പള്ളിപ്പുറം (പാലക്കാട്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പള്ളിപ്പുറം. (ഭൂമദ്ധ്യരേഖയ്ക്ക് 76.10 ഡിഗ്രീ കിഴക്ക്, 11.8 ഡിഗ്രീ വടക്ക്). പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലാണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പട്ടാമ്പിക്ക് 9 കിലോമീറ്റര്‍ വടക്കു-കിഴക്കായി ആണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. ഗ്രേറ്റര്‍ പരുടൂര്‍ ഗ്രാമത്തിന്റെ ഭാഗമാണ് പള്ളിപ്പുറം. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമത്തിലാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിന്റെ തെക്കുവശത്ത് ഭാരതപ്പുഴയും പടിഞ്ഞാറുവശത്ത് തൂതപ്പുഴയും ഒഴുകുന്നു.
മംഗലാപുരം-തിരുവനന്തപുരം റെയില്‍ പാത ഈ ഗ്രാമത്തിലൂടെ കിഴക്കു-പടിഞ്ഞാറ് ദിക്കില്‍ കടന്നുപോകുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ്. പ്രാദേശിക തീവണ്ടികള്‍ മാത്രം നിറുത്തുന്ന ഒരു റെയില്‍വേ സ്റ്റേഷനും ഇവിടെ ഉണ്ട്. ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു പഴയ റെയില്‍വേ പാലവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാര്‍ 1867-ല്‍ ആണ് ഈ റെയില്‍വേ പാലം നിര്‍മ്മിച്ചത്. ഇന്ന് ഈ പാലത്തിനു പകരം ഒരു പുതിയ റെയില്‍വേ പാലം നിര്‍മ്മിച്ചിരിക്കുന്നു.
ഭാരതപ്പുഴയ്ക്കു കുറുകെ ഒരു പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നു. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഏകദേശം പണി പൂര്‍ത്തിയായ ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഗ്രാമത്തിന്റെ വികസനത്തിന് ഈ പാലം വളരെ സഹായകമാവും എന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ പാലം.
ഉള്ളടക്കം |
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സ്ഥലമാണ് പള്ളിപ്പുറം. പഴയങ്ങാടിയിലും കരംബത്തൂരിലും രണ്ട് ഉയര്‍ന്ന പ്രാധമിക വിദ്യാലയങ്ങള്‍ ഉണ്ട്. പള്ളിപ്പുറം, കുളംമുക്ക്, പരുടൂര്‍, ചെമ്പലങാട് എന്നിവിടങ്ങളില്‍ ചെറിയ കുട്ടികള്‍ക്കായി ഉള്ള പ്രാധമിക വിദ്യാലയങ്ങള്‍ ഉണ്ട്. അടുത്തുള്ള പ്രധാന വിദ്യാലയങ്ങള്‍ തൃത്താല ഹൈസ്കൂള്‍, നടപറമ്പ് പരുടൂര്‍ ഹൈസ്കൂള്‍, എന്നിവയാണ്. അടുത്തുള്ള കലാലയങ്ങള്‍ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളെജ്, വാളാഞ്ചേരി എം.ഇ.എസ്. കോളെജ് എന്നിവയാണ്.
[തിരുത്തുക] ആരാധനാലയങ്ങള്‍
- ശ്രീ കൊടിക്കുന്നത്ത് ഭഗവതീ ക്ഷേത്രം - കേരളത്തിനു പുറത്തുള്ളവര്‍ പോലും ഈ പ്രശസ്തമായ ക്ഷേത്രത്തില്‍ ദേവതയ്ക്ക് ആരാധന അര്‍പ്പിക്കുവാന്‍ എത്തുന്നു. ഇന്ന് വന്‍തോതില്‍ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
- പള്ളിപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം
- ചെറങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം
- ധാരാളം മോസ്കുകളും പള്ളിപ്പുറത്ത് ഉണ്ട്.
[തിരുത്തുക] പൊതു സ്ഥാപനങ്ങള്‍
- കൊടിക്കുന്നിലും പള്ളിപ്പുറം പട്ടണത്തിലും ഒരോ വായനശാലകള്‍ ഉണ്ട്.
- ഒരു സര്‍ക്കാര്‍ ആശുപത്രി, സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രി, തപാല്‍ ഓഫീസ് എന്നിവ പള്ളിപ്പുറത്ത് ഉണ്ട്.
[തിരുത്തുക] വരുമാന മാര്‍ഗ്ഗം
കൃഷിയില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് പള്ളിപ്പുറത്തിന്റേത്. ധാരാളം പ്രവാസി മലയാളികളും ഇവിടെ നിന്ന് ഉണ്ട്. ഏകദേശം രണ്ടു കുടുംബത്തില്‍ നിന്നും ഒരാള്‍ വെച്ച് പള്ളിപ്പുറംകാര്‍ കേരളത്തിനു പുറത്ത് ജോലിചെയ്യുന്നു. മണി ഓര്‍ഡറുകള്‍ പള്ളിപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഒരു വലിയ പങ്കുവഹിക്കുന്നു. ധാരാളം തെങ്ങുകള്‍ ഇവിടെ ഉണ്ട്. കന്നുകാലി വളര്‍ത്തലും പള്ളിപ്പുറത്തുകാരുടെ ഒരു പ്രധാന ഉപജീവനമാര്‍ഗ്ഗമാണ്.
[തിരുത്തുക] പള്ളിപ്പുറത്തു നിന്നുള്ള സാംസ്കാരിക നായകന്മാര്‍
പ്രശസ്ത സാഹിത്യകാരനായ എം.ടി. വാസുദേവന്‍ നായര്‍ പള്ളിപ്പുറത്തുകാരനാണ്. പ്രശസ്ത ഇന്ദ്രജാല കലാകാരനായ വാഴക്കുന്നം പള്ളിപ്പുറത്താണ് ജനിച്ചു വളര്‍ന്നത്. ഇന്ത്യയില്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന ഭാരത് സര്‍ക്കസ് പള്ളിപ്പുറത്തുനിന്നുള്ള ഒരാളാണ് സ്ഥാപിച്ചത്.
[തിരുത്തുക] വിനോദം
ക്രിക്കറ്റ് കളിക്കാറും കാണാറുമുണ്ടെങ്കിലും പള്ളിപ്പുറത്തുകാരുടെ ആവേശം ഫുട്ബോളിനോട് ആണ്. മലബാറിന്റെ ഫുട്ബോള്‍ സ്നേഹം പള്ളിപ്പുറത്തും തുടരുന്നു.
[തിരുത്തുക] വികസന പ്രശ്നങ്ങള്‍
പള്ളിപ്പുറത്തിന്റെ പ്രധാന വികസന പ്രശ്നങ്ങള്‍ ഇവയാണ്.
- അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ
- ഭാരതപ്പുഴയില്‍ നിന്നുള്ള അനധികൃത മണല്‍ വാരല്‍.
Template:Coor title dm