ജലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലം,സമുദ്രങ്ങള്‍, പുഴകള്‍, കിണറുകള്‍, തടാകങ്ങള്‍ ഇവയില്‍ നിന്നും മഴ മുഖേനയും ലഭിക്കുന്ന ദ്രാവകമാണ് ജലം അഥവാ വെള്ളം. രുചിയോ മണമോ ഇല്ലാത്ത ദ്രാവകം. കുറഞ്ഞ അളവില്‍, ജലം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ നിറമില്ലാത്ത പദാര്‍ത്ഥവുമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ ജലം അത്യാവശ്യമാണ്.
ഭൂതലത്തിന്റെ 70% വും വെള്ളത്താല്‍ ആവൃതമാണ്. ഭൂമിയില്‍ വിവിധ രൂപത്തില്‍ ലഭ്യമായ ജലത്തിന്റെ ആകെ അളവ് 1.4 ബില്ല്യന്‍ ക്യുബിക് കിലോമീറ്റര്‍ ആണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UN Environment Program) കണക്കാക്കിയിട്ടുണ്ട്. ഇതില്‍ ഏറിയ പങ്കും സമുദ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലെ മഞ്ഞിന്റെ രൂപത്തിലുമാണ്. ഭൂമിക്കു പുറമേ വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ, ശനിയുടെ ഉപഗ്രഹമായ എന്‍സെല്ലാഡസ് എന്നിവിടങ്ങളിലും ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൌര്‍ലഭ്യം നേരിടുന്നു.
ഉള്ളടക്കം |
[തിരുത്തുക] രാസഘടന
ജലതന്മാത്ര ഹൈഡ്രജന്റേയും ഓക്സിജന്റേയും ആറ്റങ്ങള്‍ അടങ്ങിയ ഒരു സംയുക്തമാണ്. ഓരോ തന്മാത്രയിലും ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്റെ രാസവാക്യം H2O.
മൂന്ന് അവസ്ഥകളിലും പ്രകൃതിയില്‍ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ്. വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിന്റെ കഴിവിനെക്കണക്കാക്കി ജലത്തെ സാര്‍വത്രിക ലായകം(universal solvent) എന്നും വിളിക്കുന്നു.
[തിരുത്തുക] നിറം
ജലം ഇന്‍ഫ്രാറെഡ് കിരണങ്ങളെ പൂര്‍ണമായി ആഗിരണം ചെയ്യുന്നു. വിദ്യുത്കാന്തിക രാജിയില്‍ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ക്ക് തൊട്ടടുത്തുള്ളതാണല്ലോ ചുവപ്പ്. ആയതിനാല്‍ ചെറിയ അളവില്‍ ചുവപ്പു പ്രകാശത്തേയും ജലം ആഗിരണം ചെയ്യുന്നു. ഇക്കാരണത്താലാണ് കൂടിയ അളവിലുള്ള ജലം നീല നിറത്തില്‍ കാണപ്പെടുന്നത് (ഉദാ: സമുദ്രജലം). ജലത്തില്‍ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങള്‍ മൂലം അതിന്റെ നിറത്തിന് മാറ്റം സംഭവിക്കുന്നു. ചുണ്ണാമ്പുകല്ലിന്റെ സാന്നിധ്യം ജലത്തിന് പച്ച കലര്‍ന്ന നീല (turquoise) നിറം നല്‍കുന്നു. ഇരുമ്പിന്റെ സംയുക്തങ്ങളുടെ സാന്നിധ്യം വെള്ളത്തിന് ചുവപ്പു കലര്‍ന്ന തവിട്ടു നിറവും, ചെമ്പിന്റെ സംയുക്തങ്ങള്‍ കടും നീല നിറവും, കടല്‍ജീവികളായ ആല്‍ഗകളുടെ സാന്നിധ്യം ജലത്തിന് പച്ച നിറവും നല്‍കുന്നു.
[തിരുത്തുക] സമുദ്രജലം
സമുദ്രജലം വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വ്യത്യസ്ഥ ലവണങ്ങളുടെ ഒരു ലായനിയാണ്. കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് ആണ് ഈ ലവണങ്ങളില്‍ പ്രധാനം.
[തിരുത്തുക] ജലത്തിന്റെ അവസ്ഥകള്‍
[തിരുത്തുക] മഞ്ഞ്
ജലത്തിന്റെ ഖരരൂപം. ശുദ്ധജലം 0° സെ. (-32° ഫാ.) താപനിലയില്‍ മഞ്ഞുകട്ടയായി മാറുന്നു. വെള്ളത്തില്‍ ഉപ്പു പോലെയുള്ള സംയുക്തങ്ങള്‍ ചേര്‍ക്കുന്നതു വഴി ഖരാങ്കം (ആംഗലേയം: freezing poing) താഴ്ത്താന്‍ സാധിക്കും.
ജലം മഞ്ഞുകട്ടയായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിന്റെ സാന്ദ്രത കുറയുകയും വ്യാപ്തം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാന്ദ്രത കുറവായതിനാലാണ് മഞ്ഞുകട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.
[തിരുത്തുക] നീരാവി
ജലത്തിന്റെ വാതകാവസ്ഥ.
[തിരുത്തുക] ഘനജലം
ഘനഹൈഡ്രജന്‍ അടങ്ങിയിരിക്കുന്ന ജലം. ഘന ജലത്തിന്റെ തന്മാത്രകളില്‍ സാധാരണ ഹൈഡ്രജനു പകരം ഘന ഹൈഡ്രജന്‍ അഥവാ ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യുട്ടീരിയം ആണ് അടങ്ങിയിരിക്കുന്നത്. ഡ്യുട്ടീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജന്റേതിനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകള്‍ നേരിയ അളവില്‍ കാണപ്പെടുന്നുണ്ട്. ചില ന്യൂക്ലിയര്‍ റിയാക്റ്ററുകളില്‍ മോഡറേറ്റര്‍ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.