ചാഞ്ഞോടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാഞ്ഞോടി - മധ്യതിരുവതാംകൂറിലെ ഒരു ചെറുഗ്രാമമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്നിവയാണ് സമീപമുള്ള പ്രധാന പട്ടണങ്ങള്‍. ചങ്ങനാശേരി-മല്ലപ്പള്ളി റോഡില്‍ കോട്ടമുറി, മാന്താനം എന്നീ കവലകള്‍ക്കിടയിലാണ് ഈ ഗ്രാമം. തിരുവല്ലയില്‍ നിന്നും കുന്നന്താനം വഴി മല്ലപ്പള്ളിക്കുള്ള റോഡിലൂടെയും ഇവിടെയെത്താം. ചങ്ങനാശേരിയില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഏഴു കിലോമീറ്റര്‍ വീതം അകലെയാണീ സ്ഥലം.
[തിരുത്തുക] പേരിനു പിന്നില്‍
ചാഞ്ഞോടി എന്ന പേരിനു പിന്നില്‍ നാട്ടുകാരുടെ ഇടയില്‍ പ്രചരിക്കുന്ന പ്രബലമായ ഒരൈതിഹ്യമുണ്ട്. മഹാഭാരത യുദ്ധത്തില്‍ കൌരവ പക്ഷം മുന്നിട്ടു നിന്ന വേളകളൊന്നില്‍ പാണ്ഡവര്‍ തൃക്കൊടിത്താനം എന്ന പ്രദേശത്ത് ഒളിവില്‍ പാര്‍ത്തിരുന്നത്രേ. ഇതറിഞ്ഞ കൌരവര്‍ അവിടെ ആക്രമണത്തിനെത്തി. ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ പാണ്ഡവര്‍ ഓടിമറയുന്നതിനിടയില്‍ ഇന്നത്തെ ചാഞ്ഞോടി ഭാഗമെത്തിയപ്പോള്‍ മാര്‍ഗമധ്യേ ചാഞ്ഞു നിന്ന ഒരു വന്‍മരത്തിനടിയിലൂടെ ചെരിഞ്ഞോടേണ്ടി വന്നുവത്രേ. ചെരിഞ്ഞോടിയ ഇടം എന്ന സൂചനയില്‍ ഈ സ്ഥലം അറിയപ്പെടാന്‍ തുടങ്ങി. അതു പിന്നീട് ചാഞ്ഞോടിയായി എന്നാണ് ഐതിഹ്യം. മഹാഭാരത കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടു തന്നെ ഇത് ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണെന്നു വ്യക്തമാണ്. എങ്കിലും തദ്ദേശ വാസികള്‍ അഭിമാനത്തോടെ ഈ കഥ ചൊല്ലി നടക്കുന്നുണ്ട്.
[തിരുത്തുക] ജനവിഭാഗങ്ങള്‍
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണിത്. അതില്‍ തന്നെ റോമന്‍ കത്തോലിക്കാ വിഭാഗക്കാരാണു ബഹുഭൂരിപക്ഷവും. ഹിന്ദു മതത്തിലെ ഈഴവ, നായര്‍ സമുദായങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ഗ്രാമവാസികളിലേറെയും കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആണ്. പുതിയ തലമുറയില്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുമേറെയുണ്ട്. ഇവരിലേറെയും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി തേടിപ്പോയിരിക്കുന്നു.
[തിരുത്തുക] സ്ഥാപനങ്ങള്‍
റോമന്‍ കത്തോലിക്കാ വിഭാഗത്തിലെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയാണ് ചാഞ്ഞോടിയിലെ പ്രമുഖ സാമൂഹിക സ്ഥാപനം. സമീപ ഇടവകക്കാരോടുള്ള വാശിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ടതിനാല്‍ വാശിപ്പള്ളി എന്നും ഇതറിയപ്പെടുന്നു. പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്. സെബാസ്റ്റ്യന്‍സ് ലോവര്‍ പ്രൈമറി സ്ക്കൂളാണ് മറ്റൊരു പ്രധാന സ്ഥാപനം.