വേലകളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക.
മദ്ധ്യകാലഘട്ടത്തിലെ നായര്‍ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാര്‍ വേഗത്തില്‍ ചുവടുവെക്കുകയും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാള്‍ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉല്‍ഭവം. മത്തൂര്‍ പണിക്കര്‍ എന്ന ചെമ്പകശ്ശേരി പടയുടെ പടനായകനാണ് ഭടന്മാരുടെയും ജനങ്ങളുടെയും പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കുവാനായി ഈ കല കണ്ടുപിടിച്ചത്. ആലപ്പുഴയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വര്‍ഷംതോറും നടക്കുന്ന ഉത്സവത്തിന്റെ ഒരു പ്രധന ഇനമാണ് വേലകളി.
അതിയായ അര്‍പ്പണവും തുടര്‍ച്ചയായ പരിശീലനവും ഈ കലാരൂപത്തിന് ആവശ്യമാണ്.
കഥകളി, കോല്‍കളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തില്‍ കളരിപ്പയറ്റില്‍ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയില്‍ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റില്‍ നിന്ന് കടം കൊണ്ടതാണ്. വേലകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റില്‍ നിന്ന് കടംകൊണ്ടതാണ്.