തൃശ്ശൂര്‍ റൌണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) നില്‍ക്കുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് തൃശ്ശൂര്‍ റൌണ്ട് എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകര്‍ഷണമാണ് വടക്കുംനാഥ ക്ഷേത്രം.
തേക്കിന്‍കാട് മൈതാനത്തിനു ചുറ്റുമാണ് തൃശ്ശൂര്‍ റൌണ്ട്. സ്വരാജ് റൌണ്ട് എന്നും ഇത് അറിയപ്പെടുന്നു.
ഇന്ത്യയില്‍ തന്നെ ഒരു മൈതാനത്തിനു ചുറ്റുമുള്ള വഴികളില്‍ നീളത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് തൃശ്ശൂര്‍ റൌണ്ട്. ഒന്നാം സ്ഥാനം ദില്ലിയിലെ കൊണാട്ട് പ്ലേസിനു ചുറ്റുമുള്ള റോഡിന് ആണ്. ഒന്‍പത് പ്രധാന വഴികളും പല ചെറിയ റോഡുകളും ഈ റൌണ്ടില്‍ ചെന്നു ചേരുന്നു. ഈ റോഡുകള്‍ കവലകള്‍ തീര്‍ക്കുന്നു. തൃശ്ശൂര്‍ നഗരം റൌണ്ടിനു ചുറ്റും വൃത്താകൃതിയില്‍ പരന്നു കിടക്കുന്നു.
ഒരു ദശാബ്ദം മുന്‍പു വരെ തൃശ്ശൂര്‍ ജില്ലയുടെ വികസനം സ്വരാജ് റൌണ്ടില്‍ ഒതുങ്ങി നിന്നു. ഇന്ന് നഗരം പ്രാന്തപ്രദേശങ്ങളിലേയ്ക്കും വികസിച്ചിരിക്കുന്നു.
തൃശ്ശൂര്‍ നഗരം തേക്കിന്‍കാട് മൈതാനത്തിനു ചുറ്റുമാണ് നിര്‍മ്മിച്ചത്. തൃശ്ശൂര്‍ പൂരം നടക്കുന്നത് തേക്കിന്‍കാട് മൈതാനത്താണ്. തേക്കിന്‍കാട് മൈതാനത്താണ് പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രവും ജല അതോറിറ്റിയും കുട്ടികളുടെ ഉദ്യാനവും. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഇവിടെ അനുവാദമില്ല. രാഷ്ട്രീയ സാമൂഹിക ആവശ്യങ്ങള്‍ക്കായി താല്‍ക്കാലിക നിര്‍മ്മിതികള്‍ ഇവിടെ അനുവദിക്കാറുണ്ട്. ആവശ്യം കഴിഞ്ഞാല്‍ പൊളിച്ചു മാറ്റണം എന്ന വ്യവസ്ഥയിലാണ് ഈ താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ക്ക് അനുവാദം നല്‍കുന്നത്.
തേക്കിന്‍കാട് മൈതാനം എന്ന പേരിന്റെ ഉത്ഭവത്തെ പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്. തദ്ദേശീയ പുരാണങ്ങള്‍ അനുസരിച്ച് വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ തേക്ക് വളര്‍ന്നുനില്‍ക്കുന്ന നിബിഢ വനങ്ങളായിരുന്നു. ഈ സ്ഥലം കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാരരംഗമായിരുന്നു. തസ്കര ശല്യം ഒഴിവാക്കുവാനായി ശക്തന്‍ തമ്പുരാന്‍ തേക്കിന്‍കാട് വനം നശിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉള്ള എല്ലാ എതിര്‍പ്പുകളും നിര്‍ദ്ദയം അമര്‍ച്ചചെയ്യപ്പെട്ടു. പാറമ്മേക്കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാട് വനം നശിപ്പിക്കുന്നതിന് എതിര്യായി ജനങ്ങളെ ഇളക്കിവിടുന്നതിനു വേണ്ടി പാറമ്മേക്കാവ് ഭഗവതി വനം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അരുളിച്ചെയ്തു. അദ്ദേഹത്തിനെ കഴുത്ത് അറുത്ത് കൊല്ലുകയാണുണ്ടായത്. ഇന്നും തേക്കിന്‍കാട് മൈതാനത്തില്‍ കാണുന്ന തേക്കു മരങ്ങള്‍ ഈ വനത്തിന്റെ ബാക്കിയാണ് എന്നാണ് പറയപ്പെടുന്നത്.
പ്രാദേശികമായി എല്ലാ സ്ഥലങ്ങളുടെയും ദൂരങ്ങള്‍ റൌണ്ടില്‍ നിന്നാണ് കണക്കാക്കിയിരിക്കുന്നത്.
തൃശ്ശൂര്‍ പൂരത്തിനിടക്ക് ഒരു ആന വടക്കുംനാഥനെ വണങ്ങുന്നു. |
തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റം. |