മാണി മാധവ ചാക്യാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു മാണി മാധവ ചാക്യാര്‍ (ജനനം - 1899 ഫെബ്രുവരി 14, മരണം - 1990 ജനുവരി 14) കേരളത്തില്‍ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. ജീവിച്ചിരുന്നവരില്‍ വെച്ച് ഏറ്റവും മഹാനായ ചാക്യാര്‍ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു.
പാരമ്പര്യമനുസരിച്ചുള്ള എല്ലാ കൂടിയാട്ടങ്ങളിലും ചാക്യാര്‍ കൂത്തിനു ഉപയോഗിക്കുന്ന എല്ലാ പ്രബന്ധങ്ങളിലും അദ്ദേഹം വിചക്ഷണനായിരുന്നു. കൂടിയാട്ടത്തെയും ചാക്യാര്‍ കൂത്തിനെയും കുറിച്ചുള്ള എല്ലാ ആശയങ്ങളും സമ്പ്രദായങ്ങളും വ്യവസ്ഥകളും ലളിതവും ശാസ്ത്രീയവുമായി സാധാരണക്കാരനു മനസ്സിലാക്കി തരുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രവും കേരളത്തിലെ പലവിധ അഭിനയ സമ്പ്രദായങ്ങളെയും അദ്ദേഹം ഗാഢമായി പഠിച്ചു. കൂടിയാട്ടത്തിന്റെ ശാസ്ത്രത്തിലും അവതരണത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം മികച്ചതായിരുന്നു. അഭിനയത്തിന്റെ ചക്രവര്‍ത്തിയായി അദ്ദേഹം അറിയപ്പെട്ടു.
ചാക്യാര്‍ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയില്‍ അദ്ദേഹം അഭ്യസിച്ചു. പണ്ഡിതന്മാരും വിശാരദരുമായ തന്റെ അമ്മാവന്മാരില്‍ നിന്നുമായിരുന്നു അദ്ദേഹം പഠിച്ചത്. ഗുരു മാണി പരമേശ്വര ചാക്യാര്‍, ഗുരു മാണി നീലകണ്ഠ ചാക്യാര്‍, ഗുരു മാണി നാരായണ ചാക്യാര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്‍മാര്‍. രസാഭിനയത്തിനും വാചികാഭിനയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കൂടിയാട്ടത്തിലെയും ചാക്യാര്‍ കൂത്തിലെയും പ്രശസ്തമായ "മാണി" സമ്പ്രദായത്തിലാണ് അദ്ദേഹം അഭ്യസിച്ചത്. ഒരു ഉയര്‍ന്ന സംസ്കൃത പണ്ഡിതനുമായിരുന്നു അദ്ദേഹം. സംസ്കൃതത്തില്‍ അദ്ദേഹം പഠിപ്പിച്ചിരുന്നു. അലങ്കാരശാസ്ത്രം, നാട്യശാസ്ത്രം, വ്യാകരണം, ന്യായം, ജ്യോതിഷം, തുടങ്ങിയവ അദ്ദേഹം പഠിച്ചു. പണ്ഡിതരത്നം പഴേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. എല്ലാ കാലത്തെയും പണ്ഡിതന്മാരില്‍ ശ്രേഷ്ഠനായി കരുതപ്പെടുന്ന തിരുമനസ്സ് ദര്‍ശനകലാനിധി രാമവര്‍മ്മ പരീക്ഷത്ത് തമ്പുരാന്‍ (കൊച്ചി രാജ്യത്തെ മഹാരാജാവ്) അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. നാട്യശാസ്ത്രത്തിലും ന്യായശാസ്ത്രത്തിലും അദ്ദേഹത്തിന്റെ കീഴില്‍ മാണി മാധവ ചാക്യാര്‍ ഉന്നത പഠനം നടത്തി.

രസാഭിനയത്തിന്റെ (വിവിധ ഭാവങ്ങളെ അവയുടെ പൂര്‍ണതയില്‍ അവതരിപ്പിക്കുന്ന കല), പ്രത്യേകിച്ച് നേത്രാഭിനയത്തിന്റെ (കണ്ണുകളുടെ ചലനങ്ങാള്‍ ഉപയോഗിച്ച് മാത്രം വിവിധ ഭാവങ്ങളെ അവതരിപ്പിക്കുന്ന കല), എക്കാലത്തെയും മികച്ച കലാകാരനായി മാണി മാധവ ചാക്യാര്‍ കരുതപ്പെടുന്നു. കേരളത്തിന്റെ തനതു കലാരൂപങ്ങളില്‍ അദ്ദേഹത്തിന്റെ സ്വാധീനം പ്രശസ്തമാണ്. പല കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം കലാകാരന്മാരെയും കലാകാരികളെയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ഗുരു കേളു നായര്‍, ആനന്ദ് ശിവറാം, തുടങ്ങിയ പല കഥകളി നടന്‍മാരും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു. കഥകളിക്ക് കണ്ണുകള്‍ നല്‍കിയ കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.
അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ പ്രധാന പുരസ്കാരം 22-ആം വയസ്സില്‍ പ്രശസ്തനായ ഭട്ടന്‍ തമ്പുരാനില്‍ നിന്ന് ആയിരുന്നു. ഭട്ടന്‍ തമ്പുരാന്‍ അദ്ദേഹത്തിന് 1921-ല്‍ ഒരു മുദ്രമോതിരം സമ്മാനിച്ചു. പില്‍കാലത്ത് പല പുരസ്കാരങ്ങളും ലഭിച്ചെങ്കിലും മരണം വരെ മാണി മാധവ ചാക്യാര്‍ ഈ മുദ്രമോതിരം തനിക്കു ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി കരുതിപ്പോന്നു. 1923-ല്‍ അദ്ദേഹത്തിന് പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് വീരശൃംഘല ലഭിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ഈ ഉപഹാരം സമ്മാനിക്കുന്നത് പണ്ഡിതശ്രേഷ്ഠന്‍മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ്. മാണി മാധവ ചാക്യാര്‍ക്കു ശേഷം മറ്റാര്‍ക്കും ഈ പണ്ഡിത സദസ്സില്‍ നിന്ന് വീരശൃംഘല സമ്മാനിച്ചിട്ടില്ല. 1930-ല്‍ കടത്തനാട് വലിയതമ്പുരാന്‍ അദ്ദേഹത്തിന് “നാട്യാചാര്യ“ എന്ന പദവി സമ്മാനിച്ചു. 1952-ല്‍ കോട്ടക്കല്‍ നിന്നും 1961-ല്‍ കാഞ്ചി മഠത്തിലെ ശങ്കരാചാര്യരില്‍ നിന്നും 1964-ല്‍ സാമൂതിരിയില്‍ നിന്നും 1989-ല്‍ തൃപ്പൂണിത്തറയില്‍ നിന്നും അദ്ദേഹത്തിന് വീരശൃംഘലകള്‍ ലഭിച്ചു. 1954-ല്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം ലഭിച്ചു. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂര്‍ണ്ണതയ്ക്ക് ആയിരുന്നു ഇത്. ഇന്ത്യാ സര്‍ക്കാര്‍ അദ്ദേഹത്തിന് 1974-ല്‍ പത്മശ്രീയും 1982-ല്‍ എമെറിറ്റസ് ഫെല്ലോഷിപ്പും സമ്മാനിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാല അദ്ദേഹത്തിന് 1964-ല്‍ വിശിഷ്ട ബിരുദം സമ്മാനിച്ചു.

ചാക്യാര്‍ കൂത്തിനും കൂടിയാട്ടത്തിനുമുള്ള എല്ലാ പ്രധാന പുരസ്കാരങ്ങളും ആദ്യമായി ലഭിച്ചത് അദ്ദേഹത്തിനാണ്. ഇവയില്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1964), ന്യൂയോര്‍ക്ക് പദരേവ്സ്കി ഫൌണ്ടേഷന്‍ പുരസ്കാരം (1964), പത്മശ്രീ (1974), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1975, നട്യകല്പദ്രുമം എന്ന അദ്ദേഹത്തിന്റെ കൃതിക്ക്), കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976), കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976), ഇന്ത്യാ സര്‍ക്കരിന്റെ എമെരിറ്റസ് ഫെല്ലോഷിപ്പ് (1982), കാളിദാസ അക്കാദമി ഫെല്ലോഷിപ്പ് (1982), കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് (1983), മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തുളസീ സമ്മാന്‍ (1987), ഗുരുവായൂര്‍ ദേവസ്വം അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതാണ്.
അഭിനയത്തില്‍ ഒരു പണ്ഡിതനായി അദ്ദേഹം കരുതപ്പെട്ടു. അദ്ദേഹത്തിന്റെ അഭിനയം “സമ്പൂര്‍ണം“ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നേത്രാഭിനയം കലാലോകത്തെ ഒരു അല്‍ഭുതമായി കരുതപ്പെടുന്നു. ഇതിനെ പ്രശസ്ത നിരൂപകനായ ഡോ. വി.കെ. നാരായണ മേനോന്‍ ബിഥോവന്റെ സിമ്ഫണികളോട് ഉപമിക്കുന്നു. [1]
പ്രശസ്ത കഥക് കലാകാരനായ ബിര്‍ജു മഹാരാജ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച നടനായി കരുതുന്നു. “മാണി മാധവ ചാക്യാര്‍ക്ക് തന്റേതായ ശൈലി ഉണ്ടായിരുന്നു. തന്റെ വിചാരങ്ങളെ അദ്ദേഹത്തിന് ഭാവങ്ങളായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നയന ചലനങ്ങള്‍ അവര്‍ണനീയമായിരുന്നു” എന്ന് ബിര്‍ജു മഹാരാജ് പറയുന്നു. പ്രശസ്ത പണ്ഡിതനായ സ്റ്റെല്ലാ ക്രാമ്ര്രിഷ് (ഫിലഡെല്ഫിയ കലാ മ്യൂസിയത്തിലെ കലാ ശേഖരണത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു) മാണി മാധവ ചാക്യാരുടെ നേത്രാഭിനയം കണ്ടതിനുശേഷം അദ്ദേഹത്തെ ലോകത്തിലെ മഹാനായ കണ്ണുകളുടെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിച്ചു.
നവരസങ്ങളെ അതിന്റെ പാരമ്യത്തില്‍ അഭിനയിച്ച് ഭലിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം നവരസങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പല പ്രശസ്ത കലാകേന്ദ്രങ്ങളിലും സംഗീത നാടക അക്കാദമി തുടങ്ങിയ അക്കാദമികളിലും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഇന്ന് ശേഖരിച്ച് വെച്ചിരിക്കുന്നു.
ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ നിന്നും കൂടിയാട്ടത്തെയും ചാക്യാര്‍ കൂത്തിനെയും പുറത്തുകൊണ്ടുവന്നത് മാണി മാധവ ചാക്യാരാണ്. കേരളത്തിനു പുറത്തുള്ള ആദ്യത്തെ കൂടിയാട്ടം അവതരണം മദ്രാസില്‍ 1962-ല്‍ അദ്ദേഹത്തിന്റെ സംഘം അവതരിപ്പിച്ചു. ഇന്ത്യയിലെമ്പാടും കൂടിയാട്ടം അവതരിപ്പിച്ച് അദ്ദേഹം ഈ കലയെ ജനപ്രിയമാക്കി. അദ്ദേഹവും സംഘവും ദില്ലി, ബനാറസ്, ഉജ്ജയിന്‍, ബോംബെ, മദ്രാസ്, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടിയാട്ടം അവതരിപ്പിച്ചു.

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം, ഭാസന്റെ സ്വപനവാസവദത്തം, പഞ്ചതന്ത്രം എന്നിവ ചിട്ടപ്പെടുത്തി കൂടിയാട്ടത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അരങ്ങത്തെത്തിച്ചത് അദ്ദേഹമാണ്.
അദ്ദേഹത്തിന്റെ ഗുരുവായ ദര്‍ശനകലാനിധി രാമവര്‍മ്മ പരീക്ഷത്ത് തമ്പുരാന്‍ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.
അഖിലേന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയ്ക്കു വേണ്ടി ആദ്യമായി കൂടിയാട്ടവും ചാക്യാര്‍ കൂത്തും അവതരിപ്പിച്ചത് അദ്ദേഹമാണ്. ഇത് തനതുകലകളിലേക്ക് ആയിരക്കണക്കിന് ശ്രോതാക്കളെ ആകര്‍ഷിച്ചു. കൂടിയാട്ടത്തെ ജനപ്രിയമാക്കുവാന്‍ കൂടിയാട്ട പ്രദര്‍ശങ്ങള്‍ ആരംഭിച്ചത് അദ്ദെഹമാണ്.

വള്ളത്തോള്‍ നാരായണ മേനോന്‍ കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോള്‍ മാണി മാധവ ചാക്യാരെ കഥകളി വിദ്യാര്‍ത്ഥികള്‍ക്ക് രസാഭിനയം പഠിപ്പിക്കുവാനായി സ്വാഗതം ചെയ്തു. പിന്നീട് കേരള കലാമണ്ഡലം, കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘം,പേരൂര്‍ ഗാന്ധി സദനം കഥകളി അക്കാദമി എന്നിവ അദ്ദേഹത്തെ ഒരു സന്ദര്‍ശക അദ്ധ്യാപകനായി വിളിച്ച് അദ്ദേഹത്തിന്റെ മഹത്തായ കഴിവുകളെ ഉപയോഗിച്ചു.
കൂടിയാട്ടത്തെക്കുറിച്ച് അദ്ദേഹം രചിച്ച നാട്യകല്‍പദ്രുമം എന്ന പുസ്തകം(1975) കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കി. ഈ പ്രശസ്ത കൃതി ഇന്ന് പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും ഒരു ആധാര ഗ്രന്ധമായി പരിഗണിക്കുന്നു. ഈ കൃതി കൂടിയാട്ടത്തിന്റെ എല്ലാ മേഘലകളിലും ശാസ്ത്രീയവും നിരൂപണാത്മകവുമായ വെളിച്ചം വീശുന്നു. ഈ പുസ്തകം ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാണി മാധവീയം എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം ( കേരള സര്‍ക്കാര്‍ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ചത് ) അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ ഒരു സുന്ദരമായ വിവരണം നല്‍കുന്നു.
ചാക്യാര്‍-നമ്പ്യാര്‍ സമുദായാംഗമല്ലാത്ത ഒരാള്‍ക്ക് ആദ്യമായി കൂടിയാട്ടം പഠിപ്പിച്ചത് അദ്ദേഹമാണ്. പോളണ്ടില്‍ നിന്നുള്ള വാഴ്സോ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ബൈര്‍സ്കി (ബനാറസ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി) അദ്ദേഹത്തിന്റെ അടുത്തുവന്ന് സംസ്കൃതത്തിലുള്ള ഏക പുരാതന നാടകകലയായ കൂടിയാട്ടം 1960-കളില്‍ പഠിച്ചു. അദ്ദേഹം മാണി മാധവ ചാക്യാരുടെ ഭവനത്തില്‍ താമസിച്ച് കൂടിയാട്ടം അതിന്റെ തനതായ രീതിയില്‍ പഠിച്ചു. അമേരിക്കയിലെ ജോര്‍ജ്ജിയ സര്‍വകലാശാലയിലെ ഡോ. ഫാര്‍ലി റിച്ച്‌മണ്ട് എന്ന പ്രശസ്ത സംസ്കൃത നാടക പണ്ഡിതന്‍ കിള്ളിക്കുറിശ്ശിമംഗലത്തുള്ള മാണി മാധവ ചാക്യാരുടെ ഭവനത്തില്‍ താമസിച്ച് കൂടിയാട്ടം എന്ന പുരാതന സംസ്കൃത കലാരൂപത്തെക്കുറിച്ച് പഠിച്ചു.
[തിരുത്തുക] മരണം
91-ആമത്തെ വയസ്സില്‍ 1990 ജനുവരി 14-നു ആ ധന്യ ജീവിതം അവസാനിച്ചു.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- മാണി മാധവ ചാക്യാര്‍ അഭിനയിക്കുന്ന സംഗീത നാടക അക്കാദമി ചിത്രങ്ങള്‍
- Kutiyattam - Sanskrit Theater of India (Multimedia CD) by Dr.Farley Richmond ( It contains a rare video collection of Netrabhinaya by the maestro Padma Shree Mani Madhava Chakyar)
- About the Golden Bracelet ( an honour given to the supreme scholar/artist ) that Mani Madhava Chakyar got from Sri Raja Rajeswara Temple of Taliparambu
- Natyakalpadrumam, Washington
- order Natyakalpadrumam
- Kathak maestro Birju Maharaj on top Indian dancers
- Data Bank on Traditional performances of Sangeet Natak Academy, New Delhi
Categories: കേരളം | കല | സംസ്കാരം | ജീവചരിത്രം