അരയാല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിയ ഇലകൊഴിയും വൃക്ഷമാണ് അരയാല്‍ (Ficus Religiosa, Linn). ഹിന്ദു, ബുദ്ധ മതങ്ങളൊക്കെയും പവിത്രമായികരുതുന്ന ഈ വൃക്ഷത്തിനെ ഹിന്ദിയില്‍ പീപ്പല്‍ എന്നും, ബംഗാളിയില്‍ അശ്വത എന്നും കന്നടയില്‍ അരളിയെന്നും തമിഴില്‍ അരശുവെന്നും വിളിക്കുന്നു. ഇംഗ്ലീഷിലും പീപ്പല്‍(Pipal) എന്നാണ് വിളിക്കുന്നത്. യൂറോപ്പിലെ പോപ്ലര്‍ മരവുമായി സാദൃശ്യമുള്ളതിനാലാണിത്. ഇറ്റലിയില്‍ ഇപ്പോഴും ഇന്ത്യന്‍ പോപ്ലര്‍ എന്നാണ് അരയാല്‍ അറിയപ്പെടുന്നത്. പേരാലിന്റെ അടുത്ത ബന്ധുവുമാണ് അരയാല്‍
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മോഹന്‍ജൊദാരോയില്‍ നിന്നു ഖനനം ചെയ്തെടുത്ത ഫലകങ്ങളില്‍ ആല്‍മരങ്ങളുടെ ചിത്രങ്ങള്‍ കാണാം. ശ്രീലങ്കയിലാകട്ടെ ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടില്‍ നട്ട ആല്‍മരം ഇന്നുമുണ്ട്. ഹുയാന്‍ സാങ്ങിന്റെ കൃതികളില്‍ ആല്‍മരത്തെ കുറിച്ചു പരാമര്‍ശം കാണാം. ഐതിഹ്യങ്ങളിലാണെങ്കില്‍ ആല്‍മരങ്ങളെക്കുറിച്ച് ഒരുപാടു പ്രതിപാദിച്ചിരിക്കുന്നു. മഹാപ്രളയ സമയത്ത് മഹാവിഷ്ണു ആലിലയിലായിരുന്നു കിടന്നത് എന്ന ഹൈന്ദവവിശ്വാസം മുതല്‍ ആദവും, ഹവ്വയും നാണം മറയ്ക്കാനുടുത്ത ഇല അരയാലിന്റേതാണെന്ന ക്രൈസ്തവ വിശ്വാസം വരെ, വളരെ ഐതിഹ്യങ്ങള്‍ ഉണ്ട്.
[തിരുത്തുക] പ്രത്യേകതകള്‍
ഈ വലിയ ഇലകൊഴിയും വൃക്ഷത്തിന്റെ ശാഖകള്‍ വളരെ പടര്‍ന്ന് പന്തലിച്ചു കാണുന്നു. കാണ്ഡത്തോടു ചേര്‍ന്നുള്ള വേരുകള്‍ ചാലുകള്‍ പോലെ അനുഭവപ്പെടുന്നു. ഉരുണ്ടിരിക്കുന്ന ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകള്‍ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്. വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക.
[തിരുത്തുക] പ്രത്യുത്പാദനം
ആല്‍മരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ്[1]. ഒരു പ്രത്യേക ജാതി വണ്ടിനുമാത്രമേ ഒരു പ്രത്യേക ജാതി ആലില്‍ പരാഗണം നടത്താന്‍ കഴിയൂ. വണ്ടുകളുടെ പ്രത്യുത്പാദനത്തിനു ആല്‍മരങ്ങളുമാവശ്യമാണ്. അരയാലില്‍ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്സ് (Blastophage Quadraticeps) എന്നയിനം ഷഡ്‌പദമാണ്. അരയാലിന്റെ പൂക്കള്‍ വളരെ ചെറിയതാണ്. വണ്ടുകളും വളരെ ചെറിയവയാണ്. അരായാലിന്റെ പൂക്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ടാവും. പൂങ്കുലയെ പൊതിഞ്ഞുകൊണ്ട് ഒരു തോടുണ്ടാവും തോടിനുള്ളിലേക്ക് വളരെ ഇടുങ്ങിയ വഴിയാണുണ്ടാവുക. പരാഗണസമയമാകുമ്പോള്‍ പെണ്‍പൂക്കള്‍ ഗന്ധം പുറപ്പെടുവിക്കുകയും, പെണ്‍വണ്ടുകള്‍ തേടിയെത്തുകയും ചെയ്യുന്നു പൂന്തോടിന്റെ(Cyconium) ഉള്ളിലേക്കുള്ള ചെറിയ വഴിയേ പുങ്കുലയിലേക്ക് ഇറങ്ങുന്ന വണ്ടുകളുടെ ചിറകുകള്‍ വശങ്ങളിലുരസി നഷ്ടപ്പെടുന്നു. പിന്നീട് പരാഗണം നടത്തുകയും പൂക്കളില്‍ തന്നെ മുട്ടയിടുകയും ചെയ്യുന്നു. വണ്ടകത്തു കയറിയാല്‍ പൂന്തോടിന്റെ സുഷിരം അടഞ്ഞു പോകുന്നു, മറ്റു പ്രാണികളില്‍ നിന്നും രക്ഷനേടുവാനാണിത്. പെണ്‍വണ്ടുകള്‍ പൂവിനകത്തു തന്നെ മരിക്കുന്നു. തുടര്‍ന്ന് പൂവിനകത്തിട്ട ആണ്‍മുട്ടകള്‍ ആദ്യം വിരിയുകയും ബലമേറിയ വായുള്ള ആണ്‍വണ്ടുകള്‍ പുറത്തു വരുന്നു, ആണ്‍ വണ്ടുകളാണ് പെണ്‍വണ്ടുകളുടെ മുട്ടകള്‍ പൊട്ടിച്ചു കൊടുക്കുന്നത്. പെണ്‍വണ്ടുകള്‍ക്ക് ബലമുള്ള വായഭാഗം ഇല്ലാത്തതു കൊണ്ടാണിത്. പൂന്തോടിനകത്തു നിന്നു തന്നെ ഇണചേര്‍ന്നുകഴിഞ്ഞാല്‍ ആണ്‍വണ്ടുകള്‍ ചത്തുപോകുന്നു. പെണ്‍ വണ്ടുകള്‍ പുതിയ പൂങ്കുലയും തേടി പോവുകയും ചെയ്യുന്നു. വിത്തുകള്‍ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാല്‍ വിത്തുകള്‍ കാറ്റത്തു പറന്നു പോവുകയും വിത്തു വിതരണം നടക്കുകയും ചെയ്യുന്നു.
[തിരുത്തുക] ആവാസവ്യവസ്ഥകള്‍
ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആലുകളാദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടര്‍ന്നെന്നു കരുതുന്നു. ഹിമാലയന്‍ പ്രാന്ത പ്രദേശങ്ങളില്‍ ധാരാളമായി കാണുന്നു. ഇന്ത്യ, മ്യാന്മാര്‍, ശ്രീലങ്ക മുതലായിടങ്ങളില്‍ നട്ടു വളര്‍ത്താറുണ്ട്. വിത്തുമൂലം പ്രവര്‍ദ്ധനം നടത്താം, ചെറിയ കമ്പുകള്‍ വെട്ടി നട്ടു മുളപ്പിക്കാമെങ്കിലും നന്നായി വളരാറില്ല. മറ്റുവൃക്ഷങ്ങളുടെ ശാഖകളിലോ ഭിത്തികളിലോ ആണ് ആദ്യം വളര്‍ച്ച ആരംഭിക്കുന്നത്. കാലം ചെല്ലുമ്പോള്‍ ഇതിന്റെ വേരുകള്‍ ഭിത്തിപൊട്ടിക്കുകയോ ആതിഥേയ വൃക്ഷത്തെ ഞെരുക്കികളയുകയോ ചെയ്യുന്നു.
[തിരുത്തുക] ഉപയോഗങ്ങള്‍
പെട്ടികള്‍, ചക്രങ്ങള്‍, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ അരയാലിന്റെ തടി ഉപയോഗിക്കാറുണ്ട്. വാഹനങ്ങളുടെ ടയറിന്റെ ട്യൂബിലുണ്ടാകുന്ന സുഷിരങ്ങളടക്കാന്‍ അരയാലിന്റെ കറ ഉപയോഗിക്കാറുണ്ട്. പട്ടയില്‍ 4% ടാനിന്‍ അടങ്ങിയിരിക്കുന്നു. മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങള്‍ക്കായുപയോഗിക്കാറുണ്ട്. മരപ്പട്ടയുടെ കറ വ്രണങ്ങള്‍ ഭേദപ്പെടുത്താനുപയോഗിക്കാറുണ്ട്.
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] അനുബന്ധം
- ↑ അന്യമാകുന്ന അരയാല്‍: ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 ആഗസ്റ്റ് 27-സെപ്റ്റംബര്‍ 2