ഇന്ത്യന്‍ രൂപ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തില്‍ തന്നെ ആദ്യമായി നാണയങ്ങള്‍ നിലവില്‍ വന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ (സുമാര്‍ ബിസി ആറാം നൂറ്റാണ്ടില്‍).‘റുപ്പീ’ എന്ന വാക്കിന്റെ ഉല്‍ഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യന്‍ ഭാഷകളിലെ ‘വെള്ളി’എന്നര്‍ത്ഥം വരുന്ന ‘രൂപ്’അഥവാ ‘രൂപ’എന്ന വാക്കില്‍ നിന്നാണ്. സംസ്കൃതത്തില്‍ ‘രൂപ്യകം’ എന്നാല്‍ വെള്ളി നാണയം എന്നാണ് അര്‍ത്ഥം.
കൊല്ലവര്‍ഷം 1540-നും 1545-നും ഇടയിലെ ഷേര്‍ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങള്‍ക്ക് ‘രുപ്പയാ’ എന്ന പേര് ഉപയോഗിക്കാന്‍ ആരംഭിച്ചു. 175 ഗ്രെയിന്‍ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതല്‍ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങള്‍ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാല്‍ 16 അണ,64 പൈസ അല്ലെങ്കില്‍ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണില്‍ (ശ്രീലങ്ക)1869-ലും ഇന്ത്യയില്‍ 1957-ലും പാക്കിസ്ഥാനില്‍ 1961-ലും ആയിരുന്നു.
ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയില്‍ ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ (1770-1832), ജെനറല്‍ ബാങ്ക് ഓഫ് ബംഗാള്‍ ആന്റ് ബീഹാര്‍ (1773-75, വാറന്‍ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാള്‍ ബാങ്ക് എന്നിവര്‍ പുറത്തിറക്കിയവയും ഉള്‍പ്പട്ടിരുന്നു.
ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടില്‍ ലോകത്തെ വന്‍ സാമ്പത്തിക ശക്തികളെല്ലാം സ്വര്‍ണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ ഇത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കി.