കാവേരി നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവേരി നദി | |
---|---|
|
|
ഉത്ഭവം | തലകാവേരി, കര്‍ണ്ണാടകം |
നദീമുഖം/സംഗമം | കരൈക്കല്‍,ബംഗാള്‍ ഉള്കടല്‍ |
നദീതട സംസ്ഥാനം/ങ്ങള്‍ | കര്‍ണ്ണാടകം,തമിഴനാട്,കേരളം |
നീളം | 765 കി മീ. |
നദീമുഖത്തെ ഉയരം | സമുദ്ര നിരപ്പ് |
നദീതട വിസ്തീര്‍ണം | 81,155 ച.കീ. |
കാവേരി നദി (കന്നട: ಕಾವೇರಿ, തമിഴ്: காவிரி, Cauvery എന്നും Kaveri ഇംഗ്ലീഷില്‍ എഴുതാറുണ്ട്) ദക്ഷിണ ഭാരതത്തിലെ എറ്റവും വലിയ നദികളില്‍ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളില്‍ സ്ഥിതി ചെയ്യുന്ന തലകാവേരിയില്‍ നിന്ന് ഉദ്ഭവിക്കുന്നു. തെക്കന്‍ കര്‍ണാടകം, തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ എന്നി സ്ഥലങ്ങളില്‍ കൂടി ഒഴുകി കാരൈക്കല്‍ പ്രദേശത്ത് ബംഗാള്‍ ഉള്‍കടലില്‍ പതിക്കുന്നു. ഹിന്ദുക്കള്‍, പ്രത്യേകിച്ചു ദ്രാവിഡര്‍ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാര്‍ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.
ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീ തട വാസികള്‍ക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയില്‍ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണീ നദി. സമീപകാലത്തു കര്‍ണാടകവും തമിഴ്നാടും തമ്മില്‍ കാവേരി നദീജലത്തിന്മേല്‍ അവര്‍ക്കുള്ള അവകാശം സ്ഥാപിക്കാന്‍ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാല്‍ അന്തിമമായി കടലില്‍ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.
കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കേരളം, തമിഴ്നാട്, പുതുച്ചേരി, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ 16 വര്‍ഷങ്ങള്ആയി നിലനില്‍കുന്ന തര്‍ക്കങ്ങള്‍ സുപ്രീം കോടതിവരെ എത്തി നില്‍കുന്നു. വ്യവഹാരത്തിന്‍റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
തമിഴില്‍ കാവ് എന്ന പദത്തിന് ഉദ്യാനം എന്നും ഏരി എന്നാല്‍ തടാകം എന്നുമാണ്. ഉദ്യാനത്തിലെ തടാകത്തില്‍ നിന്നുത്ഭവിക്കുന്നതിനാല്‍ കാവേരി എന്ന പേര്‍ വന്നു. [1] കാവേര മുനിയുടെ മകള്‍ ആണ് കാവേരി എന്നും ഐതിഹ്യം ഉണ്ട്, പേര്‍ അങ്ങനെയും വന്നതായിരിക്കാം.
[തിരുത്തുക] സ്ഥിതിവിവരങ്ങള്‍
നീളം - 765 കി മീ.
നദീതടപ്രദേശം - 87,900 ച.കീ.
41.2 ശതമാനം കര്‍ണ്ണാടകത്തിലും 55.5 ശതമാനം തമിഴ്നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു.
പ്രധാന പോഷക നദികള്‍-
- ഹേമവതി
- ഹാരംഗി,
- ലക്ഷ്മണതീര്‍ഥ
- കബിനി
- സുവര്‍ണവതി
- അര്‍ക്കാവതി
- ഷിംഷാ
- കപില
- ഹൊന്നുഹൊലെ
- നൊയ്യല്‍
[തിരുത്തുക] ഐതിഹ്യങ്ങള്‍
ഹിന്ദുക്കള്‍ കാവേരിയെ ദക്ഷിണ ഗംഗ എന്നു വിളിക്കാറുണ്ട്, ഇതിഹാസ പ്രകാരം ബ്രഹ്മാവിനു ഭൂമിയില്‍ വിഷ്ണുമായ /ലോപമുദ്ര എന്ന പേരില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. അവളെ വളര്‍ത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്.വിഷ്ണുമായ അവളുടെ വളര്‍ത്തച്ഛനു പുണ്യം ലഭിക്കനായി സ്വയം പാപനാശിനി നദിയായി മാറി. പവിത്രയായ ഗംഗ നദി പോലും വര്‍ഷത്തിലൊരിക്കല്‍ അതിന്റെ പാപവിമുക്തിക്കയി കാവേരിയില്‍ നിമഗ്നമാകുന്നു എന്നു പറയപ്പെടുന്നു.
മറ്റൊരു ഐതിഹ്യ പ്രകാരം അഗസ്ത്യന്‍ അനേക വര്‍ഷം ശിവനെ തപസ്സിരുക്കുകയും ശിവന്‍ പ്രത്യക്ഷപ്പെടുകയുംചെയ്തു. എന്തു വരം വേണം എന്നു ചോദിച്ചപ്പോള്‍ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം സൃഷ്ടിക്കാനായി വേണ്ട ജലം നല്‍കണം എന്നഭ്യര്‍ത്ഥിക്കുകയും ഇതേ സമയം കൈലസത്തില്‍ ഇരുന്ന് ശിവനെ പൂജിക്കുകായായിരുന്ന കാവേരിയുടെ ജലം അഗസ്ത്യന്‍റെ കമണ്ഡലുവില്‍ നിറയ്ക്കുകയും ചെയ്തു. എന്നാല്‍ അഗസ്ത്യന്‍റെ ഉദ്ദേശത്തില്‍ ഭയന്ന ഇന്ദ്രന്‍ ഗണപതിയോട് മറ്റൊരു സ്വര്‍ഗ്ഗം എന്ന ആപത്തിനെക്കുറിച്ച പറയുകയും ഗണപതി കാക്കയുടെ രൂപത്തില്‍ അഗസ്ത്യന്‍ ബ്രഹ്മഗിരി മലയില്‍ വിശ്രമിക്കുന്ന സമയത്ത് പറന്ന് വന്ന് കമണ്ഡലു മറിച്ചിടുകയും ചെയ്തു. ഈ ജലം എന്നാല്‍ അത്ഭുതമെന്നോണം അവിടെ നിന്ന് പരന്നോഴുകി പവിത്രമായ കാവേരി നദിയായൈ. സ്വര്‍ഗം എന്ന തരത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത്ര സമ്പത്തും സന്തോഷവും പ്രധാനം ചെയ്യുന്നവളുമായി.
[തിരുത്തുക] ഉത്ഭവം

പശ്ചിമ ഘട്ടത്തിലെ തലകാവേരിയില്‍ നിന്നുത്ഭവിച്ച് കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. തലക്കാവേരി കര്‍ണാടകത്തിലെ കുടകു ജില്ലയിലെ മടിക്കേരിക്കടുത്താണ്.5000 അടി ഉയരത്തിലുള്ള ഇതൊരു പ്രസിദ്ധമായ തിര്ത്ഥകേന്ദ്രമാണു്. കാവേരി നദിയുടെ ഉത്ഭവസ്ഥാനത്ത് ഒരു ക്ഷേത്രമുണ്ട്. എല്ലാവര്ഷവും തുലാം സംക്രമണ നാളില്‍ കുത്തി ഒഴുകുന്ന നദി ഒരു ജലധാര പോലെയായി മാറുന്നതു കാണാന്‍ പതിനായിരങ്ങള്‍ ഇവിടെ എത്താറുണ്ട്.
[തിരുത്തുക] പ്രഭാവം
കാവേരി ഒരു ദക്ഷിണേന്ത്യന്‍ അന്തര്‍ സംസ്ഥാന നദിയാണ്. പശ്ചിമ ഘട്ടത്തിലെ തലകാവേരിയില്‍ നിന്നുത്ഭവിച്ച് കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. അവിടെ നിന്നു ഡെക്കാന്‍ പീഠഭൂമിയിലൂടെ വിണ്ടും തെക്കോട്ട്. ഇവിടെ അതു മൂന്നു ദ്വീപുകള്‍ സൃഷ്ടിക്കുന്നു. ഇതില്‍ ശ്രീരംഗപട്ടണവും ശിവസമുദ്രവും കര്‍ണാടകത്തിലും ശ്രീരംഗം തമിഴ്‌നാട്ടിലുമാണു്. ശിവസമുദ്ര തടങ്ങളില്‍ വച്ചു കവേരി നദി പ്രസിദ്ധങ്ങളായ ഗഗന്‍ ചുക്കി ബാരാ ചുക്കി വെള്ളചാട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 320 അടി താഴേയ്ക്ക് പതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധ്തി(1902-ല്‍ നിര്‍മ്മിതം) ഈ വെള്ളച്ചാട്ടങ്ങളില്‍ നിന്നാണു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ബാംഗ്ലൂര്‍ ഏഷ്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരമായി. പാതയോര വിളക്കുകളും അന്നുണ്ടായിരുന്നു. ഈ നദി പടിഞ്ഞാറോട്ടൊഴുകാതെ കിഴക്കോട്ട് ഒഴുകുന്നത് ഭൂമിശാസ്ത്രപഠനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താല്‍പര്യമുണര്‍ത്തുന്ന വസ്തുതയാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ മഡിക്കേരിയില്‍ പെയ്യുന്ന കനത്ത മഴയാണ് നദിയുടെ ശക്തി. മലകളുടെ ചരിവ് കാരണം ഉത്ഭവസ്ഥാനത്തു നിന്നും ആദ്യത്തെ എട്ട് കീലോ മീറ്റര്‍ ദൂരം വളരെ വേഗത്തിലാണ് നദി ഒഴുകുന്നത്. ചരിവ് കുറയുന്നതോടെ അതായത് സമതലത്തിലെത്തുമ്പോള്‍ വളരെ ശാന്തയായി കാവേരി ഒഴുകാന്‍ തുടങ്ങുന്നു. മഡിക്കേരിയില്‍ നിന്ന് 5 കി.മീറ്റര്‍ അകലെയാണ് പ്രസിദ്ധമായ അബ്ബി വെള്ളച്ചാട്ടം.[2]
[തിരുത്തുക] കാവേരി കര്‍ണാടകത്തിലൂടെ
സമുദ്രനിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലുള്ള കര്‍ണ്ണാടക പീഠഭൂമിയിലൂടെ ഒഴുകുമ്പോള്‍ കവേരിയില്‍ വൃത്താകൃതിയിലുള്ള വളവുകള്‍ ശ്രദ്ധേയമാണ്. പടികള്‍ പോലെ തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി. വളവുകള്‍ ഇതിന് യോജിച്ച രീതിയീലാണ്. കാവേരി നദിയെ കര്‍ണാടകത്തില്‍ വച്ചു ജലസേചന ആവശ്യങ്ങള്ക്കയി 12 അണക്കെട്ടുകളാല്‍ മുറിയ്ക്കപ്പെട്ടിട്ടുണ്ടു്.ചില അണക്കെട്ടുകള്‍ക്ക് 1000 വര്‍ഷത്തോളം പഴക്കമുണ്ട്. ഉത്ഭവശേഷം സിദ്ധപ്പൂര്‍ വരെ കിഴക്കോട്ടും സിരംഗല്‍ വരെ വടക്കോട്ടും ഹസ്സന്‍ ജില്ലയിലെത്തിയശേഷം തെക്കുകിഴക്കോട്ടും ഒഴുകുന്ന നദി കൃഷ്ണരജസാഗര്‍ തടാകത്തിലെത്തുന്നു. ഈ തടാകത്തിലെത്തുന്നതിനു തൊട്ടുമുന്‍പായി കുടക് മലകളില്‍ നിന്ന് ഉത്ഭവിക്കുന്ന ലക്ഷ്മണ തീര്‍ത്ഥ എന്ന പോഷക നദി കാവേരിയില്‍ കലരുന്നു.
ഉത്ഭവസ്ഥാനത്തു നിന്നും70 കി.മീ അകലെയായി കാവേരിയില്‍ ചേരുന്ന പോഷക നദിയാണ് ഹാരംഗി. ഈ നദിയ്ക്ക് 35 കി.മീ നീളം ഉണ്ട്. മറ്റൊരു പോഷക നദിയായ ഹേമവതി മൂഡ്ഗില്‍ എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്നു. ചിക്കമഗളൂര്‍ ഹാസ്സന്‍ എന്നീ ജില്ലകളിലൂടെ 165 കി.മീ. തെക്കു കിഴക്കോട്ട് ഒഴുകി കൃഷ്ണരജസാഗര്‍ജലാശയത്തിനു 30 മി.മീറ്റര്‍ മുന്‍പേ കാവേരിയില്‍ ലയിക്കുന്നു. യാഗാചി, അല്‍ഗുര്‍ എന്നീ പോഷകനദികള്‍ ഹേമവതിയ്ക്കുണ്ട്. 5200 ച.കി.മീ. നദീതടം ഈ നദിയാല്‍ സൃഷ്ടിക്കപ്പെടുന്നു. കനകപുര എന്ന സ്ഥലത്തു വച്ച് അര്‍ക്കാവതി എന്ന പോഷക നദിയും കാവേരിയെ പുഷ്ടിപ്പെടുത്തുന്നു. കര്‍ണ്ണാടകത്തിലെ വൃന്ദാവന്‍ ഉദ്യാനത്തില്‍ കാവേരിയിലെ വെള്ളമാണ് ഉപയോഗ്ഗപ്പെടുത്തുന്നത്. [3]
ബാംഗ്ലൂരിലെയും മൈസൂരിലെയും നഗരങ്ങള്‍ കുടിവെള്ളത്തിനു പ്രധാനമയും കാവേരിയെയാണു് ആശ്രയിക്കുന്നതു. മഡാഡ്കട്ടെ എന്ന സ്ഥലത്തുള്ള് അണക്കെട്ടില്‍ നിന്നു 72 മൈ. നീളത്തില്‍ ഒരു മനുഷ്യനിര്‍മ്മിത കനാല്‍ വഴി ഇതിലെ വെള്ളം 10,000 ഏക്കര്‍ ഭൂപ്രദേശത്തിന് ജലസേചനത്തിനായി ഉപയൊഗിച്ചിരിക്കുന്നു. മൈസൂരില്‍ കാവേരി എത്തുന്നതിങ്ങനെയാണ്.കര്‍ണ്ണാടകത്തില്‍ ശ്രീരംഗപട്ടണത്തിനടുത്ത് കാവേരിയ്ക്കു ഒരു ജലതുരങ്കം ഉണ്ട്. വളരെ പുരാതനമായ ഇതു നിര്‍മ്മിച്ചത് വൊഡെയാര്‍ ഭരണാധികാരിയായിരുന്ന രണധീര കണ്ഠീരവനാണ്.[4]ഈ തുരംഗത്തിലൂടെ കാവേരിയിലെ ജലം അതിന്റെ തന്നെ അണക്കെട്ടിനു മുകളിലൂടെ നദിയിലെ ജലനിരപ്പിനു മുകളിലൂടെ താഴെ മറ്റൊരു പ്രദേശത്തെത്തിക്കുന്നതു അതിന്റെ നിര്‍മ്മാണത്തിലെ വൈദഗ്ദ്യമായി കാണുന്നു. പഴയതും പുതിയതുമായി ഒരുപാടു തോടുകള്‍ (കനാലുകള്‍) ഈ പ്രദേശത്തെ ജലസേചനത്തിനും കുടിവെള്ളാവശ്യത്തിനും സഹായിക്കുന്നു. ഇത്തരം കനാലുകളുടെ ആകെ നീളം 1900 കി. മീറ്ററിലേറേയാണ് എന്നു പറഞ്ഞാല്‍ തന്നെ എത്രമാത്രം ജലം ഉപയോഗിക്കപ്പെടുന്നു എന്നു മനസ്സിലാക്കാം.മൈസൂര്‍ നഗരത്തിനു തൊട്ടു മുന്‍പായി കാവേരിയില്‍ കൃഷ്ണരാജസാഗര്‍ അണക്കെട്ട് നിര്‍മ്മിച്ച് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗപ്പെടുത്തുന്നു. തുടര്‍ന്ന് തെക്കുകിഴക്കോട്ട് ഒഴുകുന്ന കാവേരിയുടെ ആഴവും വീതിയും വര്‍ദ്ധിക്കുന്നു. തിരുമകുടല്‍ എന്ന സ്ഥലത്തുവച്ച് കാവേരിയുടെ വലത്തുവശത്തായി കബനി എന്ന പോഷക നദി ചേരുന്നു. ഈ നദി കേരളത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. വയനാട് ജില്ലയില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ നദിക്ക് 210 കീ.മീ നീളമുണ്ട്. [5]
പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് മൈസൂര്‍, മാണ്ഡ്യ എന്നീ ജില്ലകളുടെ അതിര്‍ത്തിയായി കുറച്ചു ദൂരം ഒഴുകി രണ്ട്ബൃഹത്തായ വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. മലയിടുക്കള്‍ക്ക് ഒരു ഭാഗത്ത് കാവേരിയില്‍ വന്നു ചേരുന്ന പോഷക നദിയാണ് ഷിംഷ(ശിംശ). പിന്നീട് 80 കി.മീറ്റര്‍ ഒഴുകുന്നതിനിടക്കു 800 മിറ്ററോളം താഴച സംഭവിക്കുകയും പ്രസിദ്ധമായ ജലപാതങ്ങളും രണ്ടു ദ്വീപുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു കിലോ മീറ്ററോളം വീതി ഉള്ള കാവേരി ഒരു മലയിടുക്കുകളിലൂടെ പോകുമ്പോള്‍ അതിന്‍റെ ശക്തി വളരെയധികം വര്‍ദ്ധിക്കുന്നു. ഇങ്ങനെ ഊക്കോടെ പാറയില്‍ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങുന്നതു കൊണ്ട് ഒരു ജലപാതത്തിന് ഗഗന ചുക്കി എന്നാണ് പേര്. മറ്റൊന്ന് ഭര ചുക്കി എന്ന് അറിയപ്പെടുന്നു. എപ്പോഴും നിറഞ്ഞ് കാണുന്നതുകൊണ്ടാണീ പേര്. 100 മീറ്ററോളം താഴ്ചയുള്ള ഈ ജലപാതങ്ങളില്‍ ഒരു വൈദ്യുത നിലയം ഉണ്ട്. 1902-ല് സ്ഥാപിതമായ ഈ വൈദ്യുത നിലയം ഇത്തരത്തില്‍ അകൃത്രിമ വെള്ളച്ചാട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യ യിലെ തന്നെ ആദ്യത്തേതാണ്. ബ്രിട്ടീഷുകാരാണ് ഇത് നിര്‍മ്മിച്ചത്. ഇവിടെ നിന്ന് മൈസൂര്‍, ബെങ്കളുരു, കോലാര്‍ എന്നിവിടങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നു. മലയിടുക്കിന്‍റെ ഒരു ഭാഗത്തിന് ചാടിക്കടക്കാവുന്ന വീതിയേ ഉള്ളൂ. ഇത് മേക്കേഡാടു (കന്നടത്തില്‍ ആട് ചാടുന്നത് എന്നര്‍ത്ഥം) ആംഗലേയത്തില്‍ ഗോട്സ് ലീപ്പ്’ (goat's leap) എന്നാണറിയപ്പെടുന്നത്. [6] [7] [8]
ഇതേ ഭാഗത്തു തന്നെ കാവേരി രണ്ടു പ്രാവശ്യം രണ്ടായി പിരിയുകയും ഒന്നു ചേരുകയും ചെയ്യുന്നതിന്‍റെ ഫലമായി രണ്ട് ദ്വീപുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇതാണ് ശിവ സമുദ്രവും, ശ്രീരംഗപട്ടണവും. ഇവ പുണ്യ ദ്വീപുകള്‍ എന്നറിയപ്പെടുന്നു. ശിവ സമുദ്രത്തിനടുത്തു നിന്ന് 40 കി.മീ യോളം താഴെയായി തമിഴ്നാടിന്‍റെ അതിര്‍ത്തിയായി ഒഴുകിയശേഷം തമിഴ്നാട്ടിലേയ്ക്ക് പ്രവേശിക്കുന്നു. ഈ പ്രദേശങ്ങളിലെല്ലം നദി നിറയെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ് ഒഴുകുന്നത്.
[തിരുത്തുക] കൃഷ്ണരാജസാഗര്‍ അണക്കെട്ട്
മൈസൂര്‍ നഗരത്തിന്റെ വടക്ക് പടിഞ്നാറ് ഉദ്ദേശം 19 കി. മീറ്റര്‍ അകലെ കാവേരി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രസിദ്ധമായ അണക്കെട്ടാണിത്. 1930 ലാണ് ഇതിന്‍റെ പണി പൂര്‍ത്തിയായത്. 1996 മീറ്റര്‍ നീളവും 38 മീറ്റര്‍ ഉയരവും ഇതിനുണ്ട്. 1246 ദശലക്ഷം കു.മീ ജലം സംഭരിക്കാന്‍ ശേഷിയുണ്ട്. 30 ച.കി.മീ ആണ് തടാകത്തിന്‍റെ വിസ്തൃതി. താഴെയായി സ്ഥാപിച്ചിട്ടുള്ള ശിവസമുദ്രം വൈദ്യുതനിലയത്തില്‍ ജലം എത്തിക്കാനും കര്‍ണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളില്‍ ജലസേചനത്തിനുമായാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
[തിരുത്തുക] കാവേരി തമിഴ്‌നാട്ടിലൂടെ
തമിഴ്നാട്ടില്‍ പ്രവേശിച്ചു കഴിയുമ്പൊള്‍ വീണ്ടും പാറയിടുക്കുകളിലൂടെ വളഞ്ഞ് പുളഞ്ഞ അത്രയൊന്നും വേഗതയില്ലാതെയാണ് ഒഴുകുക. പിന്നീട് ധര്‍മ്മപുരി ജില്ലയില്‍ പ്രവേശിക്കുന്ന കാവേരി നീണ്ട ഒരു മലയിടുക്കുകളിലൂടെ സഞ്ചരിച്ച് മേട്ടൂര്‍ എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഇവിടെ വച്ച് നദിയെ പ്രസിദ്ധമായ മേട്ടൂര്‍ ഡാം കെട്ടി തടുത്തു നിര്‍ത്തിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ അണക്കെട്ടിന് 1615 മീറ്റര്‍ നീളവും 54 മീറ്റര്‍ ഉയരവും ഊണ്ട്. 155 ച.കി.മീ വിസ്തൃതിയുള്ള ജലാശയത്തിന് ‘സ്റ്റാന്‍ലി തടാകം’ (Lake Stanley)എനാണ് വിളിക്കുന്നത്. തഞ്ചാവൂര്‍, സേലം എന്നീ ജില്ലകളില്‍ ജലസേചനം, കുടിവെള്ളം വൈദ്യുതി എന്നിവയ്ക്ക് ഈ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. പിന്നീട് കാവേരി ഈറോഡ്,സേലം ജില്ലകള്‍ക്കിടയില്‍ അതിര്‍ത്തി സൃഷ്ടിക്കുന്നു. ഭവാനി എന്ന സ്ഥലത്തു വച്ച് ഇതു ഭവാനി നദിയുമായി കൂടിച്ചേരുന്നു. ഈ നദി സൈലന്റ്വാലി യില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ സംഗമ സ്ഥലത്താണു പ്രസിദ്ധമായ സംഘമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിന് ശേഷം 50 കി.മീ താഴയായി ചേരുന്ന മറ്റൊരു പോഷകനദിയാണ് നോയല്‍. ഈ പ്രദേശങ്ങളിലെല്ലാം നദി പരന്ന് വലിയ ആഴമില്ലാതെയാണ് ഒഴുകുന്നത്. ഇവിടം മുതല്‍ കടലില്‍ പതിക്കുന്നതു വരെ കിഴക്കോട്ടാണ് അതിന്‍റെ ഗതി. പിന്നീട് കരൂരില്‍ തിരുമുക്കൂടലൂരില്‍ വച്ച് പളനികളില്‍ നിന്നുത്ഭവിക്കുന്നഅമരാവതി നദിയും കാവേരിയൊടു ചേരുന്നു.
തിരുച്ചിറപ്പള്ളിയിലെ അലംബാടി എന്ന സ്ഥലത്ത് നദിയുടെ മധ്യ ഭാഗത്തുള്ള ഒരു പാറയില്‍ നിന്ന് കാവേരിയിലെ ജലം വലിയ സ്തൂപിക പോലെ മേല്‍പ്പോട്ട് കുതിച്ചുയര്‍ന്ന് ആ പ്രദേശങ്ങളിലെല്ലാം ധൂമ പടലത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്നു.തിരുച്ചിറപ്പള്ളിയിലെ ചരിത്രപ്രധാനമായ ഈ പാറയെ തഴുകി കടന്നു പോകുന്ന നദി ശ്രീരംഗത്തുവച്ചു രണ്ടായി പിരിഞ്ഞു,(മൂന്നാം തവണ) ശ്രീരംഗം എന്ന ദ്വീപിനെ സൃഷ്ടിക്കുന്നു.രണ്ടായി പിരിയുന്ന കൈവഴിയിലെ വടക്കുള്ള നദി കൊളിടം (പഴയ കൊളെറൂന്‍) എന്നാണു അറിയപ്പെടുന്നതു്. തെക്കു കിഴക്കോട്ട് ഒഴുകുന്ന നദിയെ പെന്നാര്‍ എന്നാണ് വിളിക്കുന്നത്. ഇതിനിടയിലാണു തഞ്ചാവൂരിലെ സമതലം, ഈ സ്ഥലം തെന്നിന്ത്യന്‍ പൂന്തോട്ടം എന്നും അറിയപ്പെടുന്നു. പിന്നിട് പൂമ്പുഹാര്‍ എന്ന സ്ഥലത്തു വച്ചു ബംഗാള്‍ ഉള്‍കടലില്‍ ലയിച്ചു ചേരുന്നു. പ്രസിദ്ധമായ നാഗപട്ടിണവും കാരൈക്കലും കാവേരിയോടു ചേര്‍ന്ന തുറമുഖങ്ങളാണു്. 2000 വര്ഷങ്ങള്ക്കു മുന്പെ തന്നെ ജലസേചന പദ്ധതികള്‍ ഇവിടെ നിലവില്‍ വന്നു. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പൊഴും ഉപയോഗത്തിലിരിക്കുന്നതുമായ ജലസേചന പദ്ധതിയായ കല്ലണൈ അഥവാ ഗ്രാന്‍ഡ് ഡാം. കവേരി നദിയിലാണു. . ചോള രാജാവായ കരിക്കാലന്റെ കാലത്ത്,2-ആം നുറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. ചെത്തി മിനുക്കാത്ത കല്ലുകള്‍ കൊണ്ടാണു ഈ അണക്കെട്ടു നിര്മ്മിച്ചിരിക്കുന്നത്. 329 മി. നീളവും 20 മി. വീതിയും ഉള്ള ഈ അണക്കെട്ടു 19 നൂറ്റാണ്ടു മുന്പത്തെ നിര്‍മാണ വൈദഗ്ദ്യ്തിന്റെ സാക്ഷ്യ്പത്രം ആണ്. കാവേരി രണ്ടായി പിരിഞ്ഞതിനു ശേഷമുള്ള ഭാഗത്താണ് കല്ലണൈഉള്ളത്. കവേരിയുടെ കൊളെരം കൈവഴിയില്‍ 19-ാം നൂറ്റണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കൊളെരം അണ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. സര്‍ ആര്‍തര്‍ കോട്ടണ്‍ ആണ് ഇതിന്റെ സൃഷ്ടാവ്. മറ്റൊന്ന് 1836-ല് സ്ഥാപിക്കപ്പെട്ട ഒരു അണക്കെട്ട് ആണ്. കൊള്ളിടം അപ്പര്‍ അണക്കെട്ട് എന്നാണ് ഇതിനുപേര്‍. ഗ്രാന്‍ഡ് അണക്കെട്ടില്‍ എക്കല്‍ നിക്ഷേപം കുറക്കാനും ജലസേചന സൌകര്യം കൂട്ടാനുമായാണ് കൊള്ളിടം അപ്പര്‍ ഡാം പണിതത്.
[തിരുത്തുക] ഉപയോഗം
പ്രധാനമായും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയൊഗിയക്കപ്പെടുന്നു. കുടിവെള്ളത്തിനായും വൈദ്യുതോല്‍പാദനതിനുമാണു അടുത്ത സ്ഥാനം. ആദ്യത്തെ പഞ്ചവത്സര പദ്ധതിക്കാലത്തു കണക്കാക്കപ്പെട്ട പ്രകാരം നദിയുടെ മൊത്തം ഒഴുക്ക് 1.2 കോടി കു.ഏക്കര്‍ ആണു. അതിന്റെ 60 ശതമാനവും ജലസേചനത്തിനാണുപയോഗിക്കുന്നത്. കര്ണ്ണടകത്തിലെ തോരെക്കഡനഹള്ളീയിലെ പമ്പിംഗ് കേന്ദ്രത്തില്‍ നിന്നും ദിനമ്പ്രതി 540 ലക്ഷം ലിറ്റര്‍ വെള്ളം ബാംഗ്ലൂരിലെത്തിക്കുന്നു. [9] മേട്ടൂര്‍ അണക്കെട്ടില്‍ നിന്നണു സേലം, ധര്‍മപുരി നാമക്കല്‍തുടങ്ങിയ ജില്ലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. ബ്ബ്രിട്ടിഷുകാര്‍ പണിത ഈ അണകെട്ടിനടുത്തുള്ള ഉദ്യാനത്തില്‍ വര്‍ഷകാലത്ത് നല്ല തിരക്കാണ്. കാവേരി നദിയില്‍ മണ്‍സൂണ്‍ മഴമേഘങ്ങളാണു വെള്ളമെത്തിക്കുന്നത്. മറ്റുകാലങ്ങളില്‍ അതായതു കര്‍ക്കിടകത്തിന് ശേഷം മിക്കവാറും നദി വരണ്ടു പോകാറുണ്ട്. മഴക്കാലത്തു സംഭരിക്കുന്ന വെള്ളം ഉഷ്ണകാലത്ത് ഉപയോഗിക്കാന്‍ ഒരു പരിധി വരെയെങ്കിലും അണക്കെട്ടുകള്‍ സഹായിക്കാറുണ്ടെങ്കിലും കൈവഴികളും തോടുകളും പെട്ടന്നുണങ്ങി പോകുന്നു. മഴകുറയുന്ന വര്‍ഷങ്ങളില്‍ ഇതുമൂലം കാര്‍ഷിക കാര്യങ്ങളില്‍ പ്രതിസന്ധി ഏര്‍പെടാറുണ്ട്. തമിഴ്നാട്ടിലെ മിക്കവാറുംഭാഗങ്ങളില്‍ നദി ജനങ്ങളുടെ നിത്യോപയോഗത്തില്‍ ഒരു പ്രധാന ഭാഗമാണ്. കുളിക്കുവാനും തുണി അലക്കുവാനും മൃഗങ്ങളെ കുളിപ്പിക്കാനും എല്ലാം കാവേരി വേണം എന്ന സ്ഥിതിയാണ്.
[തിരുത്തുക] ജലവൈദ്യുത പദ്ധതികള്‍

മൊത്തം വൈദ്യുതി ഉത്പാദനം 1000 മെ.വാട്ട് ആണ്. പ്രധാനമായും നീലഗിരി മലകളുടെ ഇടയിലാണ് ഇതിനുള്ള സാധ്യതകള്‍.
പ്രധാനമായവ പൈക്കാര- 70 മെ.വാട്ട്, മേട്ടൂര്‍- 200 മെ.വാട്ട്, കുന്ദ -535 മെ.വാട്ട്,ശിവസമുദ്രം - 42 മെ.വാട്ട്, ഷിംഷ - 17 മെ.വാട്ട്, മേട്ടൂര്‍ അണ 40 മെ.വാട്ട്, എന്നിവയാണ്.
[തിരുത്തുക] ഗതാഗതം
പാറക്കെട്ടുകള്‍ നിറഞ്ഞതായതിനാല്‍ കാവേരി പൊതുവെ ഗതാഗത് യോഗ്യമല്ല. എന്നിരുന്നാലും ഹൊഗേനക്കല്‍ ശ്രീരംഗം പോലുള്ള സ്ഥലങ്ങളില്‍ ചെറുതോണികളും മറ്റും ഉപയോഗത്തിലുണ്ട്.
[തിരുത്തുക] ആഘോഷങ്ങള്‍
[തിരുത്തുക] കാവേരി സംക്രമണം
തലക്കാവേരി യിലെ കാവേരിയുടെ ഉത്ഭവസ്ഥാനത്തെ വിശേഷ ആഘോഷമാണ് കാവേരി സംക്രമണം അഥവാ. എല്ലാവര്‍ഷവും തുലാ സംക്രമണ നാളിലാണ് ഇത് ആഘോഷിക്കുന്നത്. സൂര്യന്‍ തുലാം രാശിയില്‍ പ്രവേശിക്കുന്ന ഈ നാളില്‍ ഒരു പ്രത്യേക സമയത്ത് കാവേരി ഒരു ജലധാരപോലെ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിലുള്ള വലിയ കുളം നിറയ്ക്കുന്നു. ഈ ജലം പുണ്യജലമായി കരുതുന്നു. മരിക്കുന്നവര്‍ക്ക് ഈ ജലം മല്‍കിയാല്‍ മോക്ഷം ലഭിക്കും എന്നും വിശ്വസിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരെ ആയിരങ്ങള്‍ ഈ വെള്ളത്തില്‍ കുളിക്കാനായി വന്നു ചേരുന്ന ആഘോഷമാണ് ഇത്. സുമംഗലികളായ സ്ത്രീകള്‍ അന്നേ ദിവസം പച്ചക്കറികള്‍ പ്രത്യേകിച്ച് വെള്ളരിക്കയും തേങ്ങയും കോണ്ട് പ്രത്യേക പൂജ അര്‍പ്പിക്കുന്നു. ഇതിനെ കന്നി പൂജ എന്നാണ് പറയുന്നത്.
[തിരുത്തുക] സംഘമേശ്വര പൂജ
കാവേരിയുടെ പോഷക നദികള്‍ വരെ പുണ്യ നദികളായാണ് കരുതി വരുന്നത്. ഒട്ടുമിക്ക സംഗമ സ്ഥലങ്ങളിലും സംഘമേശ്വരക്ഷേത്രങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ഭവാനിയിലെ സംഘമേശ്വരക്ഷേത്രം ആണ്. ഇവിടത്തെ പൂജ ദീര്‍ഘ സുമംഗലീ വരം ലഭിക്കുവാനായിട്ട് നിരവധി കുടുംബിനികള്‍ എല്ലാ വര്‍ഷവും ചെയ്യുന്ന പൂജയാണ്.
[തിരുത്തുക] കാവേരി ട്രൈബൂണലും വിധിയും
കാവേരി നദിയിലെ വെള്ളത്തിന്റെ പകുതിയിലേറേ തമിഴ്‌നാടിന് അനുവദിച്ച് സുപ്രീം കോടതി വിധി വന്നത് (07-02-2007) കര്‍ണ്ണാടകയില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കാവേരിയില്‍ ആകെയുള്ളത് 740 ടി.എം.സി. ജലമാണ്. അതില്‍ പരിസ്ഥിതിസംരക്ഷണത്തിന് 10 ടി.എം.സി വേണം. കടലിലേക്കൊഴുക്കുന്നത് 4 ടി.എം.സി. നാലു സംസ്ഥാനങ്ങള്‍ക്കായി പങ്കിടുന്നത് 726 ടി.എം.സി ജലവുമാണ്
സംസ്ഥാനങ്ങള്‍ ചോദിച്ചതും വിധിയില്‍ ലഭിച്ചതുമായ ജലത്തിന്റെ ടി.എം.സിയിലുള്ള കണക്ക് ഇപ്രകാരമാണ്. തമിഴ്‌നാട് ചോദിച്ചത് 562, ലഭിച്ചത് 419. യഥാക്രമം കര്‍ണ്ണാടക 465 - 270, കേരളം 98.8 - 30, പുതുച്ചേരിക്കും 7 ടി.എം.സി. ജലം ലഭിച്ചു.
1991-ലെ ഇടക്കാല ഉത്തരവ് പ്രകാരം കര്‍ണ്ണാടകത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് 205 ടി.എം.സി. ജലം ആയിരുന്നു നല്‍കേണ്ടിയിരുന്നത്. തമിഴ്‌നാട് പുതുച്ചേരിക്ക് ആറും. കേരളം എന്നാല്‍ ഇടക്കാല വിധിക്ക് അപേക്ഷിച്ചിരുന്നില്ല. കാവേരി ജലത്തിന്റെ അളവില്‍ 147 ടി.എം.സി. കേരളത്തിന്റെ സംഭാവനയാണ്. ഇത് കബനി, ഭവാനി എന്നീ നദികളിലൂടെയാണ് കാവേരിയില്‍ എത്തുന്നത്.
ഉത്തരവിനെതിരായി ട്രൈബൂണലിനു മുന്‍പകെ തന്നെ മൂന്നുമാസത്തെ സമയം ഉണ്ട്. ഒരു വര്‍ഷത്തിനകം തന്നെ അപ്പീല്‍ തീര്‍പ്പാക്കും, അതും സ്വീകാര്യമല്ലെങ്കില്‍ കോടതിയെ സമീപിക്കാനും അവസരമുണ്ട്. കാവേരി നദി ജലം പങ്കിടുന്നതിന് പഴയ മൈസൂര്‍, മദ്രാസ് പ്രസിഡന്‍സികള്‍ തമ്മില്‍ 1892 ലും 1924 ലും ഉണ്ടാക്കിയ കരാറുകളെ മറികടക്കുന്നതാണ് പുതിയ വിധി.
ജസ്റ്റീസ് എന്‍.പി. സിങ്ങ് അദ്ധ്യക്ഷനും, എന്‍.എസ്. റാവു, സുധീര്‍ നാരായണന്‍ എന്നിവര്‍ അംഗങ്ങളുമായിരുന്ന ട്രൈബൂണലിന്റെ വിധി ആയിരത്തോളം പേജുള്ളതാണ്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 1990 ജൂണ്‍ 2 നാണ് ട്രൈബൂണല്‍ രൂപവല്‍കരിച്ചത്. ഇടക്കാല ഉത്തരവ് 1991 ജൂണ്‍ 25 നായിരുന്നു.[10]
[തിരുത്തുക] കാണേണ്ട സ്ഥലങ്ങള്‍
- തലക്കാവേരി
- ഭാഗ്മണ്ടല
- ശ്രീരംഗപട്ടണം
- ഹൊഗേനക്കല്‍
- കൃഷ്ണ രാജ സാഗര
- ശിവ സമുദ്ര
- മെക്കെദട്ട്
- തലക്കാട്
- തിരുച്ചിറപ്പള്ളി
- തഞ്ചാവൂര്‍
- ശ്രീരംഗം
- സംഘമേശ്വര
- താംബരപരിണി
- പൂംപുഹാര്‍
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ കേണല്‍ എന്‍.ബി. നായര്‍, ഇന്ത്യയിലെ നദികള്‍; ഏട് 93, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
- ↑ മഡിക്കേരിയെപറ്റി
- ↑ കര്‍ണ്ണാടകത്തിലെ വൃന്ദാവന്‍ ഉദ്യാനത്തെക്കുറിച്ച്
- ↑ മൈസൂര്‍ ഓണ്‍ലൈന്‍
- ↑ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പിഡീഫ്
- ↑ മേയ്ക്കേഡാടിന്‍റെ പടം
- ↑ മേക്കേഡാടിനെ ക്കുറിച്ച് ബാംഗ്ലൂര്‍ ബെസ്റ്റ്.കോമില്‍
- ↑ മേയ്ക്കേഡാടിനെക്കുറിച്ച് ഡെക്കാന്‍ ഹെറാള്‍ഡില്‍ വന്ന വാര്‍ത്ത
- ↑ കര്‍ണാടക ജലവിഭവ വകുപ്പ്
- ↑ മലയാള മനോരമ ദിനപത്രം മുന്‍പേജ്, ഫെബ്രുവരി 7 2007; തൃശ്ശൂര്‍.
[തിരുത്തുക] കൂടുതല്‍ അറിവിന്
- ആസൂത്രണ കമ്മീഷന്
- Bangalore IT
- [1]
- ദി ഹിന്ദു ദിനപത്രത്തിന്റെ ഓണ്‍ ലൈ൯ ഏടുകള്‍
- ഡെക്കാ൯ ഹെറള്‍ഡ് ദിനപത്രത്തിന്റെ ഓണ്‍ ലൈ൯ ഏടുകള്‍
ഭാരതത്തിലേ പ്രമുഖ നദികള്‍ | ![]() |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദാ | കൃഷ്ണ | മഹാനദീ | ഗോദാവരീ | കാവേരി | സത്‌ലുജ് | ഝേലം | ചേനാബ് | രാവി | യമുന | സരയു (ഘാഗ്ര) | സോന്‍ | ഗന്തക് | ഗോമതീ | ചംബല്‍ | ബേത്വാ | ലൂണി | സാബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |