ഗുപ്ത സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുപ്ത സാമ്രാജ്യത്തിന്റെ ഏകദേശ രൂപം |
|
സാമ്രാജ്യത്തിന്‍റെ അടയാളം: -- |
|
സ്ഥാപകന്‍ | ശ്രീ ഗുപതന്‍ |
---|---|
മുന്‍പത്തെ രാജ്യങ്ങള്‍ | കുഷാണ സാമ്രാജ്യം , പ്രധാനമായും മഗധ |
ഔദ്യോഗിക ഭാഷ | സംസ്കൃതം, പാലി |
മതങ്ങള്‍ | ഹിന്ദു മതം ജൈന മതം മഹായാന ബുദ്ധ മതം |
തലസ്ഥാനം | പാടലീപുത്രം |
സാമ്രാജ്യത്തിന്‍റെ തലവന്‍ | സമ്രാട്ട് (ചക്രവര്‍ത്തി) |
അദ്യത്തെ ചക്രവര്‍ത്തി | ചന്ദ്രഗുപ്തന്‍ ഒന്നാമന്‍ |
അവസാനത്തെ ചക്രവര്‍ത്തി | സ്കന്ദ ഗുപ്തന്‍ |
വിസ്തീര്‍ണ്ണം | 20 ലക്ഷം ച.കി.മീ< |
ജനസംഖ്യ | 4 കോടി |
നാണയം | സുവര്‍ണ്ണ, റുപ്യ, താമ്ര നാണയങ്ങള്‍ |
അധ:പതനം കാരണങ്ങള്‍ |
അവകാശികള്‍ നിരവധി, ബുദ്ധ മതം, ഹൂണന്മാര്‍, തോരമാനന്‍ |
ശേഷമുള്ള സാമ്രാജ്യം | ഹൂണ സാമ്രാജ്യം , ഹര്‍ഷ സാമ്രാജ്യം |
ഗുപ്ത സാമ്രാജ്യം ആംഗലേയത്തില്‍ Gupta Empire, പുരാതന ഇന്ത്യയില്‍ രാഷ്ട്രീയമായും സൈനികമായും ഏറ്റവും ശക്തമായിരുന്ന സാമ്രാജ്യങ്ങളിലൊന്നാണ്. ക്രി.പി 320 മുതല്‍ 550 വരെയായിരുന്നു ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം. ഇന്ത്യാ ഉപദ്വീപിന്റെ വടക്കന്‍ പ്രവിശ്യകളിലധികവും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.ഇന്ത്യയുടെ ചരിത്രത്തിലെ സുവര്‍ണ്ണകാലമായി അറിയപ്പെടുന്ന് ഈ കാലഘട്ടത്തില്‍ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായി. വിന്ധ്യ പര്‍വ്വതനിരകള്‍ക്കു വടക്ക് നാല്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്. മൌര്യ സാമ്രാജ്യത്തോളം വലുതല്ലായിരുന്നുവെങ്കിലും ഗുപ്ത ഭരണ കാലഘട്ടം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും സമീപ രാജ്യങ്ങളിലും മായാത്ത മുദ്രകള്‍ പതിപ്പിച്ചു. പുരാതന കാലഘട്ടത്തിലെ നാണയങ്ങള്‍, ചുവരെഴുത്തുകള്‍, സ്മാരകങ്ങള്‍, സംസ്കൃത കൃതികള്‍ എന്നിവയില്‍ നിന്നൊക്കെ ഗുപ്ത രാജവംശത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും. പുരാതനമായ റോമാ സാമ്രാജ്യം ഹാന്‍ സാമ്രാജ്യം ടാങ് സാമ്രാജ്യം എന്നിവയെയും ഗുപ്ത സാമ്രാജ്യത്തേയും ഒരേ തട്ടിലാണ് ചരിത്രകാരന്മാര്‍ തുലനം ചെയ്യുന്നത്. രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നതിനാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം ഉണ്ടായിരുന്നു.[1]
ഗുപ്ത രാജക്കന്മാര്‍ മികവുറ്റ സൈനിക യോദ്ധാക്കളും ഭരണ നിപുണരുമായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. ഹൂണന്മാരുടേതടക്കമുള്ള വൈദേശിക നുഴഞ്ഞു കയറ്റത്തെ ചെറുത്ത് സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതില്‍ ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. രാഷ്ട്രീയ സ്ഥിരത സാമ്പത്തിക അഭിവൃദ്ധിയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും നയിച്ചു എന്നുവേണം കരുതുവാന്‍.
ഉള്ളടക്കം |
[തിരുത്തുക] പൂര്‍വ്വ ചരിത്രം
വടക്കേ ഇന്ത്യയില്‍ കുഷാണ സാമ്രാജ്യം തകര്‍ന്നതോടെ രാഷ്ട്രീയ ശിഥിലീകരണം ക്രി.പി. നാലാം നൂറ്റാണ്ടോളം തുടര്‍ന്നു. ഇക്കാലത്താണ് ഗുപ്തന്മാരുടെ കീഴില്‍ സാമ്രാജ്യ സ്ഥാപനം നടക്കുന്നത്. ഗുപ്തന്മാരുടെ പൂര്‍വ്വകാല ചരിത്രം ഇന്നും അവ്യക്തമാണ്. വിദേശ സഞ്ചാരികളുടെ വിവരണങ്ങളില്‍ നിന്നാണ് ആദ്യ രേഖകള്‍ കണ്ടെത്തിയിരിക്കുന്നത്.
ചന്ദ്രഗുപ്തന്‍റെ മുന്‍ഗാമികള്‍ പ്രദേശികരാജാക്കന്മാരായിരുന്നുവെന്നും അവരില്‍ പ്രധാനിയായ ശ്രീ ഗുപ്തനാണ് ഗുപ്ത സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍ എന്നാണ് വിവരണം. അദ്ദേഹം മഹാരാജ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മകനായ ഘടോല്‍ഖജനും അദ്ദേഹത്തോളം പ്രതാപശാലിയായിരുന്നു.എന്നാല്‍ ചില പണ്ഡിതന്മാര്‍ അഭിര്‍ എന്ന യാദവ വംശവുമായി ഗുപ്തന്മാരെ ബന്ധപ്പെടുത്തുന്നുണ്ട്.[2] എന്നാല്‍ ക്രി.പി. 320-ല് ഘടോല്‍ഖജന്‍റെ പുത്രന്‍ ചന്ദ്രഗുപ്തന്‍ മഗധയിലെ സിംഹാസനം കരസ്ഥമാക്കിയതോടെയാണ് അത്രയും കാലം വിഘടിച്ചുനിന്ന വടക്കേ ഇന്ത്യയില്‍ രാഷ്ട്രീയ ഏകീകരണവും, സംഘടിതമായ ഭരണക്രമവും രൂപം കൊണ്ടത്. അന്നു മുതലാണ് ഗുപ്ത സാമ്രാജ്യം എന്നറിയപ്പെടുന്നത്.
ദക്ഷിണേഷ്യയുടെ ചരിത്രം![]() ![]() ![]() ![]() ![]() ![]() ![]() ഇന്ത്യയുടെ ചരിത്രം |
|||||
---|---|---|---|---|---|
ശിലാ യുഗം | 70,000–3300 ക്രി.മു. | ||||
· മേര്‍ഘര്‍ സംസ്കാരം | · 7000–3300 ക്രി.മു. | ||||
സിന്ധു നദീതട സംസ്കാരം | 3300–1700 ക്രി.മു. | ||||
ഹാരപ്പന്‍ സംസ്കാരം | 1700–1300 ക്രി.മു. | ||||
വൈദിക കാലഘട്ടം | 1500–500 ക്രി.മു. | ||||
· ലോഹ യുഗ സാമ്രാജ്യങ്ങള്‍ | · 1200–700 ക്രി.മു. | ||||
മഹാജനപദങ്ങള്‍ | 700–300 ക്രി.മു. | ||||
മഗധ സാമ്രാജ്യം | 684–26 ക്രി.മു. | ||||
· മൌര്യ സമ്രാജ്യം | · 321–184 ക്രി.മു. | ||||
ഇടക്കാല സാമ്രാജ്യങ്ങള്‍ | 230 ക്രി.മു.–1279 ക്രി.വ. | ||||
· ശതവാഹന സാമ്രാജ്യം | · 230 ക്രി.മു.C–199 ക്രി.വ. | ||||
· കുഷാണ സാമ്രാജ്യം | · 60–240 ക്രി.വ. | ||||
· ഗുപ്ത സാമ്രാജ്യം | · 240–550 | ||||
· പാല സാമ്രാജ്യം | · 750–1174 | ||||
· ചോള സാമ്രാജ്യം | · 848–1279 | ||||
മുസ്ലീം ഭരണകാലഘട്ടം | 1206–1596 | ||||
· ദില്ലി സുല്‍ത്താനത്ത് | · 1206–1526 | ||||
· ഡെക്കന്‍ സുല്‍ത്താനത്ത് | · 1490–1596 | ||||
ഹൊയ്സാല സാമ്രാജ്യം | 1040–1346 | ||||
കാകാത്യ സാമ്രാജ്യം | 1083–1323 | ||||
വിയയനഗര സാമ്രാജ്യം | 1336–1565 | ||||
മുഗള്‍ സാമ്രാജ്യം | 1526–1707 | ||||
മറാത്താ സാമ്രാജ്യം | 1674–1818 | ||||
കൊളോനിയല്‍ കാലഘട്ടം | 1757–1947 | ||||
ആധുനിക ഇന്ത്യ | 1947 മുതല്‍ | ||||
ദേശീയ ചരിത്രങ്ങള്‍ ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക |
|||||
പ്രാദേശിക ചരിത്രം ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ് സിന്ദ് · ദക്ഷിണേന്ത്യ · തമിഴ് നാട് · ടിബറ്റ് . കേരളം |
|||||
പ്രത്യേക ചരിത്രങ്ങള്‍ സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്തോളജി · ഭാഷ · സാഹിത്യം സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍ |
|||||
|
എന്നാല്‍ ഏറെ സ്വീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു സിദ്ധാന്തം പ്രകാരം ഗുപ്തന്മാര്‍ ബംഗാളില്‍ നിന്നാണ് ഉടലെടുത്തത്. നേപ്പാളില്‍ സ്ഥാപിക്കപ്പെട്ട ‘വരേന്ദ്ര മ്രിഗശിവന്‍ സ്തൂപം’ ഇതിന് ശക്തമായ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ഗുപ്ത മഹാരാജാവ് ബംഗാളിലെ ഭരണാധികാരിയാകാനും ചന്ദ്രഗുപ്തന്‍ പിന്നീട് മഗധം ലിച്ഛവികളുമായുള്ള വിവാഹബന്ധം മൂലം കരസ്ഥമാക്കിയതാവാനും സാധ്യതയുണ്ട്.
[തിരുത്തുക] ഗുപ്തരാജാക്കന്മാര്‍
- ശ്രീ ഗുപ്തന്‍ - ക്രി.വ 240-280 .
- ഘടോല്‍കച ഗുപ്തന്‍ - ക്രി.വ 280-319
- ചന്ദ്ര ഗുപ്തന്‍ I - ക്രി.വ 320 -330
- സമുദ്ര ഗുപ്തന്‍ - ക്രി.വ 330 - 380
- ചന്ദ്ര ഗുപ്തന്‍ II
- കുമാര ഗുപ്തന്‍ I
- സ്കന്ദ ഗുപ്തന്‍
- കുമാര ഗുപ്തന്‍ I
- ചന്ദ്ര ഗുപ്തന്‍ II
- സമുദ്ര ഗുപ്തന്‍ - ക്രി.വ 330 - 380
- ബ്രഹ്മ ഗുപ്തന്‍
- പുരു ഗുപ്തന്‍
- നരസിംഹ ഗുപ്തന്‍
- കുമാര ഗുപ്തന്‍ II
- ബുദ്ധ ഗുപ്തന്‍
- കുമാര ഗുപ്തന്‍ II
- നരസിംഹ ഗുപ്തന്‍
- പുരു ഗുപ്തന്‍
[തിരുത്തുക] ശ്രീ ഗുപ്ത മഹാരാജാവ്
ശ്രീ ഗുപ്ത മഹാരാജാവിനെ പറ്റി പറയത്തക്ക വിവരങ്ങള്‍ ലഭ്യമല്ല. ഗുപ്ത സാമ്രാജ്യത്തിന്‍റെ ആദ്യ രാജാവ് അദ്ദേഹമായിരുന്നു എന്നും മഹാരാജാ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചിരുന്നു എന്നു മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കാലത്ത് നിരവധി ചൈനീസ് തീര്‍ത്ഥാടകര്‍ ബുദ്ധമത സ്വീകരണത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു. ഇ ത്സിങ് അതില്‍ പ്രമുഖനാണ്. നേപ്പാളില്‍ അദ്ദേഹം ചൈനീസ് തീര്‍ത്ഥാടകര്‍ക്കായി ഒരു ക്ഷേത്രവും സത്രവും പണികഴിപ്പിച്ചിട്ടുണ്ട്. അതിലെ ശാസനങ്ങളില്‍ നിന്ന് ഗുപ്തന്മാരുടെ തുടക്കത്തെപ്പറ്റി ചില രേഖകള്‍ ലഭിക്കുന്നു.
[തിരുത്തുക] ഘടോല്‍കച ഗുപ്തന്‍
280 മുതല്‍ 319 ക്രി.വ. വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഘടോല്‍കചനും മഹാരാജ എന്ന പട്ടം സ്വീകരിച്ചിരുന്നു.
[തിരുത്തുക] ചന്ദഗുപ്തന്‍ ഒന്നാമന്‍
ഘടോല്‍കചന്‍റെ മകനായ ചന്ദ്രഗുപ്തന്‍ ശക്തനും പ്രതാപശാലിയും ആയിരുന്നു. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജന്‍ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചു. അദ്ദേഹം ലിഛവി വംശത്തില്പെട്ട രാജാവിന്‍റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്‍റെ പദവിയും ശക്തിയും വര്‍ധിച്ചു. ലിചവികളുടെ സഹായത്തോടെ അദ്ദേഹം ആദ്യം പാടലീപുത്രം പിടിച്ചടക്കി. ഇന്നത്തെ ബീഹാര്‍, ഉത്തര്‍പ്രദേശ്. ബംഗാള്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട വലിയ ഒരു പ്രദേശം തന്‍റെ അധീനതയില്‍ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹം ക്രി.വ. 320-ല് ആരംഭിക്കുന്ന ഗുപ്തവര്‍ഷം എന്ന കലണ്ടര്‍ പ്രചരിപ്പിച്ചു. എന്നല്‍ ചന്ദ്രഗുപ്തന്‍റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്‍റെ കാലത്താണ് ഇത് സംഭവിച്ചത്.
[തിരുത്തുക] സമുദ്ര ഗുപ്തന്‍
ചന്ദ്ര ഗുപ്തന്‍റെ മരണ ശേഷം 330 ലാണ് സമുദ്രഗുപ്തന്‍ അധികാരമേറ്റത്. അദ്ദേഹത്തെയാണ് ഗുപ്ത വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായി പരിഗണിക്കുന്നത്. നിരവധി യുദ്ധങ്ങള്‍ ചെയ്ത് അദ്ദേഹം സാമ്രാജ്യം വിപുലമാക്കുകയും ഉത്തരേന്ത്യ മുഴുവന്‍ രാഷ്ട്രീയമായി ഏകികരിക്കുകയും ചെയ്തു. ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാള്‍വ മഥുര എന്നിവയും കീഴടക്കി. അന്‍പത് വര്‍ഷത്തെ രാജ ഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങള്‍ അദ്ദേഹം തന്‍റെ രജ്യത്തോട് കൂട്ടിച്ചേര്‍ത്തിരുന്നു. അദ്ദേഹം രാജസൂയം, അശ്വമേധം എന്നീ യാഗങ്ങള്‍ നടത്തുകയും അതിന്‍ പ്രകാരം സാമ്രാജ്യ വിസ്ത്ര്യ്^തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അദ്ദേഹം കീഴടക്കിയ രാജാക്കന്മാരില്‍ ആദ്യം അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു. അച്യുതനാഗന്‍, നാഗസേനന്‍, ഗണപതിനാഗന്‍ എന്നീ അയല്‍ രാജാക്കന്മാരാണ്‍ ആദ്യം കീഴടങ്ങിയത്.
പിന്നീട് സമുദ്ര ഗുപ്തന്‍ തെക്കോട്ട് തിരിഞ്ഞു. അവിടങ്ങളിലെ പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി. കോസല ദേശത്തെ മഹേന്ദ്രന്‍, മഹാകാന്താരത്തിലെ വ്യാഘ്രരാജന്‍, കുരളത്തിലെ മന്ദരാജന്‍, പിഷ്ടപൂരത്തെ മഹേന്ദ്രഗിരി, കോത്തുറയിലെ സ്വാമിദത്തന്‍, എറന്തപ്പള്ളയിലെ ദമനന്‍, കാഞ്ചിയിലെ വിഷ്ണുഗോപന്‍, അവമുക്ത യിലെ നീലരാജന്‍, വെംഗി യിലെ ഹസ്തിവര്‍മ്മന്‍, പലക്ക യീലെ ഉഗ്രസേനന്‍, ദേവരാഷ്ട്രത്തിലെ കുബേരന്‍, കുസ്തലപുരത്തിലെ ധനഞ്ജയന്‍ എന്നിവരായിരുന്നു യഥാക്രമം കീഴടങ്ങിയ രാജാക്കന്മാര്‍. ഈ രാജ്യങ്ങള്‍ തന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കുകയും വര്‍ഷാ വര്‍ഷം കപ്പം നല്‍കാനും മാത്രമേ സമുദ്ര ഗുപ്തന്‍ തീരുമാനിച്ചിരുന്നുള്ളൂ. രാജ്യങ്ങള്‍ അതാത് രാജാക്കന്മാര്‍ക്ക് തിരികെ കൊടുത്തുകൊണ്ട്. വന്‍ യുദ്ധങ്ങള്‍ അദ്ദേഹം ഒഴിവക്കി. മിക്ക രാജാക്കന്മരും എതിര്‍പ്പൊന്നും കൂടാതെ രാജ്യം അടിയറ വയ്ക്കുകയായിരുന്നു.
ദക്ഷിണേന്ത്യന്‍ വിജയങ്ങളുടെ സമയത്ത് അദ്ദേഹം ആദ്യം തോല്പിച്ച ചില രാജാക്കന്മാര്‍ അദ്ദേഹത്തിനെതിരായി സഖ്യം ഉണ്ടാക്കുകയും അദ്ദേഹം മഗധത്തില്‍ തിരിച്ചു ചെല്ലുന്ന സമയത്ത് എതിര്‍ക്കുകയും ചെയ്തു. അദ്ദേഹം ആ ഒന്‍പത് രാജാക്കന്മാരേയും കോശംബി യില്‍ വച്ച് പരിപൂര്‍ണ്ണമായി തോല്പിച്ചു. മാത്രവുമല്ല, ദക്ഷിണോത്തര ഭാഗങ്ങള്‍ തമ്മിലുള്ള ഗതാഗതം സുഗമമാക്കുവാനായി സാമ്രാജ്യത്തിലെ ദക്ഷിണ ഭാഗങ്ങളിലെ കാട്ടു പ്രദേശങ്ങള്‍ ആക്രമിച്ച് കീഴടക്കുകയൂം ചെയ്തു. കിഴക്കന്‍ അതിര്‍ത്തിയിലെ നേപ്പാളം, സമതടം, കാര്‍ത്രീപുത്രം, കാമരൂപം എന്നീ രാജ്യങ്ങളും ഗിരിവര്‍ഗ്ഗക്കാരായ മാളവര്‍, യൌധേയര്‍, മാദ്രകര്‍, ആഭീരന്മാര്‍ എന്നിവരും സമുദ്രഗുപ്തന്‍റെ മേല്‍ക്കോയം അംഗീകരിച്ചിരുന്നു. ശ്രീലങ്ക യില്‍ നിന്നും അവിടത്തെ രാജാക്കന്മര്‍ അദ്ദേഹത്തിന് കപ്പം നല്‍കിയതായി പറയുന്നു.
[തിരുത്തുക] സാംസ്കാരിക രംഗം
സമുദ്ര ഗുപ്തന്‍ തന്‍റെ യുദ്ധങ്ങളില്‍ മാത്രമല്ല മറിച്ച ശാസ്ത്ര-സാംസ്കാരിക രംഗങ്ങളില്‍ കൂടിയും ശോഭിച്ചിരുന്നു. കലകളുടേയും ശാസ്ത്രങ്ങളുടേയും പ്രോത്സാഹകന്‍ ആയിരുന്നു അദ്ദേഹാം. അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു. കവിരാജന്‍ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് മന്ത്രിസഭ നല്‍കുകയുണ്ടായി. അദ്ദേഹത്തിന്‍റെ കാലത്ത് സാങ്കേതികമായി മികവു പുലര്‍ത്തിയ നാണയങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു.
അദ്ദേഹം ഒരു ഹൈന്ദവനയിരുന്നു എങ്കിലും മറ്റു മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നു.
[തിരുത്തുക] ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ ക്രി.വ. 380 സമുദ്ര ഗുപ്തന്റ്റെ നിര്യാണത്തെത്തുടര്‍ന്ന് അധികാരത്തിലേറി. അദ്ദേഹത്തെ വിക്രമാദിത്യന്‍ എന്ന ബിരുദത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിംഹാസനാരോഹണം ചെയ്തത് മൂത്ത സഹോദരനായ രാമഗുപ്തനായിരുന്നു എന്നും അദ്ദേഹം ശകന്മാരുടെ ശല്യം ഒഴിവാക്കാന്‍ അവര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നു, ഇതില്‍ കോപിഷ്ഠനായ ചന്ദ്രഗുപ്തന്‍ ഭരണം പിടിച്ചു വാങ്ങുകയായിരുന്നു എന്നു വാദമുണ്ട്. എന്നാല്‍ ചില സാഹിത്യകൃതികളിലൊഴിച്ച് അങ്ങനെയൊരാളെക്കുറിച്ച് പരാമര്‍ശമില്ല.
ചന്ദ്ര ഗുപ്തന്‍ ഒരു വാകാടക രാജകുമാരിയെ വിവാഹം കഴിക്കുക വഴി തന്‍റെ ശക്തിയും സ്വാധീനവും വര്‍ദ്ധിപ്പിച്ചു. നാഗവംശത്തിലെ മറ്റൊരു രാജകുമാരിയേയും അദ്ദേഹം വിവാഹം ചെയ്തു. അദ്ദേഹത്തിന്‍റെ പുത്രിയെ വാകാടക രാജാവിന് വിവാഹം കഴിച്ചു കൊടുക്കുകയുമുണ്ടായി. യുദ്ധകാര്യങ്ങളില്‍ പൂര്‍വ്വികനായിരുന്ന സമുദ്രഗുപ്തനേക്കാള്‍ ഒരു പൊടിക്ക് മാത്രമേ വിക്രമാദിത്യന്‍ പിന്നിലായിരുന്നുള്ളൂ.
വാകാടക രാജ്യത്തിന്‍റെ സ്ഥാനം വിക്രമാദിത്യന് ശകന്മാരെ ആക്രമിക്കാന്‍ ഒരു സുരക്ഷിതമായ മാര്‍ഗ്ഗമൊരുക്കിക്കൊടുത്തു. വാകാടകന്മാരുടെ സഹായവും സഊമനസ്യവും മൂലം ശകന്മാരെ തുരത്താനും മാള്‍വ, ഗുജറാത്ത്, സൌരാഷ്ട്രം എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അവസാനത്തെ ശകരാജാവയ രുദ്ര സിംഹനെ തോല്പിച്ച് വധിച്ചു. ശകന്മാരുടെ അന്തകന്‍ എന്നര്‍ത്ഥത്തില്‍ ‘ശകാരി’ എന്ന സ്ഥാനപ്പേര്‍ അദ്ദേഹം സ്വീകരിച്ചു.
ഗുജറാത്തും മറ്റും കീഴടക്കിയതോടെ രാജ്യം അറബിക്കടല്‍ വരെ വ്യാപിച്ചു. ഈജിപ്ത്, പേര്‍ഷ്യ, തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പുമായും വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹത്തിനായി. ഇതു മൂലം അദ്ദേഹത്തിന്‍റെ രണ്ടാം തലസ്ഥാനമായി ഗുജറാത്തിലെ ഉജ്ജയിനി വളര്‍ന്നു. ഇത് ചുരുങ്ങിയ കാലം കൊണ്ട് ഒരു വിജ്ഞാനകേന്ദ്രമായി മാറുകയും ചെയ്തു.
ചൈനിസ് സഞ്ചാരിയായ ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ചന്ദ്രഗുപ്തന്‍ രണ്ടാമന്‍റെ കാലത്തായിരുന്നു. അദ്ദേഹത്തിന്‍റെ യാത്രാ വിവരണങ്ങളില്‍ നിന്ന് നാടിന്‍റെ സമ്പത്സമൃദ്ധിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ‘വിനയപിടകം’ എന്ന ബുദ്ധമത ഗ്രന്ഥത്തിന്‍റെ പ്രതികള്‍ അന്വേഷിച്ചും ബുദ്ധമതാവശിഷ്ടങ്ങള്‍ തേടിയുമാണ് അദ്ദേഹം ഇവിടേക്ക് വന്നത്. പതിഞ്ചുവര്‍ഷത്തെ യാത്രക്കിടയില്‍ ഒന്‍പതു വര്‍ഷവും അദ്ദേഹം ഇന്ത്യയില്‍ കഴിച്ചുകൂട്ടി. ഫാഹിയാന്‍റെ വിവരണങ്ങള്‍ അധികവും അതിശയോക്തി കലര്‍ന്നതും അപൂര്‍ണ്ണവുമാണെങ്കിലും അന്നത്തെ സാമൂഹ്യ വ്യ്വസ്ഥിതിയെപറ്റി ലഭിക്കുന്ന നല്ല ഒരു രേഖയാണ്. അതിന്‍ പ്രകാരം ജനങ്ങള്‍ സമ്പന്നരും സംതൃപ്തരും ആയിരുന്നു. ശാന്തശീലരും ജന്തുഹിംസ ഇഷ്ടപ്പെടാത്തവരുമായിരുന്നു അവിടത്തുകാര്‍. രോഗികളേയും വൃദ്ധജനങ്ങളേയും ശുശ്രൂഷിക്കാന്‍ നിരവധി ആശുപത്രികള്‍ തുടങ്ങിയവ ഉണ്ടയിരുന്നു.
[തിരുത്തുക] ഭരണ സംവിധാനം
ര്ണ്ടു നൂറ്റാണ്ടു നിലനിന്ന ഗുപ്ത സാമ്രാജ്യത്തെ ഭരണകാലം ഹൈന്ദവ സാമ്രാജ്യപാരമ്പര്യത്തിന്‍റെ പ്രതീകമായാണ് കരുതപ്പെടുന്നത്. നീതിനിഷ്ഠവും കാര്യക്ഷമവുമായ ഭരണവ്യവസ്ഥ നിലവില്‍ വന്നത് ഈ കാലത്താണ്.
കേന്ദ്ര ഭരണം ഒരു മന്ത്രിസഭയുടെ സഹായത്തോടെ ചക്രവര്‍ത്തിയുട് നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഗുപ്തന്മാര്‍ ഈ കേന്ദ്ര ഭരണം നേരിട്ടു നടത്തുകയും അത് ശക്തിപ്പെടുത്തുകയും ചെയ്തു. ചക്രവര്‍ത്തി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കിരീടാവകശിയായ രാജകുമാരനായിരുന്നു. സാധാരണ ഗതിയില്‍ മൂത്ത പുത്രനായിരുന്നു കിരീടാവകാശി എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ രാജാവിന്‍റെ ഇഷ്ടം അനുസ്സരിച്ച് ഇളയപുത്രനും കിരീടാവകാസം നല്കപ്പെട്ടു.
പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുള്‍പ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളില്‍ രാജാവിനെ സഹായിച്ചത്. അതില്‍ പ്രധാനിയയ മന്തിയെ മുഖ്യ സചിവന്‍ എന്ന് വിളിച്ചു. മറ്റുദ്യോഗസ്ഥരില്‍ പ്രമുഖര്‍ ‘മഹാബലാധികൃതന്‍‘, ‘ദണ്ഡനായകന്‍‘, ‘മഹാപ്രതിഹരന്‍‘, എന്നിവരായിരുന്നു. വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികന്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു.
കുമാരമാത്യന്മാര്‍, അയുക്തന്മാര്‍ എന്നീ ഉദ്യോഗസ്ഥന്മാര്‍ കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തിപ്പോന്നത്. പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവര്‍ നടത്തിയിരുന്നു. ഭുക്തികള്‍ എന്നറിയപ്പെട്ടിരുന്ന സംസ്ഥനങ്ങളുടെ ഭരണം ‘ഉപാരികന്മാര്‍‘ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോള്‍ മഹാരാജപുത്രദേവഭട്ടാകരന്മാര്‍ എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു. ഓരോ സംസ്ഥാനങ്ങളും വിഷയങ്ങള്‍ എന്ന പേരില്‍ ജില്ലകളായി തിരിച്ചിരുന്നു. ഓരോ വിഷയത്തിന്‍റേയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോള്‍ രാജാവിന്‍റെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി. ഇത് ഇന്നതെ ജില്ലാ വരണാധികാരിക്ക് സമമാണ്. വിഷയപതിയെ സഹായിക്കാന്‍ ജില്ലയില്‍ നാലു പ്രമുഖര്‍ ഉള്‍പ്പെട്ട സമിതിയുണ്ടായിരുന്നു. ഓരോ ജില്ലയും ഗ്രാമികര്‍ എന്നറിയപ്പെട്ടിരുന്ന തലവന്മാരുടെ കീഴില്‍ ഗ്രാമങ്ങള്‍ ആയി വിഭജിക്കപ്പെട്ടിരുന്നു.
[തിരുത്തുക] സാംസ്കാരിക പുരോഗതി
യവന ചരിത്രത്തില്‍ പെരിക്ലിസിന്‍റേയും ഇംഗ്ലണ്ടിന്‍റെ ചരിത്രത്തില്‍ എലിസബത്ത് രാജ്ഞി യുടേയും റോമാ ചരിത്രത്തില്‍ അഗസ്റ്റസിന്‍റേയും കാലത്തിന് സമമായാണ് സാംസ്കാരിരംഗത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. പ്രശസ്തമായ അജന്താ ഗുഹാക്ഷേത്രത്തിലെ 28 ഗുഹകളില്‍ മിക്കവയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്.
[തിരുത്തുക] മതം
ബ്രാഹ്മണ മതം ആധിനിക ഹൈന്ദവ മതമായി രൂപാന്തരപ്പെട്ടതാണ് ഇക്കാലത്തെ ഒരു സവിശേഷത. വിഷ്ണു ഭക്തന്മാരായ ഗുപ്തന്മാര്‍ അന്നുവരെ പല വിഷമഘട്ടങ്ങളേയും മറ്റു മതങ്ങളുടെ മാത്സര്യത്തേയും നേരിടേണ്ടിവന്ന ഹിന്ദുമതത്തെ പരിപോഷിപ്പിച്ചു. ഹിന്ദു മതത്തിന്റെ നവീകരണത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. ഹിന്ദു ദൈവങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു. പുതിയ ക്ഷേത്രങ്ങളും സ്തംഭങ്ങളും പണികഴിപ്പിക്കപ്പെട്ടു. ഇതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ഉത്സാഹഭരിതരും ആരാധനയില്‍ ശ്രദ്ധയുള്ളവരും ആയി. ബുദ്ധമതത്തിലെ പുതിയ ശാഖയായ മഹായാനം ഇക്കാലത്ത് കൂടുതല്‍ ഹിന്ദുത്വവത്കരിക്കപ്പെട്ടതായി. ബ്രാഹ്മണന്മാര്‍ ബുദ്ധമതത്തെ ഹിന്ദു മതത്തിന്‍റെ ശാഖയായി വരെ പ്രഖ്യാപിച്ചും ബുദ്ധമതവും ഹിന്ദു മതവും കൂടുതല്‍ അടുക്കാനിടയായി. ബുദ്ധമതത്തില്‍ വിഗ്രഹാരാധന ആരംഭിച്ചു. എന്നാല്‍ ഇത് പിന്നീട് വരാനിരുന്ന തകര്‍ച്ചയുടെ മുന്നോടിയായിരുന്നു.
ജൈനമതം ഇക്കാലത്ത് വന്‍ പുരോഗതി നേടിയില്ല എങ്കിലും നിലനിന്നിരുന്നു. എന്നാല്‍ മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുത പ്രകടമായിരുന്നു. മത വിശ്വാസത്തിന്‍റെ പേരില്‍ ആര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നില്ല. ഗുപ്തന്മാരുടേ സഹിഷ്ണുത നിറഞ്ഞ സമീപനം നിമിത്തം തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന ബുദ്ധമതത്തിന് ഉണര്‍വ്വ് ലഭിചിരുന്നു. അത് അവരുടെ സാഹിത്യമേഖലകളിലും പ്രതിഫലിച്ചു. നാഗര്‍ജ്ജുനന്‍, വസുബന്ധു, പരമാര്‍ത്ഥന്‍, ദിങ്നാഗന്‍ എന്നിവര്‍ ബുദ്ധമതസാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കി.
ജാതിനിയമങ്ങള്‍ അത്ര കര്‍ക്കശമായിരുന്നില്ല. ഗുപ്തസാമ്രാജ്യത്തിന്റ്റെ അവസാനകാലത്തോടെയാണ് ചാതുര്‍വര്‍ണ്ണ്യം നിലവില്‍ വന്നതെങ്കില്‍ കൂടിയും മത സഹിഷ്ണുത എന്നും നിലനിന്നിരുന്നു. മിശ്ര വിവാഹങ്ങള്‍ സാര്‍വ്വത്രികമായി നടന്നിരുന്നു. വിധവാ വിവാഹം അനുവദിക്കപ്പെട്ടിരുന്നു. അതിനാല്‍ സതി വളരെ അപൂര്‍വ്വമായേ അനുഷ്ഠിക്കപ്പെട്ടിരുന്നുള്ളൂ. അവസാന കാലങ്ങളില്‍ താഴ്ന്ന ജാതിക്കാര്‍ അടിമകളായി ജോലി ചെയ്യേണ്ട ഒരു അവസ്ഥ നിലവില്‍ വന്നു.
[തിരുത്തുക] കല
ശില്പചാരുത നിറയുന്ന ക്ഷേത്രങ്ങള്‍ ദേവന്മാര്‍ക്കായി പണിതീര്‍ക്കുന്ന രീതിക്കു തുടക്കമിട്ടത് ഗുപ്ത കാലഘട്ടത്തിലാണെന്നു കരുതപ്പെടുന്നു. ദില്ലി യിലെ പ്രസിദ്ധമായ ഇരുമ്പു സ്തംഭം എന്നിവ ശില്പചാതുരിയുടെ ഉത്തമോദാഹരണങ്ങള്‍ ആണ്. ഗുപ്തകാലത്തെ നാണയങ്ങളുടെ സാങ്കേതിക മികവും ഇതിന് ഉദാഹരണമാണ്.
പഴയ വിദേശീയ പ്രേരണകളുള്ള ശില്പകലാ സമ്പ്രദായം ഗുപ്തകാലത്ത് സ്വീകരിച്ചില്ല. പകരം ഭാരതീയ പാരമ്പര്യത്തിന്‍റെ പുന്‍:പ്രകാശനമാണ് അവര്‍ സൃഷ്ടിച്ചെടുത്തത്. ആകൃതി, മാതൃക, ചലനാത്മകത എന്നിവയില്‍ ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ച തന്നെയാണവ അവകാശപ്പെടുന്നത്. സാരനാഥ്, മഥുര വ്ന്നിവിടങ്ങളിലുള്ള ബൌദ്ധ- ഹൈന്ദവ പ്രതിമകള്‍ ഗുപ്തകാലത്തെ വാസ്തുശില്പ വിദ്യയുടെ മാതൃകകള്‍ ആണ്.ചിത്ര രചനയില്‍ ഇക്കാലത്ത് പോലും അത്ഭുതം സൃഷ്ടിക്കുന്ന രചനകള്‍ അന്ന് ഉണ്ടായിരുന്നു. പ്രശസ്ത്മായ അജന്താ ഗുഹാക്ഷേത്രത്തിലെ ഗുഹാചിത്രങ്ങള്‍ അതുല്യമായ ചിത്രരചനാ പാടവമാണ് തെളിയിക്കുന്നത്. ബാഗിലെ ഗുഹകളിലും സിലോണിലെ സിഗിറിയ എന്ന സ്ഥലത്തും ഗുപ്തകാല ചിത്രങ്ങള്‍ കാണപ്പെടുന്നുണ്ട്.
ഗുപ്തകാലത്തെ അത്യുജ്ജ്വലമായ സാംസ്കാരിക നവോത്ഥാനത്തിന്‍റെ മാറ്റൊലികള്‍ ഇത്യയുടെ അതിര്‍ത്തികളും കടന്ന് പല വിദേശ രാജ്യങ്ങളിലും ചെന്നെത്തി. വ്യാപാര ബന്ധങ്ങള്‍ ഫലമായത്രേ ബര്‍മ്മ, കംബോഡിയ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഹൈന്ദവ, ബുദ്ധ മതങ്ങളുടെ സ്വാധീനം വളര്‍ന്നത്. ക്രി.പി. 399നും 414നുമിടയ്ക്ക് ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരി ലുയി കാംഗ്, ഗുപ്ത കാലഘട്ടത്തിലെ അഭിവൃദ്ധിയും സമാധാനാന്തരീക്ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു വഴി ഭാരതീയ സംസ്കകഅരം ദക്ഷിണപൂര്‍വ്വേഷ്യയില്‍ പ്രവേശിക്കുകയും അവിടെ പ്രബലമായിത്തീരുകയും ചെയ്തു.
[തിരുത്തുക] സാഹിത്യം
പാണിനിയുടെ കാലം മുതല്‍ക്കേ അഭിവൃദ്ധിയിലേക്ക് കുതിച്ചിരുന്ന സംസ്കൃത സാഹിത്യവും ഭാഷയും അതിന്റെ ഔന്നത്യത്തിലെത്തിയത് ഗുപ്ത രാജവംശത്തിന്റെ കാലത്തായിരുന്നു. കാളിദാസന്‍ ആണ് ഇക്കാലത്തെ ഏറ്റവും വലിയ സാഹിത്യ പ്രതിഭ. കൂടാതെ നവരത്നങ്ങള്‍ എന്നറിയപ്പെടുന്ന ധന്വന്തരി, ക്ഷാപാണകന്‍, സംഘഭടന്‍, വേതാളഭടന്‍, ഘടകാഖാര്‍പരന്‍, വരാഹമിഹിരന്‍, വരരുചി (പറയി പെറ്റ പന്തീരുകുലം), എന്നിവരും ചേര്‍ന്ന പ്രസിദ്ധമാഅയ ഒരു സംഘം വിക്രമാദിത്യന്‍റെ സദസ്സിനെ അലങ്കരിച്ചിരുന്നു. വിശാഖദത്തന്‍, ഭൈരവന്‍ തുടങ്ങിയ മഹാകവികള്‍ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. നിരവധി പുരാണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്ത് വിരചിതമായി. പുരാതന കൃതികള്‍ക്ക് അനുപമമായ വ്യഖ്യാനങ്ങള്‍ പിറന്നു. മുമ്പ് പാലി, അര്‍ധമഗധി, പ്രാകൃതി ഭാഷകളില്‍ രചിക്കപ്പെട്ടിരുന്ന ബുദ്ധ, ജൈന സാഹിത്യ രചനകളും ഇക്കാലത്ത് സംസ്കൃതത്തിലേക്ക് മാറ്റിയെഴുതപ്പെട്ടു. വിശാഖദത്തന്‍റെ മുദ്രാരാക്ഷസം എന്ന ചരിത്ര നാടകം ഇക്കാലത്താണ് രചിക്കപ്പെട്ടത്. ചന്ദ്രഗുപ്ത മൌര്യന്‍റെ ജീവിതകാലമാണ് അതിന്‍റെ വിഷയം. ശൂദ്രകന്‍ എന്ന നാടക രചയിതാവിന്‍റേതായ മൃച്ഛഗഡികം, ഭൈരവന്‍റെ കിരാതാര്‍ജ്ജുനീയം എന്നിവയും വിശിഷ്ട കൃതികളാണ്.
പുരാണങ്ങളില്‍ പലതും ഇന്നത്തെ നിലയില്‍ രൂപം പ്രാപിച്ചത് സമുദ്രഗുപ്തന്‍റെ കാലത്താണ്.പഞ്ചതന്ത്രം കഥകള്‍ ഇക്കാലത്ത് രചിക്കപ്പെട്ടു. ഭഗവദ് ഗീതയും മഹാഭാരതവും ക്രമപ്പെടുത്തിഅതും പ്രസാധനം ചെയ്തതും ഇക്കാലത്താണ്. യാജ്ഞവല്‍ക്യന്‍, നാരദന്‍, കാര്‍ത്ത്യായനന്‍, ബൃഹസ്പദി എന്നിവരുടെ സ്മൃതികളും കാമന്ദകന്‍റെ നീതിസാരവും ഹിതോപദേശകവും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് ഗുപ്തകാലത്തിന്‍റെ യശസ്സ് ഹിന്ദു ചരിത്രത്തിലെക്കാലവും മായാത്തതാക്കി. ദിങ്നാഗന്‍, ഭ്രദ്വാജന്‍ എനീ തര്‍ക്ക ശാസ്ത്രജ്ഞരും വാമനന്‍, ജയാദിത്യന്‍ എന്നീ വ്യാകരണ പണ്ടിതരും ഇക്കാലത്താണ് ജീവിച്ചിരുന്നത്. [3]
[തിരുത്തുക] ശാസ്ത്രം
വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശസ്ത്രം എന്നീ മേഖലകളില്‍ നിരവധി അമൂല്യ ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു. ആര്യഭടന്‍, വരാഹമിഹരന്‍ എന്നിവര്‍ ജീവിച്ചിരുന്നതും ഈ സമയത്താണ്. മനുഷ്യന്‍റെ ചിന്താമണ്ഡലത്തില്‍ നടന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൊന്നായ പൂജ്യവും ദശാംശ സിദ്ധാന്തവും അക്കലത്തെ ശാസ്ത്രജ്ഞന്മാരുടേ നേട്ടങ്ങള്‍ ആണ്. ജ്യോതിസാസ്ത്ര രംഗത്തും ജ്യോതിഷത്തിലും വളരെ പുരോഗതിയുണ്ടായി. ഭൂമി അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുന്നു എന്ന് കണ്ടുപിടിച്ചത് അക്കാലത്താണ്. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗലീലിയോ ഭൂഉമി ഉരുണ്ടതാണ് എന്ന് പ്രഖ്യാപിച്ചത് തന്നെ. ആര്യഭടന്‍ ഗ്രഹണങ്ങളുടെ കാരണങ്ങളും കണ്ടുപിടിച്ചിരുന്നു. ശാസ്ത്രം മനുഷ്യ നന്മക്കായി ഉപയോഗിക്കാന്‍ ആരംഭിച്ച കാലഘട്ടം എന്നു വേണമെങ്കില്‍ അക്കലത്തെ കുറിച്ച് പറയാം. എക്കാലത്തേയും ആരാധ്യനായ ഭിഷഗ്വരനായിരുന്ന വാഗ്ഭടന്‍ ഇക്കലത്താണ് ജീവിച്ചിരുന്നത് . മറ്റു പ്രശസ്തരായ ശസ്ത്രജ്ഞന്മാരായിരുന്നു ഭാനുഗുപ്തന്‍, ബ്രഹ്മഗുപ്തന്‍, വരാഹമിഹിരന്‍ എന്നിവര്‍.
[തിരുത്തുക] സാമ്രാജ്യത്തിന്‍റെ അധ:പതനം
സ്കന്ദ ഗുപ്തന്‍റെ മരണശേഷം ഒരു ശതകത്തോളം ഗുപ്ത സാമ്രാജ്യം നിലനിന്നു. എങ്കിലും പുരുഗുപ്തന്‍, നരസിംഹ ഗുപ്തന്‍, കുമാരഗുപ്തന്‍ രണ്ടാമന്‍ എന്നിവരുടെ ഭരണകാലത്ത് സാമ്രാജ്യ ശേഷി ചുരുങ്ങി വരികയായിരുന്നു. മുന്‍ കാലങ്ങളില്‍ മൌര്യ സാമ്രാജ്യത്തിന് സംഭവിച്ച അതേ കാരണങ്ങള്‍ തന്നെയാണ് ഇവിടേയും വിനയായിത്തീര്‍ന്നത്. പലകാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട്.
[തിരുത്തുക] ചക്രവര്‍ത്തിയുടെ ശേഷിക്കുറവ്
ഗുപ്തന്മാരുടേത് പോലെ ബൃഹത്തായ ഒരു സാമ്രാജ്യം ശക്തനായ ഒരു ചക്രവര്‍ത്തിയുടെ കീഴില്‍ മാത്രമേ ഭദ്രമായിരിക്കുകയുള്ളു. അതിന് ദീര്‍ഘവീക്ഷണവും കഴിവും ആവശ്യമാണ്.പില്‍ക്കാല ഗുപ്തരാജാക്കന്മാര്‍ അശക്തരും ദീര്‍ഘ വീക്ഷണമില്ലാത്തവരും ആയിരുന്നു. ഇത് അധ:പതനം അനിവാര്യമാക്കിത്തീര്‍ത്തു. അക്കാലത്ത് വ്യവസ്ഥാപിതമായ പിന്തുടര്‍ച്ചാ നയം ഇല്ലായിരുന്നു. മൂത്തവരുടെ അവകാശം അവഗണിച്ച് ഇളയവര്‍ രാജാവാകന്‍ തുടങ്ങിയതോടെ അഭ്യന്തരമായ കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിതെളിഞ്ഞു. പല രാജാക്കന്മാരും ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നതിനാല്‍ അവകാശികളുടെ എണ്ണം കൂടി വന്നു. രാജകൊട്ടാരത്തില്‍ തന്നെ പടയൊരുക്കങ്ങളും അട്ടിമറി ശ്രമങ്ങളും നിലനിന്നിരുന്നു.
[തിരുത്തുക] വ്യാപാരത്തകര്‍ച്ച
ഗുപ്തകാലത്ത് വിദേശങ്ങളുമായി നല്ല വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നത് പില്‍ക്കാലത്ത് മന്ദീഭവിച്ചു. ആദ്യമെല്ലാം പട്ടുകളും മറ്റും പൂര്‍വ്വ റോമാ സാമ്രാജ്യത്തിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്നത് ആറാം നൂറ്റാണ്ടായതോടെ ചൈനക്കാരില്‍ നിന്ന് പട്ടു നൂല്‍ ഉത്പാദനം സ്വായത്തമാക്കിയതോടെ നിലച്ചു പോകുകയായിരുന്നു. മാത്രവുമല്ല പശ്ചിമേന്ത്യയിലെ പട്ടുനൂല്‍ കച്ചവടക്കാര്‍ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാനും തുടങ്ങിയത് ഇതിന് പതികൂലമായിത്തീര്‍ന്നു.
ഭൂവുടമകളായ ബ്രാഹ്മണന്മാരുടെ ആവിര്‍ഭാവം പ്രദേശിക കര്‍ഷകരെ സാരമായി ബാധിച്ചു. ഇത് ജന്മിത്ത വ്യവസ്ഥ വളരാന്‍ സഹായിച്ചു. കര്‍ഷകര്‍ അവരുടെ പരിശ്രമത്തിന്‍റെ അത്യന്തിക ഫലം അനുഭവിക്കാന്‍ കഴിയാത്തവരായി.
[തിരുത്തുക] സമൂഹികമായ മാറ്റങ്ങള്‍
ബ്രാഹ്മണര്‍ക്ക് ലഭിച്ച ഭൂദാനങ്ങള്‍ വഴി അവര്‍ സമ്പന്നരായിത്തീറ്റ്നു. ബ്രാഹ്മണമേധാവിത്വം ശക്തിപ്പെട്ടു. ആരംഭത്തില്‍ വൈശ്യരായിരുന്ന ഗുപ്തന്മാരെ അവര്‍ ക്ഷത്രിയരായിക്കോണ്ടാടി. അതു വഴി രാജപ്രീതി പിടിച്ചു പറ്റിയ അവര്‍ നിരവധി അവകാശങ്ങള്‍ സ്വായത്തമാക്കി. നിരവധി ഉപജാതികളുടെ ആവിര്‍ഭാവത്തോടെ ജാതി വ്യവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീര്‍ന്നു. വിദേശികള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ലയിച്ചു. അവര്‍ക്കെല്ലാം ക്ഷത്രിയ പദവി നല്‍കപ്പെട്ടു. വൈദേശീയരായ ഹൂണ്ടന്മാര്‍ 36 രജപുത്ര ഗോത്ത്രങ്ങളായി കരുതപ്പെട്ടു. ചാതുര്‍വണ്ണ്യത്തില്‍ അധിഷ്ഠിതമായി ജോലികളും മറ്റാചാരങ്ങളും വിഭജിക്കപ്പെട്ടു. ശൂദ്രന്മാര്‍ പൊതുവേ കര്‍ഷകരയി കണക്കാക്കപ്പെട്ടു. എന്നാല്‍ ആറാം നൂറ്റാണ്ടോടുത്തതോടെ പല അയോഗ്യതകളും കല്പിക്കപ്പെട്ടും തൊട്ടുകൂടായ്മ, തീണ്ടല്‍ എന്നീ ആചാരങ്ങള്‍ നാമ്പിട്ടു. ഇത് സാമൂഹികമായി അഭ്യന്തര പ്രശ്നങ്ങള്‍ക്കും വഴിതെളിച്ചു.
[തിരുത്തുക] മത നയം
ഒടുവിലത്തെ ഗുപ്തന്മാര്‍ ബുദ്ധമതത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതു മൂലം ബ്രാഹ്മണരുടെ എതിര്‍പ്പ് വിളിച്ചുവരുത്തി. സൈനിക ശക്തി ക്ഷയിക്കാനും അഭ്യന്തര കുഴപ്പങ്ങള്‍ തുടങ്ങാനും ഇത് കാരണമായി
[തിരുത്തുക] യുദ്ധങ്ങള്‍
സാമ്പത്റ്റിഹ്ക കുഴപ്പങ്ങള്‍ സൈന്യത്തിന്‍റെ വീര്യം ഊതിക്കെടുത്തി. വളരെക്കാലം സമാധാനം നിലനിന്നിരുന്നത് വലിയ ഒരു സൈന്യത്തെ പോറ്റുന്നത് ആവശ്യമില്ലാതായി. ഇത് സൈന്യത്തിന്‍റെ ശമ്പളം കുറക്കാന്‍ കാരണമായി. ചെറിയ നാടുവാഴികളും സാമന്ത രാജാക്കന്മാരും സ്വാതന്ത്ര്യത്തിനായി ചെറുത്ത് നില്പ് തുടങ്ങി. പുഷ്യാമിത്രന്മാര്‍. ഹൂണന്മാര്‍. ശകന്മാര്‍ എന്നിവരുമായി നടത്തിയ യുദ്ധങ്ങള്‍ സാമ്പത്തിക ഭദ്രത തകര്‍ത്തിരുന്നു. മാള്‍വയിലേ യശോധര്‍മ്മനേപ്പോലുള്ളവര്‍ കേന്ദ്ര ഭരണത്തിന്‍റെ അധികാരത്തെ വെല്ലുവിളിച്ച് സ്വാതന്ത്ര്യം നേടി. പലരാജാക്കന്മാരും കപ്പം കൊടുക്കുന്നത് നിര്‍ത്തി. അതിര്‍ത്തികള്‍ സുരക്ഷിതമാക്കാത്തതിനാല്‍ ഹൂണന്മാര്‍ നുഴഞ്ഞുകയറി രാജ്യത്തെ ആക്രമിച്ചു. സ്കന്ദ ഗുപ്തന്‍ ഹൂണന്മാരെ സമര്‍ത്ഥമായി നേരിട്ടുവെങ്കിലും പിന്‍ഗാമികള്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മാള്‍വ യില്‍ തേരമാനന്‍ അധികാരം സ്ഥാപിക്കുകയും ഹൂണന്മാര്‍ ആറാം നൂറ്റാണ്ടോടെ വടക്കേ ഇന്ത്യയില്‍ പ്രവേശിക്കുകയും ചെയ്തതോടെ ഗുപ്ത സാമ്രാജ്യത്തിന്‍റെ പതനം ഏതാണ്ട് പൂര്‍ത്തിയായിരുന്നു.
ഇന്ത്യയിലെ മധ്യകാല സാമ്രാജ്യങ്ങള്‍ | ||||||||||||
കാലഘട്ടം: | ഉത്തര സാമ്രാജ്യങ്ങള്‍ | ദക്ഷിണ സാമ്രാജ്യങ്ങള്‍ | ഉത്തര-പശ്ചിമ സാമ്രാജ്യങ്ങള്‍ | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
ആറാം ശതകം ക്രി.മു. |
|
|
(അഖാമേനിയന്‍ ഭരണം)
(മുസ്ലീം സാമ്രാജ്യങ്ങള്‍) |
|||||||||
edit |
[തിരുത്തുക] അവലംബം
ഭാരത ബൃഹച്ചരിതം- പ്രാചീന ഭാരതം- ഒന്നാം ഭാഗം. (രണ്ടാം പതിപ്പ്) എഴുതിയത്. ആര്‍.സി. മജുംദാറും മറ്റും; , കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള ജൂണ്‍ 1995.
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. ജൂലൈ 1998
- ↑ ഹിന്ദുത്വ വിജ്ഞാനകോശം ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 8
- ↑ പഞ്ച തന്ത്രം കഥകള്‍, ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 09
[തിരുത്തുക] കുറിപ്പുകള്‍
- ↑ The Chinese traveller I Ching provides the first evidence of the Gupta kingdom in Magadha. He came to India in 672 CE and heard of Maharaja Sri-Gupta who built a temple for Chinese pilgrims near Mrigasikhavana. I-tsing gives the date for this event merely as '500 years before'. This does not match with other sources and hence we can assume that I-tsing's computation was a mere guess.
- ↑ “ഭാരതീയ കവിതയെ സംബന്ധിച്ചിടത്തോളം കാളിദാസന്‍റെ നാമം സര്‍വോപരിയായി നിലകൊള്ളുന്നു. കാളിദാസകവിതയെന്നു പറഞ്ഞാല്‍ ഭാരതീയ കവിതകളുടെ ഉജ്ജ്വലമായ ഒരു സംഗ്രഹമാണ്. ഭാരതത്തിലെ നാടക പ്രസ്ഥാനവും ഐതിഹാസിക കാവ്യ പ്രസ്ഥാനവും ആ ദിവ്യമായ ധിഷണയുടെ ശക്തിയേയും ഒതുക്കത്തേയും ഇന്നും സാക്ഷ്യപ്പെടുത്തുന്നു” എന്ന് പ്രഫസര്‍ സില്‍വെയന്‍ ലെവി. പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
- ↑ ഗുപ്തന്മാരുടെ കല നലും അഞ്ചും ശതാത്ബദങ്ങളിലുത്തരേന്ത്യയില്‍ ജീവിച്ചിരുന്ന ജനങ്ങളുടെ ആദര്‍ശങ്ങളിലും ആശയങ്ങളിലും വന്ന പരിവര്‍ത്തന ഫലമായുണ്ടായതാണ്. ഈ നവോത്ഥ്ഹനം പഴമയില്‍ അധിഷ്ഠിതവും വിദേശീയ പ്രേരണകളെ പിന്തള്ളിയതും ഭാരതീയവും നവ്യത നിരഞ്ഞതുമായിരുന്നു.