സുബ്രഹ്മണ്യ ഭാരതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുബ്രഹ്മണ്യ ഭാരതി ( 1882-1921)
തമിഴ് നാട്ടിലെ തിരുനല്‍വേലിയില്‍ ജനിച്ചു. എഴാം വയസ്സില്‍ത്തന്നെ കവിതകള്‍ രചിക്കാന്‍ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ “ഭാരതി” എന്ന നാമം ലഭിച്ചു. പതിനഞ്ചാം വയസ്സില്‍ ചെല്ലമ്മാളെ വിവാഹം ചെയ്തു.
1898 മുതല്‍ രണ്ടു വർഷം വാരണാസിയില്‍ താമസിക്കുകയും, അവിടെ വെച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. തിരിച്ചു വന്നതിനുശേഷം മധുരയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയില്‍ തമിഴ് പത്രമായ സ്വദേശമിത്രനില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ തടങ്കലില്‍ ആക്കാതിരിക്കാന്‍ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി. അക്കാലത്താണ് നല്ല നല്ല രചനകള്‍ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” രചിച്ചു. കുയില്‍പ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ല്‍ പോണ്ടിച്ചേരി വിടുകയുകയും തടങ്കലില്‍ ആവുകയും ചെയ്തു. പെട്ടെന്ന് തന്നെ വിട്ടയച്ചു. അതിനു ശേഷം ഭാര്യയുടെ ജന്മനാട്ടില്‍ താമസം തുടരുകയും രചനകള്‍ തുടരുകയും ചെയ്തു.
സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികള്‍ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
1921 സെപ്റ്റംബര്‍ 11-ന് അന്തരിച്ചു.