ടി.എന്‍. ശേഷന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുനെല്ലായി നാരായണയ്യര്‍ ശേഷന്‍ ഇന്ത്യയുടെ പത്താമത്തെ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആയിരുന്നു (1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 വരെ). തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായ ചില പരിഷ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ‘അള്‍ശേഷന്‍’ തുടങ്ങിയ ഓമനപ്പേരുകള്‍ സമ്മാനിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ബാല്യം, വിദ്യാഭ്യാസം
പാലക്കാട് ജില്ലയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന്‍ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്.ശേഷന്‍ ബാസെല്‍ ഇവാഞ്ജലിക്കല്‍ വിദ്യാലയത്തില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍നിന്നു ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.
ക്രിസ്ത്യന്‍ കോളെജില്‍ തന്നെ അദ്ധ്യാപകനായി ചേര്‍ന്ന ശേഷന്‍ മൂന്നു വര്‍ഷം പഠിപ്പിച്ചതിനുശേഷം 1953 ഇല്‍ പോലീസ് സര്‍വീസ് പരീക്ഷ എഴുതി പാസായി. 1954 ഇല്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് പരീക്ഷയും പാസായി. 1955 ഇല്‍ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നു.
[തിരുത്തുക] ഔദ്യോഗിക ജീവിതം
ദിണ്ഡിഗലിലെ സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതല്‍ക്കേതന്നെ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതെ കര്‍മനിരതനായ ശേഷന്‍ പല മന്ത്രിമാരുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങള്‍ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹത്തിന് അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസണ്‍ സ്കോളര്‍ഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു.
അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് ഇന്ത്യാ ഗവണ്മെന്റിലെ പല ഉയര്‍ന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോര്‍ജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടര്‍, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികള്‍ വഹിച്ചു. തമിഴ്നാട്ടില്‍ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയില്‍ തിരിച്ചെത്തി.
ദില്ലിയില്‍ തിരിച്ചെത്തിയ ശേഷന്‍ ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കമ്മീഷന്‍ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തില്‍ അദ്ദേഹം തെഹരി അണക്കെട്ടിനും നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്തി.
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ആസൂത്രണ കമ്മീഷന്‍ അംഗവുമായിരുന്നു.
[തിരുത്തുക] തിരഞ്ഞെടുപ്പ് കമ്മീഷണര്‍
1990 മുതല്‍ 96 വരെ ഇലക്ഷന്‍ കമ്മീഷണറായിരുന്ന കാലത്താണ് ശേഷന്‍ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും അറിയപ്പെടുന്നത്. ഈ കാലയളവില്‍ 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാന്‍ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പദവികളെ വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരെ കൂടി നിയമിച്ചെങ്കിലും (എം.എസ്.ഗില്‍, ജി.വി.എസ്.കൃഷ്ണമൂര്‍ത്തി) സുപ്രീം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയര്‍ത്തിപ്പിടിച്ചു. എങ്കിലും കേസുകള്‍ നീണ്ടുപോവുകയും ഒടുവില്‍ 1996 ഇല്‍ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണര്‍ക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പുകള്‍ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം ‘ദേശീയ വോട്ടേഴ്സ് അവയര്‍നെസ് കാമ്പെയ്ന്‍’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാന്‍ ഉദ്ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചിലവുകള്‍ക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പില്‍ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാര്‍ത്ഥികള്‍ അവരുടെ വരുമാന വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി. രാജ്യസഭയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവര്‍ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നു. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു.
തിരഞ്ഞെടുപ്പുകളില്‍ കള്ള വോട്ട് ഒഴിവാക്കാന്‍ വീഡിയോ ടീമുകളെ നിയോഗിച്ചു. അദ്ദേഹം മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ കൊണ്ടുവന്നു. ഇതിന്‍ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മണ്ഡലത്തിന് വലിയ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുവാന്‍ അവകാശമില്ല. തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍, ഹെലികോപ്ടറുകള്‍, ബംഗ്ലാവുകള്‍ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു.
തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്കാരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ക്കു വഴിതെളിക്കുകയും ചെയ്തു.
[തിരുത്തുക] പുരസ്കാരങ്ങള്‍
1996-ല്‍ മാഗ്സസേ അവാര്‍ഡ് ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു.
[തിരുത്തുക] മറ്റു വിവരങ്ങള്‍
- തന്റെ വര്‍ദ്ധിതമായി വരുന്ന പൊതുജന പിന്തുണ കണക്കിലെടുത്ത് 1997-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കെ ആര്‍ നാരായണന് എതിരെ ശിവസേന ടിക്കറ്റില്‍ മത്സരിച്ച് പരാജയമടഞ്ഞു.
- കുറിക്കു കൊള്ളുന്ന വാചകങ്ങള്‍ക്കു പ്രശസ്തനാണ് ശേഷന്‍.
- സര്‍വീസില്‍നിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന ദേശഭക്ത് ട്രസ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചു.