യൂറോപ്യന്‍ യൂണിയന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്യന്‍ വന്‍കരയിലെ 27 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യന്‍ യൂണിയന്‍. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യന്‍ യൂണിയന്റെ പിറവി. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.
ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാര്‍ഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകള്‍. പൊതുപൌരത്വം പോലുള്ള നയങ്ങള്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോള്‍തന്നെ അംഗരാഷ്ട്രങ്ങളിലെ പൌരന്മാര്‍ക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ നീതിന്യായ കോടതി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങള്‍. ഒരു ജനതയും ഒരു സര്‍ക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയില്‍ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോള്‍ കോണ്‍ഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.
[തിരുത്തുക] അംഗരാജ്യങ്ങള്‍
2007 ജനുവരി ഒന്നിന് ചേര്‍ക്കപ്പെട്ട ബള്‍ഗേറിയയും റുമേനിയയും ഉള്‍പ്പടെ 27 അംഗരാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്. മൊത്തം 43,36,790 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയില്‍ ഏഴാമതും ജനസംഖ്യയില്‍ മൂന്നാമതുമാണ് യൂറോപ്യന്‍ യൂണിയന്റെ സ്ഥാനം.
1952-ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്നു രൂപം നല്‍കിയ യൂറോപ്യന്‍ കോള്‍ ആന്‍ഡ് സ്റ്റീല്‍ കമ്മ്യൂണിറ്റിയാണ് യൂറോപ്യന്‍ യൂണിയന്‍ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതല്‍ 1992-ല്‍ യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി നിലവില്‍ വരും വരെ യൂറോപ്യന്‍ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേര്‍ക്കലുകളോടെ പന്ത്രണ്ടായി. ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്(സ്ഥാപകാംഗങ്ങള്‍), ഡെന്മാര്‍ക്ക്, അയര്‍ലണ്ട്, യു.കെ., ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് യൂണിയന്‍ ഔദ്യോഗികമായി നിലവില്‍ വന്ന 1992-ല്‍ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുന്‍പ് ഡെന്മാര്‍ക്കിന്റെ ഭാഗമായിരുന്ന ഗ്രീന്‍ലാന്‍ഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ല്‍ കൂട്ടായ്മയില്‍ നിന്നും പിന്മാറി.
യൂണിയന്‍ നിലവില്‍ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേര്‍ക്കല്‍ നടന്നത്. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ അന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാള്‍ട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങള്‍ യൂണിയനില്‍ അംഗമായി. 2007 ജനുവരി ഒന്നിനാണ് ഏറ്റവുമൊടുവിലത്തെ കൂട്ടിച്ചേര്‍ക്കല്‍ നടന്നത്. ഈ കൂട്ടിച്ചേര്‍ക്കലിലൂടെ ബള്‍ഗേറിയയും റുമേനിയയും യൂണിയനില്‍ അംഗമായി.