ഭാരതപ്പുഴ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതപ്പുഴ | |
---|---|
|
|
ഉത്ഭവം | ആനമല |
നദീമുഖം/സംഗമം | പൊന്നാനി |
നദീതട സംസ്ഥാനം/ങ്ങള്‍ | കേരള-തമിഴ്നാട് |
നീളം | 209 കി.മീ. (130 മൈല്‍) |
നദീമുഖത്തെ ഉയരം | സമുദ്ര നിരപ്പ് |
നദീതട വിസ്തീര്‍ണം | 6186 ച.കി. |
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തില്‍നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാള്‍ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീവിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] നിളയുടെ വഴി
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉല്‍ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നാണ് (തമിഴ്നാട് സംസ്ഥാനത്തില്‍) പടിഞ്ഞാറോട്ടൊഴുകുന്ന പുഴ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയില്‍ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തില്‍ പൊള്ളാച്ചിവരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പര്‍ളിയില്‍ കണ്ണാടിപ്പുഴയും കല്‍പ്പാത്തിപ്പുഴയും ഭാരതപ്പുഴയില്‍ ചേരുന്നു. അവിടെനിന്ന് പൊന്നാനിയില്‍ ചെന്ന് അറബിക്കടലില്‍ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
ഭാരതപ്പുഴയുടെ കടലിനോടു ചേര്‍ന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങള്‍ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗത്തെക്കാള്‍ അല്‍പ്പം കൂടുതല്‍ (4400 ച.കി.മീ) കേരളത്തിലും ബാക്കി (1786 ച.കി.മീ) തമിഴ്നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കുകുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴ ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനല്‍ക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പാര്‍ളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ത്രിത്താല, തിരുവേഗപ്പുര, കുടല്ലൂര്‍, പള്ളിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്‍പ്പെടും. പള്ളിപ്പുറം പട്ടണം ഉള്‍ക്കൊള്ളുന്ന പരുടുര്‍ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്.
[തിരുത്തുക] ജലസേചന പദ്ധതികള്‍
ഭാരതപ്പുഴക്കു കുറുകെ ആറ് അണക്കെട്ടുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളില്‍ ഏറ്റവും വലുത് മലമ്പുഴ ഡാമാണ്. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകള്‍: വാളയാര്‍ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാര്‍ ഡാം. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിനു മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികള്‍ ജലം പകരുന്നു. കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂര്‍ ഡാമും ഇന്ന് നിര്‍മ്മാണത്തിലാണ്. ഈ അണക്കെട്ടുകള്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വര്‍ദ്ധിക്കും.
[തിരുത്തുക] സാംസ്കാരിക പ്രാധാന്യം
കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. കേരളത്തിലെ പല പ്രശസ്തരായ എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളര്‍ന്നത്. എം.ടി. വാസുദേവന്‍ നായര്‍, എം. ഗോവിന്ദന്‍, വി.കെ.എന്‍. തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടും. ഭാരതപ്പുഴയുടെ അടുത്തുള്ള തിരുവില്വാമലയിലെ ഐവര്‍ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവര്‍ക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് മക്കള്‍ പിതൃതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളില്‍ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരില്‍ ഒ.വി. വിജയനും വി.കെ.എന്നും ഉള്‍പ്പെടുന്നു.