ഷീല(നടി)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെന്നിന്ത്യന്‍ ചലച്ചിത്ര നടി. മലയാളത്തിലും തമിഴിലുമാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്.
1960-കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ ഷീല രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു.
ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡ് അന്തരിച്ച നടന്‍ പ്രേം നസീറിനൊപ്പം പങ്കിടുന്നു. 1980-ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് വിടവാങ്ങി. 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി.
ചലച്ചിത്ര നിര്‍മാതാവ് ബാബു സേവ്യറാണ് ഭര്‍ത്താവ്. മകന്‍ വിഷ്ണുവും ചലച്ചിത്ര താരമാണ്.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
തൃശൂര്‍ കണിമംഗലം സ്വദേശി ആന്‍റണിയുടെ മകള്‍ ക്ലാരയാണ് പില്‍ക്കാലത്ത് ഷീല എന്ന പേരില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായത്. 1942 മാര്‍ച്ച് 22-നായിരുന്നു ജനനം. പിതാവ് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളര്‍ന്നതും.
സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ആന്‍റണി കോയമ്പത്തൂരില്‍ ഒരു വാടകവീട്ടില്‍ കുടുംബസമേതം താമസമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ക്ലാര പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. ഒരിക്കല്‍ കോയമ്പത്തൂരിലെ റെയില്‍വേ ക്ലബിന്‍റെ വാര്‍ഷികത്തിന് അവതരിപ്പിക്കുന്നതിന് വീടിനടുത്തുള്ള ചിലര്‍ പരിശീലിച്ചിരുന്ന നാടകത്തിലെ സംഭാഷണങ്ങള്‍ ക്ലാര മനഃപാഠമാക്കി. നാടകം അരങ്ങേറുന്നതിന്‍റെ തലേന്ന് നായിക കാലുമാറി. പകരക്കാരിയായി ക്ലാര വേദിയിലെത്തി. പ്രതിഫലമായി നാല്‍പ്പതു രൂപ കിട്ടി. ആ പണം അമ്മയുടെ കയ്യില്‍ കൊടുത്തു. പക്ഷെ വീട്ടില്‍നിന്നുള്ള പ്രതികരണം വിപരീതമായിരുന്നു. ഇനി ഒരിക്കലും നാടകം കളിക്കില്ലെന്ന് ഉറപ്പുനല്‍കുംവരെ പിതാവ് ക്ലാരയെ തല്ലി.
പതിമൂന്നാം വയസില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ക്ലാര നാടകരംഗത്തെത്തി.
[തിരുത്തുക] സിനിമയില്‍
എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ക്ലാര എന്ന പേര് എം.ജി.ആര്‍ സരസ്വതി ദേവി എന്നാക്കി മാറ്റി. പാശത്തിത്തിന്‍റെ സെറ്റില്‍വച്ച് സരസ്വതി ദേവിയെ കണ്ട പി.ഭാസ്കരന്‍ തന്‍റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തില്‍ അവളെ നായികയാക്കി. ഷീല എന്ന പേരിട്ടത് ഭാസ്കരനായിരുന്നു.
തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്‍റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്വേ മായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറി.
പ്രേം നസീര്‍ , സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമലഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി.
[തിരുത്തുക] ഇടവേള
കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായാണ് ഷീല 1980ല്‍ അഭിനയ രംഗം വിട്ടത്. പിന്നീടുള്ള നീണ്ട കാലയളവില്‍ അവരെക്കുറിച്ച് ആരും കേട്ടില്ല. സിനമക്കാരുടെ കൂട്ടായ്മകളിലോ താരനിശകളിലോ പഴയ സ്വപ്ന നായികയുടെ സാനിധ്യമുണ്ടായിരുന്നില്ല.
ടെലിവിഷന്‍ ചാനലുകളിലെ പഴയ സിനിമകളിലും മുതിര്‍ന്ന തലമുറയില്‍പെട്ടവരുടെ ചലച്ചിത്ര സ്മരണകളിലും ഇടയ്ക്കിടെ അവര്‍ കടന്നുവന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1998-ല്‍ മകന്‍ വിഷ്ണു നായകനായി അഭിനയിച്ച ചിത്രത്തിന്‍റെ സെറ്റിലാണ് ഷീലയെ പിന്നീട് കണ്ടത്.
[തിരുത്തുക] രണ്ടാം വരവ്
ചെന്നൈയിലും ഊട്ടിയിലുമായി താമസിച്ചിരുന്ന ഷീല പേരക്കുട്ടിയുടെ ജനനത്തിനുശേഷമാണ് വീണ്ടും സിനിമയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
ഇസ്മായില്‍ ഹസന്‍ സംവിധാനം ചെയ്ത വിരല്‍ത്തുന്പിലാരോ ആയിരുന്നു രണ്ടാം വരവില്‍ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷെ, ആദ്യം പുറത്തിറങ്ങിയത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആണ്.
അതിലെ കൊമ്പഴക്കാട്ട് കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവ് ഉജ്ജ്വലമാക്കി. തുടര്‍ന്ന് അകലെ , തസ്കരവീരന്‍ , പതാക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ മാര്‍ഗരറ്റ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ഷീലക്ക് മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
[തിരുത്തുക] അഭിനയത്തിനപ്പുറം
നടി എന്നതിലുപരി കഥാകാരി, സംവിധായിക എന്നീ നിലകളിലും ഷീല സാനിധ്യമറിയിച്ചു. യക്ഷഗാനം , ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.