കാലടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീര്‍ത്ഥാടക കേന്ദ്രമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ശങ്കരാചാര്യര്‍
ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി ആദി ശങ്കരന്‍ കാലടിയില്‍ ജനിച്ചു. ശങ്കരാചാര്യരുടെ കാലടിയിലെ ക്ഷേത്രം ശ്രിംഗേരി മഠത്തിന്റെ ഉടമസ്ഥതയിലാണ്. പെരിയാറിന്റെ വടക്കേ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനുള്ളില്‍ രണ്ട് പ്രതിഷ്ഠകള്‍ ആണ് ഉള്ളത്. ഒന്ന് ശ്രീ ശങ്കരന്റെയും മറ്റേത് ശ്രിംഗേരിയിലെ പ്രധാന പ്രതിഷ്ഠയായ ശാരദാംബയുടേതുമാണ്. ശ്രീ ശങ്കരാചാര്യരുടെ അമ്മയായ ആര്യാംബയുടെ സമാധിയും ഇവിടെത്തന്നെയാണ്. ഗണപതിയുടെ ഒരു ചെറിയ അമ്പലത്തില്‍ സായാഹ്നപൂജകള്‍ നടക്കുന്നു. തമിഴ്-കന്നട സ്മാര്‍ത്ത ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുന്നത്.
[തിരുത്തുക] രാമകൃഷ്ണ അദ്വൈതാശ്രമം
രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാര്‍ത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂര്‍ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ധശാലയും നടത്തുന്നു.
[തിരുത്തുക] ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭം
ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്ന് അടുത്തായി എട്ടുനില പൊക്കമുള്ള സ്മാരക കെട്ടിടത്തിന്റെ മുകളിലായി ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭം സ്ഥിതിചെയ്യുന്നു. കാമകോടി മഠമാണ് ഇത് നിര്‍മ്മിച്ചത്. രണ്ട് ഗജപ്രതിമകള്‍ കാവല്‍ നില്‍ക്കുന്ന ഗോപുരവാതില്‍ ഒരു പാദുകമണ്ഡപത്തിലേക്ക് നയിക്കുന്നു. ഇവിടെ ശങ്കരന്റെ പാദുകങ്ങളെ അനുസ്മരിപ്പിക്കുന്ന രണ്ട് വെള്ളി മെതിയടികള്‍ വെച്ചിരിക്കുന്നു. ഈ സ്മാരകത്തിന്റെ മതിലുകളില്‍ ശ്രീ ശങ്കരന്റെ ജീവിതകഥ ചിത്രങ്ങളായി രചിച്ചിരിക്കുന്നു. ഗണപതി, ശങ്കരാചാര്യര്‍, തുടങ്ങിയവരുടെ വലിയ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കുമായി ആദിശങ്കര സ്മാരകങ്ങള്‍ തുറന്നിട്ടിരിക്കുന്നു.
[തിരുത്തുക] ഉത്സവങ്ങള്‍
ശങ്കര ജയന്തി എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളിലായി 5 ദിവസം കൊണ്ടാടുന്നു. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 9 ദിവസങ്ങളിലായി നവരാത്രി മഹോത്സവവും ആഘോഷിക്കപ്പെടുന്നു. സംഗീത സദസ്സുകളും രഥോത്സവവും മറ്റു ചടങ്ങുകളും നവരാത്രിക്ക് മാറ്റുകൂട്ടുന്നു.
[തിരുത്തുക] കാലടിക്കു ചുറ്റും
കാലടിക്ക് ഒരു കിലോമീറ്റര്‍ വടക്കായി ദുര്‍ഗ്ഗാദേവിയുടെ ക്ഷേത്രമായ മാണിക്യമംഗലം ക്ഷേത്രം സ്ഥിതിചെയ്യുന്നു. കാലടിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറി വെള്ളമാന്‍തുള്ളി ക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാറ്റൂര്‍ പള്ളി എട്ടുകിലോമീറ്റര്‍ അകലെയാണ്. കല്ലില്‍ ക്ഷേത്രം 22 കിലോമീറ്റര്‍ അകലെയാണ്.
[തിരുത്തുക] വിദ്യാഭ്യാസം
- കേരള സംസ്കൃത സര്‍വകലാശാല കാലടിയിലാണ് സ്ഥിതിചെയ്യുന്നത്.
- ശങ്കരാചാര്യരുടെ നാമത്തിലുള്ള “ശ്രീ ശങ്കര കലാലയം” കാലടിയിലാണ്.
[തിരുത്തുക] എത്തിച്ചേരുവാനുള്ള വഴി
നെടുമ്പാശ്ശേരി വിമാനത്താവളം കാലടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയണ്. അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ കാലടിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ആലുവ റെയില്‍വേ സ്റ്റേഷന്‍ 22 കി.മീ ദൂരെയാണ്. അങ്കമാലിയില്‍ നിന്നും കാലടിയിലേക്ക് എപ്പോഴും ബസ്സ് ലഭിക്കും. തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും കാലടിയിലേക്ക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ലഭ്യമാണ്.