പന്തളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു പട്ടണമാണ് പന്തളം. പന്തളം രാജാക്കന്മാരുടെ ആസ്ഥാന്മായിരുന്നു ഈ സ്ഥലം. ശബരിമലയോട് അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമാണ് പന്തളം. ശബരിമലയിലെ പ്രതിഷ്ഠയായ ശാസ്താവ് തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതീഹ്യം. ചെങ്ങന്നൂര്‍ താലൂക്കിലെ ഏതാനും ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് പന്തളം. പന്തളം രാജാക്കന്മാരുടെ ഉത്ഭവം മധുരയിലെ പാണ്ഡ്യരാജാക്കന്മാരില്‍ നിന്നുമാണ്. ഒരു പാണ്ഡ്യരാജാവ് നാട്ടിലെ പ്രമാണിയായിരുന്ന കൈപ്പുഴ തമ്പാനില്‍ നിന്നും സ്ഥലം വാങ്ങിച്ച് രാജ്യം സ്ഥാപിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.പശ്ചിമഘട്ടത്തിന്റെ ഇരുവശത്തും പാണ്ഡ്യ രാജവംശത്തിന് നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. കായംകുളം പിടിച്ചടക്കാന്‍ പന്തളം രാജാവ് മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചു. ഇതിനാല്‍ മാര്‍ത്താണ്ഡവര്‍മ്മ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കിയപ്പോള്‍ പന്തളം രാജ്യത്തിനെ ആക്രമിച്ച് പിടിച്ചടക്കിയില്ല. 1820-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പന്തളം രാജ്യം തങ്ങളുടെ അധീനതയിലാക്കി.
ശബരിമലയിലേക്ക് പോകുന്നതിനുമുന്‍പ് ഭക്തജനങ്ങള്‍ പന്തളം കൊട്ടാരത്തിനടുത്തുള്ള വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങുന്നു. ഈ ക്ഷേത്രം അച്ചന്‍കോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്.
മകരവിളക്ക് ഉത്സവത്തിനു മൂന്നു ദിവസം മുന്‍പ് അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു.
പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ ബിരുദാനന്തര ബിരുദ കലാലയങ്ങള്‍ വരെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്തളത്ത് ഉണ്ട്.
[തിരുത്തുക] ഇതും കാണുക
- ശബരിമല
- അയ്യപ്പന്
[തിരുത്തുക] എങ്ങനെ പന്തളത്ത് എത്താം
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: ചെങ്ങന്നൂര്‍ - 14 കി.മീ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം - 119 കി.മീ അകലെ