മറയൂരിലെ മുനിയറകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകള്‍.
ഒരുവശത്ത് കാന്തല്ലൂര്‍ മലനിരകള്‍ കോട്ടപോലെ നില്‍ക്കുന്നു, മറുവശത്ത് ആനമുടി ഉള്‍പ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുര്‍ഗമമായ കൊടുമുടികള്‍. മറ്റൊരു ഭാഗത്ത് ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പര്‍വതക്കെട്ടുകള്‍. നാലുവശവും കൊടുമുടികളാല്‍ ചുറ്റപ്പെട്ട് മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര് 'മറഞ്ഞിരിക്കുന്ന ഊര്' എന്നായതില്‍ അത്ഭുതമില്ല.
മുനിയറകള്‍ നാലുവശത്തും കല്‍പ്പാളികള്‍ വെച്ച് മറച്ചിരിക്കുന്നു. മുകളില്‍ വലിയൊരു മൂടിക്കല്ല്. പുരവസ്‌തുഗവേഷകനായ ഡോ.എസ്. പത്മനാഭന്‍തമ്പിയുടെ അഭിപ്രായത്തില്‍ നന്തങ്ങാടികളും കുടക്കല്ലുകളും മുനിയറകളുമെല്ലാം മഹാശിലായുഗത്തിന്റെ സ്‌മാരകങ്ങളാണ്. 1974-ലാണ് മറയൂരിലെ ശിലായുഗസ്‌മാരകങ്ങളെക്കുറിച്ച് ഡോ. തമ്പി പഠനം ആരംഭിക്കുന്നത്. ആ പഠനം കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ടു നയിച്ചു.
കേരളത്തിന് ഒരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്നു വാദിച്ച ചരിത്രപണ്ഡിതരുണ്ട്. അത്തരക്കാര്‍ക്കുള്ള മറുപടിയാണ് മറയൂരിലെ മുനിയറകള്‍. 1976-ല്‍ കേരളസംസ്ഥാന പുരാവസ്‌തുവകുപ്പ് മറയൂര്‍ മുനിയറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചെങ്കിലും ബംഗ്ലൂരിലെ ഒരു കമ്പനി പാമ്പാറിന്‍ തീരത്തെ ഈ പാറ ഖനനം ചെയ്യാനാരംഭിച്ചു. റവന്യൂവകുപ്പ് അതിന് അനുമതിയും നല്‍കി. ഗ്രാമവാസികളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് വെടിവച്ച് പാറപൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത് വാര്‍ത്തയായി. അങ്ങനെയാണ് കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസ് പരിഗണിച്ച സംഗിള്‍ബഞ്ച് പത്തുവര്‍ഷത്തേക്ക് ഖനനത്തിന് അനുമതി നല്‍കി. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് കെ.ടി.തോമസ്സും ജസ്‌റ്റിസ് പി.ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ബഞ്ച് ഖനനം നിരോധിച്ചുകൊണ്ട് 1995 നവംബര്‍ ആദ്യം വിധി പ്രസ്‌താവിച്ചു. ഗ്രാനൈറ്റ് ഖനനം പാടില്ലെന്നു മാത്രമല്ല, മറയൂരിലെ പ്രാചീനസ്‌മാരകങ്ങളെ ദേശീയസ്‌മാരകമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി.
കോടതിയുടെ ഇടപെടല്‍ അന്നുണ്ടായിരുന്നില്ലെങ്കില്‍, ഒരു കമ്പനിയുടെ അറ്റാദായത്തിലേക്ക് ഈ പാറപ്പരപ്പും ശിലായുഗസ്‌മാരകങ്ങളും ചെന്നുപെടുമായിരുന്നു. പക്ഷേ, ഖനനം മുടങ്ങിയെല്ലെങ്കിലും ശിലായുഗമനുഷ്യരുടെ അന്ത്യവിശ്രമസ്ഥാനത്ത് ആധുനിക മനുഷ്യന്റെ അല്‍പ്പത്വം ആധിപത്യം സ്ഥാപിക്കുന്നതിന്റെ തെളിവുകളായി വിവിധ മതസ്ഥര്‍ അവരുടെ മതചിഹ്നങ്ങള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.