പശ്ചിമഘട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡക്കാന്‍ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപര്‍വ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പര്‍വ്വത നിരകള്‍ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകള്‍
1440 കിലോമീറ്റര്‍ നീളവും ശരാശരി 900 മീറ്റര്‍ ഉയരവുമുള്ള സഹ്യപര്‍വ്വതം അത്യപൂര്‍വ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. 2695 മീറ്റര്‍ ആണ് ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ് വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തില്‍ നിലകൊള്ളുന്നു.
[തിരുത്തുക] ചരിത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ് പശ്ചിമഘട്ടം രൂപപ്പെട്ടത് എന്ന് ഭൌമശാസ്ത്രജ്ഞര്‍ കരുതുന്നു. അതായത് ഏഴുകോടി വര്‍ഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ് അവരുടെ അഭിപ്രായം.
വാത്മീകീ രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പര്‍വ്വതങ്ങളെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
[തിരുത്തുക] പ്രാധാന്യം
പശ്ചിമഘട്ടം പടിഞ്ഞാറന്‍ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു.
[തിരുത്തുക] പാരിസ്ഥിതിക പ്രാധാന്യം
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഗതി നിയന്ത്രിക്കുന്നതു മൂലം കേരളമുള്‍പ്പെടെയുള്ള പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിന് പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. ഗോദാവരി നദി, കാവേരീ നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്.
ഇന്ത്യയിലാകെയുള്ളതില്‍ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത് എന്നത് ഇവിടെ സ്മരണീയമാണ്. പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന സസ്യങ്ങളില്‍ 37 ശതമാനവും തദ്ദേശീയ വംശങ്ങളാണ്(പശ്ചിമഘട്ടത്തില്‍ മാത്രമുള്ളവ). പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന ജീവികളില്‍ 48 ഇനം സസ്തനികളും, 275 ഇനം പക്ഷികളും 60 ഇനം ഉരഗങ്ങളും ഈ പ്രദേശത്തു മാത്രമുള്ളവയാണ്. സിംഹവാലന്‍ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂര്‍വ്വവും പശ്ചിമഘട്ടത്തില്‍ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി കണക്കാക്കിയിരിക്കുന്നു.
[തിരുത്തുക] സാമ്പത്തിക പ്രാധാന്യം
ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരില്‍ മൂന്നില്‍ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത് കര്‍ണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളില്‍ നിന്നാണ്. ഇവകൂടാതെ വന്‍തോതില്‍ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.
വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ് പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തില്‍ 60 ശതമാനവും ഈ അണക്കെട്ടുകളില്‍ നിന്നാണ്. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികള്‍ ഉപയോഗപ്പെടുത്തിയാണ്.
[തിരുത്തുക] പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങള്‍
വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങള്‍ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തില്‍ ഇന്നു കൂടുതല്‍ ഭാഗവും തോട്ടങ്ങളാണ്. ഇന്ത്യന്‍ ദേശീയ വനനയ പ്രകാരം പര്‍വ്വതമേഖലകളില്‍ 60 ശതമാനം വനമായിരിക്കണം എന്നാല്‍ പശ്ചിമഘട്ടത്തില്‍ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ.
ഇന്ത്യയിലെ മലനിരകള്‍ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപര്‍വ്വതം | സത്പുര | പൂര്‍വ്വാചല്‍ | പൂര്‍വ്വഘട്ടം |
കൊടുമുടികള്‍ |
കെ.2 | നംഗപര്‍വ്വതം | നന്ദാദേവി | കാഞ്ചന്‍ജംഗ | ആനമുടി | അഗസ്ത്യകൂടം |