മുല്ലപ്പെരിയാര്‍ അണക്കെട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ[1] ഇടുക്കി ജില്ലയില്‍, പെരിയാര്‍ നദിക്ക് കുറുകേ പണിതിരിക്കുന്ന ഈ അണക്കെട്ട്, ഇന്ത്യയിലെ പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ്. തേക്കടിയിലെ പെരിയാര്‍ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. മുല്ലയാര്‍, പെരിയാര്‍ എന്നീ നദികളാണ് ഇവിടെ തടുത്തുനിര്‍ത്തിയിട്ടുള്ളത്. നദികളുടെ പേരില്‍ നിന്നുമാണ് അണക്കെട്ടിന്റെ പേരിന്റേയും ഉത്ഭവം. കേരളത്തില്‍ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര പശ്ചാത്തലം
ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴല്‍ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചിട്ടുള്ളതാണ്. തിരുവിതാംകൂര്‍ അത്തരമൊരു കരാറിനു സന്നദ്ധമല്ലായിരുന്നുവെങ്കിലും ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ല്‍ ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു. വാര്‍ഷിക വാടക 40,000 രൂപക്ക് അണക്കെട്ടും ജലശേഖരണപ്രദേശവും 999 കൊല്ലത്തേക്ക് തമിഴ്പ്രവിശ്യക്ക് പാട്ടമായി നല്‍കുകയായിരുന്നു ഉണ്ടായത്. ആദ്യത്തെ അണക്കെട്ട് നിര്‍മ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തില്‍ തന്നെ ഒലിച്ചുപോയി. പിന്നീട് കല്ലും സുര്‍ക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആര്‍മിയാണ് ഇന്നത്തെ അണക്കെട്ട് നിര്‍മ്മിച്ചിട്ടുള്ളത്.
[തിരുത്തുക] വിവാദം
തമിഴ്‌നാട് ഭരണകൂടം അണക്കെട്ടില്‍ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നുവര്‍ക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യന്‍ പരമോന്നതകോടതി 2006-ല്‍ നല്‍കിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതല്‍ ജലം സംഭരിക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാല്‍ കേരളം ഇതിനെതിരേ നിയമസഭയില്‍ പാസ്സാക്കിയ ബില്‍ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാര്‍ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ല്‍ കേരളവും തമിഴ്നാടും 1886-ലെ കരാറിനെ പുതുക്കി. 1979-ല്‍ പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങള്‍ ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടര്‍ മാനകത്തില്‍ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാന്‍ കെല്‍പില്ലെന്നു റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പില്‍ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നും പിന്നോട്ടുപോകുവാന്‍ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും, കൂടുതല്‍ ജലം ആവശ്യപ്പെടുകയും കൂടുതല്‍ പ്രദേശങ്ങള്‍ മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാര്‍ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉള്‍പ്പെടുത്തി.
കേരളം ജലം നല്‍കാന്‍ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവര്‍ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിര്‍പ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതല്‍ 60 വര്‍ഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
[തിരുത്തുക] അണക്കെട്ടിന്റെ അവസ്ഥ
2000-ല്‍ പദ്ധതിപ്രദേശത്തു നടന്ന ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകള്‍ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകള്‍ക്കുമുകളിലാണെന്നും ചില പഠനങ്ങള്‍ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് അവകാശപ്പെടുമ്പോള്‍ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ [ബേബീ ഡാമും] ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയര്‍ പറയുമ്പോള്‍ സിമന്റ് പഴയ സുര്‍ക്കിക്കൂട്ടില്‍ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധര്‍ പറയുന്നു. 1902-ല്‍ തന്നെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വര്‍ഷം 30.48 ടണ്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് അനേകം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ്‍ കേരളത്തിന്റെ വാദം.
2006 നവംബര്‍ 24-ല്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാന്‍ നാവികസേനാവൃന്തങ്ങള്‍ എത്തിയെങ്കിലും കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്ന് അവര്‍ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
[തിരുത്തുക] കുറിപ്പുകള്‍
- ↑ ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അധീനതയില്‍