വില്യം വേഡ്‌സ്‌വര്‍ത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം വേഡ്‌സ്‌വര്‍ത്ത് ( ഏപ്രില്‍ 7, 1770- ഏപ്രില്‍ 23, 1850) ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്‍പ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്. സാമുവല്‍ ടെയ്‌ലര്‍ കോളറിജുമായിച്ചേര്‍ന്ന് 1798-ല്‍ പ്രസിദ്ധീകരിച്ച ലിറിക്കല്‍ ബാലഡ്‌സ് എന്ന കൃതിയാണ് കാല്‍പ്പനിക യുഗത്തിനു നാന്ദികുറിച്ചത്. ദ് പ്രല്യൂഡ് എന്ന കവിത വേഡ്‌സ്‌വര്‍ത്തിന്റെ എല്ലാകാലത്തെയും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ല്ണ്ടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കര്‍മൌത്ത് എന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ജനിച്ചത്. അഞ്ചു മക്കളില്‍ രണ്ടാമനായ വില്യമിന് എട്ടു വയസുള്ളപ്പോള്‍ അമ്മയും 13 വയസുള്ളപ്പോള്‍ അച്ഛനും മരിച്ചു. മാതാപിതാക്കളുടെ മരണം മൂലം ചെറുപ്പത്തില്‍ തന്നെയുണ്ടായ ഏകാന്തതാബോധം വേഡ്‌സ്‌വര്‍ത്തിലെ എഴുത്തുകാരനെ തട്ടിയുണര്‍ത്തി. ദീര്‍ഘകാലം അക്ഷരങ്ങള്‍ക്കൊണ്ട് ജീവിതത്തെ സമ്പന്നമാക്കിയാണ് വില്യം മാതാപിതാക്കളുടെ നഷ്ടം നികത്തിയത്. 1787-ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജില്‍ ചേര്‍ന്നു. 1790-ല്‍ ഫ്രഞ്ച് വിപ്ലവ നാളുകളില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച വേഡ്‌സ്‌വര്‍ത്ത് അവിടത്തെ ജനാധിപത്യ ശ്രമങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം സാധാരണ വിജയത്തോടെ തന്റെ ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് പില്‍ക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറൊപ്യന്‍ പര്യടനം ആരംഭിച്ചു. ഇതിനിടയില്‍ അനറ്റ് വലോണ്‍ എന്ന ഫ്രഞ്ച് യുവതിയെ വിവാഹം കഴിച്ചു. പക്ഷേ ബ്രിട്ടനും ഫ്രാന്‍സും തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസമായി. കരോളിന്‍ എന്ന മകളുണ്ടായി അധികമാകും മുന്‍പ് ഭാര്യയേയും പുത്രിയേയും തനിച്ചാക്കി വേഡ്‌സ്‌വര്‍ത്തിന് ഇംഗ്ല്ണ്ടിലേക്കു മടങ്ങേണ്ടിവന്നു. 1793-ല്‍ വേഡ്‌സ്‌വര്‍ത്ത് തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. An Evening Walk and Descriptive Sketches എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൌണ്ടാണ് വേഡ്‌സ്‌വര്‍ത്തിന്റെ കാവ്യജീവിതത്തിന് അടിത്തറയായത്.
സാമുവല്‍ ടെയ്‌ലര്‍ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ് വേഡ്‌സ്‌വര്‍ത്തിന്റെ സാഹിത്യ ജീവിതത്തിന് ദിശാബോധം വന്നത്. 1797-ല്‍ സഹോദരി ഡൊറോത്തിയോടൊപ്പം സോമര്‍സെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പര്‍ക്കം ഏറി. 1798-ലാണ് ഇരുവരും ചേര്‍ന്ന് ലിറിക്കല്‍ ബാലഡ്‌സ് പുറത്തിറക്കിയത്. 1802-ല്‍ ഇതിന്റെ രണ്ടാം പതിപ്പില്‍ വേഡ്‌സ്‌വര്‍ത്ത് എഴുതിച്ചേര്‍ത്ത മുഖവുര ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്‍പ്പനിക പ്രസ്ഥാനത്തിന് വിത്തുപാകി. ഈ ആമുഖ ലേഖനത്തില്‍ വേഡ്‌സ്‌വര്‍ത്ത് കവിതയ്ക്ക് തന്റേതായ നിര്‍വചനവും ("the spontaneous overflow of powerful feelings from emotions recollected in tranquility.")നല്‍കി.