നോബല്‍ സമ്മാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകത്തെ ഏറ്റവും അഭിമാനാര്‍ഹമായ പുരസ്‌കാരമാണ് 10 മില്ല്യണ്‍ സ്വീഡന്‍ ക്രോണ അഥവാ 62.6 മില്ല്യണ്‍ ഇന്ത്യന്‍ രൂപ (2006-ലെ നോബല്‍ തുകയുടെ കണക്ക്. ഇത് ഓരോ വര്‍ഷവും മാറിവരുന്നു) തുക വരുന്ന നോബല്‍ സമ്മാനം. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവര്‍ത്തനങ്ങള്‍, സാമ്പത്തികശാസ്‌ത്രം എന്നീ മേഖലകളില്‍, ലോകത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നല്‍കുന്ന പുരസ്‌കാരമാണ് നോബല്‍ സമ്മാനം.
ഉള്ളടക്കം |
[തിരുത്തുക] ആല്‍ഫ്രഡ് ബെര്‍ണ്‍ഹാര്‍ഡ് നോബല്‍
1866-ല്‍ നൈട്രോഗ്ലിസറിന്‍ കണ്ടുപിടിക്കുകയും ഡൈനാമിറ്റ് നിര്‍മ്മിക്കാന്‍ നൈട്രോഗ്ലിസറിന്റെ ഉപയോഗം ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്‌ത സ്വീഡിഷ് ശാസ്‌ത്രജ്ഞനാണ് ആല്‍ഫ്രഡ് നോബല്‍. 1895 നവംബര്‍ 27-ന് അദ്ദേഹം അദ്ദേഹത്തിന്റെ വില്‍പത്രം എഴുതിവെച്ചു. അതില്‍ അദ്ദേഹത്തിന്റെ സ്വത്തിന്റെ ഭാഗങ്ങള്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ടവര്‍ക്ക് എഴുതിവെച്ചതിനു ശേഷം, സ്വത്തിന്റെ ഒരു ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവര്‍ത്തനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള പുരസ്‌കാരത്തിനു വേണ്ടി മാറ്റി വെക്കുന്നതിനെ കുറിച്ച് ഒരു വലിയ ഖണ്‍ഠിക എഴുതിച്ചേര്‍ക്കുകയും ചെയ്‌തു. ഖണ്‍ഠികയുടെ അവസാനഭാഗത്തില്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു
'എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിക്കുന്നതെന്തെന്നാല്‍, പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതില്‍ സമ്മാനാര്‍ത്ഥി ഏത് രാജ്യക്കാരനാണ് എന്ന കാര്യത്തില്‍ യാതൊരു വിധ പരിഗണനയും നല്‍കരുത്; പക്ഷെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ പുരസ്‌കാരം ലഭിക്കണം. അത് സ്‌കാന്‍ഡിനേവിയനായാലും ശരി, അല്ലെങ്കിലും ശരി..'
സമ്മാനത്തുക സ്വീഡിഷ് ജനതക്ക് മാത്രം പരിമിതപ്പെടുത്താത്ത ഈ വരികള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവന്‍ എന്ന് വരെ വിമര്‍ശിക്കാനാളുകളുണ്ടായി. 1896-ല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് പുറംലോകം അറിയുന്നത്. പക്ഷെ, വന്‍സമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിനെ കുടുംബക്കാര്‍ ശക്തമായി എതിര്‍ത്തു. ഈ എതിര്‍പ്പും പ്രശ്‌നങ്ങളും നോബല്‍ സമ്മാനം ആരംഭിക്കുന്നത് 1901 വരെ വൈകിക്കാന്‍ കാരണമായി.
[തിരുത്തുക] നോബല്‍ ഫൌണ്ടേഷന്‍
നോബല്‍, അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ എഴുതിയ ആഗ്രഹങ്ങളുടെ ഭരണകര്‍ത്താക്കളായി, നോബലിന്റെ ലബോറട്ടറിയില്‍ ജോലി ചെയ്‌തിരുന്ന റഗ്‌നാര്‍ സോള്‍മനേയും, റുഡോള്‍ഫ് ലില്ജെഖ്വിസ്‌റ്റിനെയും നിയമിച്ചതായി വില്‍പത്രത്തില്‍ എഴുതിയിരുന്നു. അവര്‍ ആദ്യമായി ചെയ്‌തത്, നോബലിന്റെ സ്വീഡനു പുറത്തുള്ള മുഴുവന്‍ സ്വത്തുക്കളും സ്വീഡനിലേക്ക് മാറ്റുക എന്നതായിരുന്നു. നോബലിന്റെ മരണശേഷം അവ നഷ്‌ടപ്പെടരുത് എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നില്‍. പിന്നീട്, നോബലിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ റഗ്‌നര്‍ സോള്‍മന്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് നിര്‍വഹിച്ചു. നോബല്‍ സമ്മാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു അദ്ദേഹം നോബല്‍ ഫൌണ്ടേഷന്‍ എന്ന പേരില്‍ 1900-ല്‍ ഒരു ട്രസ്‌റ്റ് രൂപീകരിച്ചു. നോബല്‍ അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ സൂചിപ്പിച്ച പ്രകാരമുള്ള അഞ്ച് അവാര്‍ഡിംഗ് സ്‌ഥാപനങ്ങളെയും, ഈ ഫൌണ്ടേഷനുമായി സഹകരിപ്പിക്കുന്നതില്‍ റഗ്‌നാര്‍ വിജയിച്ചു.
[തിരുത്തുക] അവാര്‍ഡിംഗ് കമ്മിറ്റികള്‍
നോബല്‍ തന്റെ വില്‍പത്രത്തില്‍ അഞ്ച് വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്‍പിക്കണമെന്ന് കൂടി ആഗ്രഹം എഴുതിവെച്ചിരുന്നു. അതിപ്രകാരമാണ്.
-
- ഭൌതികശാസ്‌ത്രം, രസതന്ത്രം - സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ്
- ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - കരോലിന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഇന്‍ സ്‌റ്റോക്‌ക്‍ഹോം.
- സാഹിത്യം - സ്വീഡിഷ് അക്കാദമി
- സമാധാനശ്രമങ്ങള്‍ക്കുള്ളത് - നോര്‍വീജിയന്‍ പാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.
മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ തന്നെയാണ് ഇന്നും അതാത് കാറ്റഗറിയിലുള്ള സമ്മാനങ്ങള്‍ക്കര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതും. നോബല്‍ തന്റെ വില്‍പത്രത്തില്‍ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാര്‍ഷികവരുമാനത്തുകയാണ് നോബല്‍ സമ്മാനത്തുകയായി വീതിക്കുന്നത്. അത് കൊണ്ട് തന്നെ, ഓരോ വര്‍ഷവും നോബല്‍ സമ്മാനത്തുകയില്‍ മാറ്റങ്ങള്‍ വരുന്നു.
സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം, നോബലിന്റെ വില്‍പത്രത്തില്‍ പറഞ്ഞിട്ടില്ലായിരുന്നു. 1968-ല്‍ സ്വീഡിഷ് ബാങ്കായ സ്വെറിഗ്‌സ് റിക്‍സ്ബാങ്ക്, അവരുടെ 300-ആം വാര്‍ഷികത്തില്‍ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരില്‍ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൂടി ചേര്‍ക്കുന്നു. സാമ്പത്തികശാസ്‌ത്രത്തിലെ നോബല്‍ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം കൂടി റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സില്‍ നിക്ഷിപ്‌തമാണ്.
നോബല്‍ സമ്മാനത്തിനു വേണ്ടി സ്വയം നോമിനേഷനുകള്‍ നല്‍കുന്നത് അനുവദനീയമല്ല.
[തിരുത്തുക] സമ്മാനദാനച്ചടങ്ങ്
ആല്‍ഫ്രഡ് നോബലിന്റെ ചരമദിനമായ ഡിസംബര്‍ 10-നാണ് എല്ലാ വര്‍ഷവും നോബല്‍ സമ്മാനദാനച്ചടങ്ങ് നടക്കുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ക്‍ഹോമിലെ പ്രധാനവേദിയില്‍ വെച്ച് സമ്മാനജേതാക്കള്‍, സമ്മാന മെഡലും, നോബല്‍ സമ്മാന ഡിപ്ലോമയും, നോബല്‍ സമ്മാനത്തുകയുടെ പത്രവും ഏറ്റുവാങ്ങുന്നു. സ്വീഡന്റെ കാര്‍ള്‍ ഗസ്‌റ്റാവ് രാജാവ് സമ്മാനത്തുക പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാത്രം, നോര്‍വയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ വെച്ച് നോര്‍വീജിയന്‍ നോബല്‍ സമ്മാന കമ്മിറ്റി പ്രസിഡന്റില്‍ നിന്നും നോര്‍വേയുടെ ഹറാള്‍ഡ് രാജാവിന്റെ സാന്നിദ്ധ്യത്തില്‍ സമ്മാനജേതാക്കള്‍ ഏറ്റു വാങ്ങുന്നു. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ് സമ്മാനജേതാക്കളുടെ, വിഷയത്തിന്‍ മേലുള്ള പ്രബന്ധാവതരണം. ഓസ്‌ലോയിലെ ചടങ്ങില്‍, അവാര്‍ഡ്‌ദാന ദിവസമാണ് പ്രബന്ധാവതരണം നടക്കുന്നതെങ്കില്‍, സ്‌റ്റോക്‌ക്‍ഹോമിലെ ചടങ്ങില്‍, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഇത് നടക്കുന്നു.
[തിരുത്തുക] നോബല്‍ സമ്മാനം - ജേതാക്കള്‍
[തിരുത്തുക] നോബല്‍ സമ്മാനം - നാഴികക്കല്ലുകള്‍
[തിരുത്തുക] പുറമേക്കുള്ള കണ്ണികള്‍
നോബല്‍ സമ്മാനം - ഔദ്യോഗിക വെബ്