ഷാണ്‍-പോള്‍ സാര്‍ത്ര്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രഞ്ച് നാവികസേനയിലെ ഉദ്യോഗസ്ഥനായ ഷാണ്‍ ബാപ്റ്റിസ്റ്റ് സാര്‍ത്രിന്റെയും ആന്‍ മറീ ഷ്വൈസറിന്റെയും മകനായി സാര്‍ത്ര് പാരീസില്‍ ജനിച്ചു. അമ്മ ജര്‍മ്മന്‍ - അള്‍സേഷ്യന്‍ വംശജയും നോബല്‍ സമ്മാന ജേതാവായ ആല്‍ബര്‍ട്ട് ഷ്വൈസറിന്റെ കസിനുമായിരുന്നു. സാര്‍ത്രിനു 15 മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ പനി പിടിച്ച് മരിച്ചു. അമ്മ സാര്‍ത്രിന്റെ അപ്പൂപ്പനായ ചാള്‍സ് ഷ്വൈറ്റ്സറിന്റെ സഹായത്തോടെയാണ് സാര്‍ത്രിനെ വളര്‍ത്തിയത്. അപ്പൂപ്പന്‍ ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്ന ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു. അപ്പൂപ്പന്‍ സാര്‍ത്രിനെ ചെറുപ്പത്തിലേ തന്നെ കണക്കിലേക്കും ക്ലാസിക്കല്‍ സാഹിത്യത്തിലേക്കും പരിചയപ്പെടുത്തി.
1920-കളില്‍ സാര്‍ത്ര് ഹെന്രി ബര്‍ഗ്സണിന്റെ ‘ബോധത്തിന്റെ തത്സമയ വിവരങ്ങള്‍’ എന്ന ലേഖനം വായിച്ചതോടെ തത്വചിന്തയിലേക്ക് ആകൃഷ്ടനായി. പാരീസിലെ ഉന്നതമായ ‘നോര്‍മല്‍ സുപ്പീരിയര്‍ സ്കൂള്‍‘ (École Normale Supérieure) എന്ന കലാലയത്തില്‍ സാര്‍ത്ര് പഠിച്ചു. പാരീസിലെ പല ചിന്തകരും സാഹിത്യകാരന്മാരും പഠിച്ച വിദ്യാലയമായിരുന്നു ഇത്. ഇവിടെ വെച്ച് പാശ്ചാത്യ തത്വചിന്തയില്‍ സാര്‍ത്ര് ആകൃഷ്ടനായി. ഇമ്മാനുവെല്‍ കാന്‍റ്, ഫെഡെറിച്ച് ഹേഗല്‍, മാര്‍ട്ടിന്‍ ഹൈഡെഗെര്‍ എന്നിവരുടെ ചിന്തകള്‍ സാര്‍ത്രിനെ സ്വാധീനിച്ചു.
1929-ല്‍ ഈ കലാലയത്തില്‍ വെച്ച് സോര്‍ബോണിലെ വിദ്യാര്‍ത്ഥിനിയായ സാര്‍ത്ര് സൈമണ്‍ ദെ ബുവാറിനെ പരിചയപ്പെട്ടു. പില്‍ക്കാലത്ത് അറിയപ്പെടുന്ന ചിന്തകയും എഴുത്തുകാരിയും സ്ത്രീത്വവാദിയുമായിരുന്ന (ഫെമിനിസ്റ്റ്) ഇവര്‍ രണ്ടുപേരും പ്രണയത്തിലാവുകയും അന്ത്യം വരെ പരസ്പരം സ്നേഹിച്ച് ജീവിക്കുകയും ചെയ്തു. എങ്കിലും ഇരുവരും ദാമ്പത്യ ബന്ധത്തില്‍ തികഞ്ഞ വിശ്വാസ്യത പുലര്‍ത്തിയില്ല.
സാര്‍ത്രും ബുവാറും തങ്ങളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളെയും തങ്ങളെ വളര്‍ത്തിക്കൊണ്ടു വന്ന അന്തരീക്ഷത്തെയും ചോദ്യം ചെയ്യുകയും അവയെ ബൂര്‍ഷ്വാ ആയി പരിഗണിക്കുകയും ജീവിതരീതിയിലും ചിന്തയിലും ഇവയെ നിരാകരിക്കുകയും ചെയ്തു. അടിച്ചമര്‍ത്തുന്ന, ആത്മീയമായി തളര്‍ത്തുന്ന സാമൂഹവുമായി രമ്യപ്പെടുന്നതും ഒരു വ്യക്തിയുടെ യഥാര്‍ത്ഥമായ നിലനില്‍പ്പും സാര്‍ത്രിന്റെ രചനകളിലെ പ്രധാന വിഷയങ്ങളില്‍ ഒന്നായി. സാര്‍ത്രിന്റെ സുപ്രധാന തത്വചിന്താ ഗ്രന്ധമായ ‘ഉള്ളായ്മയും ശൂന്യതയും’ (L'Être et le Néant (Being and Nothingness))(1943) ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.
സാര്‍ത്രിന്റെ തത്വചിന്തകളില്‍ ഏറ്റവും വായിക്കപ്പെട്ടത് ‘അസ്ഥിത്വവാദം ഒരു മനുഷ്യത്വവാദമാണ്’ (Existentialism is a Humanism (1946)) എന്ന ലേഖനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി പഠിപ്പിച്ച് പിന്നീട് എഴുതിയ ഈ ലേഖനത്തില്‍ സാര്‍ത്ര് അസ്ഥിത്വവാദത്തെ അതിന്റെ എതിര്‍പ്പുകള്‍ക്കെതിരെ പ്രതിരോധിക്കുന്നു. എങ്കിലും ഒടുവില്‍ സാര്‍ത്രിന്റെ ആശയങ്ങളുടെ ഒരു അപൂര്‍ണചിത്രം മാത്രമേ ഈ ലേഖനം പ്രദാനം ചെയ്യുന്നുള്ളൂ. ഈ ലേഖനത്തെ സാര്‍ത്രിന്റെ ‘ഉള്ളായ്മയും ശൂന്യതയും’ എന്ന ഗ്രന്ധം വായിക്കുവാന്‍ ആശിക്കുന്ന തത്വചിന്താപശ്ചാത്തലം ഇല്ലാത്തവര്‍ക്കായി ഉള്ള ഒരു ജനകീയവും ഒരുപാടു ലഘൂകരിച്ചതുമായ ഒരു തുടക്കമായി പരിഗണിക്കുന്നു. ഈ ലേഘനത്തില്‍ എഴുതിയ ആശയങ്ങള്‍ പൂര്‍ണ്ണമായി കരുതരുത്. സാര്‍ത്ര് പില്‍ക്കാലത്ത് ഈ ലേഖനത്തിന്റെ പ്രസിദ്ധീകരണം ഒരു തെറ്റായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു.
അദ്ദേഹം ‘നോര്‍മല്‍ സുപ്പീരിയര്‍ സ്കൂള്‍‘ എന്ന കലാലയത്തില്‍നിന്നും 1929-ല്‍ തത്വചിന്തയില്‍ ഡോക്ടറേറ്റോടുകൂടി പുറത്തിറങ്ങി. 1929 മുതല്‍ 1931 വരെ അദ്ദേഹം ഫ്രഞ്ച് കരസേനയില്‍ സേവനമനുഷ്ടിച്ചു.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975) |
---|
1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൌറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍ മുഴുവന്‍ പട്ടിക | ജേതാക്കള്‍ (1901-1925) | ജേതാക്കള്‍ (1926-1950) |ജേതാക്കള്‍ (1976-2000) | ജേതാക്കള്‍ (2001- )
|