോമീറ്റര്‍ അകലെയുള്ള പാറശ്ശാലയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം 40 കിലോ മീറ്റര്‍ അകലെയാണ്.
[തിരുത്തുക] ജനവിഭാഗങ്ങള്‍
100 % സാക്‍ഷരത നേടിയ കൊല്ലങ്കോട് പഞ്ചായത്തിന്റെ ജനസംഖ്യ 40000-ന് മുകളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളിലെ ജനങ്ങള്‍ ഇവിടെ വസിക്കുന്നു. മലയാളം, തമിഴ് ഭാഷകള്‍ സംസാരിക്കുന്നു.
[തിരുത്തുക] സംസ്കാരം
പഴയ തിരുവിതാംകൂറിന്റെ ഭാഗമായ ഇവിടുത്തെ ജനങ്ങള്‍ തിരുവിതാംകൂര്‍ സംസ്കാരം പിന്തുടരുന്നു. കൊല്ലങ്കോട് തൂക്കമാണ്, പ്രാദേശികമായി ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ഓണം, ക്രിസ്തുമസ്, റംസാന്‍, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങളും പ്രാധാന്യത്തോടെ കൊണ്ടാടുന്നു.
[തിരുത്തുക] വിദ്യാഭ്യാസം
[തിരുത്തുക] പ്രധാന സ്കൂളുകള്‍
- ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലങ്കോട്
- ശ്രീദേവി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലങ്കോട്
- എ.ബി.സി. മെട്രിക്.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലങ്കോട്
- ശ്രീവിദ്യാദിരാജ മെട്രിക്.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലങ്കോട്
- ഡോ:അംബേദ്‌കര്‍ സി.ബി.എസ്.ഇ. സ്കൂള്‍,കൊല്ലങ്കോട്
- സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലങ്കോട്
ഇവക്കു പുറമേ പന്ത്രണ്ടോളം പ്രൈമറി സ്കൂളുകളും ഒരൂ ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്കൂളും ഇവിടെയുണ്ട്.
4 കിലോ മീറ്റര്‍ അകലെയുള്ള തൂത്തൂര്‍ കോളേജിനെയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനായി ആശ്രയിക്കുന്നത്.
[തിരുത്തുക] മാധ്യമങ്ങള്‍
എല്ലാ പ്രമുഖ മലയാളം, തമിഴ്, ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും, തിരുവനന്തപുരം, നാഗര്‍കോവില്‍ എഡിഷനുകള്‍ ഇവിടെ ലഭ്യമാണ്. കേബിള്‍ ടെലിവിഷന്‍ സര്‍വീസും ഇവിടെ ലഭ്യമാണ്.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- http://www.kollemcodedevi.com/ - കൊല്ലങ്കോട് ദേവീ ക്ഷേത്രം
- http://www.vallavilai.com/ - വള്ളവിള - കൊല്ലങ്കോടിലെ ഒരു തീരദേശഗ്രാമം
- http://www.kanyakumari.tn.nic.in/ - കന്യാകുമാരി ജില്ലയുടെ വെബ് വിലാസം