സഹോദരന്‍ അയ്യപ്പന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ സാമൂഹികപരിഷ്കര്‍ത്താക്കളിലൊരാള്‍.
1889 ആഗസ്റ്റില്‍ എറണാകുളത്ത് വൈപിന്‍ ദ്വീപിലെ ചെറായിയില്‍ കുമ്പളത്ത് പറമ്പില് എന്ന പുരാതന കുടുംബത്തില്‍ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ചെറുപ്പം, യൌവ്വനം
പിതാവ് അകാലചരമമടഞ്ഞതുമൂലം അയ്യപ്പന്‍, ജേഷ്ഠനായ അച്യുതന്‍ വൈദ്യരുടെ സംരക്ഷണയിലാണ്‍ വളര്‍ന്നത്. ചെറായിയില്‍ പ്രാഥമിക വിദ്യാഭാസം പൂര്‍ത്തിയാക്കിയശേഷം പറവൂര്‍ ഹൈസ്കൂളില്‍ പഠിച്ചു. കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷ പഠിച്ച് പാസ്സായി മദ്രാസില്‍ ഉപരിപഠനത്തിനു ചെന്നെങ്കിലും ശരീരാസ്വാസ്ഥം മൂലം ഇടയ്ക്കുവച്ച് പഠനം നിര്‍ത്തി ഒരു കൊല്ലക്കാലം നാട്ടില്‍ നില്‍ക്കേണ്ടി വന്നു. ഈ ഘട്ടത്തില്‍ വിദ്യാപോഷിണി എന്ന പേരില്‍ ഒരു സാഹിത്യ സമാജമുണ്ടാക്കി അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.
ചെറുപ്പം മുതലേ സ്വാതന്ത്ര്യ ബോധം സഹജമായിട്ടുണ്ടായിരുന്ന അയ്യപ്പന്‍ കോഴിക്കോട്ടുവച്ച് ആത്മവിദ്യാ സംഘത്തിന്റെ സാമൂഹികപരിഷ്കരണസംരംഭങ്ങള്‍ നേരിട്ടറിഞ്ഞിരുന്നതിനാല്‍ ഇക്കാലത്ത് തന്നെ സമൂഹിക പരിഷ്കാരങ്ങളെക്കുറിച്ച് ആവേശപൂര്‍വ്വം പ്രസംഗിക്കാന്‍ തുടങ്ങിയിരുന്നു. ഈ അവസരത്തിലാണ്‍ ശ്രീനാരായണ ഗുരുവുമായി അദ്ദേഹം അടുത്ത് പരിചയപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട് അയ്യപ്പന്‍ പഠനം തുടര്‍ന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ സംസ്കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എയ്ക്ക് ചേര്‍ന്നു.
[തിരുത്തുക] സാമൂഹികപ്രവത്തനങ്ങള്‍
തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ തന്നെ സാമുദായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പ്രസംഗം, ലേഖനങ്ങള്‍, എസ്.എന്‍.ഡി.പി യോഗപ്രവര്‍ത്തനം എന്നിവയായിരുന്നു പ്രധാനം. ഇതിനിടയ്ക്ക് കുറേ കവിതകള്‍ എഴുതി. ഇക്കാലത്താണ്‍ മഹാകവി കുമാരനാശാനുമായി സഹവസമുണ്ടായത്. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കി കവിതകള്‍ രചിക്കാന്‍ അയ്യപ്പന്‍ കുമാരനാശാന്‍ ശക്തമായി പ്രേരണ നല്‍കി. ബി.എ പാസ്സായ ശേഷം ‘അയ്യപ്പന്‍ ബി.എ’ എന്ന് പരക്കെ അറിയപ്പെട്ടു.
[തിരുത്തുക] മിശ്രഭോജനം
സമുദായത്തില്‍ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം പ്രവര്‍ത്തനരംഗത്തിറങ്ങി. ചെറായിയില്‍ 1917 മെയ് 29ന്‍ ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി മിശ്രഭോജന പ്രസ്ഥാനം ഉത്ഘാടനം ചെയ്തു. അതോടുകൂടി ‘പുലയനയ്യപ്പന്‍’ എന്ന പേര്‍ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.
[തിരുത്തുക] മിശ്രഭോജനത്തിനെതിരെയുള്ള പ്രതികരണം
പ്രതീക്ഷിച്ചതിനെക്കാളും ഭയങ്കരമായിരുന്നു പ്രതികരണം. അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാനം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ സഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് സമുദായഭ്രഷ്ട് കല്പിച്ചു. ശ്രീനാരായണഗുരു മിശ്രഭോജനത്തിന്‍ അനുകൂലിയല്ല എന്ന് വരുത്തി തീര്‍ക്കാനായി യാഥാസ്ഥിതികരായ ചിലര്‍ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോള്‍ അയ്യപ്പന്‍ സംശയനിവര്‍ത്തിക്കായി ശ്രീനാരായണഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വല്യൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുകയും ചെയ്തു ( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്‍ യാതൊരു ദോഷവും ഇല്ല”). ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന്‍ കോപ്പികള്‍ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.
[തിരുത്തുക] മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍
1917ല്‍ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരനയ്യപ്പന്‍ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്‍. ചെറായി രാമവര്‍മ്മ സ്കൂളില്‍ കുറേ നാള്‍ അദ്ധ്യാപകനായിരുന്നു. കിട്ടുന്ന ശമ്പളം പൊതുപ്രവര്‍ത്തനത്തിനുപയോഗിച്ചു. അതിനു ശേഷം നിയമപഠനത്തിനു വേണ്ടി തിരുവനന്തപുരത്തേക്ക് പോയി. ലോ കോളേജില്‍ ചേര്‍ന്ന ശേഷം ചാല ഹൈസ്കൂളില്‍ അദ്ധ്യാപക ജോലിയും കിട്ടി. പൊതുപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഠിപ്പ് പൂര്‍ത്തിയാക്കാനാകാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങി.
[തിരുത്തുക] സഹോദരന്‍ പത്രവും തൊഴിലാളിപ്രസ്ഥാനപ്രവര്‍ത്തനങ്ങളും
1919ല്‍ അദ്ദേഹം മട്ടാഞ്ചേരിയില്‍ നിന്ന് ‘സഹോദരന്‍‘ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉജ്ജ്വലമായൊരു അദ്ധ്യായമാണ്‍ ‘സഹോദരന്‍’ പത്രത്തിന്റെ പ്രവര്‍ത്തനം. സാമ്പത്തികമായി കഠിനയാതനകള്‍ സഹിച്ചുകൊണ്ടാണ്‍ ‘സഹോദരന്‍’ പത്രം ഓരോ ആഴ്ച്ചയും പ്രസിദ്ധീകരിച്ചത്. ഈ രാജ്യത്തെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും ഈ പത്രം നല്‍കിയ സംഭാവന അമൂല്യമാണ്‍. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു. മാര്‍ക്സിന്റെയും ലെനിനിന്റെയും മഹത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ആണ്‍. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ്‍ അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയും അദ്ദേഹമായിരുന്നു. 1928ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.
[തിരുത്തുക] രാഷ്ട്രീയജീവിതം
രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഉത്തരവാദിത്വഭരണവും പ്രായപൂര്‍ത്തി വോട്ടവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിക്കുന്നതിനു വേണ്ടി അക്ഷീണയത്നം ചെയ്ത നേതാക്കന്മാരിലൊരാളാണ്‍ അദ്ദേഹം. കൊച്ചി നിയമസഭയില്‍ ഏറെക്കാലം അദ്ദേഹം അംഗമായിരുന്നു. എല്ലാ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയില്‍ ഉത്തരവാദിത്വഭരണം വന്ന ശേഷം ജനകീയ മന്ത്രിസഭയില്‍ 2 പ്രാവശ്യം അംഗമായും അദ്ദേഹം തന്റെ വ്യക്തിപ്രഭാവം പ്രകടമാക്കി. തിരു-കൊച്ചിയിലെ ആദ്യ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. ഇടയ്ക്കു വച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചു.
ഒടുവിലത്തെ 15 വര്‍ഷത്തോളം സജീവമായ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ച് വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൌമുദിയില്‍ ‘ആഴ്ച്ചക്കുറിപ്പുകള്‍’ എന്ന പംക്തിയില്‍ കുറിപ്പുകളെഴുതിയിരുന്നു. 1968 മാര്‍ച്ച് 6ന് ഹൃദ്‌രോഗബാധിതനായി അദ്ദേഹം അന്തരിച്ചു.
[തിരുത്തുക] സ്വകാര്യജീവിതം
പൊതുജീവിതം പോലെ തന്നെ ആദര്‍ശസുരഭിലമായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. അയ്യാക്കുട്ടി ജഡ്ജിയുടെ മകള്‍ പാര്‍വ്വതി ആയിരുന്നു അദ്ദേഹത്തിന്റെ പത്നി. 1930ല്‍ അവര്‍ വിവാഹിതരായി. ഐഷയും സുഗതനുമാണ്‍ അദ്ദേഹത്തിന്റെ മക്കള്‍ . അയ്യപ്പന്‍ പച്ചക്കറി കൃഷിയില്‍ അതീവ തല്പരനായിരുന്നു.
[തിരുത്തുക] അവലംബം
1.കൌമുദി സഹോദരന്‍ സപ്തതി പതിപ്പ്, 1960.
2.വിവേകോദയം സഹോദരന്‍ സപ്ലിമെന്റ് , 1968.
3.സഹോദരനയ്യപ്പനെക്കുറിച്ചുള്ള വിക്കിപീഡിയ ഇംഗ്ലീഷ് ലേഖനം.
[തിരുത്തുക] ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക
1. http://www.geocities.com/guruforum/ayyappan.htm
2. http://www.cheraihotels.com/history.htm
3. http://www.answers.com/topic/sahodaran-ayyappan
4. http://www.kerala.gov.in/ele_rep/ele_51.htm