മൈക്ക് ടൈസണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കല്‍ ജെറാര്‍ഡ് ടൈസണ്‍ (ജനനം - ജൂണ്‍ 30, 1966, അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍) ബോക്സിംഗ് രംഗത്തുനിന്നും വിരമിച്ച ഒരു പ്രൊഫഷണല്‍ ബോക്സറും, മുന്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യനും ആണ്. ലോക ഹെവിവെയ്റ്റ് പട്ട ബെല്‍റ്റ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യനായ മൈക്ക് ടൈസണ്‍ 1999-ല്‍ റിംഗ് മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ എക്കാലത്തെയും മികച്ച ഹെവി വെയ്റ്റ് ബോക്സര്‍മാരുടെ പട്ടികയില്‍ 14-ആമനായി സ്ഥാനം പിടിച്ചു. അദ്ദേഹം ഇരുമ്പ് മൈക്ക് ടൈസണ്‍, കുട്ടി ഡൈനാമൈറ്റ്, ലോകത്തിലെ ഏറ്റവും മോശപ്പെട്ട മനുഷ്യന്‍ എന്നിങ്ങനെയുള്ള അപരനാമങ്ങളില്‍ അറിയപ്പെട്ടു. വിഭജിച്ചുകിടന്ന ലോക ഹെവിവെയിറ്റ് മത്സരങ്ങളെ ഒരുമിപ്പിച്ചത് 80-കളുടെ മദ്ധ്യത്തില്‍ മൈക്ക് ടൈസണ്‍ ആണ്. തന്റെ എല്ലാ എതിരാളികളെയും ആ കാലഘട്ടത്തില്‍ അദ്ദേഹം നിലംപരിശാക്കി.
തന്റെ ഏറ്റവും നല്ല കാലത്ത് ടൈസണ്‍ അജയ്യനായി വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ഒരുകാലത്ത് പുകള്‍പെറ്റ അദ്ദേഹത്തിന്റെ കായിക ജീവിതം വ്യക്തിപരമായ പ്രശ്നങ്ങള്‍, പരിശീലനക്കുറവ്, ജയില്‍ ശിക്ഷകള്‍ എന്നിവകൊണ്ട് നിറഞ്ഞതായിരുന്നു. തന്റെ ആദ്യ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മൈക്ക് ടൈസണ്‍ ഒരുപാട് പ്രതീക്ഷിക്കപ്പെട്ട തന്റെ തിരിച്ചുവരവ് നടത്തിയെങ്കിലും ഗതകാല പ്രൌഢി വീണ്ടെടുക്കുവാന്‍ ആയില്ല. വീണ്ടും ഹെവി വെയ്റ്റ് പട്ടം നേടുവാന്‍ കഴിഞ്ഞെങ്കിലും ഒരു ബോക്സിംഗ് പോരാളി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലമായി കണക്കാക്കപ്പെടുന്നത് 1990-നു മുന്‍പുള്ള കാലഘട്ടം ആണ്. അതിനുശേഷമുള്ള കാലം കൂടുതലും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.
[തിരുത്തുക] ആദ്യകാലം
ബ്രൂക്ലിനിലെ കുപ്രസിദ്ധമായ ബ്രൌണ്‍സ്‌വില്‍ ഭാഗത്ത് ലോര്‍ന സ്മിത്ത് ടൈസണിന്റെയും ജിമ്മി കിര്‍ക്പാട്രിക്കിന്റെയും മകനായി ടൈസണ്‍ ജനിച്ചു. അദ്ദേഹത്തിന്റെ ബാല്യം ദാരിദ്ര്യം നിറഞ്ഞതും അസന്തുഷ്ടവുമായിരുന്നു. മൈക്കിന് രണ്ടു വയസ്സായിരുന്നപ്പോള്‍ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ച് പോയി. അമ്മ ജോലിചെയ്ത് കുടുംബത്തെ മുഴുവന്‍ പുലര്‍ത്തേണ്ടിവന്നു. ബ്രൌണ്‍സ്‌വില്ലിലെ തെരുവുകളില്‍ മുതിര്‍ന്ന കുട്ടികള്‍ മൈക്കിനെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുമായിരുന്നു. പിന്നീട് തന്റെ ഉച്ഛസ്ഥായിയില്‍ ഉള്ള ശബ്ദത്തെ കളിയാക്കുന്നവരെ മൃഗീയമായി മര്‍ദ്ദിക്കുന്ന ഒരു ചെറുപ്പക്കാരനായി മൈക്ക് കുപ്രസിദ്ധനായി. ചെറിയ കുറ്റങ്ങള്‍ക്കും മോഷണം, പിടിച്ചുപറി എന്നിവയ്ക്ക്കും മൈക്ക് എപ്പോഴും പോലീസിന്റെ പിടിയില്‍ ആവാറുണ്ടായിരുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയുടെ അകത്തും പുറത്തുമായി മൈക്ക് ജീവിച്ചു. ഇടികൂടുന്നതിന് ജൂനിയര്‍ ഹൈസ്കൂളില്‍ നിന്ന് മൈക്കിനെ പുറത്താക്കി. ന്യൂയോര്‍ക്കിലെ ഒരു ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ വെച്ച് ടൈസന്റെ അസംസ്കൃതമായ ബോക്സിംഗ് പാടവവും ബോക്സിംഗ് റിംഗിലേക്കുള്ള അനന്തമായ സാധ്യതകളും കണ്ടെത്തിയത് അവിടത്തെ കാവല്‍ക്കാരനായ ബോബി സ്റ്റുവാര്‍ട്ട് എന്ന മനുഷ്യനായിരുന്നു. അദ്ദേഹം തന്നെ ടൈസണെ ഏതാനും മാസങ്ങള്‍ പരിശീലിപ്പിച്ചു. പിന്നീട് പ്രശസ്തനായ ബോക്സിംഗ് പരിശീലകനായ കസ് ദ’അമാറ്റോയ്ക്ക് ബോബി മൈക്ക് ടൈസണെ പരിചയപ്പെടുത്തി.
[തിരുത്തുക] പ്രശസ്തിയിലേക്ക്
മൈക്ക് ടൈസണിന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം മാര്‍ച്ച് 6, 1985-ല്‍ ആയിരുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ അല്‍ബാനി എന്ന നഗരത്തില്‍ ആയിരുന്നു ഈ മത്സരം. ആദ്യ റൌണ്ടിലെ ഒരു നോക്കൌട്ടിലൂടെ മൈക്ക് ടൈസണ്‍ ഹെക്ടര്‍ മെര്‍സിഡെസിനെ പരാജയപ്പെടുത്തി. തന്റെ ആദ്യ രണ്ട് പ്രൊഫഷണം വര്‍ഷങ്ങളില്‍ മൈക്ക് ധാരാളം തവണ മത്സരിച്ചു. അജയ്യനായി നിലകൊണ്ട മൈക്ക് തന്റെ ആദ്യത്തെ 19 മത്സരങ്ങള്‍ നോക്കൌട്ടിലൂടെ വിജയിച്ചു. ഇതില്‍ 14 എണ്ണത്തില്‍ ആദ്യ റൌണ്ടില്‍ തന്നെയായിരുന്നു എതിരാളിയെ നോക്കൌട്ട് ആക്കിയത്. അദ്ദേഹത്തിന്റെ എതിരാളികളുടെ നിലവാരം പതിയെ ഉയര്‍ന്നു വന്നു. അദ്ദേഹത്തിന്റെ തുടര്‍ച്ചയായി ഉള്ള വിജയങ്ങള്‍ ഒരുപാട് മാധ്യമ ശ്രദ്ധയും പിടിച്ചുപറ്റി. അടുത്ത ഹെവി വെയ്റ്റ് ചാമ്പ്യന്‍ എന്ന് മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു.
അമേരിക്കയില്‍ എമ്പാടും ടെലിവിഷന്‍ സംപ്രേഷണം ചെയ്ത, മൈക്ക് ടൈസന്റെ ആദ്യ മത്സരം 1986 ഫെബ്രുവരി 16-നു ഹൂസ്റ്റണ്‍ ഫീല്‍ഡ് ഹൌസ്, ട്രോയ്, ന്യൂയോര്‍ക്കില്‍ ആയിരുന്നു. ഹെവിവെയിറ്റ് ജേര്‍ണിമാന്‍ ആയ ജെസ്സി ഫെര്‍ഗൂസന്‍ ആയിരുന്നു എതിരാളി. മൈക്ക് ടൈസണ്‍ ഫെര്‍ഗൂസണിനെ 5-ആം റൌണ്ടില്‍ ഒരു അപ്പര്‍ കട്ടിലൂടെ ഇടിച്ച് താഴെയിട്ടു. ഈ ഇടിയില്‍ ഫെര്‍ഗൂസണിന്റെ മൂക്ക് ഒടിഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്നു (ലൈഫ് മാഗസിനില്‍ വന്ന ലേഖന പ്രകാരം). ഫെര്‍ഗൂസണ്‍ ടൈസണിനെ ശരീരത്തില്‍ അള്ളിപ്പിടിച്ച് മത്സരം നീട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചു. പല തവണ ഇതിന് ഫെര്‍ഗൂസണിനെ വഴക്കുപറഞ്ഞ റെഫെറി ഒടുവില്‍ ആറാം റൌണ്ടിന്റെ മധ്യത്തില്‍ മത്സരം നിറുത്തുകയും മൈക്ക് ടൈസണെ ടെക്നിക്കല്‍ ക്നോക്ക് ഔട്ടിലൂടെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
1986 നവംബര്‍ 22-നു മൈക്ക് ടൈസണിന്റെ ആദ്യത്തെ ടൈറ്റില്‍ മത്സരം നടന്നു. ട്രെവോര്‍ ബെര്‍ബിക്കിനെതിരായി ഡബ്ലുയ്. ബി.സി. ഹെവിവെയിറ്റ് പട്ടത്തിനായിരുന്നുഈ മത്സരം. ടൈസണ്‍ ഈ മത്സരം രണ്ടാം റൌണ്ടില്‍ ടെക്നിക്കല്‍ നോക്ക് ഔട്ടിലൂടെ വിജയിച്ചു. അന്ന് 20 വയസ്സും 4 മാസവും പ്രായം ഉണ്ടായിരുന്ന മൈക്ക് ടൈസണ്‍ ഹെവി വെയിറ്റ് പട്ടം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആയി.
20 വയസ്സ് പ്രായം ഉള്ളപ്പോള്‍ മൈക്ക് ടൈസണിന് 222 പൌണ്ട് (101 കിലോ) ആയിരുന്നു ഭാരം. ഏകദേശം 5.5 ശതമാനം മാത്രം ശരീര കൊഴുപ്പ് ഉണ്ടായിരുന്ന മൈക്ക് ടൈസണ്‍ തന്റെ പൊക്കത്തിന് (1.78 മീറ്റര്‍ - 5 അടി 10 ഇഞ്ച്) വേണ്ടുന്നതിനെക്കാള്‍ തടിയന്‍ ആയിരുന്നു. തന്റെ അസംസ്കൃതമായ ശക്തിക്ക് അറിയപ്പെട്ട മൈക്ക് ടൈസണിന് എതിരായി മത്സരിക്കാന്‍ പലരും ഭയപ്പെട്ടു. തന്റെ കൈകളുടെ അതിവേഗതയും, ഇടികളുടെ കൃത്യതയും കൈകളും ശരീരവും ആയി ഉള്ള അനുയോജനവും (കോര്‍ഡിനേഷന്‍), അതി ശക്തമായ ഇടികളും ഇടികളുടെ സമയം കൃത്യമായി ക്രമീകരിക്കുന്നതും എതിരാളികളുടെ ഭയം വര്‍ദ്ധിപ്പിച്ചു. പക്ഷേ അധികം ആളുകള്‍ ശ്രദ്ധിക്കാതെ പോയത്, പ്രതിരോധിക്കാനുള്ള മൈക്ക് ടൈസണിന്റെ കഴിവായിരുന്നു. കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു ഇടി കൊടുത്ത് ഒഴിഞ്ഞുമാറുന്ന തരത്തില്‍ കസ് ഡ്’അമാറ്റോ പഠിപ്പിച്ചതുപോലെ പ്രതിരോധിച്ച മൈക്ക് തന്റെ എതിരാളികളുടെ ഇടിയില്‍ നിന്ന് തെന്നുമാറി അതേസമയം അടുത്തേക്കു നീങ്ങി തന്റെ തകര്‍പ്പന്‍ ഇടികള്‍ എതിരാളിയുടെ മുഖത്ത് പതിപ്പിക്കുമായിരുന്നു.
യുവ ചാമ്പ്യനെക്കുറിച്ച് കാണികള്‍ക്കും ആരാധകര്‍ക്കുമുള്ള പ്രതീക്ഷകളും മാനം മുട്ടെ ഉയര്‍ന്നു. മൈക്ക് ടൈസണ്‍ ലോകത്തെ എല്ലാ ഹെവി വെയ്റ്റ് ജേതാക്കളെയും തോല്‍പ്പിക്കുവാനായി യാത്ര തിരിച്ചു. 1987 മാര്‍ച്ച് 7-നു നെവാദയിലെ ലാസ് വെഗാസില്‍ വെച്ച്‍ മൈക്ക് ടൈസണ്‍ ജയിംസ് ബോണ്‍ക്രഷര്‍ സ്മിത്ത് എന്ന ആളെ തോല്‍പ്പിച്ച് തന്റെ ഹെവി വെയ്റ്റ് പട്ടം നില നിര്‍ത്തി. റെഫെറിമാരുടെ ഒരുമിച്ചുള്ള തീരുമാനത്തില്‍ വിജയിച്ച മൈക്ക് ടൈസണ്‍ സ്മിത്തിന്റെ ഡബ്ല്യു.ബി.എ. പട്ടവും തന്റെ പട്ടത്തോട് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളില്‍ ടൈസണ്‍ മാനിയ കലശലായി. പിങ്ക്ലണ്‍ തോമസ് എന്നയാളെ മെയ് മാസത്തില്‍ ആറാം റൌണ്ടില്‍ ഒരു നോക്കൌട്ടിലൂടെ മൈക്ക് ടൈസണ്‍ പരാജയപ്പെടുത്തി. ആഗസ്റ്റ് 1-നു അദ്ദേഹം ടോണി ടക്കറെ തോല്‍പ്പിച്ച് ഐ.ബി.എഫ് പട്ടം കരസ്ഥമാക്കി. മൂന്നു പ്രധാന ഹെവി വെയ്റ്റ് പട്ടങ്ങളും ഒരേ സമയം നേടുന്ന ആദ്യത്തെ ബോക്സര്‍ ആയി മൈക്ക് ടൈസണ്‍ മാറി. (ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.സി, ഐ.ബി.എഫ് എന്നീ പട്ടങ്ങള്‍). 1987-ലെ മൈക്ക് ടൈസണിന്റെ മറ്റൊരു മത്സരം 1984-ലെ ഒളിമ്പിക്സ് ചാമ്പ്യന്‍ ആയ ടൈറല്‍ ബിഗ്സ് എന്ന ബോക്സറുമായി ആയിരുന്നു. ഈ പ്രശസ്തമായ പ്രകടനത്തില്‍ ടൈസണ്‍ 7-ആം റൌണ്ടില്‍ ഒരു നോക്കൌട്ടിലൂടെ മത്സരം വിജയിച്ചു.
ടൈസണ്‍ 1988-ല്‍ മൂന്നു തവണ മത്സരിച്ചു. പ്രായം ആയെങ്കിലും അങ്കത്തിനു തയ്യാറായ ലാറി ഹോമ്സിനെ ജനുവരി 22-നു മൈക്ക് ടൈസണ്‍ തോല്പിച്ചു. പ്രശസ്തനായ ഈ മുന്‍ ചാമ്പ്യനെ 4-ആം റൌണ്ട് നോക്കൌട്ടിലൂടെയാണ് മൈക്ക് ടൈസണ്‍ തോല്‍പ്പിച്ചത്. 75 പ്രൊഫഷണല്‍ മത്സരങ്ങളില്‍ ഹോംസ് ഏറ്റുവാങ്ങിയ ഏക നോക്കൌട്ടായിരുന്നു ഇത്. ടൈസണ്‍ പിന്നീട് ടോണി റ്റബ്സ് എന്നയാളെ മാര്‍ച്ചില്‍ ടോക്യോയില്‍ വെച്ച് തന്റെ പട്ടം നിലനിര്‍ത്തുന്നതിനായി നേരിട്ടു. എളുപ്പത്തില്‍ ഒരു രണ്ടാം റൌണ്ട് വിജയത്തിലൂടെ ടൈസണ്‍ തന്റെ പട്ടം നിലനിര്‍ത്തി.
1988 ജൂണ്‍ 27-നു ടൈസണ്‍ മൈക്കല്‍ സ്പിങ്ക്സ് എന്ന ബോക്സറെ നേരിട്ടു. ഒരു 15 റൌണ്ട് മത്സരത്തിലൂടെ ലാറി ഹോംസിനെ തോല്‍പ്പിച്ച് പട്ടം കരസ്ഥമാക്കിയ സ്പിങ്ക്സിന് ഗോദയില്‍ വെച്ച് ഒരിക്കലും തന്റെ പട്ടം നഷ്ടമായിരുന്നില്ല. ഹോംസിനെ തോല്‍പ്പിച്ച് അദ്ദേഹം നേടിയ ഐ.ബി.എഫ് പട്ടം സ്പിങ്ക്സില്‍ നിന്ന് പില്‍ക്കാലത്ത് തിരിച്ചു വാങ്ങി എങ്കിലും പലരും (റിങ്ങ് മാഗസിന്‍ ഉള്‍പ്പെടെ) അദ്ദേഹത്തെ ഒരു യഥാര്‍ത്ഥ ഹെവി വെയ്റ്റ് ചാമ്പ്യന്‍ ആയി കരുതുന്നു. ഈ ഒരു ആശയക്കുഴപ്പം ഒന്നാം റൌണ്ടിലെ (1 മിനിറ്റ് 31 സെക്കന്റ് സമയം മാത്രം മത്സരം നീണ്ടപ്പോള്‍) ഒരു മാരകമായ നോക്കൌട്ടിലൂടെ സ്പിങ്ക്സിനെ പരാജയപ്പെടുത്തി ടൈസണ്‍ തീര്‍ത്തു. ടൈസണിന്റെ മത്സര ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായി ഈ മത്സരം കരുതപ്പെടുന്നു.