മോഹിനിയാട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണു്. നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ചതുര്‍വൃത്തികളില്‍ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികള്‍. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളതു്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും ആടിക്കാണുന്നുണ്ടു്. കലാമണ്ഢലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകിയാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളില്‍ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളതു്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടര്‍ച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ടു്. എങ്കിലും ഇതിനു ഉപോല്‍ബലകമായ തെളിവുകള്‍ ചരിത്രരേഖകളില്‍ തുലോം കുറവാണു്. "മോഹിനിയാട്ട"ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമര്‍ശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണന്‍ നമ്പൂതിരി കൃസ്ത്വബ്ദം 1709-ല്‍ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണു്. പ്രസ്തുത കൃതിയില്‍ ഒരു മോഹിനിയാട്ട പ്രദര്‍ശനത്തിനു ശേഷം കലാകാരന്മാര്‍ അവര്‍ക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ടു്. നാരായണന്‍ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍കൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമര്‍ശമുണ്ടു്. "ഘോഷയാത്ര" എന്ന തുള്ളല്‍ക്കവിതയില്‍ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വര്‍ണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടില്‍ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:
നാടകനടനം നര്‍മ്മവിനോദം പാഠക പഠനം പാവക്കൂത്തും മാടണി മുലമാര്‍ മോഹിനിയാട്ടം പാടവമേറിന പലപല മേളം
ചന്ദ്രാംഗദചരിതം തുള്ളലില്‍ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വര്‍ണ്ണന ഇപ്രകാരം:
അല്പന്മാര്‍ക്കു രസിക്കാന്‍ നല്ല ചെ- റുപ്പക്കാരുടെ മോഹിനിയാട്ടം ഓട്ടന്തുള്ളല്‍ വളത്തിച്ചാട്ടം ചാട്ടം വഷളായുള്ളാണ്ട്യാട്ടം
പണ്ട് ദേവദാസികള്‍ എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലാമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയില്‍ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.
തെന്നിന്ത്യയില്‍ പ്രധാന നാടകശ്ശാലകളില്‍ ഒന്നായിരുന്ന തിരുവന്തപുരത്തു് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങള്‍ ലഭിച്ചു എന്നുവേണം കരുതുവാന്‍. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിനു ഉപയോഗിച്ചു കാണാറുണ്ട്. ഇതില്‍ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശ്ശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ കലാകാരന്മാര്‍ കേരളത്തിലുള്ള നാടകശ്ശാലകളുമായി സഹകരിച്ചുപോന്നിരിക്കണം.
[തിരുത്തുക] സ്വാതിതിരുനാള്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മയുടെ (1829) സ്ഥാനാരോഹണത്തോടെയാണു മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണര്‍വുണ്ടായതു്. ബഹുഭാഷാപണ്ഢിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വല്‍സ്സദസ്സ് ഇരയിമ്മന്‍തമ്പി, കിളിമാനൂര്‍ കോയിതമ്പുരാന്‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നര്‍ത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നര്‍ത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മീനച്ചില്‍ കര്‍ത്തായ്ക്ക് എഴുതിയ കത്തിന്റെ പതിപ്പ് തിരുവനന്തപുരം ഗ്രന്ഥപ്പുരയില്‍ കാണാം.
സ്വാതിതിരുനാള്‍ രചിച്ച പദങ്ങളും വര്‍ണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയില്‍ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്. ഭരതനാട്യവുമായി നിരന്തരസമ്പര്‍ക്കം നിലനിന്നിരുന്ന ഈ കാലാഘട്ടത്തില്‍ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തില്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇതിനു മുമ്പ് മോഹിനിയാട്ടത്തില്‍ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരില്‍ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത് തികച്ചും യാദൃശ്ചികമാകാന്‍ നിവൃത്തിയില്ല.
[തിരുത്തുക] സ്വാതിതിരുനാളിനു ശേഷം
ലാസ്യനൃത്തപ്രിയനായിരുന്ന സ്വാതിതിരുന്നാളിനുശേഷം സ്ഥാനാരോഹണം ചെയ്ത ഉത്രം തിരുന്നാളാകട്ടെ,ഒരു തികഞ്ഞ കഥകളിപ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവര്‍ണസിംഹാസനത്തില്‍ നിന്നും ചവറ്റുകുട്ടയിലേയ്ക്കു എന്ന പോലെ അധഃപതിക്കുകയാണു പിന്നെടുണ്ടായതു്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വര്‍ദ്ധിക്കുകയും മോഹിനിയാട്ടവും, നര്‍ത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട്ട് പരമേശ്വരഭാഗവതര്‍ തിരുവനന്തപുരം വിട്ടു സ്വദേശത്തെക്കു തിരിച്ചു വരാന്‍ നിര്‍ബന്ധിതനായി. നര്‍ത്തകിമാരാവട്ടെ, ഉപജീവനത്തില്‍ മറ്റൊരു മാര്‍ഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തില്‍ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താന്‍ തുടങ്ങി.പൊലികളി, ഏശന്‍, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങള്‍ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തല്‍ക്കാലം തങ്ങളുടെ നിലനില്‍പ്പു സുരക്ഷിതമാക്കാന്‍ ശ്രമിച്ചു.
ചന്ദനം എന്ന നൃത്ത ഇനത്തില്‍ നര്‍ത്തകി ചന്ദനം വില്‍ക്കാനെന്ന വ്യാജേന നൃത്തം ചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു.പിന്നീട് അവരുടെ കയ്യില്‍ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയില്‍ ചാര്‍ത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ "മൂക്കുത്തി"യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നര്‍ത്തകി വേദിയില്‍ നിന്നുപറയുന്നു. പിന്നീട് കാണികലുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു.
മോഹിനിയാട്ടത്തില്‍ വന്ന ഈ അധഃപതനം അതിനെയും നര്‍ത്തകികളേയും സമൂഹത്തില്‍ന്റെ മാന്യവേദികളില്‍ നിന്നും അകറ്റി. കൊല്ലവര്‍ഷം 1070-ല്‍ ഇറങ്ങിയ വിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിര്‍മ്മലാ പണിക്കര്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. 1920-കളില്‍ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളില്‍ നിന്നു പഴയന്നൂര്‍ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോന്‍ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാന്‍ തുടങ്ങി.
[തിരുത്തുക] കേരളകലാമണ്ഡലം
1930 -ല്‍ ചെറുതുരുത്തിയില്‍ വള്ളത്തോള്‍ നാരായണമേനോന്‍ തുടങ്ങിയ കേരളകലാമണ്ഡലത്തില്‍ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൌകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോള്‍ അതിനു യോഗത്യയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട് കൃഷ്ണപ്പണിക്കരുടെ ശിഷ്യകളില്‍ പ്രഥമസ്ഥനീയയായിരുന്ന ഒരിക്കലേടത്തു് കല്യാണി അമ്മയിലാണു്. അന്നു വരെ മോഹിനിയാട്ടത്തില്‍ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തില്‍ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി.കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിര്‍ദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം.കുഴിത്താളം കയ്യിലേന്തി, ഉച്ചത്തില്‍ വായ്‌ത്താരി പറഞ്ഞുകൊണ്ടു നര്‍ത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവു്.
[തിരുത്തുക] ഘടന
മോഹിനിയാട്ടത്തില്‍ മൊത്തം നാല്‍പ്പതോളം ‘അടവുകള്‍’ എന്നറിയപ്പെടുന്ന അടിസ്ഥാനശരീര ചലനങ്ങള്‍ ആണ് ഉള്ളത്.
ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം ![]() |
---|
എട്ടു ഇന്ത്യന്‍ ശാസ്ത്രീയ നൃത്തങ്ങള്‍ |
ഭരതനാട്യം | കഥക് | കഥകളി | കുച്ചിപ്പുടി മണിപ്പൂരി നൃത്തം | മോഹിനിയാട്ടം | ഒഡീസ്സി | സത്രിയ നൃത്തം |